നാടൻ വിഭവങ്ങൾക്കു വിപണി കണ്ടെത്തി വീട്ടമ്മ: മാസം 50,000 രൂപ വരുമാനം

HIGHLIGHTS
  • പാഷൻഫ്രൂട്ടു മാത്രം വർഷം 2000 കിലോയിലധികം വാങ്ങുന്നു
  • സമൂഹമാധ്യമങ്ങൾ വഴി വിപണി
sareena
സെറീന
SHARE

കോട്ടയം കുമ്മനത്തെത്തി സംരംഭകയായ സെറീനയെക്കുറിച്ചു ചോദിച്ചാൽ ഒറ്റക്കുഞ്ഞിനറിയില്ല. മാസം അരലക്ഷം രൂപയിലധികം സമ്പാദിക്കുന്ന സെറീനയുടെ സംരംഭത്തെക്കുറിച്ച് ഒരുപക്ഷേ എന്തെങ്കിലും പറയാൻ കഴിയുക കോട്ടയത്തെ കുറിയർ ഏജൻസിക്കാർക്കായിരിക്കും. കാരണം എല്ലാ തിങ്കളാഴ്ചയും സെറീന അയയ്ക്കുന്ന ഭക്ഷ്യവിഭവ പായ്ക്കറ്റുകൾ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നത് അവരാണല്ലോ. നാട്ടിൽ പരിചിതമല്ലാത്ത സെറീനയുടെ സംരംഭം ഓൺലൈനിൽ പക്ഷേ ഹിറ്റാണ്. വീട്ടിലിരുന്നുതന്നെ മികച്ച സംരംഭകയായി മാറാൻ അവസരം നൽകുന്ന ഓൺലൈൻ വിപണിയുടെ ഒന്നാന്തരം ഗുണഭോക്താവായി സെറീന മാറിയത് നാട്ടുകാരറിഞ്ഞില്ലെന്നു മാത്രം.

അടുക്കളയും അൽപം കൈപ്പുണ്യവും ഭക്ഷ്യോൽപന്ന നിർമാണത്തിനുള്ള എഫ്എസ്എസ്ഐ റജിസ്ട്രേഷനുമുണ്ടെങ്കിൽ സോഷ്യൽ മീഡിയ നൽകുന്ന വിപണിയിലൂടെ ഒട്ടേറെ വീട്ടമ്മമാർക്ക് ഭക്ഷ്യോൽപന്ന സംരംഭകരാകാമെന്നു സെറീന. ഹോം സയൻസ് ബിരുദധാരിയായ സെറീന, സ്വന്തം പുരയിടത്തിൽ വിളഞ്ഞ പഴങ്ങൾകൊണ്ട് പലവിധ വിഭവങ്ങളുണ്ടാക്കി സുഹൃത്തുക്കൾക്കു രുചിക്കാൻ നൽകിയതാണു സംരംഭത്തിനു വഴിയൊരുക്കിയത്. രുചി ബോധിച്ച സുഹൃത്തുക്കളും അവർ നൽകിയ വിഭവങ്ങൾ രുചിച്ച ബന്ധുക്കളുമെല്ലാം ചേർന്ന് ക്രമേണ അടുക്കളയിൽ നിന്നിറങ്ങാൻ നേരമില്ലാതെയായി സെറീനയ്ക്ക്. 

sareena-2

സ്വന്തം പുരയിടത്തിലെ പഴങ്ങൾ പോരാതെ വന്നതോടെ വാട്സാപ്പിലെ കൃഷിഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ടവരിൽനിന്ന് ആവശ്യമായ ഇനങ്ങൾ വാങ്ങാനും തുടങ്ങി. ജാമും സ്ക്വാഷുമെല്ലാം തയാറാക്കാന്‍ പാഷൻഫ്രൂട്ടു മാത്രം വർഷം 2000 കിലോയിലധികം വാങ്ങുന്നു സെറീന. ജാതിക്കാ സ്ക്വാഷ്, നെല്ലിക്ക–കാന്താരി സ്ക്വാഷ്, ചെമ്പരത്തിപ്പൂ സ്ക്വാഷ്, പൈനാപ്പിൾ വിഭവങ്ങൾ, വെന്ത വെളിച്ചെണ്ണ, വിവിധയിനം അച്ചാറുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങളാണ് നിത്യവും സെറീനയുടെ അടുക്കളയിൽനിന്ന് കേരളത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കളിലെത്തുന്നത്. 

ഓരോ സീസണിലും ലഭിക്കുന്ന പഴങ്ങൾ സംഭരിച്ച് പൾപ്പാക്കി ഫ്രീസറിൽ സൂക്ഷിച്ചാണ് വർഷം മുഴുവൻ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതെന്നു സെറീന.  നിറമോ സൂക്ഷിപ്പുകാലം കൂട്ടാനുള്ള സംരക്ഷകങ്ങളോ  ചേർക്കുന്നില്ല. മായം കലരാത്തതും ആരോഗ്യത്തിനു സുരക്ഷിതവുമായ വിഭവങ്ങൾക്കിന്ന് ആവശ്യക്കാർ ഏറെയെന്നു സെറീന. 

sareena-3

നൂറു ശതമാനവും സമൂഹമാധ്യമങ്ങൾ വഴിയാണ് വിപണി. വിഭവങ്ങളെ സംബന്ധിച്ചുള്ള ഫെയ്സ്ബുക് പോസ്റ്റുകൾ മാത്രം മതി ഓർഡർ നേടാൻ. ഒരിക്കൽ രുചിച്ചവർ വീണ്ടും വാങ്ങാനും അവർ പറഞ്ഞറിഞ്ഞ് കൂടുതൽ ഉപഭോക്താക്കളെ ലഭിക്കാനുമുള്ളത്ര രുചിയും മികവും ഉൽപന്നങ്ങൾക്കുണ്ടാവണമെന്നു മാത്രം. 

ഫോൺ: 9846381823

English summary: Better profit from home made products

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA