ADVERTISEMENT

വടക്കൻ മലബാറിലെ കൈപ്പാട് മേഖലയിൽ കൃഷി വിപുലമാക്കാനുള്ള ശ്രമങ്ങൾക്കു വേഗമേറുകയാണ്. പൈതൃക നെല്ലിനങ്ങളുടെ  സംരക്ഷണം, ആധുനിക വൽ‍കരണം എന്നിവ റീബിൽഡ് കേരളയുടെ കീഴിൽ പദ്ധതിയുടെ ഭാഗമാണ്. കേരള കാർഷിക സർവകലാശാലാ പിലിക്കോട് ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം നിർ‍വാഹക ഏജൻസിയായും മണ്ണുത്തി കൃഷി ഗവേഷണ വിഭാഗത്തിന്റെയും, കൃഷി വകുപ്പിന്റെയും മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെയും ചെറുകുന്ന് പഞ്ചായത്തിന്റെയും സഹായത്തോടെയാണ് പദ്ധതി. 

സ്വഭാവികമായ കൈപ്പാട് കൃഷിരീതി ഇപ്പോളും തുടർന്നു പോകുന്നത് കണ്ണൂർ ജില്ലയിലാണ്. ഉപ്പുജലം തടയുന്നത് ഉൾപ്പെടെ മറ്റിടങ്ങളിൽ മാറ്റങ്ങൾക്കു വിധേയമായ മേഖലകളാണ് കൂടുതലും. കാസർകോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂർ, നീലേശ്വരം, വലിയപറമ്പ തുടങ്ങിയ തദ്ദേശ മേഖലകളിൽ പരമ്പരാഗത മേഖലയാണ്. കൃഷി ചെയ്യാത്ത  മേഖലകളും ഒട്ടേറെയുണ്ട്. ഇത്തരം മേഖലകളിൽ കൃഷിയിടങ്ങളിലേക്ക് കണ്ടൽ വ്യാപിച്ചും പ്രശ്നങ്ങളുണ്ടായി. 

കർഷക സൊസൈറ്റിയുടെ പ്രശ്നങ്ങൾ ഏജൻസിയിലേക്ക് എത്തിക്കണം. ഏജൻസിയിലാണ് ഉദ്യോഗസ്ഥർ. മന്ത്രിയാണ് ഏജൻസി ചെയർമാൻ. ജനപ്രതിനിധികളും ഇതിലുണ്ട്. ഇങ്ങനെ കൈപ്പാട് മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ഏജൻസിയുടെ പ്രവർത്തനം. 

കൈപ്പാട് നിലങ്ങൾ

സംസ്ഥാനത്തിന്റെ ജൈവ നെല്ലറയെന്ന രീതിയിൽ പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂപ്രദേശമാണ് മലബാറിലെ കൈപ്പാട് നിലങ്ങൾ. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായാണ് ഈ മേഖല. ഉപ്പുവെള്ളം കയറുന്ന ഈ തീരദേശ മേഖലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ‘കൈപ്പാട് അരി’ ഭൗമസൂചികാ പദവി നേടിയിട്ടുള്ളതാണ്. കണ്ണൂരിൽ 2, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓരോന്ന് എന്ന ക്രമത്തിൽ പ്രാദേശിക ഉപദേശക സമിതികളും ഇതിനുണ്ട്. 

നാൾ വഴികൾ 

  • 2010 മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി രൂപീകൃതമായി, ജൈവകൃഷി മേഖലയുടെ വികസനം ലക്ഷ്യം.
  • 2019 കൈപ്പാട് ഏരിയ ഡവലപ്മെന്റ് സൊസൈറ്റി(കെഎഡിഎസ്), സംരക്ഷണവും വികസനവുമായിരുന്നു വികസന ഏജൻസിയുടെ ലക്ഷ്യം.
  • കാട്ടാമ്പള്ളി നെൽ‍കൃഷി വികസന ഏജൻസി കെഎഡിഎസിൽ ലയിപ്പിച്ചു.
  • 2021 കൈപ്പാട് വികസന ഏജൻസി ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.

കൈപ്പാട് ബ്രാൻഡ് അരി കാസർകോട് മുതൽ എറണാകുളം വരെ നിലവിൽ വിപണിയിലുണ്ട്. 3 ജില്ലകളിലെ കൈപ്പാട് മേഖലകളിൽ കൃഷിയുടെ ആധുനിക വൽക്കരണത്തിനും സ്ഥിരം ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരമ്പരാഗത കൈപ്പാട് കൃഷി നിലനിന്നിരുന്ന കണ്ണൂരിലെ കാട്ടാമ്പള്ളി മേഖലയിൽ വെള്ളക്കെട്ടിന്റെ പ്രശ്നമുണ്ട്. ഈ മേഖലയെ കൃൃഷി യോഗ്യമാക്കാൻ കൂടുതൽ വിദഗ്ധ പഠനങ്ങൾ ആവശ്യമാണ്ഡോ. ടി. വനജ, ഡയറക്ടർ, കൈപ്പാട് ഏജൻസി ആൻഡ് ഉത്തര മേഖലാ അസോസിയേറ്റ് ഡയറക്ടർ, റിസർ‍ച്ച്

1000 ഏക്കറോളം കൃഷി ചെയ്യാനുള്ള വിത്താണ് കഴിഞ്ഞ വർഷം നൽകിയത്. ഇത് മൊത്തം കൈപ്പാടിന്റെ 20 ശതമാനത്തോളം വരും. തുടർച്ചയായി കൃഷി ചെയ്യാൻ അധികം കർഷകർ തയാറാകാത്ത പ്രശ്നമുണ്ട്. മതിയായ മെഷീൻ ലഭിക്കാത്തത് പ്രശ്നമാണ്. ട്രാക്ടർ ഇറക്കാൻ കൈപ്പാടിൽ പറ്റില്ല. കഴിഞ്ഞ വർഷം 250 ഹെക്ടറോളം മുൻ വർഷത്തേക്കാൾ അധികമായി ഒരുക്കിയിരുന്നു. കാട്ടാമ്പള്ളി കൈപ്പാടിന് എല്ലാ സ്ഥലത്തും മണ്ണിന്റെ ഘടനയിലും സ്ഥലത്തിന്റെ ഉയരത്തിലു വ്യത്യാസമുണ്ട്. കാട്ടാമ്പള്ളി പാലം സംബന്ധിച്ച പ്രശ്നം പരിഹരിക്കാൻ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമുണ്ട്. വി. ലത, കൃഷി ഡപ്യൂട്ടി ഡയറക്ടർ (ഡബ്ല്യു ആൻഡ് എം) 

കണ്ണൂരിലെ കൈപ്പാടിനെ രണ്ടായി തിരിക്കാം. പരമ്പരാഗതമായി കൃഷി ചെയ്യുന്ന മേഖല, പിന്നീട് തിരികെ ചെയ്യാൻ ശ്രമിക്കുന്ന കാട്ടാമ്പള്ളി കൈപ്പാട് എന്നിങ്ങനെ. 

1. കാട്ടാമ്പള്ളി കൈപ്പാട്

1966 വരെ കാട്ടാമ്പള്ളിയിലും പരമ്പരാഗത കൈപ്പാട് കൃഷിരീതി നിലനിന്നിരുന്നു. നാറാത്ത്, പുഴാതി, മുണ്ടേരി, ചിറയ്ക്കൽ, ചേലോറ, കൊളച്ചേരി തുടങ്ങിയ മേഖലകളാണ് കാട്ടാമ്പള്ളിയിൽ. പിന്നീട് കാട്ടാമ്പള്ളി പാലം നിർമിച്ച് റഗുലേറ്റർ വഴി ഉപ്പുവെള്ളം നിയന്ത്രിക്കാമെന്നും 3 കൃഷിയിറക്കാമെന്നുമുള്ള ആലോചനകൾ നടന്നെങ്കിലും പ്രായോഗികമായില്ല. 2008ൽ ഷട്ടർ തുറന്നു. ഷട്ടർ തുറന്നാലും വെള്ളം പൂർണമായി ഒഴുകിപ്പോകാത്ത സാഹചര്യമാണ് നിലവിൽ. വെള്ളം പൂർണമായി വറ്റുന്നില്ല. ഇത് പലപ്പോഴും വെള്ളക്കെട്ടിനും  വെള്ളപ്പൊക്കത്തിനും കാരണമായി. കൃഷി ചെയ്യേണ്ട ജൂണിൽ വെള്ളക്കെട്ടു കാരണം കൃഷിയിറക്കാനാകാത്ത സാഹചര്യമുണ്ടായി. കാട്ടാമ്പള്ളിയുടെ തീരത്തെ 7 പഞ്ചായത്തുകളും സമീപത്തെ മറ്റ് 6 പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമായി വിപുലമായി ചേർത്തിട്ടുണ്ട്. 

  • വെള്ളക്കെട്ട് സംബന്ധിച്ച് പഠനകമ്മിറ്റികൾ വിശദമായി പഠിച്ചു. പ്രധാന ശുപാർശ പാലത്തിന്റെ സ്ഥാനം സംബന്ധിച്ചാണ്. കുറേക്കൂടി താഴേക്ക് പുഴയുടെ ഭാഗത്തായിരുന്നു പാലം വേണ്ടത് എന്നും എങ്കിൽ വെള്ളക്കെട്ട് പ്രശ്നം ഒഴിവാക്കാമെന്നുമാണ് നിലവിലെ നിഗമനം. അല്ലെങ്കിൽ നിലവിലെ പാലത്തിന്റെ ദൈർഘ്യം കൂട്ടണം. 
  • കാട്ടാമ്പള്ളി പുഴയുടെ ആഴവും വീതിയും കൂട്ടണം. മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കണം. സിഡബ്ല്യുആർഡിഎം വിഭാഗം പഠനം നടത്തണം. 
  • പിന്നീട് വന്ന 3 പാലങ്ങൾ പുല്ലൂപ്പിക്കടവ്, വാരം, മുണ്ടേരി ഇവയുടെ നിർമാണ സമയത്തെ ഡെബ്രിസുകൾ നീക്കണം. ഇവ തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻകയ്യെടുത്ത് ചെയ്യാം
  • പുഴാതിയിലെ അശാസ്ത്രീയ ബണ്ടുകൾ ഒഴിവാക്കണം
  • വേലിയിറക്ക സമയത്ത് വെള്ളമിറങ്ങി  കടലിലെത്തുന്ന സാഹചര്യമുണ്ടാക്കണം. സ്വഭാവിക വേലിയേറ്റം, വേലിയിറക്കം നടക്കണം

2. കണ്ണൂർ കൈപ്പാട്

കണ്ണൂരിൽ 4 പഞ്ചായത്തുകൾ ഇതിൽ പ്രധാനമാണ് ഏഴോം, ചെറുകുന്ന്, പട്ടുവം, കണ്ണപുരം എന്നിവ. സ്വഭാവിക കൈപ്പാട് കൃഷിയുള്ള 4 പഞ്ചായത്തുകൾക്കു പുറമേ ഇതേ വിഭാഗത്തിൽ 5 പഞ്ചായത്തുകൾ കൂടി ഇതിലുൾപ്പെടും. ചെറുതാഴം, കുഞ്ഞിമംഗലം, ആന്തൂർ, രാമന്തളി, കരിവെള്ളൂർ പെരളം. നിലവിൽ ഉൽപാദനം നടത്താൻ സാധിക്കുന്ന മേഖലയാണിവ. 

paddy-1
കാട്ടാമ്പള്ളി കൈപ്പാട് മേഖലയുടെ ചിത്രങ്ങൾ: പ്രസൂൺ കിരൺ

കണ്ടൽ വളർച്ചയും തർക്കങ്ങളും

കണ്ടൽ കൈപ്പാടിനു ചുറ്റും വളരും. 2–3 വർഷം കൃഷി ചെയ്യാതെ ഇരുന്നാൽ കണ്ടൽ അവിടെ വ്യാപിക്കും. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കൃഷി വകുപ്പും കൈപ്പാട് ഏജൻസിയും കൃഷി വിപുലമാക്കാൻ മുൻകയ്യെടുത്തു. കാലാകാലങ്ങളായി കൃഷി ചെയ്യുന്ന സ്ഥലത്തേക്കു വളർന്ന കണ്ടൽ വെട്ടിമാറ്റിയപ്പോൾ വനംവകുപ്പ് തടസ വാദവുമായെത്തി. വില നൽകി ഏറ്റെടുക്കാനുള്ള ശ്രമങ്ങളും നടന്നു. കയ്യേറി കൃഷി ചെയ്യുന്നതല്ല എന്ന നിലപാട് കഴിഞ്ഞ വർഷംതന്നെ മന്ത്രിതല യോഗങ്ങളിൽ കൃഷി അധികൃതർ അറിയിച്ചിരുന്നു. 

കൈപ്പാട് അരി വിപണനം

യന്ത്രവൽകരണം കൈപ്പാട് മേഖലയിൽ ഇന്നും വ്യാപകമായിട്ടില്ല. എന്നാൽ ഉൽപാദനം കൂടുതലാണ്. കൈപ്പാട് മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി ഫുഡ് സെക്യൂരിറ്റി ആർമി എന്ന പേരിൽ വൊളന്റിയർമാരെ സംഘടിപ്പിച്ചു. വിപണന യോഗ്യമാകും വരെയുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണിത്. മഞ്ചേശ്വരം മുതൽ എറണാകുളം വരെയുള്ള ഷോപ്പുകളിൽ കൈപ്പാട് അരി ലഭ്യമാണ്. നിലവിൽ കൈപ്പാട് അരിക്ക് കിലോയ്ക്ക് 100 രൂപയാണ് വില. 

paddy-kaippad-2
കാട്ടാമ്പള്ളി കൈപ്പാട് മേഖലയുടെ ചിത്രങ്ങൾ: പ്രസൂൺ കിരൺ

പ്രാദേശിക വിപണിയിൽ കേന്ദ്രീകരിച്ച് വിപണനം നടത്താനാണ് ഏജൻസിയുടെ ശ്രമം. നിലവാരമുള്ള ജൈവ അരി ഇവിടെ പ്രചാരത്തിലാക്കുകയെന്നതാണ് ഏജൻസിയുടെ ലക്ഷ്യം. ഒരു ഹെക്ടറിൽ നിന്ന് ശരാശരി . കൈപ്പാടിനായി വികസിപ്പിച്ച 5 ഇനങ്ങളും 2 നാടൻ ഇനങ്ങളും ഇവിടെയുണ്ട്. 3 ടൺ മുതൽ 5 ടൺ വരെ, ഏകദേശം 160% കൂടുതൽ വിളവ് ഹൈബ്രിഡ് വിത്തുകളിൽ നിന്നു ലഭിക്കും. 

ആധുനിക വൽകരണം

കൈപ്പാട് കൃഷിയെ ആധുനിക വൽക്കരിക്കാനുള്ള ഗവേഷണങ്ങളും ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. തൃശ്ശൂർ മണ്ണുത്തിയിൽ വിത്ത് വിതയ്ക്കൽ മെഷീന്റെ പ്രോട്ടോടൈപ്പ് പൂർത്തിയായി. ഇപ്പോൾ പരിശോധിക്കേണ്ട സമയമാണ്. ആദ്യം കൂന കൂട്ടണം, കൂന കൊത്തിച്ചാടൽ, കുഴിക്കൽ ഇവയാണ് വേണ്ടത്. 

paddy-kaippad-1
കാട്ടാമ്പള്ളി കൈപ്പാട് മേഖലയുടെ ചിത്രങ്ങൾ: പ്രസൂൺ കിരൺ

ഓർഗാനിക് വെറ്റ്‌ലാൻഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഗവേഷണ, പരിശീലന സൗകര്യം, കാർഷിക അനുബന്ധ സൗകര്യം ഇവിടെ ഒരുക്കണം. പ്രധാന ലക്ഷ്യങ്ങൾ – ഗവേഷണ കേന്ദ്രം– യന്ത്ര വൽക്കരണം– ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ എന്നിവയാണ്. 

നിലവിൽ ചെറുകുന്ന് താവത്ത് താൽകാലിക കെട്ടിടത്തിലാണ് കണ്ണൂർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ ഫുഡ് സെക്യൂരിറ്റി ആർമി സെന്റർ പ്രവർത്തിക്കുന്നത്. നെല്ല് അരിയാക്കി പായ്ക്ക് ചെയ്യുന്നത് ഇവിടെയാണ്. മൂല്യ വർധിത ഉൽപന്നങ്ങളടക്കം ഫുഡ് മാളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹോർട്ടികൾച്ചർ നഴ്സറിയും ഇവിടെ പ്രവർത്തിക്കുന്നു.

English summary: Kerala Kaipad farming on revival path

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com