റബറിനു നല്ലകാലം: വില 4 വർഷത്തിനിടയിലെ ഉയർന്ന നിലയിലേക്ക്

HIGHLIGHTS
  • 10 ലക്ഷത്തിലേറെ വരുന്ന റബർ കർഷകർക്കു സന്തോഷിക്കാം
  • വരുംനാളുകളിലും ഡിമാൻഡിൽ ഇടിവു പ്രതീക്ഷിക്കുന്നില്ല
rubber-sheet
SHARE

സംസ്ഥാനത്തെ 10 ലക്ഷത്തിലേറെ വരുന്ന റബർ കർഷകർക്കു സന്തോഷിക്കാം: റബർ വില ഉയർന്നിരിക്കുന്നത് 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക്. കഴിഞ്ഞ വാരം അവസാനിക്കുമ്പോൾ വില കിലോഗ്രാമിന് 169 രൂപ. വില ഇനിയും വർധിക്കാനുള്ള സാധ്യത ബാക്കിനിർത്തിക്കൊണ്ടാണു വ്യാപാരം അവസാനിച്ചതെന്നതും ശ്രദ്ധേയം.

ആർഎസ്എസ് എന്ന ചുരുക്കെഴുത്തിലൂടെ അറിയപ്പെടുന്ന ‘റിബ്ബ്ഡ് സ്മോക്ഡ് ഷീറ്റ്’ വിഭാഗത്തിൽപ്പെട്ട നാലാം ഗ്രേഡ് റബറിന്റെ വില വാരാന്ത്യത്തിൽ ക്വിന്റലിന് 16,900 രൂപയിലേക്ക് ഉയർന്നപ്പോൾ ഒരാഴ്ചയ്ക്കിടയിലുണ്ടായ വർധന 800 രൂപ. ആർഎസ്എസ് – 5ന്റെ വില 940 രൂപ വർധിച്ച് 16,500 വരെ എത്തുന്നതും കണ്ടു. രാജ്യാന്തര വിപണികളിലെ വിലക്കയറ്റത്തിന്റെ പ്രതിഫലനമാണ് ഇവിടെയും കണ്ടത്. ബാങ്കോക്കിൽ ആർഎസ്എസ് – 4ന്റെ വില 238.10 യുഎസ് ഡോളറിലേക്ക് ഉയർന്നപ്പോൾ ആർഎസ്എസ് – 5ന്റെ വില 236.60ൽ എത്തി. രാജ്യാന്തര വിലയിലെ വർധന മൂലം ഇറക്കുമതിയിൽ ഇടിവുണ്ടായതും ഇവിടെ വില വർധനയ്ക്കു സഹായകമായി.

ചില രാജ്യങ്ങളിൽ ഫംഗസ് ബാധ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. തന്മൂലം രാജ്യാന്തര വിപണിയിലെ വിലക്കയറ്റം തുടർന്നേക്കാം. കടുത്ത വേനലിന്റെ ദിവസങ്ങളാണു വരാനിരിക്കുന്നത് എന്നതിനാൽ ആഭ്യന്തര ഉൽപാദനം കുറയും. രണ്ടും കൂടിയാകുമ്പോൾ ആഭ്യന്തര വിപണിയിൽ വില ഇനിയും ഉയർന്നുകൂടായ്കയില്ല.

‌കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കയ്യുറകളുടെയും മറ്റും ആവശ്യത്തിലുണ്ടായ വൻ വർധന മൂലം ലാറ്റെക്സിന്റെ വില വർധിക്കുകയുണ്ടായി. വരുംനാളുകളിലും ഡിമാൻഡിൽ ഇടിവു പ്രതീക്ഷിക്കുന്നില്ല.

വെളിച്ചെണ്ണയും മറ്റും

വെളിച്ചെണ്ണ വിലയിൽ കാര്യമായ മാറ്റമൊന്നുമുണ്ടാകാത്ത ആഴ്ചയാണു കടന്നുപോയത്. കൊപ്ര, പിണ്ണാക്ക് വിലകളിലും കാര്യമായ മാറ്റം അനുഭവപ്പെട്ടില്ല.

ചുക്ക്, മഞ്ഞൾ, അടയ്ക്ക, ഗ്രാമ്പൂ വിലകളിൽ മാറ്റമില്ലായിരുന്നു. എന്നാൽ ജാതിക്ക വില നേരിയ തോതിൽ മെച്ചപ്പെട്ടു. ജാതിക്ക തൊണ്ടൻ വില 30 രൂപ വരെ വർധിച്ചപ്പോൾ തൊണ്ടില്ലാത്തതിന് 50 രൂപ വരെയായിരുന്നു കയറ്റം. ജാതിപത്രി വില മാറ്റമില്ലാതെ തുടർന്നു.

അരി, പഞ്ചസാര

അരി വില വ്യത്യാസപ്പെട്ടില്ല. പഞ്ചസാര വില ക്വിന്റലിന് 100 രൂപ കുറഞ്ഞു. 3600 രൂപയിലായിരുന്നു വാരാന്ത്യ വ്യാപാരം.

കുരുമുളകിനു കൂടി

ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വിലയിൽ ക്വിന്റലിന് 300 രൂപയുടെ വർധനയുണ്ടായി. അൺഗാർബ്ൾഡ് കുരുമുളകിനും ഇതേ തോതിലായിരുന്നു വർധന. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ വില കൂടുതലായതിനാൽ മറ്റു രാജ്യങ്ങളോടു മത്സരിക്കാൻ കഴിയുന്നില്ലെന്ന സ്ഥിതി തുടരുകയാണ്.

English summary: Natural Rubber Prices At 4-year High

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA