ADVERTISEMENT

കണ്ണപുരത്ത് പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം. അതും ഈ മാമ്പഴക്കാലത്ത്. അവിടെ ഒരു വലിയ നിധി കണ്ടെത്തിയിരിക്കുന്നു–  നിലവറയിലെ സ്വർണാഭരണശേഖരംപോലെ വിലമതിക്കാനാവാത്ത ജനിതക ശേഖരം!  കണ്ണൂർ കണ്ണപുരം പഞ്ചായത്തിലെ ചുണ്ട കുറവക്കാവില്‍ നൂറിലേറെ വ്യത്യസ്ത മാവിനങ്ങളെയാണ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്! പഞ്ചായത്തിലാകെ ഇരുനൂറിലേറെ ഇനങ്ങളും! നാലോ എട്ടോ പതിനാറോ നാടൻ മാവിനങ്ങൾ ഏതു നാട്ടിലുമുണ്ടാവും. എന്നാൽ ഇതൊന്നു വേറെ തന്നെ! 

ഇത്രയധികം വൈവിധ്യം ഇവിടുത്തെ മാവുകൾക്കുണ്ടായത് എങ്ങനെയെന്ന് നാട്ടുകാർക്കും നിശ്ചയമില്ല. വലിയൊരു ജനിതക സമ്പത്തിന്റെ മീതെയാണ് തങ്ങളെന്ന തിരിച്ചറിവിന്റെ ആവേശത്തിലാണവർ. കണ്ണപുരത്തുകാരുടെ വെറും അവകാശവാദമായി ഇതിനെ തള്ളേണ്ടതില്ല. അധികൃതർ പ്രാഥമിക നിരീക്ഷണം നടത്തി ഉറപ്പാക്കിയ വസ്തുതയാണിത്. തുടര്‍ന്ന് കണ്ണപുരം നാട്ടുമാവുഗ്രാമമായും ചുണ്ട കുറവക്കാവ് നാട്ടുമാവു പൈതൃക ദേശമായും പ്രഖ്യാപിക്കപ്പെട്ടു.

ഷൈജു മാച്ചാത്തി എന്ന യുവ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലാണ് അത്യപൂർവമായ ഈ ജനിതക ശേഖരം കണ്ടെത്താൻ വഴിയൊരുക്കിയത്. ചുണ്ട കുറവക്കാവിലെ ഒരു പുരയിടത്തിൽനിന്നു വെട്ടിനീക്കപ്പെട്ട ‘വെല്ലത്താൻ’ ഇനം നാടൻമാവിനെ തിരിച്ചുപിടിച്ചു സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു തുടക്കം. പഴയകാല വീട്ടുവളപ്പുകൾ ഏറെയുള്ള സ്ഥലമാണ് ഈ നാട്ടിൻപുറം. റബർകൃഷി കാര്യമായി കടന്നുകയറാത്തതുകൊണ്ടാവണം തൊടികളിൽ നിറയെ മാവും പ്ലാവുമൊക്കെ വളർന്നു പന്തലിച്ചുനിൽക്കുന്നു. സീസണായാൽ മാഞ്ചോടുകളിൽനിന്ന് മാമ്പഴം പെറുക്കുന്ന രീതി ഇവിടെ ഇല്ലാതായിട്ടില്ല. ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിന്റെ ഗൺമാൻ കൂടിയായ ഷൈജു സുഹൃത്തായ ജയചന്ദ്രനെ സന്ദർശിക്കാനായി ചുണ്ട- കുറവക്കാവിൽ എത്തുക പതിവായിരുന്നു. സീസണിൽ വെല്ലത്താന്റെ ചുവട്ടിൽനിന്ന് മാമ്പഴം പെറുക്കുന്ന തും ഈ സന്ദർശനത്തിന്റെ ഭാഗമായിരുന്നു. 

mango-sindhoorarekha
സിന്ദൂരരേഖ

വെല്ലത്താൻ മാവ് വെട്ടിയെന്ന് 5 വർഷം മുൻപ് സുഹൃത്ത് വിളിച്ചുപറഞ്ഞപ്പോൾ തനിക്ക് ഉൾക്കൊള്ളാനായില്ലെന്നു ഷൈജു പറയുന്നു. സമീപത്തെങ്ങും മറ്റൊരു ‘വെല്ലത്താൻ’ മാവില്ലെന്നതുതന്നെയായിരുന്നു കാരണം. വൈകാതെതന്നെ സ്ഥലത്തെത്തിയ ഷൈജു മാവിന്റെ ഉടമസ്ഥനോടും കൂട്ടുകാരോടും വെല്ലത്താനെ സംരക്ഷിച്ചുനിർത്തുന്നതിനു സഹായം തേടി. കരിമ്പം ഫാമിലെ ജീവനക്കാരായ സുഹൃത്തുക്കളുടെ തുണയോടെ വെല്ലത്താന്റെ തടിയിൽനിന്നു ഗ്രാഫ്റ്റിങ്ങിലൂടെ അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള അവരുടെ ശ്രമം വിജയിച്ചു. ഇങ്ങനെ കിട്ടിയ തൈകൾ ചുണ്ട- കുറവക്കാവിലും പരിസരത്തും നട്ടാണ് ഷൈജുവും കൂട്ടുകാരും പ്രായശ്ചിത്തം പൂർത്തിയാക്കിയത്. മുറിച്ചിട്ട മാവിൽനിന്നും കമ്പുകളെടുത്ത് ഗ്രാഫ്റ്റിങ്ങിലൂടെ തൈകളുണ്ടാക്കിയ അവർ ഗ്രാമത്തിലുടനീളം അവ വിതരണം ചെയ്തു. ഏറെ പ്രശംസ നേടിയ ആ  പ്രവർത്തനം ആവർത്തിക്കപ്പെട്ടു. കൂടുതൽ ഇനങ്ങൾ ഗ്രാഫ്റ്റിങ്ങിനായി എത്തുകയും കൂടുതൽ തൈകൾ ഉൽപാദിപ്പിക്കുകയും ചെയ്തു. 

നാടൻമാവിനങ്ങളെ തിരിച്ചറിയാനും ശ്രമമുണ്ടായി. അടുത്ത മാമ്പഴക്കാലത്ത് മാഞ്ചോടുകളിലൂടെ നടക്കുമ്പോൾതന്നെ ഓരോ മാവും ഏതിനമാണെന്നു കണ്ടെത്താൻ ശ്രമിച്ചു. അന്വേഷണത്തിന്റെ ഫലം ഷൈജു വിനെ അമ്പരപ്പിച്ചു- നാൽപതോളം വ്യത്യസ്ത ഇനങ്ങളാണ് 20 വീട്ടുവളപ്പുകളിലായി അന്നു കണ്ടെത്താനായത്. താൻ കണ്ടെത്തിയ ഇനവൈവിധ്യം ചൂണ്ടിക്കാണിക്കുന്നതിനായി നാട്ടിലെ സുഹൃത്തുക്കളെ ആ സീസൺ തീരുന്നതിനു മുൻപുതന്നെ ഷൈജു ചുണ്ടയിലെ ഒരു വീട്ടുവളപ്പിൽ വിളിച്ചുകൂട്ടി. ഓരോ ഇനം മാമ്പഴവും ആസ്വദിച്ച് മാഞ്ചോടുകളിലൂടെ നടന്ന് വലിയൊരു കണ്ടെത്തലിനു സാക്ഷികളായതോെട  എല്ലാവര്‍ക്കും ആവേശമായി. 

mango-lamanda
ലമൺഡ

പിന്നീട് എല്ലാ സീസണിലും  ഇവിടെ മാമ്പഴപ്രേമികളുടെ കൂട്ടായ്മ നടന്നു. നാട്ടുകാർ മാത്രമല്ല, പുറത്തുനിന്നുള്ളവരും കൂടി. അറിവു പകരാൻ വിദഗ്ധരുമെത്തി. ഷൈജു എല്ലാ പുരയിടങ്ങളിലും കയറിയിറങ്ങി പരമാവധി മാവിനങ്ങളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ചു രേഖയാക്കി. ‘നാട്ടുമാഞ്ചോട്ടിൽ’ എന്ന പേരിൽ ഫെയ്സ്ബുക് പേജ് ഉണ്ടാക്കി വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.  പേരില്ലാ ഇനങ്ങൾക്ക് ഷൈജു പേരിട്ടിട്ടുണ്ട്. എന്നാൽ ഇത് താൽക്കാലികമാണെന്നും മറ്റേതെങ്കിലും നാട്ടിലെ ഇനമാണെന്നു തിരിച്ചറിഞ്ഞാൽ തിരുത്തുമെന്നും ഷൈജു. എല്ലാ മാവുകളിലും ലോഹത്തകിടുകളിൽ പേരും വിശദ വിവരങ്ങളും രേഖപ്പെടുത്താനും ഷൈജു തന്നെയാണ് അധ്വാനിച്ചതും പണം മുടക്കിയതും. പുരയിടംതോറും കയറിയിറങ്ങി പഠനം നടത്തി മാപ്പ് ഉണ്ടാക്കി ഓരോന്നിലെയും മാവിനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്തു. ഇവിടെയെത്തുന്ന ആര്‍ക്കും ഈ മാപ്പ് നോക്കി ഓരോ മാവിനത്തിന്റെയും ചുവട്ടിലെത്താനാവും. 2019 ലെ മാമ്പഴക്കാലത്ത് ‘നാട്ടുമാഞ്ചോട്ടിൽ’  കൂട്ടായ്മയിൽ  വെള്ളാനിക്കര  നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്സിലെ(എൻബിപിജിആര്‍) ഡോ. ജോൺ ജോസഫ് പങ്കെടുത്തതോടെയാണ് ഷൈജുവിന്റെ പ്രയത്നങ്ങൾക്ക് ശാസ്ത്രലോകത്തിന്റെ അംഗീകാരമായത്. സംരക്ഷണപ്രവർ‌ത്തനങ്ങൾ ശാസ്ത്രീയമായി തിട്ടപ്പെടുത്താനുള്ള നിർദേശങ്ങൾ അദ്ദേഹം നൽകി.

ചുണ്ട കുറുവക്കാവിൽനിന്ന് 102 മാവിനങ്ങളും കണ്ണപുരത്തുനിന്ന് 207 ഇനങ്ങളുമാണ് ഇതിനകം കണ്ടെത്തിയത്. ഇവയിൽ പകുതിയോളം എൻബിപിജിആറിന്റെയും മറ്റ് ഗവേഷണസ്ഥാപനങ്ങളുടെയും ജനിത കശേഖരത്തിലേക്ക് കൈമാറിക്കഴിഞ്ഞു. ഷൈജുവിന്റെ യത്നങ്ങൾക്കു പിന്തുണയെന്നവണ്ണം 100 ഗ്രാമങ്ങളിൽ നാടൻമാവുശേഖരമുണ്ടാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഷൈജുവിന്റെ സഹായത്തോടെ കരിമ്പം ഫാമിൽ തൈകൾ തയാറായിക്കഴിഞ്ഞു. മാതൃവൃക്ഷങ്ങൾ ലഭ്യമാക്കിയ കണ്ണപുരത്തെ സ്ഥലമുടമകൾക്ക് റോയൽറ്റി ലഭിക്കത്തക്കവിധത്തിൽ ഇതു ക്രമീകരിക്കാനും ഷൈജു മുൻകൈയെടുത്തു. പ്രതിഫലം പറ്റാതെയും സ്വന്തം സമ്പാദ്യം ചെലവാക്കിയുമാണ് 5 വർഷമായി ഷൈജുവിന്റെ പ്രവർത്തനം. 

കഴിഞ്ഞ വർഷം കോവിഡ് വഴിമുടക്കിയെങ്കിലും നടപ്പു സീസണിൽ പ്രവർത്തനം ഊർജസ്വലമാക്കാനാണ്  കൂട്ടായ്മയുടെ തീരുമാനം. ചുണ്ട- കുറവക്കാവ്‌ സന്ദർശിക്കാനും മാമ്പഴം പെറുക്കാനും ഇനങ്ങൾ തിരിച്ചറിയാനും ഈ  സീസണിൽ അവസരമൊരുക്കും. ഹെറിറ്റേജ് വാക് എന്ന ഈ പരിപാടിക്ക് കണ്ണപുരം പഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും പിന്തുണയുണ്ട്. 

സ്വന്തമായി ഒരു ക്ലോണൽ റിപ്പോസിറ്ററിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഷൈജു. വലിയ കവറുകളിൽ മണ്ണുനിറച്ച് നട്ടിരിക്കുകയാണ് ഇതുവരെ ശേഖരിച്ച 120 ഇനങ്ങൾ. വീടിനടുത്ത് പുഴയോരത്ത് 50 മാവുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവ വലുതാവുമ്പോൾ മൾട്ടിപ്പിൾ ഗ്രാഫ്റ്റ് ചെയ്ത് 100 ഇനങ്ങളുെട സംരക്ഷിത കേന്ദ്രമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണപുരത്തെ ദൗത്യം എറക്കുറെ പൂർത്തിയായെന്നു കരുതുന്ന ഷൈജുവിന് ഇപ്പോൾ കേരളത്തോട് ഒരു അഭ്യർഥന മാത്രം  – വ്യത്യസ്തമായ ഒരു നാടൻമാവ് എവിടെയെങ്കിലും  കോടാലി ഭയന്നുനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അറിയിക്കണം. ആ മധുരം വരും തലമുറകൾക്കായി ഷൈജുവിന്റെ ശേഖരത്തിൽ ഭദ്രമായിരിക്കും. 

ചെങ്കുലയൻ മധുരം

ഒരു മാങ്ങയ്ക്ക് ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന ഗുണങ്ങളെന്തൊക്കെയാണ്? നല്ല രുചിയും തേനൂറുന്ന മധുരവും വേണം. കുലകളായി നിറയെ  കായ്ക്കണം. പുഴുശല്യം ഉണ്ടാവരുത്. പഴുത്താലും പെട്ടന്ന് ചീത്തയാകാതെ കുറേ ദിവസം നിൽക്കണം. എല്ലാ സമയവും മാങ്ങ കിട്ടണം. പച്ച മാങ്ങയ്ക്കും പുളിയുണ്ടാവരുത്. മാമ്പഴംപോലെ തന്നെ പച്ച മാങ്ങയും ആസ്വദിച്ചു കഴിക്കാൻ സാധിക്കണം. കാണാൻ ഭംഗി വേണം. സാമാന്യം വലുപ്പവും ഉണ്ടാവണം. അത്യാഗ്രഹമാണെന്നു പറയാൻ വരട്ടെ; ഇതെല്ലാം ചേർന്നൊരു മാവുണ്ട്, ചെങ്കുലയൻ മധുരം. കുലകുലയായി ചുവന്ന മാങ്ങകൾ തൂങ്ങി നിൽക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്. പച്ചയിലും പഴുത്താലും പൾപ്പ് വെള്ള നിറമാണ്. നാരില്ല. നല്ല മധുരം. പച്ച മാങ്ങ വെറുതെ തിന്നാൻ നല്ല രസം.

mango-1
ചെങ്കുലയൻ മധുരം (ഇടത്ത്), മഞ്ഞ ലമൻഡ (വലത്ത്)

മഞ്ഞ പഞ്ചാര / ലമൺഡ

അതീവ രുചികരമായ നാട്ടുമാങ്ങ. സ്വഭാവവും തൊലിനിറവും കണക്കിലെടുത്താണ് നാമകരണം ചെ യ്തത്. പൾപ്പ് വളരെ കുറവാണ്. നാരുകളുണ്ട്. കടിച്ചു തിന്നാവുന്നത്. പഴുത്ത മാങ്ങയുടെ പുറം തൊലിക്കു നല്ല മഞ്ഞ നിറമാണ്. പുറം തൊലി പോലെ പൾപ്പും നല്ല മഞ്ഞ നിറം. തൊലിക്കു നല്ല കട്ടിയുണ്ട്. അതിനാല്‍ പഴുത്തു വീണ മാങ്ങ സാധാരണ നിലയിൽ സൂക്ഷിച്ചാൽപോലും ഒരാഴ്ചയോളം കേടാവാതെ യിരിക്കും. വലുപ്പം കുറവാണ്. 100–200 ഗ്രാം തൂക്കം. പരന്ന രൂപം. അതിമധുരം. ചുനരസമില്ല.

ഫോൺ: 9496787872

English summary: Native Mango Varities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com