കൃഷി മനുഷ്യനു നല്‍കിയത് അന്നം മാത്രമല്ല; ആകര്‍ഷകമായ ചിരിയും സമ്പന്നമായ ഭാഷയും

HIGHLIGHTS
  • കൃഷി ചെയ്യാന്‍ തുടങ്ങിയ മനുഷ്യന്റെ ആഹാരം കൂടുതല്‍ മൃദുവായി
  • സാംസ്കാരിക മാറ്റങ്ങള്‍ നമ്മുടെ ശരീരഘടനയെ മാറ്റി
farming-1
SHARE

വേട്ടയാടിയും കായ്കനികള്‍ ശേഖരിച്ചും അലഞ്ഞുതിരിഞ്ഞിരുന്ന മനുഷ്യന്‍ നിശ്ചിത സ്ഥലങ്ങളില്‍ താമസമാക്കി കൃഷി ചെയ്യുന്ന സംസ്‌കാരം വളര്‍ത്തിയെടുത്തത് അവന്റെ പുരോഗതിയിലെ നാഴികക്കല്ലായ വിപ്ലവമായിരുന്നു. മനുഷ്യരാശിയാകെ അന്നമൂട്ടുന്ന വിധം കാര്‍ഷികവൃത്തി വളര്‍ച്ച പ്രാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, വേട്ടക്കാരനില്‍നിന്നു കര്‍ഷകനായി വേഷപ്പകര്‍ച്ച നടത്തിയ മനുഷ്യന്, കൃഷി ചെയ്തുണ്ടാക്കിയതും സംസ്‌കരണത്തിനു വിധേയമായതുമായ ആഹാരവസ്തുക്കള്‍ അടങ്ങിയ ഭക്ഷണക്രമം  സമീകൃതാഹാരത്തോടൊപ്പം ശരീരഘടനയിലുള്ള ചില മാറ്റങ്ങളും സമ്മാനിച്ചു. മനുഷ്യന്റെ മാത്രം സ്വത്തെന്നു പറയാവുന്ന ഹൃദ്യമായ ചിരിയും വൈവിധ്യമാര്‍ന്ന വാക്കുകളാല്‍ സമ്പന്നമായ ഭാഷയും നമുക്ക് നല്‍കിയത് കാര്‍ഷിക സംസ്‌കാരമാണെന്നാണ് പുതിയ ഗവേഷണപഠനങ്ങള്‍ പറയുന്നത്.

വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും (hunter-gatherers) നടന്നിരുന്ന മനുഷ്യരുടെ ഭാഷയില്‍ 'f' , 'v' തുടങ്ങിയ വ്യഞ്ജനസ്വരങ്ങള്‍ ഇല്ലായിരുന്നത്രേ. ലേബിയോ ഡെന്റല്‍സ് (labiodentals) എന്നു വിളിക്കപ്പെടുന്ന ഈ വ്യഞ്ജനാക്ഷരങ്ങളുടെ ശബ്ദം ചുണ്ടുകളും പല്ലുകളും ഉപയോഗിച്ചാണ് പുറപ്പെടുവിക്കേണ്ടത്. അക്കാലത്തെ മനുഷ്യന്റെ ആഹാരക്രമത്തിന്റെ പ്രത്യേകത മൂലം അവരുടെ പല്ലുകള്‍ക്കും ചുണ്ടുകള്‍ക്കും താടിയെല്ലുകള്‍ക്കും സവിശേഷമായ ആകൃതിയാണുണ്ടായിരുന്നത്. കടുപ്പമുള്ളതും നാരുകള്‍ നിറഞ്ഞതുമായ ഭക്ഷണം ചവച്ചരയ്‌ക്കേണ്ടി വന്നിരുന്നത് അവരുടെ വളരുന്ന താടിയെല്ലുകളില്‍ ബലം നല്‍കുകയും അണപ്പല്ലുകള്‍ക്ക് തേയ്മാനമുണ്ടാക്കുകയും ചെയ്തു. തല്‍ഫലമായി കീഴ്ത്താടിയെല്ല് വലുപ്പത്തില്‍ വളരുകയും അണപ്പല്ലുകള്‍ ഉന്തിനില്‍ക്കുന്ന കീഴ്ത്താടിയെല്ലിന്റെ മുന്‍വശത്തേക്ക് കൂടുതല്‍ ദൂരത്തേക്ക് മാറുകയും ചെയ്തു. അതോടെ മേല്‍പല്ലുകളും കീഴ്പല്ലുകളും കൃത്യമായി ചേര്‍ന്നിരിക്കുകയും ചെയ്തു. പല്ലുകള്‍ കൃത്യമായി ചേര്‍ന്നിരിക്കുന്ന ഘടനയില്‍ മേല്‍ത്താടി മുന്നിലേക്ക് തള്ളി കീഴ്ചുണ്ടില്‍ തൊടാന്‍ ബുദ്ധിമുട്ടായിത്തീര്‍ന്നു. f ,v തുടങ്ങിയ ശബ്ദങ്ങള്‍ ഉച്ഛരിക്കാന്‍ മേല്‍ത്താടി കീഴ്ചുണ്ടില്‍ തൊടേണ്ടത് അനിവാര്യമാണ്. അതിനാല്‍ അവരുടെ ഭാഷകള്‍ക്ക് ഇത്തരം സ്വരങ്ങള്‍ അന്യമായിരുന്നു.

കൃഷി ചെയ്യാന്‍ തുടങ്ങിയ മനുഷ്യന്റെ ആഹാരം കൂടുതല്‍ മൃദുവായി. ധാന്യങ്ങളും മറ്റും അരയ്ക്കാനും പൊടിക്കാനും തുടങ്ങിയതോടെ പല്ലുകളുടെ തേയ്മാനത്തില്‍ കുറവുണ്ടായി. താടിയെല്ലുകളുടെ വളര്‍ച്ചാരീതിയിലും മാറ്റങ്ങളുണ്ടാക്കാനും ഇതു കാരണമായി. കുട്ടികളില്‍ പൊതുവായി കണ്ടിരുന്ന നേരിയ രീതിയില്‍ പല്ലുന്തുന്ന പ്രതിഭാസം മുതിര്‍ന്നവരിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഏതാനും സഹസ്രാബ്ദങ്ങള്‍ക്കുള്ളില്‍ മേല്‍പ്പല്ലുകള്‍ക്ക് കീഴ്പല്ലുകളേക്കാള്‍ ഉണ്ടായ നേരിയ തള്ളല്‍ മൂലം മനുഷ്യന് 'f', 'v' തുടങ്ങിയ ലേബിയോഡെന്റല്‍ സ്വരങ്ങള്‍ അനായാസം ഉച്ഛരിക്കാന്‍ സാധിച്ചു. ഭാഷയിലേക്ക് പുതിയ വാക്കുകള്‍ കൊണ്ടുവരാന്‍ സഹായിച്ച മാറ്റമായിരുന്നു അത്. പുതുതായി പുറപ്പെടുവിക്കാന്‍ കഴിഞ്ഞ വ്യഞ്ജനശബ്ദങ്ങളുടെ സഹായത്തോടെ  ഏഷ്യയിലും യൂറോപ്പിലും ഭാഷയില്‍ വൈവിധ്യത്തിന്റെ നാളുകള്‍ വരുകയായിരുന്നു. മാത്രമല്ല ശാരീരിക ഘടനയിലെ മാറ്റമാണ് പല്ലുകളും ചുണ്ടുകളും ചലിപ്പിച്ച് മനോഹരമായി ചിരിക്കാനുള്ള കഴിവും മനുഷ്യന് നല്‍കിയത്.സാംസ്‌ക്കാരിക മാറ്റങ്ങള്‍ നമ്മുടെ ശരീരഘടനയെ മാറ്റി ഭാഷയെ സമ്പന്നമാക്കുന്നതിന്റെ കാഴ്ചയാണ് 4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകം ദര്‍ശിച്ചത്.

കാര്‍ഷികപുരോഗതി പ്രാപിച്ച സമൂഹത്തിന്റെ സ്വത്വചിഹ്നമായിരുന്നു അവരുടെ ഭാഷയിലെ പുത്തന്‍ അക്ഷരങ്ങളുടെ സാന്നിധ്യം. അക്കാലത്ത് മൃദുവായ ആഹാരത്തിന്റെയും സമ്പത്തിന്റെയും സ്റ്റാറ്റസ് സിംബലായിരുന്നു കൃഷിയും ഭാഷയും ചിരിയും എന്നാണ് ഗവേഷകര്‍ പറഞ്ഞുവയ്ക്കുന്നത്. മനുഷ്യനെ   ഹൃദയം തുറന്നു ചിരിക്കാനും പുത്തന്‍വാക്കുകള്‍ ഉപയോഗിച്ച് ആകര്‍ഷകമായി സംസാരിക്കാനും പഠിപ്പിച്ച അന്നദാതാവായ കര്‍ഷകന്റെ ചിരി മായുന്ന ചരിത്രമാണ് പിറകേ വന്നതെന്ന സത്യം വൈപരീത്യമായി നമ്മുടെ മുമ്പിലുണ്ട് എന്നതും ഓര്‍ക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA