ADVERTISEMENT

വന്യജീവി വകുപ്പ് നിലവിൽ വന്ന കാലംമുതൽ തന്നെ, വന്യജീവി ആക്രമണങ്ങളും കൃഷിനാശവുമായി ബന്ധപ്പെട്ട ധാരാളം ചർച്ചകളും നിർദ്ദേശങ്ങളും, പരിഹാര മാർഗ്ഗങ്ങളുമൊക്കെ ഇതുമായി ബന്ധപ്പെട്ട്, സർക്കാർ അയയ്ക്കുന്ന ‘വിദഗ്ധ’ സമിതി പഠനം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ, ഇതുവരെയും ഒരു കമ്മിറ്റിപോലും ജനങ്ങളുമായി ഒരു ആശയവിനിമയം നടത്തുകയോ അവരുടെ നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാത്തതുകൊണ്ട് ഉണ്ടായ ഒരു പ്രശ്നം ഞാൻ പറയാം. 

ആറളം വന്യജീവി സങ്കേതത്തിനടുത്തു ജീവിക്കുന്ന കർഷകരുടെ നിരന്തരമായ ആവശ്യമായിരുന്നു വന്യമൃഗങ്ങളെ, പ്രത്യേകിച്ച് ആനയെ പ്രതിരോധിക്കാനുള്ള ‘ആനമതിൽ’. ആനമതിലൊക്കെ വളരെ ഭംഗിയായി തീർത്തു, ശരിതന്നെ. എന്നാൽ, കുറച്ചുകൂടി വിവേകപൂർവം ചിന്തിച്ചിരുന്നെങ്കിൽ ഒരു പരിധിവരെ കാട്ടുപന്നികളെയും ഈ മതിൽ കൊണ്ട് തടയാമായിരുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. രണ്ടര മീറ്ററോളം ഉയരത്തിൽ ഏകദേശം നാലടിയോളം ഘനത്തിലാണ് മതിൽ പണിതിരിക്കുന്നത്. പണിതസ്ഥലങ്ങളിലൊക്കെ ആനയെ പ്രതിരോധിക്കാൻ ഇതിനു ഒരു പരിധിവരെ കഴിയുന്നുമുണ്ട്. എന്നാൽ, വേഗത്തിൽ ഓടിവരുന്ന കാട്ടുപന്നികൾക്ക് വളരെ അനായാസമായി ഈ മതിലിന്റെ ഗ്രിപ്പുള്ള പുറംഭാഗത്ത്  ചവിട്ടി മറുവശത്തുള്ള ജനവാസകേന്ദ്രങ്ങളിലേക്കു എത്താൻ കഴിയും. മതിൽ പണിത സമയത്ത് വനത്തോട് അഭിമുഖമായി നിൽക്കുന്ന മതിലിന്റെ മുകൾവശത്തുനിന്നും ഒരു മൂന്നോ നാലോ അടി പുറത്തേയ്ക്ക് നിൽക്കുന്ന  സൺ ഷെയ്ഡ് പോലെ വാർത്തിരുന്നെങ്കിൽ  പന്നികൾക്ക് ഒരുതരത്തിലും മറുവശത്തേക്ക് കടക്കാൻ സാധിക്കില്ലായിരുന്നു. 

രണ്ടാമത്തെ കാര്യം ആളുകൾക്ക്, മതിലിനു മറുവശത്തുള്ള വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ചീങ്കണ്ണിപ്പുഴയിലിറങ്ങാനായി മതിലിൽ ചില സ്ഥലങ്ങളിൽ നടകൾ (നടകൾ എന്ന് പറഞ്ഞാൽ മതിലിനുള്ളിൽ നിന്നും മുന്നോട് തള്ളിനിൽക്കുന്ന പടവുകൾ). ഇത് പണിത ബുദ്ധിമാന്മാർക്കറിയില്ലാരുന്നോ ഈ പടവുകളിലൂടെ ഒരു പന്നിക്ക് വളരെ എളുപ്പത്തിൽ മതിൽ മറികടക്കാൻ കഴിയുമെന്ന്! ഇവിടെ ചെയ്യേണ്ടിയിരുന്നത് മതിലിനുള്ളിലൂടെ ഒരാൾക്ക് കടന്നുപോകാൻ കഴിയുന്ന ആർച്ച് രൂപത്തിലുള്ള ദ്വാരങ്ങൾ ചെയ്യുക എന്നുള്ളതായിരുന്നു. എന്നിട്ട്,  ജനവാസ മേഖലയിലേക്ക് തുറന്നിരിക്കുന്ന ആർച്ചിന്റെ ഭാഗത്ത് പന്നികൾക്ക് ഉള്ളിലേക്ക് കടന്നു വരാൻ കഴിയാത്ത അകലത്തിലുള്ള ഗ്രില്ലോടു കൂടിയ ലോക്ക് ചെയ്യാവുന്ന ഇരുമ്പു വാതിലുകൾ ഉണ്ടാക്കുകയായിരുന്നു വേണ്ടത്.

കൂടാതെ മതിലിന്റെ പലഭാഗങ്ങളിയായിട്ടുള്ള ഓവ് പൈപ്പുകൾക്കും ഇതേ രീതിയിൽ അകത്തുനിന്നും ലോക്ക് ചെയ്യാവുന്ന വൃത്താകൃതിയിലുള്ള വാതിലുകൾ ചെയ്യാമായിരുന്നു (ഇതിനിടയിലൂടെ മഴവെള്ളം സുഖമായി ഒഴുകിപ്പോകുകയും ചെയ്യും). എന്നെപ്പോലെയുള്ള വെറും സാധാരണക്കാരന്റെ തലയിൽ ഉദിക്കുന്ന ഇത്തരം ലളിതമായ പരിഹാരമാർഗങ്ങൾ പോലും എന്തേ വലിയ ബുദ്ധിജീവികളുടെ മാസ്റ്റർപ്ലാനുകളിലൊന്നും കാണുന്നില്ല?  അതിനുത്തരം ഒന്നേയുള്ളൂ, വെറുതെ വട്ടമേശ സമ്മേളനവും നടത്തി ചായയും കുടിച്ചു പോകുന്ന ഇത്തരക്കാർക്ക് കാടെന്താണെന്നോ അവിടുത്തെ ജീവികളുടെ ആക്രമണരീതികൾ എങ്ങിനെയാണെന്നോ, അവ ജനവാസമേഖലകളിൽ എത്താൻ അവലംബിക്കുന്ന മാർഗങ്ങൾ എന്താണെന്നോ എന്നൊന്നും ഒരു പിടിയുമില്ല.

drinking-water-for-animals

ഇനി ഇവർ ശരിക്കും ചെയ്യേണ്ടിയിരുന്ന മറ്റൊരു കാര്യം കൂടി പറയാം. ആനമതിലിനു പകരം വനാതിർത്തികളിലൂടെ ആഴത്തിൽ ട്രെഞ്ചുകൾ പണിയുകയും അവ കോൺക്രീറ്റ് ചെയ്യുകയും അതിലേക്കി പുഴയിൽ നിന്നും വന്യജീവികൾക്ക്  കുടിവെള്ളം  എത്തുന്നരീതിയിലുള്ള ചെറിയ കനാലുകൾ ഉണ്ടാക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. വനത്തോട് അഭിമുഖമായി വരുന്ന ട്രെഞ്ചിന്റെ ഭാഗം കൂടുതൽ ചെരിവ് കൂട്ടി പണിയുകയും(മൃഗങ്ങൾക്ക് ഇറങ്ങി വെള്ളം കുടിക്കാൻ)മറുഭാഗം ചെരിവില്ലാതെയും പണിയണമായിരുന്നു. 

മറ്റൊരുകാര്യം പുഴയിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും നീണ്ടുനിൽക്കുന്ന വനത്തിലെ മരങ്ങളുടെ കൊമ്പുകൾ മുറിച്ചു മാറ്റുക എന്നുള്ളതാണ്. ഇതുവഴി (മഴക്കാലത്തെങ്കിലും) കുരങ്ങുകളുടെ ശല്യം ഒരു പരിധിവരെ കുറയ്ക്കാം.

മറ്റൊരുകാര്യം വനങ്ങളോട്  ചേർന്നുള്ള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാമുകളുണ്ടെങ്കിൽ (ഉദാ: ആറളം ഫാം) അവ വന്യമൃഗങ്ങൾക്കായി വിളകൾ കൃഷിചെയ്യാൻ ഉപയോഗിക്കാം. ഉദാഹരണത്തിന് 200 ഏക്കർ സ്ഥലത്തെ രണ്ടായി തിരിച്ച് അവിടെ ഒരു വർഷംകൊണ്ട് ഫലം ലഭിക്കുന്ന വിളകൾ കൃഷിചെയ്യുക (ഉദാ: വാഴ, കിഴങ്ങുവർഗങ്ങൾ, കരിമ്പ്. മുതലായവ). ഈ പ്രദേശം ഫെൻസിങ് ചെയ്തു വേർതിരിക്കുക. വിളകൾ പാകമായിക്കഴിഞ്ഞാൽ  ആദ്യത്തെ നൂറേക്കർ വന്യമൃഗങ്ങൾക്കായി തുറന്നുകൊടുക്കുക. രണ്ടാമത്തെ തുറക്കുമ്പോഴേക്ക് ആദ്യത്തെ  നൂറേക്കറിൽ കൃഷി ആരംഭിച്ചിരിക്കണം. ഈ സ്ഥലത്തുനിന്നുമുള്ള  വിളകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച്‌ ജൈവവളം ഉണ്ടാക്കുകയും അത് ഇതേ വിളകൾക്ക് ഉപയോഗിക്കുകയും ചെയ്യാം. അങ്ങനെ മാറി മാറി കൃഷികൾ ചെയ്യുകയും പകുതിവീതം തുറന്നുകൊടുക്കുകയും ചെയ്താൽ ഒരു പരിധിവരെ മൃഗങ്ങൾ ജനവാസമേഖലകളിൽ നിന്നും അകന്ന് നിൽക്കും. ഇപ്പോൾ ചിലരെങ്കിലും ചിന്തിച്ചേക്കാം ഇതിനു ഒരുപാട് പണച്ചെലവില്ലേ എന്ന്. അതിനും പരിഹാരമുണ്ട്.ഈ പ്രദേശത്ത്  മൂന്നോ നാലോ ‘Watch  Tower’കൾ  സ്ഥാപിക്കുകയും അവ തമ്മിൽ ‘rope way’ വഴി ബന്ധിപ്പിക്കുകയും വേണം. ഏതെങ്കിലും ഒരു tower നെ ടൂറിസ്റ്റുകൾക്ക് ഈ പ്രദേശത്തേക്ക് എത്താനായി പുറത്തുനിന്നും ബന്ധിപ്പിക്കണം.ഇങ്ങനെ ഒരു സംവിധാനം ഉണ്ടായാൽ ഇതിൽ നിന്നും കിട്ടുന്ന വരുമാനം മാത്രം മതി ഇവിടെയുണ്ടാകുന്ന ചിലവുകൾ നടത്താൻ. ഈ നിർദ്ദേശം പങ്കുവച്ചത് ഞങ്ങളുടെ നാട്ടുകാരനായ ടോമിച്ചേട്ടനാണ് (Tomy C K). വെറും നാട്ടുമ്പുറത്തുകാരനായ ഒരു മനുഷ്യൻ ഇത്രയും ദീർഘ വീക്ഷണത്തോടെ ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്നെങ്കിൽ എന്തുകൊണ്ടാണ്  ശാസ്ത്രീയമായി പഠിച്ചു എന്നൊക്കെ പറയുന്നവർക്ക് ഇതൊന്നും ചിന്തിക്കാൻ പോലും കഴിയാത്തത്‌?

പരിഹാരങ്ങൾ ഉണ്ടാകണമെങ്കിൽ പ്രശ്നമെന്താണെന്ന്  ആദ്യം പഠിക്കണം. അത് പഠിക്കണമെങ്കിൽ പ്രശ്നബാധിത  മേഖലകളിൽ ഉള്ളവരുമായി സംവദിക്കണം. അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖവിലയ്‌ക്കെടുക്കണം. അല്ലാതെ ലോകത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു യൂണിവേഴ്സിറ്റിയിൽനിന്നും പേരിനൊരു  ഒരു ഡോക്ടറേറ്റുമെടുത്ത് വായിൽ വരുന്നതെല്ലാം വിളിച്ചു പറയുകയും അത് നിയമമാക്കി നടപ്പാക്കുകയുമല്ല ഉദ്യോഗസ്ഥർ ചെയ്യേണ്ടത്.

English summary: Human Wildlife Conflict in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com