ഏതു കാലാവസ്ഥയിലും വളരും; അദ്ഭുതഫലം തരുമോ ജിഎം റബര്‍തൈ? അറിയേണ്ടതെല്ലാം

HIGHLIGHTS
  • എന്തിനാണു ജനിതകമാറ്റം വരുത്തുന്നത്?
  • ഇന്ത്യയില്‍ ഏതൊക്കെ മേഖലയ്ക്ക് ജിഎം റബര്‍ പ്രയോജനം ചെയ്യും?
gm-rubber
SHARE

ജനിതകമാറ്റം വരുത്തിയ റബര്‍ ആദ്യമായി തോട്ടത്തില്‍ നട്ട രാജ്യം എന്ന പേര് ഇനി ഇന്ത്യയ്ക്ക് സ്വന്തം. അസം ഗുവാഹത്തിയിലെ സുരതരിയിലെ റബര്‍ ബോര്‍ഡ് തോട്ടത്തില്‍ നട്ട തൈ വളരുന്നതിനൊപ്പം ഇന്ത്യയിലെ റബര്‍ വ്യവസായവും വളരുമെന്നാണു ഗവേഷകര്‍ പറയുന്നത്. ജിഎം റബര്‍ പരീക്ഷണം വിജയിച്ചാല്‍ റബറിനു മാത്രമല്ല ഇന്ത്യന്‍ റബര്‍തൈകള്‍ക്കും ലോക വിപണിയില്‍ മൂല്യമേറും. ജിഎം റബറിനെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍:

എന്താണ് ജിഎം റബര്‍?

ജനിതകമാറ്റം വരുത്തിയ റബറാണ് ജിഎം റബര്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റബറിനുള്ള വാക്‌സീന്‍. ജനിതകമാറ്റം വരുത്തിയ ജീന്‍ റബറിന് നല്‍കുന്നത് തണുപ്പും ചൂടും പ്രതിരോധിക്കാനുള്ള ശേഷിയാണ്. കാലാവസ്ഥാ വ്യതിയാനം നേരിടാനും ജിഎം റബറിനു കഴിയും. എംഎന്‍എസ്ഒഡി (മാംഗനീസ് കണ്ടയിനിങ് സൂപ്പര്‍ ഓക്‌സൈഡ് ഡിസ്മ്യൂട്ടൈസ്) എന്ന ജീന്‍ റബറിന് തണുപ്പും ചൂടും നേരിടാനുള്ള ശേഷി നല്‍കുന്നതാണ്.

എന്തിനാണു ജനിതകമാറ്റം വരുത്തുന്നത്?

നിലവിലുള്ള റബര്‍ ഇനങ്ങളില്‍ ചില പോരായ്മകളുണ്ട്. ആമസോണിലെ ഉഷ്ണ മേഖലാ കാടുകളില്‍നിന്നാണ് റബറിന്റെ വരവ്. റബറിന് കടുത്ത തണുപ്പും കടുത്ത ചൂടും താങ്ങാന്‍ കഴിയില്ല. ഇത്തരം കാലാവസ്ഥാ മാറ്റങ്ങളെ നേരിടാനുള്ള കഴിവു റബറിനു നല്‍കുന്നതിനാണ് ജനിതക മാറ്റം. 

gm-rubber-1

ജനിതകമാറ്റം വരുത്തുമ്പോള്‍ റബറിന് എന്താണ് സംഭവിക്കുന്നത്?

ജനിതകമാറ്റം വരുത്തിയ ജീന്‍ ചേര്‍ക്കുന്നതോടെ റബറിനു പ്രതിരോധ ശേഷി കൂടും. അതായത് തണുപ്പു കൂടിയാലും ചൂടു കൂടിയാലും വളര്‍ച്ച മുരടിക്കില്ല. എല്ലാ കാലത്തും ഒരു പോലെ വളരും, സാധാരണ രീതിയില്‍ 7 വര്‍ഷത്തിനുള്ളിലാണ് റബര്‍തൈ പൂര്‍ണ വളര്‍ച്ച എത്തുന്നത്. കടുത്ത തണുപ്പും കടുത്ത ചൂടുമുള്ള സ്ഥലങ്ങളില്‍ റബര്‍ തൈയുടെ വളള്‍ച്ച നിലയ്ക്കും. അനുയോജ്യ കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ തണുപ്പും ചൂടും വരുമ്പോഴും തൈയുടെ വളര്‍ച്ച തല്‍ക്കാലത്തേക്ക് നിലയ്ക്കും. ഇതുമൂലം പ്രായപൂര്‍ത്തിയെത്താന്‍ ശരാശരി 9 വര്‍ഷം വേണ്ടി വരുന്നു. ജിഎം റബര്‍ 7 വര്‍ഷത്തിലോ അതിനു മുന്‍പോ പൂര്‍ണ വളര്‍ച്ച എത്തും.

റബറിന്റെ ഉല്‍പാദനം കൂടുമോ?

നിലവിലുള്ള മരങ്ങളേക്കാള്‍ ആരോഗ്യമുള്ളതാകും പൂര്‍ണ വളര്‍ച്ചയെത്തിയ ജിഎം റബര്‍. ആര്‍ആര്‍ഐ 105 എന്ന ഉല്‍പാദന ശേഷി കൂടുതലുള്ള ഇനത്തിലാണ് ജനിതക മാറ്റം വരുത്തിയിട്ടുള്ളത്. ഒരു വര്‍ഷം ശരാശരി 6.2 കിലോ ഗ്രാം റബറാണ് ആര്‍ആര്‍ഐഐ 105 നല്‍കുന്നത്. ജിഎം റബറിന് ഇതിലും കൂടുതല്‍ ഉല്‍പാദനം ലഭിക്കുമെന്നു കരുതുന്നതായി റബര്‍ ബോര്‍ഡ് റിസര്‍ച് സെന്റര്‍ ഡയറക്ടര്‍ ഡോ. ജയിംസ് ജേക്കബ് പറയുന്നു.

gm-rubber-2

ഇന്ത്യയില്‍ ഏതൊക്കെ മേഖലയ്ക്ക് ജിഎം റബര്‍ പ്രയോജനം ചെയ്യും?

തണുപ്പാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിസന്ധി. കൊങ്കണ്‍ മേഖലയില്‍ വരള്‍ച്ചയാണ് പ്രതിസന്ധി. കേരളത്തില്‍ തണുപ്പുകാലത്തും വേനല്‍ക്കാലത്തും റബറിന്റെ വളര്‍ച്ച കുറയും. കേരളത്തില്‍ ചൂട് ഒരു ശതമാനം കൂടിയാല്‍ പോലും ഉല്‍പാദനം 15 ശതമാനം കുറയും. ഇത്തരം പ്രതിസന്ധിക്കുള്ള പരിഹാരം കൂടിയാണ് ജിഎം റബര്‍.

എങ്ങനെയാണ് ജിഎം റബര്‍ പരീക്ഷണം?

1990ല്‍ അന്നത്തെ റബര്‍ ബോര്‍ഡ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. സേതുരാജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗവേഷണമാണ് 31 വര്‍ഷത്തിനു ശേഷം തോട്ട പരീക്ഷണത്തില്‍ എത്തിയത്. ലാബില്‍ തൈ വളര്‍ത്തിയതില്‍ വിജയിച്ചു. ഇനി അവ തോട്ടത്തില്‍ വളര്‍ത്തി നോക്കണം. സുരതരിയിലെ തോട്ടത്തില്‍ 200 തൈകള്‍ നട്ടു. ഇവയ്‌ക്കൊപ്പം സാധാരണ റബര്‍ തൈകളും വളര്‍ത്തും. രണ്ട് ഇനത്തിന്റെയും വളര്‍ച്ചയില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. പരീക്ഷണം പൂര്‍ത്തിയാകാന്‍ 15 വര്‍ഷം എടുക്കും. ഒരു മരത്തിന്റെ ആയുസ് മുഴുവന്‍ നിരീക്ഷണം തുടരണം. 

ജിഎം റബര്‍ മരത്തിന് എന്താണ് വ്യത്യാസം?

പൂര്‍ണ വളര്‍ച്ച എത്തിയ മരത്തിനല്ല പ്രയോജനം. വളരുന്ന പ്രായത്തിലാണ് റബറിന് ശ്രദ്ധ വേണ്ടത്. തൈകള്‍ക്കാണ് ഇവിടെ പരിഗണന. കൂടുതല്‍ വേഗം, അതായത് 7 വര്‍ഷത്തിനുള്ളില്‍, മരം വളര്‍ച്ച പ്രാപിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയായ മരം കൂടുതല്‍ ആരോഗ്യവാനുമാണ്. ഇതിന്റെ ഗുണം കര്‍ഷകന് ലഭിക്കും.

ജിഎം റബര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?

ജിഎം റബര്‍ പരീക്ഷണത്തിനുള്ള അനുമതികളാണ് വലിയ വെല്ലുവിളി. 2006 മുതല്‍ റബര്‍ ബോര്‍ഡ് അനുമതിക്കായി പല സംസ്ഥാനങ്ങളെയും സമീപിച്ചു. കേരളവും മഹാരാഷ്ട്രയും നല്‍കിയില്ല. അസം മാത്രമാണ് അനുമതി നല്‍കിയത്. പരീക്ഷണം വിജയിച്ചാലും അനുമതി ലഭിക്കുകയെന്നതാണ് കടമ്പ. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരെയുള്ള സമരങ്ങളാണ് പ്രതിസന്ധി കൂട്ടുന്നത്.

ജിഎം റബര്‍ സുരക്ഷിതമാണോ?

ജനിതക മാറ്റത്തിന്റെ പേരില്‍ ആശങ്ക വേണ്ടെന്ന് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ പറയുന്നു. നിലവിലുള്ള റബര്‍തൈയില്‍ നിന്നാണ് ജീന്‍ വേര്‍തിരിച്ചത്. അതിനാല്‍ സ്വാഭാവിക റബര്‍ ഇനങ്ങളുമായി കലരുമെന്നു ആശങ്കയും വേണ്ടെന്നും ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. 

ഏതൊക്കെ രാജ്യങ്ങളില്‍ ജിഎം റബര്‍ പരീക്ഷണമുണ്ട്?

റബര്‍ ഉല്‍പാദക രാജ്യങ്ങളില്‍ പലരും ജിഎം റബര്‍ ലാബില്‍ പരീക്ഷിച്ചു. എന്നാല്‍ ആരും തോട്ട പരീക്ഷണം നടത്തിയില്ല. 

English Summary: 10 Things You Should Know About Genetically Modified (GM) Rubber

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA