ADVERTISEMENT

കേരളത്തിലെ നെല്ലുസംഭരണത്തില്‍ കർഷകനു നേട്ടമില്ല. എന്തുകൊണ്ട്? അന്വേഷണം

താങ്ങുവില ഉറപ്പാക്കാനും വിപണനത്തിലെ ചൂഷണം അവസാനിപ്പിക്കാനുമായി ഇന്ദ്രപ്രസ്ഥത്തിൽ നടക്കുന്ന കർഷകസമരത്തിന് ഏറ്റവും ഊറ്റമായി പിന്തുണ നൽകുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ നിയന്ത്രിത വിപണനസംവിധാനമാണ് ചൂഷണം ഒഴിവാക്കാനുള്ള മാർഗമെന്ന് നാം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നാൽ, ഭരണകൂടങ്ങൾക്ക് ആത്മാർഥതയും ഇച്ഛാശക്തിയുമില്ലെങ്കിൽ  സർക്കാർ നിയന്ത്രിത സംഭരണംപോലും ചൂഷകരുടെ വിഹാരരംഗമായി മാറുമെന്നതാണ് വാസ്തവം. കേരളത്തിലെ നെല്ലു സംഭരണംതന്നെ മികച്ച ഉദാഹരണം. രാജ്യത്തെതന്നെ ഏറ്റവും മികച്ച താങ്ങുവിലയാണ് ഇവിടെ നെല്ലിനുള്ളത്. പക്ഷേ അതിന്റെ നേട്ടം കൃഷിക്കാരനു നിഷേധിക്കുന്ന ഒന്നിലധികം ചൂഷകരെ  പാടങ്ങളിൽ കാണാം. അകലത്തെ അദാനിയും അംബാനിയുമൊന്നുമല്ല, അയലത്തെ യൂണിയൻകാരും അരിമില്ലുകാരുമൊക്കെയാണ് കൃഷിക്കാരന്റെ കീശയിൽ കയ്യിടുന്നത്. ഔദാര്യം പറ്റുന്ന ആശ്രിതരായി കൃഷിക്കാരെ കാണുന്ന അവർ കർഷകരുടെ നിസ്സഹായതയ്ക്കു പരമാവധി വില ഈടാക്കുന്നു. പല രീതിയിലാണ് കേരളത്തിലെ നെല്ലുസംഭരണം കർഷകസൗഹൃദമല്ലാതാകുന്നത്. അമിതമായ ചുമട്ടുകൂലിയും ഈർപ്പത്തിന്റെ പേരിലുള്ള അനാവശ്യ തർക്കങ്ങളും  വൈകി ആരംഭിക്കുന്ന സംഭരണവുമൊക്കെ അതിനുള്ള കാരണങ്ങൾ മാത്രം. 

പുതിയ സംസ്ഥാന ബജറ്റിൽ നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 28 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. തുടർച്ചയായി എല്ലാ വർഷവും നെല്ലിന്റെ സംഭരണവില വർധിപ്പിക്കുന്നത് കൃഷിക്കാർക്കു വലിയ നേട്ടമാണെന്ന് സർക്കാരിന് അവകാശപ്പെടാം. എന്നാൽ ഓരോ വർഷവും വർധിക്കുന്ന തുക പലരും ചേർന്നു തട്ടിപ്പറിക്കുമ്പോൾ കർഷകനു കിട്ടുന്നതു ചെറിയ വിഹിതം മാത്രം.

നിലവിൽ നെല്ലിന്റെ സംഭരണവില 27.48 രൂപയാണ്. അടുത്ത ഏപ്രിൽ മുതൽ കിലോയ്ക്ക് 52 പൈസയുടെ വിലവർധനയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ കൊയ്ത്തുകൂലിയിലും ചുമട്ടുകൂലിയിലുമുണ്ടാകുന്ന വർധന പരിഗണിക്കുമ്പോൾ കിലോയ്ക്ക് 10 പൈസയെങ്കിലും അധികം കിട്ടിയാൽ  ഭാഗ്യമെന്നു നെൽകർഷകർ. നെല്ലിന്റെ കൈകാര്യച്ചെലവായി സർക്കാർ നൽകുന്ന തുക ആനുപാതികമായി വർധിപ്പിക്കാത്തതാണ് കാരണം. നെല്ലുസംഭരണം തുടങ്ങിയ കാലത്തു നിശ്ചയിച്ച 12 രൂപയാണ് ഒരു ക്വിന്റൽ നെല്ലിനു കൈകാര്യച്ചെലവായി ഇപ്പോഴും  ലഭിക്കുന്നതെന്ന് കുട്ടനാട്ടിലെ പ്രമുഖ നെൽകർഷകനായ ജോഫിച്ചൻ. എന്നാൽ കായൽനിലങ്ങളിൽനിന്ന് വള്ളത്തിൽ നെല്ല് കയറ്റേണ്ടിവരുമ്പോൾ ക്വിന്റലിന് 200 രൂപയിലേറെ കൈകാര്യച്ചെലവ് വേണ്ടിവരുന്നുണ്ട്. 

ലോറിസൗകര്യമുള്ള പാടങ്ങളിൽപോലും ക്വിന്റലിന് 150 രൂപ നിലവിൽ വാരുകൂലിയും ചുമട്ടുകൂലിയുമായി നൽകേണ്ടിവരുന്നു. ചുമട്ടുകൂലി മാത്രം  ക്വിന്റലിനു 120 രൂപയാണ്. രണ്ടു ചാക്ക് നെല്ല് ചുമന്ന് ലോറിയിൽ കയറ്റുന്നതിന് യൂണിയൻകാര്‍  ഈടാക്കുന്ന തുകയാണിത്. നോക്കുകൂലി അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാർ കണ്ടില്ലെന്നു നടിക്കുന്ന മറ്റൊരു കൊള്ള. രണ്ടു ചാക്ക് സിമന്റ് ലോഡ് ചെയ്യുന്നതിന് സംസ്ഥാനത്ത് അംഗീകൃത നിരക്കുണ്ട്, ക്വിന്റലിന് 24–30 രൂപ മാത്രം. സ്വന്തം അന്നമായി മാറാനുള്ള നെല്ലിന് അതിന്റെ  ഇരട്ടിത്തുക ഈടാക്കുന്ന യൂണിയൻകാർക്കു മൂക്കുകയറിടാൻ സർക്കാരിനു പറ്റുന്നില്ല.  

കേരളത്തിലെ എല്ലാ ജില്ലകളിലും  നെല്ല്, അരി, രാസവളം, റേഷൻ സാധനങ്ങൾ, സിമന്റ് തുടങ്ങിയവയുടെ 50 കിലോ ചാക്കിനു കയറ്റിറക്കു കൂലി തീരുമാനിച്ചിട്ടുണ്ടെന്ന് ദേശീയ കർഷക സംരക്ഷണ സമിതി  ജനറൽ സെക്രട്ടറി പാണ്ടിയോട്  പ്രഭാകരൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിന്റെ 4 ഇരട്ടി വരെയാണ് ചിലയിടങ്ങളിൽ കർഷകരിൽനിന്നു വാങ്ങുന്നത്. ചോദ്യം ചെയ്താൽ നെല്ലു കയറ്റില്ലെന്നു ഭീഷണി. നെല്ലു കയറ്റുന്നതിനു കർഷകൻ കൂലി കൊടുക്കേണ്ടതില്ലെന്നു കേരള ഹൈക്കോടതി ഈയിടെ വിധിച്ചെങ്കിലും സപ്ലൈകോയുടെ ഭാഗത്തുനിന്നു വ്യക്തമായ തീരുമാനം വന്നിട്ടില്ലെന്നു പ്രഭാകരൻ പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ അമിതമായ കൂലി മൂലം ഒരു സീസണിൽ പാലക്കാട് ജില്ലയിൽ മാത്രം ഏകദേശം 2 കോടി രൂപയാണ് കർഷകർക്കു നഷ്ടമെന്നും അദ്ദേഹം പറയുന്നു.  

കൊയ്ത്തുകാലമാവുമ്പോൾ നാടിന്റെ നാനാ ഭാഗങ്ങളിൽനിന്നു മറ്റു പല മേഖലകളിലും പണിയെടുക്കുന്നവർ പാടത്തെത്തും, കർഷകന്റെ പാത്രത്തിൽനിന്നു കയ്യിട്ടുവാരാൻ.  ഒഴിവുസമയത്ത് ഡൽഹിയിലെ കർഷകസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഇക്കൂട്ടർ മുന്നിലുണ്ടാവും. യൂണിയൻകാരെ നില‌യ്ക്കു നിർത്താൻ സാധിക്കുന്നില്ലെങ്കിൽ  കൈകാര്യച്ചെലവ് വർധിപ്പിക്കുകയെങ്കിലും വേണമെന്നു കൃഷിക്കാർ പറയുന്നു.  സപ്ലൈകോ നെല്ലുസംഭരണം ആരംഭിച്ച സമയത്തു മില്ലുകാരാണു ചുമട്ടുകൂലി നൽകിയിരുന്നത്. ഒരു ക്വിന്റൽ നെല്ലു കയറ്റുന്നതിനും, ചാക്കിന്റെ വില, തൂക്കക്കൂലി, ഗോഡൗണിലേക്കു കടത്തു കൂലി, ഇറക്കുകൂലി, സംസ്കരണം തുടങ്ങിയവയ്ക്കുമായി 70 രൂപയാണു അന്ന്  കൈകാര്യച്ചെലവായി മില്ലുകാർക്കു കൊടുത്തിരുന്നത്.  അതിൽ 12 രൂപ‌യായിരുന്നു ഒരു ക്വിന്റൽ (രണ്ടു ചാക്ക്) നെല്ലിന്റെ ചുമട്ടു കൂലി. അന്നത്തെ യഥാർഥ കൂലിയും ഏറക്കുറെ ഈ നിരക്കിലായിരുന്നു. കയറ്റുകൂലി തൊഴിലാളികൾ വർധിപ്പിച്ചുകൊണ്ടിരുന്നു. 

സർക്കാർ ക്വിന്റലിന് 12 രൂപ മാത്രമേ തരുന്നുള്ളൂ എന്ന പേരിൽ ചുമട്ടുകൂലി നൽകാൻ മില്ലുകാർ കർഷകരെ നിർബന്ധിതരാക്കിയതാണു പ്രശ്നത്തിന്റെ തുടക്കമെന്നു പ്രഭാകരൻ. സംഭരണമില്ലുകാർക്ക്  കൈ‌കാര്യച്ചെലവിനുള്ള തുക  15 വർഷത്തിനുള്ളിൽ 4 ഇരട്ടിയോളമാക്കി സപ്ലൈകോ. എന്നാൽ കർഷകരുടെ നെല്ലുകയറ്റുകൂലി വിഹിതം വർധിപ്പിച്ചതേയില്ല. സപ്ലൈകോയും സംഭരണമില്ലുകാരും  ചേർന്നു കർഷകരെയും ചുമട്ടുതൊഴിലാളികളെയും ശത്രുക്കളാക്കി മാറ്റുകയായിരുന്നു.  പാലക്കാട് ജില്ലയിലെ ശരാശരി 30– 50 ഹെക്ടർ വിസ്തൃതിയുള്ള രണ്ടോ മൂന്നോ പാടശേഖരങ്ങളുടെ പരിധിയിൽ 10–15 ചുമട്ടുതൊഴി ലാളികൾ മാത്രമേ കാണൂ. ഇവർ ഒരു ദിവസം 2 ലോറി നെല്ലു മാത്രമേ കയറ്റുകയുള്ളൂ. ക്വാറികളോ സ്ഥിരമായി കയറ്റിറക്കുന്ന ഗോഡൗണുകളോ ഉള്ള സ്ഥലങ്ങളിൽ അവിടത്തെ പണി കഴിഞ്ഞു മാത്രമേ നെല്ലു കയറ്റാൻ തൊഴിലാളികൾ വരികയുള്ളൂ. അപ്പോഴേക്കും മില്ലുകാരുടെ വാഹനങ്ങൾ തിരിച്ചുപോകും.  നെല്ലുസംഭരണം നീളുന്നതിന് ഒരു കാരണം ഇതാണ്. ഇരു കൂട്ടരും മനസ്സുവച്ചാല്‍ ഇത് ഒഴിവാക്കാവുന്നതേയുള്ളൂ.

ഓരോ സീസണിലും ആവർത്തിക്കുന്ന നെല്ലു സംഭരണം  മുൻകൂട്ടി നിശ്ചയിച്ചു കൃത്യസമയത്തു നടത്താനാവും സർക്കാരിന്. വൈകി ആരംഭിക്കുന്നതും വൈകി അവസാനിക്കുന്നതും വൈകി മാത്രം പണം നൽകുന്നതുമായ പ്രതിഭാസമായി സംഭരണം മാറുമ്പോൾ നഷ്ടം കൃഷിക്കാർക്കു മാത്രം. സംസ്ഥാനത്ത് ജൂണിൽ വിരിപ്പുകൃഷിയും ഒക്ടോബറിൽ പുഞ്ചക്കൃഷിയും തുടങ്ങുമെന്നു കൃഷിവകുപ്പിനും സപ്ലൈകോയ്ക്കുമൊക്കെ അറിയാം. നെല്ലുസംഭരണപദ്ധതി രേഖകളിൽ ഇതു വ്യക്തമാക്കിയിട്ടുമുണ്ട്. 110–130 ദിവസം മൂപ്പുള്ള വിത്തുകൾ മേൽപറഞ്ഞ മാസങ്ങളിൽ വിതച്ചാൽ സെപ്റ്റംബർ 15നുള്ളിൽ നെല്ല് സംഭരണത്തിനു പാകമാകും. എന്നാൽ സംഭരണം പിന്നെയും വൈകുന്നതുകൊണ്ടു മഴ നനയാതിരിക്കാൻ നെല്ല് കിടപ്പുമുറിയിലും മറ്റും സൂക്ഷിക്കേണ്ടിവരുന്നു. ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കുമ്പോള്‍ നെല്ലിന്റെ തൂക്കം കുറയുന്നതുകൊണ്ടുള്ള നഷ്ടം വേറെയും. 

സെപ്റ്റംബർ ഒന്നിനു സംഭരണം ആരംഭിക്കണമെന്നു നെല്ലു സംഭരണത്തിലെ  പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ 2016–17ൽ  രൂപീകരിച്ച കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇതു നടപ്പാക്കാൻ സർക്കാരിനു തീരെ ഉത്സാഹമില്ലെന്നു മാത്രം. തന്മൂലം കൊയ്തെടുത്ത നെല്ല്   മില്ലിൽ കൊണ്ടുപോയി അവര്‍ പറയുന്ന വിലയ്ക്കു കൊടുക്കേണ്ടിവരുന്നു. എങ്കിൽ മാത്രമേ, അടുത്ത കൃഷിക്കു പണം കണ്ടെത്താനാവൂ. ഒരു ഏക്കറിലെ ശരാശരി വിളവായ 2200 കിലോ നെല്ലിനു താങ്ങുവില 27.48 രൂപ പ്രകാരം 60,456 രൂപ കിട്ടേണ്ടതാണ്. എന്നാൽ 17 രൂപയ്ക്കു  മില്ലുകാർക്ക് നൽകേണ്ടിവരുമ്പോൾ കിട്ടുന്നത് 37,400 രൂപ മാത്രം. കർഷകന് 23,056 രൂപ നഷ്ടം. സംഭരണം യഥാസമയം നടത്തിയാൽ മതി,  ഇത് ഒഴിവാക്കാം. 

ഒന്നാം വിള നെല്ലു സംഭരണം സെപ്റ്റംബർ 15ന് ആരംഭിക്കണമെന്നു  സപ്ലൈകോയുടെ  രേഖകളിലും പഠന റിപ്പോർട്ടുകളിലും വ്യക്തമായി പറഞ്ഞിട്ടും സർക്കാർ  നടപ്പാക്കാത്തതെന്തുകൊണ്ടാണെന്നു പാണ്ടിയോട് പ്രഭാകരൻ ചോദിക്കുന്നു. മില്ലുകാർക്കു ചുളുവിലയ്ക്കു നെല്ല് കിട്ടാനുള്ള സാഹചര്യമൊരുക്കുകയാണ് അധികൃതർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

സെപ്റ്റംബറിൽ നെല്ലു സംഭരിക്കണമെങ്കിൽ ഓഗസ്റ്റിൽ മില്ലുകാരുമായി കരാർ ഒപ്പിടണം. അതോടൊപ്പം  വില കൊടുക്കാൻ ബാങ്കുകളുമായും കരാർ ഒപ്പിടണം. ഏതു മാസത്തിൽ വിളയിറക്കുമന്നോ എപ്പോൾ വിളവെടുക്കുമെന്നോ അറിയാത്ത മട്ടിലുള്ള സംഭരണ നടപടികൾക്ക് അറുതിവരുത്താൻ സർക്കാരിനു സാധിക്കണം.

സംഭരണം വൈകുന്നതിനു സർക്കാരും മില്ലുകാരും തമ്മിലുള്ള ‘സൗന്ദര്യപ്പിണക്ക നാടകങ്ങളും’ സാഹചര്യമൊരുക്കുന്നുണ്ട്. കൈകാര്യച്ചെലവു വർധിപ്പിക്കുന്നതിനു വേണ്ടിയുള്ള മില്ലുകാരുടെ ‘പിൻവാങ്ങൽ’ നാടകങ്ങൾക്കു കൂട്ടുനിൽക്കുന്ന സർക്കാർ ഒടുവിൽ അത് വർധിപ്പിച്ചു കൊടുക്കുമെന്നു പ്രഭാകരൻ. ഇതു സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകുമ്പോഴേക്കും നെല്ല് മില്ലുകാരുടെ ഗോഡൗണില്‍ എത്തിയിരിക്കും.  

സംഭരണം വൈകുമ്പോൾ  കർഷകർ നെല്ലു ചാക്കിലാക്കി സൂക്ഷിക്കാൻ നിർബന്ധിതരാവുന്നു. ഇതിനാവശ്യമായ ചാക്ക് മില്ലുകാർ യഥാസമയം  കൊടുക്കാത്തതുകൊണ്ട് 10–12 രൂപ കൊടുത്തു കൃഷിക്കാർതന്നെ വാങ്ങേണ്ടിവരും.  അതേസമയം ഒരു ക്വിന്റൽ നെല്ലു നിറയ്ക്കാനുള്ള രണ്ടു ചാക്കിന്റെ വിലയായി സപ്ലൈകോ 37 രൂപയോളം മില്ലുകാർക്കു നല്‍കുന്നുണ്ട്. കർഷകർ സ്വന്തം പണം മുടക്കി ചാക്കു വാങ്ങുമ്പോഴും ഈ പണം കിട്ടുന്നത്  മില്ലുകാർക്കാണ്! ഇതുമൂലം സപ്ലൈകോയ്ക്കു വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. മില്ലുകാർ നല്‍കുന്ന പ്ലാസ്റ്റിക് ചാക്കിൽ നെല്ലു നിറച്ചാൽ 50 കിലോയ്ക്ക് 20 ഗ്രാം നെല്ലു കിഴിക്കും. ഇതുമൂലം  ക്വിന്റലിന് 11.50 പൈസയാണു കർഷകനു നഷ്ടം.

ഈർപ്പത്തിന്റെ പേരിലുള്ള തർക്കങ്ങളാണ് സംഭരണരംഗത്തെ മറ്റൊരു കീറാമുട്ടി. വർഷകാലത്ത് ഇത് രൂക്ഷമാവുകയും ചെയ്യും. കുട്ടനാടൻ പാടങ്ങളിൽ  വർഷകാലത്ത് നെല്ല് ഉണങ്ങിനൽകുക പ്രായോഗികമല്ലെന്നു ജോഫിച്ചൻ ചൂണ്ടിക്കാട്ടി. എന്നാൽ ഈർപ്പത്തിന്റെ പേരിൽ വലിയ ചൂഷണമാണ് മില്ലുകാർ നടത്തുന്നത്. ശരിയായ വിധത്തിൽ ഈർപ്പം നിർണയിച്ച് തർക്കങ്ങൾ ഒഴിവാക്കുന്നതിനു ചുമതലപ്പെട്ട പാഡി ഓഫിസർമാരാവട്ടെ, കാഴ്ചക്കാരായി നിൽക്കുകയാണ് പതിവ്. 

ഈർപ്പം അൽപം കൂടിയാൽ നെല്ല് എടുക്കില്ലെന്നു പറയുന്ന ഏജന്റ് തന്നെ 50 കിലോയ്ക്ക് 5 കിലോ കിഴിച്ചാൽ എടുക്കാമെന്നു പറയുന്നതും ഉണങ്ങിയ നെല്ല് കൃഷി ഉദ്യോഗസ്ഥർ പരിശോധിച്ചശേഷം കൊണ്ടുപോകുന്ന നെല്ല് രണ്ടു ദിവസം കഴിഞ്ഞ് നിറമില്ലെന്നും മറ്റും പറഞ്ഞു തിരിച്ചു കൊണ്ടുപോകാൻ പറയുന്നതുമൊക്കെ സംഭരണകാലത്തെ പതിവുകാഴ്ചകള്‍. ഇത്തരം സന്ദർഭങ്ങളിൽ  പാവം കർഷകന്റെ ‘വിഷമം’ മനസ്സിലാക്കിയ ഏജന്റ് സഹായിക്കാമെന്ന നാട്യത്തിൽ ഒരു ക്വിന്റലിന് 10 കിലോ കൂടി കിഴിവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ സമ്മതിക്കുകയല്ലാതെ കർഷകനു വേറെ വഴിയില്ല. ഇതുമൂലം കർഷകന് ഒരു ക്വിന്റലിന് 275 രൂപയോളം നഷ്ടമുണ്ടാകുന്നു. പരാതിയുമായി സപ്ലൈകോ ഓഫിസിൽ ചെന്നാൽ മില്ലുകാരെ സഹായിക്കുന്ന തരത്തിലാവും മറുപടി.  കൃഷി ഉദ്യോഗസ്ഥന്മാർ പരിശോധിച്ച് ഉറപ്പു വരുത്തിയ നെല്ല് മറ്റാർക്കും ഗുണപരിശോധന നടത്താനോ നിരസിക്കാനോ അധികാരമില്ലെന്നു ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നു പ്രഭാകരൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊക്കെ മറച്ചുവച്ചുകൊണ്ട് മില്ലുകാരും സപ്ലൈകോ ഉദ്യോഗസ്ഥരും കർഷകരെ ചതിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു

സംഭരിച്ച നെല്ലിന്റെ വില കൊടുക്കാൻ സപ്ലൈകോ ബാങ്കുകളുമായി ചർച്ച തുടങ്ങുന്നതു സീസൺ കഴിഞ്ഞാണ്. ചർച്ച നീണ്ടു നീണ്ടു പോകും. ഒടുവിൽ കർഷകനു നെല്ലിന്റെ വില കടമായി കൊടുക്കാമെന്നു ബാങ്കുകളും സർക്കാരും തീരുമാനിക്കുന്നു. സർക്കാരിനു നെല്ലു കൊടുത്ത കർഷകനു ബാങ്കിൽ നിന്നു കടമായി വില കിട്ടുന്നു! 

ഒരു സീസണിൽ കേരളത്തിൽ 350–450 കോടി രൂപയുടെ നെല്ലാണു സപ്ലൈകോ  സംഭരിക്കുന്നത്.  ഒരു കിലോ നെല്ലിന്റെ സംഭരണ വിലയായ 27.48 രൂപയിൽ കേന്ദ്ര സർക്കാർ വിഹിതം 18.68 രൂപയും സംസ്ഥാന സർക്കാർ വിഹിതം 8.80 രൂപയുമാണ്. സംസ്ഥാനവിഹിതം ഒരു സീസണിൽ 120–150 കോടി രൂപയേ വരികയുള്ളൂവെന്നു സാരം. നാമമാത്രമായ ഈ തുക വാർഷിക ബജറ്റിൽ വകയിരുത്തിയാൽ നെല്ലിന്റെ വില ഉടൻ കൊടുക്കാൻ സാധിക്കുമെന്ന് പ്രഭാകരൻ. സംഭരണത്തിനാവശ്യമായ തുക റിവോൾവിങ് ഫ ണ്ടായി സൂക്ഷിച്ചാൽ മതിയാകുമെന്ന് ജോഫിച്ചൻ അഭിപ്രായപ്പെട്ടു.  ഭരണപക്ഷ, പ്രതിപക്ഷ പാർട്ടികൾ ഇത്തരം കാര്യങ്ങളിൽ  താൽപര്യമെടുക്കുന്നില്ലെന്നും  ഇവർ പറയുന്നു. സംസ്ഥാനത്തെ കർഷകര്‍ ഒറ്റക്കെട്ടായി നിന്ന് ഈ അനീതികളെ എതിർക്കുന്നുമില്ല.  ഇവിടുത്തെ പൊതുസമൂഹത്തിനാകട്ടെ, പഞ്ചാബിലെ കർഷകരുടെ കാര്യത്തിലാണ് കൂടുതൽ ഉത്കണ്ഠ.

English summary: Rice Farmer's Problems in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com