ADVERTISEMENT

മലയോര മേഖലയിലെ കര്‍ഷകരും വനംവകുപ്പും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ദിനംപ്രതി ഉയരുകയാണ്. പട്ടയഭൂമിയിലെ മരം മുറിക്കാന്‍ അനുവാദമില്ലാത്തതിന്റെ പേരില്‍ പ്രതിസന്ധിയിലായ ഒട്ടേറെ കര്‍ഷകരാണ് ഹൈറേഞ്ചിലും മലബാറിലുമുള്ളത്. ഭാവിയില്‍ എന്തെങ്കിലും സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉപകരിക്കുമല്ലോ എന്ന പ്രതീക്ഷയോടെയാണ് ഓരോ കര്‍ഷകനും തന്റെ പറമ്പില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നത്. എന്നാല്‍, ഇപ്പോള്‍ ആ നട്ടുവളര്‍ത്തലിലൂടെ സ്വന്തം കുഴി തോണ്ടിയ അവസ്ഥയിലാണ് കര്‍ഷകര്‍ എന്ന് ദിനംപ്രതി മലയോര മേഖലയില്‍നിന്ന് ഉയരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. അതുകൊണ്ടുതന്നെ ഏലത്തോട്ടങ്ങളില്‍പോലും തണലിനുവേണ്ടി കര്‍ഷകര്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്. ഇതിനെല്ലാമൊപ്പം അഡ്വ. ജോണി കെ. ജോര്‍ജ് പങ്കുവച്ച കുറിപ്പ് പ്രസക്തമാണ്. രാജകീയ വൃക്ഷം എന്ന പേരിലാണ് പല മരങ്ങളും കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെടുന്നത്. അങ്ങനൊരു പദവി ഒരു മരത്തിനും നല്‍കിയിട്ടില്ലെന്ന് അഡ്വ. ജോണി പറയുന്നു. കര്‍ഷകസംഘടനയായ കിഫയുടെ ലീഗല്‍ സെല്‍ ഡയറക്ടര്‍കൂടിയാണ് അഡ്വ. ജോണി. അദ്ദേഹം പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ.

രാജകീയ വൃക്ഷം എന്നൊരു വൃക്ഷം ഇല്ല

രാജകീയ വൃക്ഷം എന്നുപറയുന്ന വൃക്ഷം നിയമത്തില്‍ എങ്ങും തന്നെയില്ല. 1951ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് 52-ാം വകുപ്പില്‍ റോയല്‍റ്റി ഓണ്‍ ട്രീ എന്നു പറയുന്നുണ്ട്. അതില്‍ ചന്ദനം, ഈട്ടി, എബണി,  തേക്ക് എന്നീ വൃക്ഷങ്ങള്‍ക്കും ആനക്കൊമ്പ്, ആനയുടെ പല്ലുകള്‍ എന്നിവയിലും ഗവണ്‍മെന്റിന് റോയല്‍റ്റി ഈടാക്കാം എന്നാണ് പറയുന്നത്. അല്ലാതെ രാജകീയ വൃക്ഷങ്ങള്‍ എന്ന വൃക്ഷങ്ങള്‍ ഇല്ല. 1951ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് 1957ല്‍ ഭേദഗതി ചെയ്യുകയും 1961 വനനിയമം വന്നതോടുകൂടി ഇല്ലാതാവുകയും ചെയ്തു. 

1960 ലെ ഭൂപതിവ് നിയമത്തിലോ 1961ലെ വനനിയമത്തിലോ 1986ലെ വൃക്ഷ സംരക്ഷണ നിയമത്തിലോ 1964 ഭൂപതിവ് ചട്ടത്തിലോ 1993ലെ കര്‍ഷകരുടെ കൈവശമുള്ള ഭൂമികള്‍ പതിച്ചു നല്‍കുന്നതിന് കൊണ്ടുവന്ന ചട്ടത്തിലോ 1995ലെ വൃക്ഷം മുറിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടത്തിലോ 2005ലെ കൈവശഭൂമികളില്‍ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമത്തിലോ 2017ലെ ഭേദഗതിയിലോ രാജകീയ വൃക്ഷം എന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ല. ചന്ദനം ഒഴികെ മറ്റേതെങ്കിലും മരങ്ങള്‍ കര്‍ഷകന്‍ നട്ടുവളര്‍ത്തുന്നതിന് തടസ്സം ഉള്ളതായും പറയുന്നില്ല. 

തേക്കും വീട്ടിയും എബണിയും ഒരുകാലത്തും കര്‍ഷകന് വളര്‍ത്താനോ വെട്ടാനോ അനുമതി ഇല്ല എന്ന് പറയുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലല്ല. സ്ഥാപിത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് എതിര്‍ത്തില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. പട്ടയം പതിഞ്ഞതിനുശേഷവും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ തേക്കും വീട്ടിയും വെട്ടിയിട്ടുണ്ടോ എന്ന് പരിശോധന നടത്താനായി ഉത്തരവിട്ട നടപടികളാരംഭിച്ചു. പല വ്യക്തികളും മതിയായ അനുമതിയോടുകൂടി മുറിച്ച മരങ്ങള്‍ അറുത്തു കിട്ടിയ തടി ഉരുപ്പടികള്‍ ഫോറസ്റ്റ് അധികാരികള്‍ വീട്ടിലെത്തി സര്‍ക്കാരിലേക്ക് കണ്ടു കെട്ടുന്നു എന്ന് നിരവധി സ്ഥലങ്ങളില്‍നിന്ന് അറിയിപ്പുകള്‍ വരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പറയുന്നു എന്നേയുള്ളൂ. അതല്ല രാജകീയ വൃക്ഷം എന്നൊരു വൃക്ഷം ഉണ്ടെങ്കില്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കാണിച്ചുതരൂ...

English summary: Which tree is the king of trees?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com