വെള്ളപ്പൊക്കത്തെ ചെറുക്കാന്‍ ഇനിയുള്ള കാലം പശുക്കള്‍ക്കു വേണം ഇരുനില തൊഴുത്ത്

HIGHLIGHTS
  • വെള്ളം കയറുന്ന പ്രദേശങ്ങളില്‍ ഇത്തരം തൊഴുത്തുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു
elevated-cattle-shed-2
ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയ മിനി എലവേറ്റഡ് കാറ്റില്‍ ഷെഡ്ഡുകള്‍
SHARE

ഇരുനില വീടുപോലെ ഇരുനില തൊഴുത്ത്! കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും ഇനിയുള്ള കാലം കേരളത്തിലെ ചില പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇത്തരത്തിലുള്ള തൊഴുത്തുകള്‍ ആവശ്യമായി വരും. കാരണം, ശക്തമായ മഴ പെയ്താല്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. കര്‍ഷകരുടെ വീടുകളും ആടുമാടുകളുടെ ഷെഡ്ഡുകളും ഇത്തരത്തില്‍ വെള്ളത്തില്‍ മുങ്ങാറുണ്ട്. ഇത്തരം അവസ്ഥയില്‍ ഒരു പരിധിവരെ വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ഇരുനില തൊഴുത്തുകള്‍ക്കോ എലവേറ്റഡ് തൊഴുത്തുകള്‍ക്കോ കഴിയും. വെള്ളം കയറുന്ന പ്രദേശങ്ങളില്‍ ഇത്തരം തൊഴുത്തുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയ മിനി എലവേറ്റഡ് കാറ്റില്‍ ഷെഡ്ഡുകള്‍ കര്‍ഷകര്‍ക്ക് പ്രളയത്തെ അതിജീവിക്കാനുതകുന്നതാണ്. ഇനിയും കൂടുതല്‍ പ്രദേശത്തേക്ക് ഇത്തരത്തിലുള്ള തൊഴുത്തുകള്‍ വ്യാപിക്കേണ്ടിയിരിക്കുന്നു.

തറ ഉയര്‍ത്തിക്കെട്ടിയോ പില്ലറുകളില്‍ ഉയര്‍ത്തി നിര്‍ത്തിയ ഷെഡ്ഡോ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് നിര്‍മിക്കാം. മഴ കനക്കുന്ന സമയങ്ങളില്‍ കുട്ടനാട്ടിലെ മിക്ക കര്‍ഷകരും തങ്ങളുടെ പശുക്കളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റാറുണ്ട്. ഇത്തവണ മേയില്‍ പെയ്ത വേനല്‍മഴയില്‍ കുട്ടനാട് വെള്ളത്തിലായത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഉയരത്തില്‍ നിര്‍മിക്കുന്ന തൊഴുത്തും ഷെഡ്ഡുകളും വളര്‍ത്തുമൃഗങ്ങള്‍ക്ക് വലിയൊരാശ്വാസമാകും.

elevated-cattle-shed
ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയ മിനി എലവേറ്റഡ് കാറ്റില്‍ ഷെഡ്

സാധാരണ തൊഴുത്തു നിര്‍മിക്കുന്നതുപോലെതന്നെയാണ് എലവേറ്റഡ് തൊഴുത്തുകളുടെയും മാതൃക. തറയ്ക്ക് നിലത്തുനിന്ന് ഉയരമുണ്ടാകുമെന്നു മാത്രം. വെള്ളം ഉയരുന്നതിന്റെ തോത് ഏറെക്കുറെ മനസിലാക്കി അതനുസരിച്ച് തറയുടെ ഉയരം ക്രമീകരിക്കുന്നതാണ് ഉത്തമം. വെള്ളം ഒരുപാട് ഉയരുന്നുവെങ്കില്‍ പില്ലറുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ഇട്ട് തറ നിര്‍മിക്കാം. ഇങ്ങനെ ഉയരത്തില്‍ നിര്‍മിക്കുന്ന തൊഴുത്തുകള്‍ക്ക് മെച്ചമേറെ. ഇനി പില്ലറുകള്‍ കൂടാതെ രണ്ടു നിലയിലും പശുക്കളെ കെട്ടാവുന്ന വിധത്തിലും തൊഴുത്തുകള്‍ നിര്‍മിക്കാം. വെള്ളപ്പൊക്കമില്ലാത്ത കാലത്ത് പശുക്കളെ രണ്ടു നിലയിലും പാര്‍പ്പിക്കാം. വെള്ളം ഉയരുമ്പോള്‍ മുകളിലേക്കു മാറ്റുകയുമാകാം.

ഉയര്‍ത്തിക്കെട്ടിയ തറയുള്ള തൊഴുത്തുകള്‍ക്കും പില്ലറുകള്‍ക്കു മുകളിലുള്ള തൊഴുത്തുകള്‍ക്കും ചെരിവും ഗ്രിപ്പുമുള്ള വാക്ക് വേ നിര്‍മിച്ചുനല്‍കാം. കുത്തനെയുള്ള ചെരിവ് നല്‍കാന്‍ പാടില്ല. കാരണം, പശു നടക്കുമ്പോള്‍ തെന്നിവീഴാനും വീഴ്ചയില്‍ വലിയ പരിക്കേല്‍ക്കാനും സാധ്യതയുണ്ട്. പശുക്കള്‍ക്ക് അനായാസം കയറുകയും ഇറങ്ങുകയും ചെയ്യാന്‍ കഴിയുന്ന വിധത്തിലായിരിക്കണം വാക്ക് വേ. 

elevated-cattle-shed-4
സുധീഷിന്റെയും രാജേഷിന്റെയും എലവേറ്റഡ് ഹൈടെക് തൊഴുത്ത്

പില്ലറുകളില്‍ തൊഴുത്തു നിര്‍മിച്ച് പശുക്കളെ വളര്‍ത്തുന്ന സഹോദരങ്ങളായ കര്‍ഷകരാണ് സുധീഷും രാജേഷും. ഗള്‍ഫ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ ഇരുവരും ഉറപ്പോടെ നിശ്ചയിച്ച കാര്‍ഷികസംരംഭമായിരുന്നു പശുവളര്‍ത്തല്‍. കുടുംബാംഗങ്ങളെ പിരിഞ്ഞിരിക്കാതെ, വീട്ടുപരിസരത്തുതന്നെ സ്വയം ചെയ്യാവുന്നതും നാട്ടിലെത്തിയാലുടന്‍ ആരംഭിക്കാവുന്നതുമായ വരുമാനമാര്‍ഗമാണ് ക്ഷീരോല്‍പാദനമെന്ന് അവര്‍ കണ്ടെത്തി. 

elevated-cattle-shed-3
സുധീഷിന്റെയും രാജേഷിന്റെയും എലവേറ്റഡ് ഹൈടെക് തൊഴുത്ത്

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രാജേഷ് ആദ്യം നാട്ടിലെത്തി. തൊഴുത്തുനിര്‍മാണവും തീറ്റപ്പുല്‍കൃഷിയും ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനു സമീപമുള്ള മറവന്‍തുരുത്താണ് ഇവരുടെയും നാട്. ശക്തമായ മഴയില്‍ വെള്ളം കയറുന്ന സ്ഥലം. അതുകൊണ്ടുതന്നെ തൊഴുത്തു നിര്‍മിച്ചത് വെള്ളപ്പൊക്കത്തില്‍ നിന്ന് പശുക്കള്‍ക്ക് രക്ഷയാകുന്ന വിധത്തില്‍. ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്നതുകൊണ്ടുതന്നെ പുല്‍ത്തൊട്ടിക്ക് മുന്നിലൂടെ നടക്കാന്‍ പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്, അതിന് കൈവരിയും പിടിപ്പിച്ചിരിക്കുന്നു. നടകള്‍ക്കു സമാനമായ വാക്ക് വേയാണ് പശുക്കള്‍ക്ക് കയറാനും ഇറങ്ങാനുമായി ഒരുക്കിയിരിക്കുന്നത്. പരിപാലകര്‍ക്ക് പുല്‍ത്തൊട്ടിയുടെ ഭാഗത്തേക്ക് കയറാന്‍ ചെറിയൊരു ഗോവണിയും പിടിപ്പിച്ചിട്ടുണ്ട്. പശുക്കള്‍ക്ക് ആവശ്യാനുസരണം കുടിവെള്ളം ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കറവ മെഷീനും ഇരുവരുടെയും ഫാമിലുണ്ട്. 11 പശുക്കളാണ് ഈ എലവേറ്റഡ് ഹൈടെക് തൊഴുത്തിലുള്ളത്.

പരിമിതമായ സ്ഥലത്ത് കൂടുതല്‍ പശുക്കളെ വളര്‍ത്താമെന്ന നേട്ടം ഇരുനില തൊഴുത്തുകള്‍ക്കുണ്ട്. ഇരുനില തൊഴുത്തില്‍ എരുമകളെ വളര്‍ത്തുന്ന മുംബൈ സ്വദേശിനിയുടെ കഥ കര്‍ഷകശ്രീ ഓണ്‍ലൈന്‍ മുന്‍പ് പങ്കുവച്ചിരുന്നു. കേരളത്തിലും അതിനുള്ള സാധ്യതയുണ്ട്. പരിമിതമായ സ്ഥലത്ത് വലിയ മുതല്‍മുടക്കില്ലാതെ രണ്ടു തൊഴുത്തിന്റെ ഗുണം നല്‍കാന്‍ ഇരുനില തൊഴുത്തുകള്‍ക്കു കഴിയുമെന്ന് തീര്‍ച്ച.

English summary:  Importance of elevated cattle shed in kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA