ADVERTISEMENT

തീറ്റവിലയില്‍ തകര്‍ന്നടിയുന്ന മൃഗസംരക്ഷണ മേഖല- ഭാഗം 2

കയറ്റമുണ്ടായാൽ ഒരിറക്കവുമുണ്ട്. കോഴിവിലയുടെ കാര്യത്തിൽ അത് എപ്പോഴും സംഭവിക്കാറുള്ളതുമാണ്. ലഭ്യത വില നിയന്ത്രിക്കുന്ന ഉൽപന്നമെന്നും ഇറച്ചിക്കോഴികളെ വിളിക്കാം. ഏതാനും ദിവസങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുന്നതും ഈ മേഖലയിലെ കയറ്റിറക്കങ്ങളാണ്. അതുതന്നെയാണ് കോഴിവളർത്തൽ മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നതും.

broiler-chicken-1

ഒരാഴ്ച മുൻപുവരെ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വില 50 രൂപയ്ക്കു മുകളിയായിരുന്നു. എന്നാൽ, കോവിഡ്–19ന്റെ രണ്ടാം വരവ് കാര്യങ്ങൾ തകിടം മറിച്ചു. വീണ്ടുമൊരു ലോക്‌ഡൗൺ വന്നേക്കാം എന്ന ഭീതിയിൽ കർഷകരിൽ നല്ലൊരു പങ്കും ഫാമിലേക്ക് പുതിയ കോഴിക്കുഞ്ഞുങ്ങളെ എടുക്കുന്നത് നിർത്തി. ഫലമോ, ഹാച്ചറികളിൽ വിരിഞ്ഞിറങ്ങുന്ന ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ ആളില്ലാതായി. അതുകൊണ്ടുതന്നെ കോവിഡ് പ്രശ്നം ആരംഭിച്ചതു മുതൽ 40 രൂപയ്ക്കു മുകളിൽ നിന്നിരുന്ന കുഞ്ഞിന്റെ വില കുത്തനെ താഴേക്കു താഴ്ന്നു. ഒടുവിൽ 10 രൂപയിലേക്കുവരെ വില എത്തി.

ഹാച്ചറികളുടെ പ്രധാന കേന്ദ്രമായ തമിഴ്നാട്ടിലെ പല്ലടത്തുന്നുള്ള കുഞ്ഞുങ്ങളുടെ വിലയാണ് മുകളിൽ പറ‍ഞ്ഞത്. ഹാച്ചറികൾ ഏകീകരിച്ചു നിയന്ത്രിക്കുന്ന വില. 10 രൂപയുടെ കുഞ്ഞുങ്ങൾ കേരളത്തിൽ 12 രൂപയ്ക്കാണ് കർഷകരിലേക്കെത്തുക. എത്തിച്ചുനൽകാൻ ഒട്ടേറെ ഏജന്റുമാരും ഇവിടുണ്ട്.  കഴിഞ്ഞ ആഴ്ച 10 രൂപയിലേക്കു താഴ്ന്നെങ്കിലും വില പതിയെ കയറിത്തുടങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെ പല്ലടത്ത് 20 രൂപയും കേരളത്തിൽ 22 രൂപയുമാണ് കോഴിക്കുഞ്ഞുങ്ങളുടെ വില.

കോവിഡ് ഭീതി മാത്രമല്ല കർഷകരെ കുഞ്ഞുങ്ങളെ എടുക്കുന്നതിൽനിന്ന് അകറ്റിയത്. ഇറച്ചിക്കോഴികൾക്കുള്ള സ്റ്റാർട്ടറിനും ഫിനിഷറിനുമെല്ലാം വില ക്രമാതീതമായി ഉയർന്നു. പലേടത്തും ചാക്കിന് 2000 രൂപയ്ക്കടുത്ത് വില എത്തി. സ്വന്തം നിലയ്ക്ക് കോഴികളെ വളർത്തുന്ന കർഷകർക്കാണ് തീറ്റവിലയും കോവിഡുമെല്ലാം പ്രതിസന്ധിയുണ്ടാക്കുന്നത്. അതേസമയം, കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നവർക്ക് വിൽപനയിൽ ബുദ്ധിമുട്ട് വരുന്നില്ല. വൻകിട കമ്പനികൾ തീറ്റയും കുഞ്ഞും ഇറക്കിക്കൊടുക്കുന്നതിനാൽ വളർത്തുകൂലി ഇത്തരം കർഷകർക്കു ലഭിക്കും.

ഒരാഴ്ച മുൻപ് 150 രൂപയോളം വിലയുണ്ടായിരുന്ന കോഴിക്ക് ഇന്ന് വില ശരാശരി 100 രൂപയാണ്. ഫാം റേറ്റ് 72 രൂപയിലേക്കുവരെ പെട്ടെന്ന് ഇടിഞ്ഞു. ഈ മാസം 21ന് പെട്ടെന്ന് കുറ‍ഞ്ഞത് 24 രൂപയാണ്. വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കാൻ ഒട്ടേറെ പേർ കർഷകരെ സമീപിച്ചെങ്കിലും നഷ്ടത്തിൽ വിറ്റൊഴിവാക്കാൻ ശ്രമിക്കാത്തത് പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരാൻ കാരണമായി. എങ്കിലും കർഷകന് ലാഭമില്ലാത്ത വിധത്തിൽത്തന്നെയാണ് ഇപ്പോഴും കോഴിവില മുന്നോട്ടുപോകുന്നത്. കാരണം, ഒരു കുഞ്ഞിന് 55 രൂപ നിരക്കിൽ വാങ്ങിയിട്ടിട്ടുള്ളവയായതിനാൽ ഒരു കിലോഗ്രാം ഉൽപാദിപ്പിക്കാൻ കർഷകന് 105 രൂപയോളം ചെലവ് വരുന്നുണ്ട്. 72ൽനിന്ന് വില ഏറെക്കുറെ ഉയർന്നുവന്നതിനാൽ  കർഷകർ മാർക്കറ്റിലേക്ക് കോഴി ഇറക്കിത്തുടങ്ങി.

തീറ്റയിലെ പ്രധാന ചേരുവകളിലൊന്നായ സോയയുടെ വില കുത്തനെ ഉയർന്നതാണ് തീറ്റവിലയിൽ പ്രതിഫലിച്ചത്. സസ്യജന്യ പ്രോട്ടീന്റെ പ്രധാന സ്രോതസാണ് സോയ. കൂടാതെ ചോളം, തവിടുകൾ, പിണ്ണാക്കുകൾ എന്നിവയുടെയെല്ലാം വില ഉയർന്നിട്ടുണ്ട്. 

വരാനിരിക്കുന്നത് വിലക്കയറ്റം

കോവിഡ് പ്രശ്നങ്ങൾ മുന്നിൽക്കണ്ട് കർഷകർ കോഴിക്കുഞ്ഞുങ്ങളെ ഇറക്കാത്തത് ഒരു മാസത്തിനപ്പുറം വിപണിയിൽ പ്രതിഫലിക്കാം. ലഭ്യത കുറയുംതോറും വിലക്കയറ്റം ഉണ്ടാകാൻ സാധ്യതയേറെയാണ്. 

കോഴിമേഖലയെ നിലനിർത്തുന്നത് കയറ്റിറക്കങ്ങൾ

ഏതൊരു ബിസിനസിനും ലാഭവും നഷ്ടവും ഉണ്ടാകും എന്നതുപോലെയാണ് കോഴിവളർത്തൽ മേഖലയുടെ കാര്യവും. രണ്ടു സീസൺ മെച്ചപ്പെട്ടതാണെങ്കിൽ അടുത്ത രണ്ടു സീസൺ നഷ്ടത്തിലായിരിക്കും അവസാനിക്കുക. അതുകൊണ്ടുതന്നെ ഇവയൊക്കെ തരണം ചെയ്യാൻ മനോബലമുള്ളവരാണ് ഈ മേഖലയിലേക്ക് ചുവടുവച്ചിട്ടുള്ളതും ഇന്നും നിലനിൽക്കുന്നതും. എപ്പോഴും ലാഭം മാത്രമുള്ള മേഖലയായിരുന്നുവെങ്കിൽ കോഴിവളർത്തലുകാരുടെ എണ്ണത്തിൽ ക്രമാതീത വളർച്ചയുണ്ടാകും. അത് ഈ മേഖലയെ അപ്പാടെ തകർക്കുന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും. അടുത്ത കാലത്ത് കേരളത്തിലെ മത്സ്യക്കർഷകരും മുയൽ കർഷകരും അഭിമുഖീകരിക്കുന്ന വിൽപനപ്രശ്നത്തിന് പ്രധാന കാരണവും ലാഭമുണ്ടാക്കാം എന്ന ചിന്തതന്നെ. അതുകൊണ്ടുതന്നെ പഠിച്ച്, ഇരുത്തി ചിന്തിച്ചതിനുശേഷം മാത്രം ഇറങ്ങിത്തിരിക്കേണ്ട മേഖലകളിലൊന്നാണ് കോഴിവളർത്തൽ.

നാളെ: മുയൽ ലാഭം മാത്രമല്ല, നഷ്ടവും വരുത്തിവയ്ക്കും

English summary: How much profit is there in poultry farms in Kerala?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com