പൈനാപ്പിളിന് സംഭവിച്ചത് ഇപ്പോള്‍ ഏലത്തിനും: നഷ്ടക്കയത്തില്‍ അകപ്പെട്ട് കര്‍ഷകര്‍

HIGHLIGHTS
  • പൈനാപ്പിള്‍ മേഖലയിലെ തകര്‍ച്ചയ്ക്ക് പ്രധാനമായും നാലാണ് കാരണങ്ങള്‍
cardamom-and-pineapple
SHARE

കാര്‍ഷികമേഖലയില്‍ മുന്‍പെങ്ങും ഇല്ലാതിരുന്ന പ്രതിസന്ധിയാണ് കോവിഡ് കാലം വരുത്തിവച്ചത്. 2020 പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധികാലം നല്‍കിയപ്പോള്‍ 2021 ഏലക്കര്‍ഷകര്‍ക്കാണ് ദുരിതവര്‍ഷമായത്. വിലക്കയറ്റവും ഇറക്കത്തിനുമൊപ്പം പാട്ടത്തുകയും ഉല്‍പാദനച്ചെലവും ഉയര്‍ന്നതാണ് ഇപ്പോള്‍ ഏലമേഖലയില്‍ പ്രതിസന്ധി ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം പൈനാപ്പിള്‍ മേഖലയുടെ തകര്‍ച്ചയ്ക്കു കാരണമായും ഇക്കാര്യങ്ങളൊക്കെത്തന്നെ.

പൈനാപ്പിള്‍ മേഖലയിലെ തകര്‍ച്ചയ്ക്ക് പ്രധാനമായും നാലാണ് കാരണങ്ങള്‍,  

കുതിച്ചുയരുന്ന പാട്ടത്തുക

പാട്ടത്തുകയാണ് കര്‍ഷകര്‍ക്ക് ഏറ്റവുമധികം ബാധ്യതയുണ്ടാക്കുന്നത്. മുന്‍പ് 30,000 രൂപയില്‍ താഴെയുണ്ടായിരുന്ന പാട്ടത്തുക ഒരു ലക്ഷം രൂപയിലേക്കെത്തി. പാട്ടത്തുക ഉയര്‍ന്നതിനൊപ്പം വരുമാനം ലഭിക്കാതെ വന്നപ്പോള്‍ കര്‍ഷകര്‍ പ്രതിസന്ധിയിലും കടത്തിലുമായി. വലിയ സാമ്പത്തികബാധ്യതയാണ് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഇപ്പോഴുള്ള സമ്പാദ്യം.

പരിമിതികള്‍ നോക്കാതെയുള്ള കൃഷി

സാഹചര്യമനുസരിച്ചല്ലാതെയുള്ള കൃഷിയും വലിയ ബാധ്യത വരുത്തിവയ്ക്കുന്നുണ്ട്. ഉദാഹരണത്തിന്, ഒരു കര്‍ഷകന് 5 ഏക്കര്‍ സ്ഥലത്ത് കൃഷിചെയ്യാനുള്ള സാഹചര്യവും തൊഴിലാളികളുമുള്ളൂവെന്ന് കരുതുക. അവിടെ മെച്ചപ്പെട്ട വിളവ് ലഭിച്ചുവെന്ന് കരുതുക. അദ്ദേഹം കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്തു കൃഷി തുടങ്ങി. ഇതിന് വായ്പയും എടുത്തിട്ടുണ്ടാകും. എന്നാല്‍, 5 ഏക്കര്‍ സ്ഥലം നല്ലരീതിയില്‍ സംരക്ഷിക്കാന്‍ കഴിയുന്ന കര്‍ഷകന് കൂടുതല്‍ സ്ഥലം അതുപോലെ ശ്രദ്ധിക്കാനോ പരിചരിക്കാനോ കഴിഞ്ഞെന്നുവരില്ല. അങ്ങനെവരുമ്പോള്‍ കൃഷി നഷ്ടത്തിലേക്കെത്തും. ഇന്ന് നമ്മുടെ നാട്ടിലെ പല കര്‍ഷകര്‍ക്കും പറ്റുന്ന പ്രധാന അബന്ധമാണിത്.

അറിവില്ലായ്മ

പലപ്പോഴും പലരും കൃഷിയിലേക്കിറങ്ങുന്നത് മറ്റൊരാളെ നോക്കിക്കണ്ടാണ്. അങ്ങനെ ഇറങ്ങുന്നവര്‍ക്ക് കൃഷിയെക്കുറിച്ച് ധാരണപോലും ഉണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ കേട്ടുകേള്‍വിയുടെ പിന്‍ബലത്തില്‍ കൃഷി ആരംഭിക്കും. പലപ്പോഴും വദഗ്ധരായ കര്‍ഷകരുടെയും കാര്‍ഷിക വിദഗ്ധരുടെയും അനുഭവങ്ങളും അറിവുകളും കര്‍ഷകര്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നില്ല. കൃഷി ചെയ്യേണ്ടതും വളപ്രയോഗം നടത്തേണ്ടതുമൊക്കെ കര്‍ഷകരുടെ അറിവ് ഉപയോഗിച്ചാവണം. അല്ലാതെ, വളക്കടക്കാരനോ മരുന്നുകമ്പനിക്കാരോ നിര്‍ദേശിക്കുന്നതുപോലെയാകരുത്. വരവില്‍ കൂടുതല്‍ ചെലവിലേക്ക് എത്തരുത്.

അനുയോജ്യമല്ലാത്ത മേഖലയിലും കൃഷി

എല്ലാ കാലാവസ്ഥയിലും പൈനാപ്പിള്‍ വിളയുമെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ സ്ഥലത്തിന്റെ ഘടന ശ്രദ്ധിക്കണം. വേനല്‍മഴ ലഭിക്കുന്ന മേഖലകളിലാണെങ്കില്‍ നല്ല രീതിയില്‍ പൈനാപ്പിള്‍ കൃഷി ചെയ്യാന്‍ കഴിയും. എന്നാല്‍, അതിന്റെ കുറവുള്ള പ്രദേശങ്ങളില്‍ നന നല്‍കേണ്ടിവരും. ഇത് ചെലവുയര്‍ത്തും. ചെറിയ സ്ഥലത്തെ കൃഷിക്ക് നന വലിയ ബുദ്ധിമുട്ടാവില്ലെങ്കിലും കൂടുതല്‍ സ്ഥലത്ത് കൃഷി വരുമ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കും.

സമാന പ്രശ്‌നങ്ങള്‍ത്തന്നെയാണ് ഇപ്പോള്‍ ഏലം മേഖല അഭിമുഖീകരിക്കുന്നത്. കിലോഗ്രാമിന് 7000 രൂപ വരെ വന്നപ്പോള്‍ ഒട്ടേറെ പേര്‍ ഏലത്തിലേക്ക് തിരിഞ്ഞു. വില ഉയര്‍ന്നതിനാല്‍ പാട്ടത്തുക ഉയര്‍ന്നു. ഉയര്‍ന്ന പാട്ടത്തുകയിലും സ്ഥലം ഏറ്റെടുക്കാന്‍ ആളുകള്‍ മുന്നോട്ടുവന്നു. ഒപ്പം വളം, കീടനാശിനിവിലകളും തൊഴിലാളികളുടെ കൂലിയും ഉയര്‍ന്നു. ഈ മൂന്നും ഉയര്‍ന്നാല്‍ പിന്നീടൊരു താഴ്ച ഉണ്ടാവില്ല. അതേസമയം, ഏലക്കായുടെ വില കുറയുമ്പോള്‍ കര്‍ഷകനായിരിക്കും മുഴുവന്‍ ബാധ്യതയും വരിക. 

7000 രൂപയില്‍നിന്ന് 800 രൂപയിലേക്ക് ഏലക്കാവില കൂപ്പുകുത്തുമ്പോള്‍ കര്‍ഷകനുണ്ടാകുന്ന ബാധ്യത ഊഹിക്കാവുന്നതേയുള്ളൂ. വിലക്കയറ്റത്തിനൊപ്പം ഉല്‍പാദനച്ചെലവ് ഉയര്‍ത്തരുതെന്ന് കര്‍ഷകശ്രീ മുന്‍പ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. 50 കിലോയുടെ വളത്തിന് 700 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. അതോടെ ഒരുകിലോ ഏലക്ക ഉല്‍പാദിപ്പിക്കാനുള്ള ചെലവ് 1000 രൂപയിലേക്കെത്തി. 

വേനല്‍മഴ മികച്ചതായതിനാല്‍ വരും ഓഗസ്റ്റ് മുതല്‍ ജനുവരി മുതല്‍ ഉല്‍പാദനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഏലത്തിന്റെ വിപണിയിലെ ആവശ്യം വര്‍ധിക്കാത്തപക്ഷം ഉല്‍പാദനം ഉയര്‍ന്നാല്‍ വില ഇനിയും ഇടിയും.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏലക്കൃഷിയിലേക്ക് തിരിഞ്ഞ ഒട്ടേറെ കര്‍ഷകരുണ്ട്. പാട്ടത്തുക ഏക്കറിന് 2-2.5 ലക്ഷം വരെയെത്തി. സ്ഥലത്തിന്റെ വിലയും ക്രമാതീതമായി ഉയര്‍ന്നു. വലിയ തുക പാട്ടവും നല്‍കി കൃഷി തുടങ്ങിയവര്‍ക്ക് വിലത്തകര്‍ച്ച കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് തരക്കേടില്ലാതെ പിടിച്ചുനില്‍ക്കാനും കഴിയും. ഏതായാലും ഇനിയുള്ള കുറച്ചു നാളുകള്‍ ഏലത്തിനും എലക്കര്‍ഷകര്‍ക്കും അനുകൂലമായിരിക്കില്ല എന്ന് ഉറപ്പാണ്.

English summary: Cardamom price touches all-time low

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA