ആഴ്ചയിൽ 20,000 മുട്ട ആവശ്യപ്പെട്ട് കമ്പനി, മുട്ട റെഡി ആയപ്പോൾ കൈമലർത്തി: വെട്ടിലായി കർഷക

HIGHLIGHTS
  • പലരും കിട്ടിയ വിലയ്ക്ക് മുയലുകളെ ഒഴിവാക്കി
quail-farming-4
SHARE

ലോക്ഡൗണിൽ കരുത്താർജിച്ച മൃഗസംരക്ഷണ–പൗൾട്രി മേഖല കിതച്ചുതുടങ്ങി. ഉൽപാദനം ഉയർന്നപ്പോൾ വില ഇടിഞ്ഞത് കപ്പ, പച്ചക്കറി മേഖലയെ പ്രതിസന്ധിയിലാക്കിയതുപോലെയാണ് ഇപ്പോൾ പൗൾട്രി, മൃഗസംരക്ഷണ മേഖലകളും. ഒപ്പം ഒട്ടേറെ തട്ടിപ്പു സംഘങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

പൗൾട്രി മേഖലയിൽനിന്നുതന്നെ തുടങ്ങാം. ലോക്ഡൗണിൽ ഒട്ടേറെ പേർ കോഴികളെ വളർത്താൻ തുടങ്ങിയത് പ്രശംസനീയമാണെങ്കിലും മുട്ടവിൽപനയിലൂടെ വരുമാനം കണ്ടെത്തിയിരുന്നവർക്ക് തിരിച്ചടിയായി. അതേസമയം, വൻകിട മുട്ടയുൽപാദക കമ്പനികൾക്കൂടി കടന്നുവന്നതോടെ മുട്ടവിൽപന നടത്തിയുന്ന സാധാരണക്കാരാണ് പെട്ടത്. വൻകിട കമ്പനികൾ മുട്ടവില കുറച്ച് വിതരണം നടത്തുമ്പോൾ ചെറുകിട കർഷകർക്ക് അതിനു കഴിയുന്നില്ല. അതുപോലെതന്നെ ഈ മേഖലയിലേക്ക് പുതുതായി കടന്നുവന്നവരാവട്ടെ ഒരു ഹോബി എന്ന നിലയിൽ വളർത്തുന്നതിനാൽ വില കുറച്ചു വിറ്റഴിക്കുക എന്ന രീതിയാണ് സ്വീകരിക്കുന്നത്. ലാഭം ലക്ഷ്യമിടാത്ത ഇക്കൂട്ടർക്ക് മുടക്കുമുതൽ എങ്കിലും കിട്ടാൽ മതി എന്ന ചിന്തയാണുള്ളത്.

ഇടുക്കി സ്വദേശിനിയായ ഒരു വീട്ടമ്മയുടെ അവസ്ഥകൂടി സൂചിപ്പിക്കാം. കാട, മുയൽ, കോഴി എന്നിവയെ വളർത്തി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കർഷകയെ കാടമുട്ട ആവശ്യപ്പെട്ട് ഒരു കമ്പനി സമീപിച്ചു. ആഴ്ചയിൽ 20,000 കാടമുട്ടകളാണ് കമ്പനിക്കു ആവശ്യം. വാക്കാൽ പറഞ്ഞ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ കർഷക പണം സ്വരുക്കൂട്ടി കാടകളുടെ എണ്ണം 1500ൽനിന്ന് 5000 ആക്കി ഉയർത്തി. ആഴ്ചയിൽ 20000 മുട്ട ലഭിക്കണമെങ്കിൽ 5000 മുട്ടക്കാടകളെങ്കിലും വേണം. മാത്രമല്ല, ലോക്കൽ വിൽപന വേറെയമുണ്ട്.

കാടകൾ മുട്ടയിട്ട് തുടങ്ങിയപ്പോൾ കമ്പനിയുമായി ബന്ധപ്പെട്ടു, കരാർ വയ്ക്കാമെന്ന് അറിയിച്ചു. എന്നാൽ, കമ്പനി അപ്പോൾ പറഞ്ഞത് ആദ്യം പറഞ്ഞതിനേക്കാൾ താഴ്ന്ന തുക. തീറ്റച്ചെലവ് പോലും ലഭിക്കില്ലാത്ത അവസ്ഥ. ഇത്രയധികം മുട്ടകൾ എന്തുചെയ്യണമെന്നറിയാത്ത പ്രതിസന്ധി ഘട്ടത്തിൽ സുമനസുകൾ കുറച്ചൊക്കെ മുട്ട എടുത്തു സഹായിക്കുന്നുണ്ട്. കര്‍ഷകയുടെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചേര്‍ത്തലയില്‍നിന്നൊരു കമ്പനി മുട്ട എടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ഒടുവിലത്തെ വിവരം. കാടത്തീറ്റയുടെ വില ക്രമാതീതമായി കുതിക്കുകയാണ്. 4 മാസം മുൻപ് 50 കിലോ ചാക്കിന് 1360 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 1670 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. തീറ്റവില കൂടിയെങ്കിലും മുട്ടവിലയിൽ കാര്യമായ വർധനയില്ല.

വിലയിടിച്ച് കർഷകയെ പ്രതിസന്ധയിലാക്കി ചുളു വിലയ്ക്കു മുട്ട വാങ്ങാം എന്നുകരുതിയാകും ആ കമ്പനി ആദ്യം പറഞ്ഞ വിലയിൽനിന്ന് മാറിയത്. ഇത്തരം പ്രവണത കാർഷികമേഖലയിൽ സ്ഥിരമാണ്.

ഇതിനോടു കൂട്ടിച്ചേർത്ത് ഒരു കർഷകന്റെ അനുഭവംകൂടി പറയാം. മുട്ടക്കോഴികളെ വളർത്തിയിരുന്ന കർഷകർ ആദ്യമായി ഇറച്ചിക്കോഴികളിലേക്കുകൂടി ചുവടുവച്ചു. മികച്ച വളർച്ചയും തീറ്റപരിവർത്തനശേഷിയുമുള്ള കോബ് ഇനം ഇറച്ചിക്കോഴികളെ ആവശ്യപ്പെട്ട കർഷകന് ഒരു കമ്പനി നൽകിയത് നിലവാരമില്ലാത്ത ഇനത്തെ. മികച്ച മാതൃശേഖരത്തിൽനിന്നു മാത്രമേ നിലവാരമുള്ള ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇറച്ചിക്കോഴിത്തീറ്റയ്ക്കും കുഞ്ഞിനും വലിയ വിലയാണ്. അതോടൊപ്പം നിലവാരമില്ലാത്ത കുഞ്ഞുങ്ങൾകൂടിയാണെങ്കിൽ തീറ്റച്ചെലവ് കൂടുമെന്നല്ലാതെ വളർച്ച ലഭിക്കില്ല. സാധാരണ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങൾ ഒരു മാസംകൊണ്ട് 1.5 കിലോ തൂക്കം വയ്ക്കുന്നുണ്ടെങ്കിൽ ഈ കർഷകന് ലഭിച്ചത് 800 ഗ്രാം മാത്രമാണ്. ഒരു മാസംകൊണ്ട് 800 ഗ്രാം തൂക്കത്തിലെത്തിയ കോഴി 2 കിലോ എങ്കിലും എത്തണമെങ്കിൽ 50 ദിവസമെങ്കിലും വേണ്ടിവരും. അത്രയും നാൾ വളർത്തുക എന്നത് സാധാരണ കർഷകർക്ക് സാധിക്കുന്നതല്ല. കുഞ്ഞുങ്ങളെ വാങ്ങുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ്. വളർച്ചയെത്തുമ്പോൾ മാത്രമേ അതിന്റെ നിലവാരം തിരിച്ചറിയൂ. അതുകൊണ്ടുതന്നെ വിശ്വാസയോഗ്യമായ കമ്പനികളുടെ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ മാത്രമേ വാങ്ങാവൂ.

കിതച്ചു കിതച്ചു മത്സ്യം

മൃഗസംരക്ഷണത്തിൽ ഉൾപ്പെടില്ലെങ്കിലും മത്സ്യക്കൃഷിയുടെ കാര്യവും ഇവിടെ സൂചിപ്പിക്കാതെ വയ്യ. ഡിസംബറിൽ തുടങ്ങിയ പ്രതിസന്ധി ഇപ്പോഴും തുടരുന്നു. കർഷകർ പലവിധ കാമ്പയിനുകൾ നടത്തി വിൽപനയ്ക്ക് ശ്രമിക്കുന്നുണ്ട്. എങ്കിലും കാര്യമായ മുന്നേറ്റമില്ല. കിതച്ചു കിതച്ചാണ് മത്സ്യക്കൃഷി മേഖലയുടെ പോക്ക്. 

മുയലും പ്രതിസന്ധിയിൽ

കേരളത്തിൽ മുയൽകൃഷിയുടെ തരംഗമാണ് പോയ വർഷം കണ്ടത്. ഒട്ടേറെ പേർ മേഖലയിലേക്ക് ചാടിയിറങ്ങി. വിചാരിച്ചത്ര എളുപ്പമല്ല മുയൽ വളർത്തൽ എന്നു മനസിലാക്കി പലരും കിട്ടിയ വിലയ്ക്ക് മുയലുകളെ ഒഴിവാക്കി. പലരും കച്ചവടക്കാർ പറഞ്ഞ തുച്ഛമായ വിലയ്ക്കു പോലും വിറ്റൊഴിവാക്കി. ഇത് മുയൽ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രശ്നത്തെത്തുടർന്ന് അതിർത്തികൾ അടച്ചതിനാൽ ലബോറട്ടറി ആവശ്യങ്ങൾക്കുള്ള മുയലുകളും കയറിപ്പോകുന്നില്ല. ലബോറട്ടറി ആവശ്യങ്ങൾക്കായി മുയലുകളെ ശേഖരിക്കുന്ന ഇടനിലക്കാർ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. ഇത്തരം ആളുകൾക്കുവേണ്ടി മുയലുകളെ കൈവശം വച്ചിരുന്നവരും വെട്ടിലായി. മരുന്നുകളുടെ ക്ലിനിക്കൽ പഠനങ്ങൾ‌ നടത്തുന്ന കമ്പനികൾ പ്രധാനമായും ഹൈദരാബാദിലാണുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തികൾ കടക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ മുയലിറച്ചി സംസ്കാരം വളർത്തിയെടുക്കേണ്ടത് കർഷകരുടെ ആവശ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA