ADVERTISEMENT

അരി രാജകീയ ഭക്ഷണമായിരുന്ന കാലം. സാധാരണ ജനങ്ങൾ കഴിച്ചിരുന്നതു ചാമയാണ്. രാജാവിന്റെ പാടത്തു കൃഷി ചെയ്തിരുന്ന നെല്ല് ധൈര്യവാനായ ഒരു കർഷകൻ കവുങ്ങിന്റെ പാള അഥവാ മട്ടയിൽ ഒളിപ്പിച്ചു കടത്തി. രഹസ്യമായി വിതച്ചു. അങ്ങനെ രാജഭക്ഷണത്തിന്റെ രുചി ജനമറിഞ്ഞു. മട്ടയിൽ ഒളിപ്പിച്ചു കടത്തിയ ആ അരിയെയും അവർ മട്ടയെന്നു വിളിച്ചു - ഇത് പാലക്കാട്ടെ നെൽക്കർഷകന്റെ അഭിമാനമായ പാലക്കാടൻ മട്ടയുടെ ഐതിഹ്യം.

ഊണായും കഞ്ഞിയായും മുറുക്കും കൊണ്ടാട്ടവുമുൾപ്പെടെയുള്ള പലഹാരങ്ങളായും പാലക്കാടൻ മട്ടയുടെ രുചി നാടറിഞ്ഞു. തനിമയുടെ അംഗീകാരമായി 2007ൽ ഭൗമ സൂചികാ (ജിഐ) അംഗീകാരവും ലഭിച്ചു.

പാലക്കാടൻ മട്ട

പാലക്കാടൻ മട്ട യഥാർഥത്തിൽ ഒരു തരമല്ല. ചെങ്കഴമ, ചേറ്റടി, അരുവക്കാരി, ആര്യൻ, വട്ടൻ, ഇലുപ്പപൂച്ചമ്പൻ, ചിറ്റേനി, തവളക്കണ്ണൻ എന്നിങ്ങനെ പാരമ്പര്യ നെല്ലിനങ്ങളും കുഞ്ഞുകുഞ്ഞ്, ജ്യോതി എന്നിവയും ഉൾപ്പെടുന്ന ഒരു കുടുംബമാണത്. കാഴ്ചയിലും രുചിയിലും ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്. എന്നാൽ ചുവപ്പു കലർന്ന തവിട്ടു നിറമുള്ള ചവരോടു കൂടിയ അരിമണികളാണ് പൊതുവേയുള്ള പ്രത്യേകത. ഇതു മുതലെടുത്താണു പാലക്കാടൻ മട്ടയുടെ പേരിൽ വിപണിയിലേക്കു വ്യാജൻ എത്തുന്നതും. വെള്ള അരിയിൽ ചായം പൂശി പാലക്കാടൻ മട്ടയുടെ പേരിൽ വിൽപന നടക്കുന്നതായി കർഷകർ പറയുന്നു.

സവിശേഷമായ പാലക്കാടൻ മണ്ണും ചുരം കടന്നെത്തുന്ന പാലക്കാടൻ കാറ്റും ചുട്ടുപൊള്ളുന്ന പാലക്കാടൻ വെയിലും ഉയർന്ന അന്തരീക്ഷ ആർദ്രതയുമാണു പാലക്കാടൻ മട്ടയ്ക്കു രുചി പകരുന്ന പ്രകൃതിയുടെ ചേരുവകൾ. അതാണു മറ്റൊരു നാട്ടിൽ വിളയിച്ചെടുത്താലും അരി പാലക്കാടൻ മട്ടയാവാത്തത്.

കുറയുന്ന കൃഷി

ഒരു കാലത്തു പാലക്കാട്ടെ നെൽപ്പാടങ്ങളിൽ നിറഞ്ഞു വിളഞ്ഞിരുന്ന മട്ട ഇനങ്ങൾ കാണണമെങ്കിൽ ഇന്നു തിരഞ്ഞു നടക്കണം. ഭൗമ സൂചിക പദവി ലഭിച്ച് 13 വർഷം പിന്നിടുമ്പോൾ മട്ട കർഷകരുടെ എണ്ണവും നെല്ലുൽപാദനവും കുറയുകയാണു ചെയ്തത്. പാലക്കാട്ട് എത്ര ഏക്കറിൽ മട്ട കൃഷി ചെയ്യുന്നുവെന്ന കണക്ക് അധികൃതരുടെ പക്കലും ലഭ്യമല്ല. പല ഇനങ്ങളുടെയും കൃഷി പേരിനു മാത്രമായി.

നെൽക്കർഷകരെ സംബന്ധിച്ച് ഉപജീവനമാണു പ്രധാനം. ഹെക്ടറിന് 6 ടണ്ണിനു മുകളിൽ വിളവു ലഭിക്കുന്ന പുതിയ ഇനം നെൽവിത്തുകൾ ഒഴിവാക്കി വിളവു കുറഞ്ഞ നാടൻ മട്ട ഇനങ്ങൾ കൃഷി ചെയ്യണമെങ്കിൽ ഉയർന്ന വില ഉറപ്പാക്കാൻ സംവിധാനം വേണം. നിലവിൽ ഭൂരിഭാഗം കർഷകരുടെയും ആശ്രയം സർക്കാരിന്റെ നെല്ലെടുപ്പാണ്. 27.48 രൂപയാണ് ഒരു കിലോഗ്രാം നെല്ലിനു വില. ഇനം ഏതായാലും ഒരേ വിലയ്ക്കാണു സംഭരണം. 

അതേ സമയം, കിലോയ്ക്ക് 110 രൂപയ്ക്കാണ് യഥാർഥ പാലക്കാടൻ മട്ട അരിയുടെ വിൽപന. ഉൽപാദനക്കുറവു മൂലം ഇതു വിപണിയിൽ സുലഭമല്ലതാനും. ലാഭം പ്രതീക്ഷിക്കാതെ, നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഏതാനും കർഷകരാണ് പാരമ്പര്യ ഇനങ്ങൾ വേരറ്റുപോകാതെ കാക്കുന്നത്.

നേട്ടം കർഷകർക്കില്ല

ഡാർജിലിങ് തേയിലയ്ക്കോ ബസ്മതി അരിക്കോ ലഭിച്ചതു പോലുള്ള നേട്ടം ജിഐ റജിസ്ട്രേഷൻ വഴി പാലക്കാടൻ മട്ടയ്ക്കു ലഭിച്ചില്ലെന്നു റജിസ്ട്രേഷൻ നേടിയെടുത്ത കർഷക കൂട്ടായ്മയായ പാലക്കാടൻ മട്ട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ചെയർമാനും പ്രമുഖ നെൽക്കർഷകനുമായ പി. നാരായണനുണ്ണി പറയുന്നു. കർഷക കൂട്ടായ്മയിലാണു പാലക്കാടൻ മട്ടയ്ക്ക് അംഗീകാരം നേടിയെടുത്തത്. എന്നാൽ പ്രതിസന്ധിയുണ്ടായതു വിപണനത്തിലാണ്. പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കുന്നവർക്കാണ് ഉയർന്ന വിലയുടെ പ്രയോജനം. ഉൽപാദകരിൽനിന്നു നെല്ല് സംഭരിച്ചു വിപണനം ചെയ്യാനുള്ള സംവിധാനം ഉണ്ടായില്ല. മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനും വിപണിയിൽ ഇടപെടാനുമുള്ള മൂലധനം കർഷകർക്കില്ല. കുറഞ്ഞ വിളവും വിലക്കുറവും മൂലം ഒട്ടേറെ കർഷകർ മട്ട കൃഷിയിൽ നിന്നു പിന്മാറി.

അതേസമയം, പാലക്കാടൻ മട്ടയ്ക്കായി നടത്തിയ പ്രവർത്തനങ്ങൾ വരും തലമുറയ്ക്കെങ്കിലും പ്രയോജനപ്പെടുമെന്നു കരുതുന്നതായി ഉണ്ണി പറയുന്നു. മട്ട കൃഷിയറിവുകളുടെ പ്രചാരണത്തിന് ഇപ്പോഴും പ്രവർത്തനങ്ങൾ തുടരുന്നു.

English summary: Rice Palakkadan Matta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com