ADVERTISEMENT

എംജി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിദുദാനന്തരബിരുദം നേടിയ എറണാകുളം കൂനമ്മാവു സ്വദേശി ശ്രീജ വിവാഹമൊക്കെ കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം അതേ സർവകലാശാലയിൽ വീണ്ടും വിദ്യാർഥിയായി; ജൈവകൃഷി കോഴ്സ് പഠിക്കാൻ. ശ്രീജ മാത്രമല്ല ശ്രീജയ്ക്കു മുൻപേ ഭർത്താവു ജെൻസണും പഠിച്ചു ഇതേ കോഴ്സ്. പലതരം യോഗ്യതകളുള്ള സർട്ടിഫിക്കറ്റുകളുമായി പലരും വെറുതെ വീട്ടിലിരിക്കുമ്പോൾ മണ്ണിന്റെ മണമുള്ള ചെറു കോഴ്സ് സൃഷ്ടിച്ച ആവേശത്തിൽ കൃഷിക്കാരിയും നഴ്സറി സംരംഭകയുമായി വളർന്നു ശ്രീജ.    

വീടിരിക്കുന്ന അഞ്ചു സെന്റു സ്ഥലമേ ആകെയുള്ളൂ എങ്കിലും സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ ജെൻസണും വീട്ടമ്മയായ ശ്രീജയും കൃഷിയിൽ അങ്ങേയറ്റം താൽപര്യമുള്ളവർ. അടുക്കളത്തോട്ടവും സാമൂഹമാധ്യമങ്ങളിലെ കൃഷിക്കൂട്ടായ്മകളുമൊക്കെ സൃഷ്ടിച്ച ആവേശം കൃഷിപഠനത്തിലേക്കു കൂടി കടന്നപ്പോഴാണ് കൃഷിയനുബന്ധ സംരംഭത്തിന്റെ സാധ്യത തെളിഞ്ഞതെന്നു ശ്രീജ. 

sreeja-vegetable-nursery
ശ്രീജയുടെ പച്ചക്കറി നഴ്സറി

അടുക്കളത്തോട്ടം പരിപാലിക്കാൻ  താൽപര്യമുണ്ടെങ്കിലും നല്ലയിനം വിത്തുകളും തൈകളും ലഭിക്കുന്നില്ലെന്ന നിരാശ പങ്കുവയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട് സമൂഹമാധ്യമങ്ങളിലെ കൃഷിഗ്രൂപ്പുകളിലെന്നു കണ്ടു. അഞ്ചു സെന്റിലൊരുക്കിയ അടുക്കളത്തോട്ടം കണ്ട് വിസ്മയിച്ച പലരും തൈകളും വിത്തുകളും ആവശ്യപ്പെട്ടെത്തുകകൂടി ചെയ്തതോടെ തൈ ഉൽപാദനത്തിലേക്കു തിരിഞ്ഞു ശ്രീജ. ഹൈബ്രിഡും നാടനുമായ പച്ചക്കറി വിത്തുകൾ–തൈകൾ, നടീൽമിശ്രിതം നിറച്ച ഗ്രോബാഗുകൾ, വിളവെടുപ്പിനു തയാറായ ഗ്രോബാഗ് ചെടികൾ, ജൈവവളങ്ങൾ എന്നിവയെല്ലാം സ്വന്തം കൃഷിയിടത്തിൽനിന്നു ലഭ്യമാക്കി തുടങ്ങിയ ശ്രീജയിന്ന് അവയ്ക്കൊപ്പം ഒട്ടേറെ ഹൈബ്രിഡ് പച്ചക്കറിയിനങ്ങളുടെ തൈകൾ അയൽസംസ്ഥാനത്തെ മികച്ച നഴ്സറികളിൽനിന്ന് എത്തിച്ചു വിൽക്കുക കൂടി ചെയ്യുന്നു. 

പ്രോട്രേകളിൽ തൈകൾ വളർത്തിയെടുത്ത് ഒന്നിന് 5 രൂപ നിരക്കിലാണ് വിൽപന. ചിലയിനങ്ങൾക്കു വില കൂടും. അടുക്കളത്തോട്ടം പരിപാലിക്കുന്നവരിൽ നല്ല പങ്കിനും ഹൈബ്രിഡ് ഇനങ്ങളാണ് താൽപര്യം. മികച്ച പ്രതിരോധശേഷിയും ഉയർന്ന ഉൽപാദനവുമുണ്ട് എന്നതുതന്നെ കാരണം. തൈകളുടെ ഗുണമേന്മ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുകയും ചെയ്യും. 

നടീൽമിശ്രിതം നിറച്ച ഗ്രോബാഗുകൾക്കും നിലവിൽ ആവശ്യക്കാർ ഏറെയെന്ന് ശ്രീജ. മണ്ണ്, കോഴിവളം, മണ്ണിരക്കമ്പോസ്റ്റ്, മണ്ണിളക്കം കൂട്ടാനായി ഉമി, പിഎച്ച് സമനിലയിലെത്തിക്കാൻ പച്ചകക്കപ്പൊടി എന്നിവ ചേർത്താണ് നിറയ്ക്കൽ. ചെടി നടും മുൻപ് കോഴിവളത്തിന്റെ ചൂട് കുറയ്ക്കാനായി നേർപ്പിച്ച ഗോമൂത്ര ജൈവലായനിക്കൂട്ട് ഒഴിച്ച് ഗ്രോബാഗ് രണ്ടു ദിവസം വയ്ക്കണം. ലായനിക്കൂട്ടും തയാറാക്കി വിൽക്കുന്നു ശ്രീജ.   

അടുക്കളത്തോട്ടം പരിപാലിക്കുന്ന പലരും ഇന്ന് അനുബന്ധമായി പച്ചക്കറിത്തൈ ഉൽപാദനത്തിലേക്കും വിത്തുവിൽപനയിലേക്കും തിരിഞ്ഞിട്ടുണ്ട്. അവരുടെ ചെറു നഴ്സറികൾ ചെറുതല്ലാത്ത വരുമാനം നേടുന്നുമുണ്ട്. കേരളത്തിൽ അടുക്കളത്തോട്ടമൊരുക്കൽ വൻപ്രചാരം നേടിയതു തന്നെയാണ് ഇങ്ങനെയൊരു ലഘു സംരംഭത്തിന് വഴി തുറന്നതെന്നു ശ്രീജ. നല്ല വിത്തുകൾക്കും തൈകൾക്കും ആവശ്യക്കാർ ഏറെയുള്ളതിനാൽ കൂടുതൽ പേർക്ക് ഈ രംഗത്ത് അവസരമുണ്ടെന്നും ശ്രീജ പറയുന്നു.

ഫോൺ: 9847246882

English summary: Profit from home Nursery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com