ADVERTISEMENT

എല്ലാ പ്രവാസികളുടെയും ആഗ്രഹം പോലെ നാട്ടിൽ ഒരു ബിസിനസ്സ് തുടങ്ങണം എന്നതായിരുന്നു ബെന്നിയുടെ സ്വപ്നം. അങ്ങനെയാണ് ഇരുപത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കോട്ടയം സ്വദേശിയായ ബെന്നിയും കുടുംബവും നാട്ടിലെത്തിയത്. അങ്ങനെ ആടുവളർത്തലിലേക്ക് തിരിഞ്ഞു. മുൻ പരിചയം ഇല്ലാതിരുന്ന ആടുവളർത്തലിലേക്ക് തിരിയാനുള്ള കാരണം അധികം മുതൽമുടക്കില്ലാത്ത ബിസിനസ്സായതിനാലാണ്. എന്നാൽ, ആഗ്രഹത്തിന്റെ പുറത്തു തുടങ്ങിയ ബിസിനസ്സ് തുടക്കത്തിൽത്തന്നെ വലിയ ബുദ്ധിമുട്ടുള്ളതായി മാറി. പരിചയമില്ലാത്ത ഒരു മേഖലയായതിനാൽ നല്ല ഇനത്തിലുള്ള ആടുകളെ വാങ്ങുന്നതിനോ നല്ല വിലയ്ക്ക് വിൽക്കുന്നതിനോ സാധിക്കാതെ വന്നു. അങ്ങനെ രണ്ടു വർഷം ആയപ്പോഴേക്ക് ആടു വളർത്തൽ നിർത്തി മറ്റെന്തെങ്കിലും ജോലി നോക്കിയാലോ എന്നു വരെചിന്തിച്ചു. എന്നാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും പൂർണ്ണ പിന്തുണയും കഠിനാധ്വാനവും കൂടിയായപ്പോൾ വ്യത്യസ്ത ഇനങ്ങളിലുള്ള 80ൽപ്പരം ആടുകളുള്ള ഫാമിന് ഉടമയായി ബെന്നി മാറി. അങ്ങനെ അഞ്ചു വർഷം കൊണ്ട് ആടു വളർത്തലിൽ വിജയം നേടി മികച്ച വരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് ബെന്നി. 

പ്രധാനമായും പഞ്ചാബ് സ്വദേശിയായ ബീറ്റൽ ആടുകളാണ് ബെന്നിയുടെ ഫാമിലുള്ളത്. കറുത്ത നിറവും നീണ്ട ചെവിയും നല്ല വളർച്ചയും പാലും പ്രതിരോധശേഷിയുമൊക്കെയുള്ള അഴകേറിയ ഇനമാണ് ബീറ്റൽ. ഇപ്പോൾ ആളുകൾ കൂടുതലായും അന്വേഷിച്ച് വരുന്നതും ബീറ്റലിനെയാണെന്നും ബെന്നി. 

ബീറ്റൽ കൂടാതെ രാജസ്ഥാനിൽനിന്നുള്ള സിരോഹി, റെഡ് ബീറ്റൽ, കരോളി, ജമുനാപാരി, പാർപ്പസാരി, തോത്താപുരി, സോജത്ത്, ബോയർ, ബാർബറി, കേരളത്തിന്റെ സ്വന്തം മലബാറി എന്നീ ഇനങ്ങളും ബെന്നിയുടെ ഫാമിൽ ഉണ്ട്.  

ഈ ഫാമിൽ ആടുകളുടെ വിൽപ്പനയ്ക്കു പുറമേ പ്രജനനവും മികച്ച രീതിയിൽ നടത്തുന്നു. കൂടാതെ ഇണചേർക്കുന്നതിലൂടെയും വരുമാനമുണ്ട്. ഇതിനായി മൂന്ന് വലിയ മുട്ടനാടുകളെ വളർത്തുന്നു. ബീറ്റൽ, സിരോഹി, ജമുനാപാരി എന്നീ ഇനങ്ങളാണുള്ളത്. ഇതിൽനിന്നു മാത്രം നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്.

goat-farming-benny
ബെന്നിയും കുടുംബവും ആടുകൾക്കൊപ്പം

രാവിലെ അഞ്ചരയ്ക്ക് ആരംഭിക്കുന്ന ഫാമിലെ ജോലികൾ രാത്രി എഴര വരെ നീളും. കൃത്യമായ ഇടവേളകളിലാണ് ആടുകളുടെ തീറ്റക്രമം. പുളിയരി, ചാക്കരി അല്ലെങ്കിൽ ഗോതമ്പ് എന്നിവ വൈകുന്നേരം വേവിച്ചുവച്ച് പിറ്റേന്നു രാവിലെ തവിടും ആടിനുള്ള പെല്ലറ്റും ചേർത്ത് കുഴച്ച് ആടുകൾക്കെല്ലാം പത്തു മണി ആകുമ്പോഴേക്ക് കൊടുക്കും ഉച്ചയ്ക്ക് പച്ചപ്പുല്ല് നൽകും. വൈകുന്നേരം 5 ആകുമ്പോഴേക്ക് തേങ്ങാപിണ്ണാക്ക് ചേർത്ത വെള്ളവും നൽകും. അതിനു ശേഷം പുല്ല് നൽകും. ഏഴാകുമ്പോഴേക്ക് തീറ്റ അവസാനിപ്പിച്ചിരിക്കും. ആടുകൾക്കുള്ള വാക്സിനും മരുന്നുകളും ക്രമമായി കൊടുക്കുന്നുണ്ട്. ഇതിനുപുറമേ 150 താറാവുകളും ഇവിടെയുണ്ട്.

ലോക്ഡൗൺ സമയത്ത് നല്ല രീതിയിൽ ആടുകളുടെ കച്ചവടമുണ്ടായിരുന്നുവെന്ന് ബെന്നി. ജോലി നഷ്ടപ്പെട്ടവരും ജോലിക്ക് പോകാൻ ബുദ്ധിമുട്ടുള്ളവരും ആട് കൃഷിയിലേക്ക് തിരിഞ്ഞു. വില അൽപ്പം കൂടുതലാണെങ്കിലും കാണാൻ ഭംഗിയും കറുപ്പ് നിറവും നല്ല വളർച്ചയുമുള്ള ബീറ്റലിനോടാണ് ആളുകൾക്ക് കൂടുതൽ താൽപര്യം. പുതിയതായി ആടു കൃഷിയിലേക്ക് ഇറങ്ങുന്നവരാണെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബെന്നി ഓർമ്മിപ്പിക്കുന്നു. മലബാറി ആടുകളെ വാങ്ങി തീറ്റക്രമവും ബ്രീഡിങും പ്രസവവും ഒക്കെ പഠിച്ചതിനു ശേഷമേ വിലകൂടിയ ആടുകളെ വാങ്ങി വളർത്താവൂ. വില കൂടിയ ആടുകളെ ഒരാഗ്രഹത്തിന് വാങ്ങിയാൽ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. നന്നായി അറിയാവുന്നവർ മാത്രമേ വിലകൂടിയ ഇനങ്ങളായ സിരോഹിയും ബീറ്റലും ജമുനാപാരിയുമൊക്കെ വളർത്താവൂ എന്നും ബെന്നി പറയുന്നു.  

ബെന്നിക്കൊപ്പം ഭാര്യ മഞ്ജുവും മക്കളായ മെൽവിനും മിലനും സജീവമായുണ്ട്. പ്രവാസ മേഖലയിലെ ജോലിയുമായി താരതമ്യം ചെയ്യുമ്പോൾ ആടു വളർത്തൽ ഒരു ബുദ്ധിമുട്ടായി തോന്നുന്നില്ല. വീട്ടുകാരും അയൽക്കാരുമൊക്കെയായി സഹകരിച്ച് നാട്ടിൽ ജീവിക്കാൻ സാധിക്കുന്നു. ആരോഗ്യമുള്ള ആർക്കു വേണമെങ്കിലും ചെയ്യാൻ പറ്റിയൊരു ബിസിനസ്സാണ് ആടുവളർത്തൽ. പറമ്പിൽ പുല്ലോ, തീറ്റപ്പുൽ കൃഷിയോ ഉണ്ടെങ്കിൽ എത്ര ആടിനെ വേണമെങ്കിലും വളർത്താം. അധ്വാനിക്കാൻ മനസ്സുള്ളവർക്ക് വലിയൊരു മുതൽമുടക്കില്ലാതെ തുടങ്ങാൻ പറ്റുമെന്നുമാണ് ബെന്നിയുടെ അഭിപ്രായം.

ഫോൺ: 9747071325

English summary: Successful Story in Goat Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com