ADVERTISEMENT

കർഷകർ എന്നും പോരാളികളാണ്. പ്രതികൂല കാലാവസ്ഥയും വെല്ലുവിളികളും തരണം ചെയ്ത് ജീവിക്കാൻ ശ്രമിക്കുന്നവര്‍. പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും അത് ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നതിനാൽ അവയെ അനായാസം തരണം ചെയ്യാൻ കർഷകർക്കു കഴിഞ്ഞിരുന്നു. എന്നാൽ, കോവിഡ് സമ്മാനിച്ചത് കയ്പേറിയ ദിനങ്ങൾ മാത്രം. കോവിഡ് പ്രതിസന്ധിയിലാക്കിയ പൈനാപ്പിൾ മേഖലയിൽ കർഷകർ നിലനിൽപ്പിനായുള്ള ശ്രമത്തിലാണ്. വിളവെടുത്ത പൈനാപ്പിൾ വാങ്ങാനാളില്ല, വാങ്ങിയാൽത്തന്നെ വിലയില്ല, കിട്ടിയ വിലയ്ക്കു വിറ്റാലോ പണം ലഭിക്കുന്നില്ല എന്നിങ്ങനെയാണ് സ്ഥിതി.

സർക്കാർ നിശ്ചയിച്ച തറവിലപോലും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തറവിലയ്ക്ക് തറയിലിട്ട് പൈനാപ്പിൾ വിൽക്കുന്ന സമരമുറ സ്വീകരിച്ച് കർഷകൻ രംഗത്തെത്തി. കോട്ടയം ളാക്കാട്ടൂർ സ്വദേശി മാത്യു കെ ജോർജ് ആണ് വ്യത്യസ്തമായ സമരമുറയുമായി ഇന്നലെ കോട്ടയം നഗരത്തിലേക്കിറങ്ങിയത്. കെകെ റോഡിൽ മണർകാട് മുതൽ കലക്‌ട്രേറ്റ് വരെ വഴിനീളെ പൈനാപ്പിൾ നിരത്തി തന്റെ പ്രതിഷേധം അറിയിക്കാനാണ് മാത്യു ശ്രമിച്ചത്. എന്നാൽ പോലീസ് അനുനയപ്പിച്ച് സമരത്തിൽനിന്നു മാത്യുവിനെ പിന്തിരിപ്പിച്ചു. അതുകൊണ്ടുതന്നെ ഈ വേറിട്ട സമരം അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടതുമില്ല.

മൂന്നര പതിറ്റാണ്ടോളമായി പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകനാണ് മാത്യു. വാഴക്കുളം സ്വദേശിയാണെങ്കിലും കൃഷിയുടെ ആവശ്യങ്ങൾക്കായി കോട്ടയം ളാക്കാട്ടൂരിലേക്കു മാറുകയായിരുന്നു. സർക്കാർ നിശ്ചയിച്ച താങ്ങുവില പോലും ലഭിക്കാത്തതിനാലും കച്ചവടക്കാർ എടുക്കുന്ന പൈനാപ്പിളിന് വിൽപന ഇല്ല എന്ന പേരിൽ പണം നൽകുന്നില്ലാത്തതിനാലുമാണ് സമരവുമായി രംഗത്തിറങ്ങിയതെന്ന് മാത്യു കർഷകശ്രീയോടു പറഞ്ഞു. നോട്ട് നിരോധനത്തിനു മുൻപുവരെ 140 ഏക്കറോളം സ്ഥലത്ത് തങ്ങൾക്ക് കൃഷിയുണ്ടായിരുന്നതായി മാത്യു പറയുന്നു. 4 സുഹൃത്തുക്കളും കൃഷിയിൽ പങ്കാളികളാണ്. നോട്ട് നിരോധനം, നിപ, വരൾച്ച, പ്രളയം എന്നിങ്ങനെ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും ഒരു പരിധിവരെ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷത്തോളമായി തുടരുന്ന കോവിഡ് സ്ഥിതി താറുമാറാക്കി. ഇന്ന് 40 ഏക്കറിലാണ് മാത്യുവിന്റെയും സഹൃത്തുക്കളുടെയും കൃഷി. ഒരായുസ് മുഴുവൻ സമ്പാദിച്ചത് നഷ്ടപ്പെട്ടുവെന്നും മാത്യു.

കൃഷിയാണ് നാളെയുടെ പ്രതീക്ഷയെങ്കിലും കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നാണ് മാത്യുവിന്റെ കണക്കുകൂട്ടൽ. ലോക്‌ഡൗണിൽ എല്ലാവരും കൃഷിയിലേക്കിറങ്ങിയതും വീട്ടിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിച്ചതവും കർഷകർക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. ആളുകൾക്ക് വീട്ടിലേക്കാവശ്യമായ ഉൽപന്നങ്ങൾ പുറത്തുനിന്ന് അധികം വാങ്ങേണ്ടിവരുന്നില്ല. ഭാവിയിൽ അതും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും ഈ കർഷകൻ പറയുന്നു. 

English summary: Pineapple Farmers in Kerala Under deep Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com