ADVERTISEMENT

മാമ്പഴ മധുരമാണ് കണ്ണപുരം ഗ്രാമത്തിന്. അടുത്തിടെ കണ്ടെത്തിയ അന്നപൂര്‍ണയും കൂടി കണ്ണപുരത്തിന്റെ മാമ്പഴ മധുരത്തിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ മാമ്പഴദിനത്തിലാണു കണ്ണപുരത്തെ നാട്ടുമാവ് ഗ്രാമമായി പ്രഖ്യാപിച്ചത്. നാട്ടുമാവുകളുടെ സംരക്ഷണ കേന്ദ്രവും ഗവേഷണ കേന്ദ്രവുമായി കണ്ണപുരം മാറിയതങ്ങനെയാണ്. 

മാവുകള്‍

കാലപ്പാടി, ബബ്ലൂസ്, പവിഴരേഖ, സിന്ദൂരരേഖ, സിന്ദൂരപുളിയന്‍, ചെമ്പന്‍ മധുരം, കരിമീന്‍ കൊക്കന്‍, തേനുണ്ട, മഞ്ഞക്കല്‍ക്കണ്ടം, മഞ്ഞ ബപ്പായി, സുലോചന, അന്നപൂര്‍ണ, കണ്ണപുരം മാങ്ങ, വല്യത്താന്‍, മൂവാണ്ടന്‍, ചെനയന്‍, മഞ്ഞ ചോപ്പന്‍, കടുക്കാച്ചി, മഞ്ഞ കടുക്കാച്ചി, മൊരംപുളിയന്‍, പവിഴരേഖ, വരിക്ക മാങ്ങ, കാലപ്പടി, ബപ്പാക്കായി, മഞ്ഞപഞ്ചാര, കസ്തുരി, പെരിയന്‍ മാങ്ങ, ആനപ്പള്ളി മാങ്ങ, ആപ്പിള്‍ മാങ്ങ എന്നിങ്ങനെ എഴുതി തീര്‍ക്കാന്‍ കഴിയാത്തത്ര നാട്ടുമാവിന്‍ ഇനങ്ങളാണു കണ്ണപുരത്തുള്ളത്. കണ്ണപുരത്തു മാത്രം 230 ഇനം നാട്ടുമാവുകള്‍ ഉണ്ടെന്നാണു കണ്ടെത്തല്‍. കുറുവക്കാവ് ഭാഗത്ത് 200 മീറ്റര്‍ ചുറ്റളവില്‍ 107 മാവുകളാണുള്ളത്. 

പുതിയയാളായി അന്നപൂര്‍ണ

കോട്ടൂര്‍കോണം വരിക്ക, കുറ്റിയാട്ടൂര്‍ മാങ്ങ, ബപ്പക്കായ മാങ്ങ എന്നിവയോടു പലകാര്യങ്ങളില്‍ സാദൃശ്യമുള്ള പുതിയ ഇനം മാവാണ് ഒന്നര മാസം മുന്‍പു കണ്ണപുരത്തു കണ്ടെത്തിയ അന്നപൂര്‍ണ. കുറ്റിയാട്ടൂര്‍ മാങ്ങയുടെ വലുപ്പത്തിലും രൂപത്തിലുമുള്ള പുതിയ മാങ്ങ രുചി കോട്ടൂര്‍കോണം മാങ്ങയോടു സാമ്യവുമുള്ളതാണ്. ഈ നാടന്‍ തേന്മാവിന്റെ വംശം നിലനിര്‍ത്തുന്നതിന്റെ ഭാഗമായമുള്ള സംരക്ഷണ കാമ്പെയ്‌നു കണ്ണപുരത്തെ നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ തുടക്കം കുറിച്ചിട്ടുണ്ട്. ഈ സീസണ്‍ അവസാനിക്കുന്നതോടെ നൂറോളം ഗ്രാഫ്റ്റ് തൈകളുണ്ടാക്കി കണ്ണപുരത്തേക്ക് ഈ മാവിനെ തിരികെ കൊണ്ടുവരികയാണു ലക്ഷ്യം. കൃത്യമായി ഇതു പരിപാലിച്ചു നടാന്‍ താല്‍പര്യമുള്ളവര്‍ക്കു മാവിന്‍ തൈകള്‍ നല്‍കുമെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു. 

വര്‍ഷങ്ങള്‍ക്കു മുന്‍പു കണ്ണപുരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുണ്ടായിരുന്ന മാവാണിത്. കണ്ണപുരം ഇടക്കേപ്പുറത്ത് തൂണോളി തറവാട്ടിലാണ് ഈ മാവ് അവസാനമായി ഉണ്ടായിരുന്നത്. അതു മുറിച്ചു മാറ്റിയതോടെ കണ്ണപുരത്തുനിന്ന് ഈ ഇനം മാവ് ഇല്ലാതാവുകയായിരുന്നു. ഈ തറവാട്ടിലെ മുതിര്‍ന്ന അംഗമായ പ്രഫ. ടി. ദിവാകരന്‍ അദ്ദേഹത്തിന്റെ ചെറുതാഴത്തെയും അതിയത്തെയും വീടുകളില്‍ ഈ ഇനത്തിന്റെ തൈകള്‍ നട്ടു വളര്‍ത്തിയിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി കായ്ച്ചു തുടങ്ങിയ മാവിനെക്കുറിച്ച് നാട്ടുമാവ് സംരക്ഷക പ്രവര്‍ത്തകനായ ഷൈജു മാച്ചാത്തിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. അതോടെയാണു പുതിയ ഇനമാണ് ഇതെന്നു തിരിച്ചറിഞ്ഞത്. കട്ടിയുള്ള പുറംതൊലിയുള്ളതിനാല്‍ പുഴുശല്യം കുറവാണ്. പഴുത്താലും പച്ച നിറത്തില്‍ തന്നെയാണ് ഈ മാങ്ങ ഉണ്ടാവുക. മൂന്നോ നാലോ മാസം കൊണ്ടു കായ്ച്ചു തുടങ്ങുന്ന മാങ്ങ മാര്‍ച്ച്, ഏപ്രില്‍ മാസം തന്നെ പഴുത്തു തുടങ്ങും. 

നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ

നാട്ടുമാവിനങ്ങളുടെ കണ്ടെത്തല്‍, സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കണ്ടെത്തിയ ഇനങ്ങളുടെ കണ്‍സര്‍വേഷന്‍, വിത്ത് തൈകളിലൂടെയും ഗ്രാഫ്റ്റ് തൈകളിലൂടെയും അതിന്റെ വ്യാപനം, പ്രത്യേക സവിശേഷതയുള്ള ഇനങ്ങളുടെ കെമിക്കല്‍ അനാലിസിസ് തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നാട്ടുമാവ് സംരക്ഷണവും ഗവേഷണാത്മക പഠനവും നടത്തുന്ന കൂട്ടായ്മയാണു നാട്ടുമാഞ്ചോട്ടില്‍. ഇതിനകം ഇനങ്ങള്‍ നശിച്ചു പോകാത്ത വിധം കണ്ടെത്തിയ ഇരുനൂറോളം നാടന്‍ മാവിനങ്ങളില്‍ 156 ഇനങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയിട്ടുമുണ്ട്. 

നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ കഴിഞ്ഞ 5 വര്‍ഷമായി കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകളെക്കുറിച്ചു പഠനം നടത്തുകയും ചിത്രം സഹിതം ഓരോ ഇനങ്ങളെയും തരംതിരിച്ചു ഡോക്യുമെന്റ് ചെയ്യുന്നുമുണ്ട്. മാമ്പഴം രുചിച്ചു നോക്കിയ ശേഷമാണു നാമകരണം നടത്തുന്നത്. ഹെറിറ്റേജ് ടൂറിസം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണു നാട്ടുമാവ് ഗ്രാമത്തിന്റെ സംരക്ഷണം പ്രവര്‍ത്തകര്‍ നടത്തുന്നത്.

English summary: Native Mango Conservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com