പശു വളര്‍ത്തുന്നവനെ വേണ്ട എന്നു പറഞ്ഞ് ഓള്‍ ഇട്ടേച്ച് പോയി, തളര്‍ന്നില്ല

HIGHLIGHTS
gokul-s-nair
ഗോകുല്‍ എസ് നായര്‍
SHARE

വീടും അതിനോടു ചേര്‍ന്നൊരു തൊഴുത്തും പരമ്പരാഗത കര്‍ഷക കുടുംബങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്. തൊഴുത്തില്‍ നിറയെ പശുക്കളുള്ളതും ഐശ്വര്യമായി കരുതിയിരുന്ന കര്‍ഷകരാണുണ്ടായിരുന്നത്. പഴമയുടെ ആ തനത് ശൈലി ഇപ്പോഴും പിന്‍തുടരുന്ന ഒട്ടേറെ കര്‍ഷകര്‍ ഇന്നുമുണ്ട്. പിതാവ് നല്‍കിയ പാതയിലൂടെ പശുക്കളെ ഇഷ്ടപ്പെടുന്ന യുവ കര്‍ഷകനാണ് ഇടുക്കി കൊച്ചറ സ്വദേശി മാരിക്കുടിയില്‍ ഗോകുല്‍ എസ് നായര്‍. പണ്ട് കാളയും കാളപൂട്ടുമൊക്കെയുണ്ടായിരുന്നു ഗോകുലിന്റെ അച്ഛന്‍ സദാശിവന്. അതുകൊണ്ടുതന്നെ കുട്ടിക്കാലംമുതല്‍ കണ്ടുവളര്‍ന്നത് ഒഴിവാക്കാന്‍ ഗോകുലിന് കഴിയുമായിരുന്നില്ല.

ഫോട്ടോഗ്രഫിയാണ് പ്രഫഷനെങ്കിലും ഗോകുലിന് പാഷന്‍ കന്നുകാലികളോടാണ്. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ എപ്പോഴും 5 പശുക്കളുണ്ടാകും. തൊഴുത്ത് നിറഞ്ഞുനില്‍ക്കണം എന്നാണ് ഈ യുവ കര്‍ഷകന്റെ ആഗ്രഹം. സാധാരണ പാലിനുവേണ്ടിയാണ് പശുക്കളെ വളര്‍ത്തുന്നതെങ്കില്‍ ഗോകുലിന് അതല്ല ലക്ഷ്യം. പശുക്കളെ വളര്‍ത്തുന്നതിലൂടെ ലഭിക്കുന്ന മാനസിക സംതൃപ്തിക്കൊപ്പം വീട്ടിലേക്ക് ആവശ്യമായ പാലും ലഭിക്കുന്നു. അതായത്, പാലുല്‍പാദനത്തിനുവേണ്ടിയല്ല പശുക്കളെ വളര്‍ത്തുന്നതെന്നു സാരം. അതുകൊണ്ടുതന്നെ പശുക്കളെ തിരഞ്ഞെടുക്കുന്ന രീതിയിലുമുണ്ട് വ്യത്യസ്തത.

വറ്റുകറവയുള്ള പശുക്കളെയാണ് ഗോകുല്‍ തിരഞ്ഞെടുക്കുക. കശാപ്പുശാലയില്‍ മരണം കാത്തുനിന്ന പശുക്കള്‍ പോലും അത്തരത്തില്‍ ഗോകുലിന്റെ തൊഴുത്തിലേക്ക് എത്താറുണ്ട്. നല്ല പശുവാണെന്നു തോന്നിയാല്‍ അവയെ വാങ്ങി വീട്ടിലെത്തിച്ച് പരിചരിക്കും. ആരോഗ്യം മെച്ചപ്പെട്ടാല്‍ കൃത്രിമബീജാധാനം നടത്തും. നിറചെന ആകുമ്പോള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കും. ഒരു കിടാവും 4 പശുക്കളുമാണ് കഴിഞ്ഞ ദിവസം വരെ തൊഴുത്തിലുണ്ടായിരുന്നത്. അതിലൊരു പശുവിനെ ഇന്നലെ വിറ്റു. ഇപ്പോള്‍ ആ ഒഴിവിലേക്ക് അടുത്ത പശുവിനെ എത്തിക്കാനുള്ള അന്വേഷണത്തിലാണ് ഗോകുല്‍ ഇപ്പോള്‍. 

gokul-s-nair-1
ഗോകുല്‍ എസ് നായര്‍

വറ്റുകറവയുള്ളതും തടിപ്പശുക്കളെയുമൊക്കെ കൊണ്ടുവന്ന് നന്നായി പരിചരിക്കും. തീറ്റപ്പുല്ലാണ് യഥേഷ്ടം നല്‍കുക. ഇതിനായി 45 സെന്റില്‍ തീറ്റപ്പുല്‍കൃഷിയുമുണ്ട്. കാലിത്തീറ്റ നല്‍കുന്നത് നാമമാത്രം. പുതുതായി പശുവിനെ എത്തിച്ചാല്‍ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാറുമുണ്ട്. വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിചരണം. 

കന്നുകാലികളെ വളര്‍ത്തുന്ന യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗോകുലിനുമുണ്ട്. അക്കാര്യം തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം ഒരു സമൂഹമാധ്യമ കൂട്ടായ്മയില്‍ ഗോകുല്‍ പങ്കുവച്ച കുറിപ്പ് വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 'പശു വളര്‍ത്തുന്നവനെ വേണ്ട എന്നു പറഞ്ഞ് ഓള്‍ ഇട്ടേച്ച് പോയി. തളര്‍ന്നില്ല... പിന്നെ വാശി ആയിരുന്നു, ജീവിക്കാനുള്ള വാശി... ഇപ്പം സ്വന്തമായി ഒരു സ്റ്റുഡിയോ, കുറച്ച് പശുക്കള്‍... ജീവിതം സുഖം. കൊടുക്കുന്ന സ്‌നേഹം അതേപോലെ തിരിച്ചുകിട്ടണമെങ്കില്‍ മിണ്ടാപ്രാണികളെ സ്‌നേഹിക്കണം' എന്നായിരുന്നു ഗോകുലിന്റെ കുറിപ്പ്. തനിക്കും കുടുംബത്തിനും അത്തരത്തില്‍ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതിന്റെ വെളിച്ചത്തിലായിരുന്നു ഗോകുലിന്റെ ഈ കുറിപ്പ്.

എത്രയൊക്കെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നാലും പശുവളര്‍ത്തല്‍ ഒഴിവാക്കാന്‍ പറ്റുന്നതല്ലെന്ന് ഗോകുല്‍ ഉറപ്പിച്ചു പറയുന്നു. എന്നും രാവിലെ ഉണര്‍ന്ന് മുറ്റത്തേക്കിറങ്ങുമ്പോള്‍ തൊഴുത്തില്‍ നില്‍ക്കുന്ന പശുക്കളെ കണ്ടാല്‍ ഒരു പ്രത്യേക അനുഭൂതിയാണെന്നും ഗോകുല്‍. അതുകൊണ്ടുതന്നെ, ഈ യുവകര്‍ഷകന്‍ തന്റെ കാമറയ്‌ക്കൊപ്പം പശുക്കളെയും നെഞ്ചോടു ചേര്‍ക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA