ഒരു ലീറ്റര്‍ സ്പിരിറ്റിന് ആവശ്യം 15 കിലോ കപ്പ; മരച്ചീനി സ്പിരിറ്റ് കൈ പൊള്ളിക്കുമോ?

HIGHLIGHTS
  • 40 വര്‍ഷം മുന്‍പു പരീക്ഷിച്ച വിദ്യ
tapioca
SHARE

കര്‍ഷകരെ രക്ഷപ്പെടുത്താന്‍ മരച്ചീനിയില്‍നിന്നു സ്പിരിറ്റുണ്ടാക്കാമെന്ന ആശയം മുന്നോട്ടുവച്ചതു ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. മരച്ചീനിക്കു സ്ഥിരമായി വിപണിമൂല്യം ഉയര്‍ത്തി നിര്‍ത്തുകയും കര്‍ഷകനു ന്യായവില ഉറപ്പാക്കുകയുമാണു ലക്ഷ്യം. എന്നാല്‍, നിലവിലുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ സ്പിരിറ്റ് സാമ്പത്തികമായി കൈ പൊള്ളിക്കുമോ എന്ന ആശങ്കയുള്ളവരുമുണ്ട്. ആശയവുമായി സര്‍ക്കാര്‍ മുന്നോട്ടെങ്കില്‍, ഉല്‍പാദനച്ചെലവു കുറയ്ക്കാന്‍ പുതിയ ശാസ്ത്രീയ ഗവേഷണങ്ങളിലേക്കു കടക്കേണ്ടതുണ്ട്.

40 വര്‍ഷം മുന്‍പു പരീക്ഷിച്ച വിദ്യ

മരച്ചീനിയില്‍നിന്നു സ്പിരിറ്റുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിനു കീഴിലുള്ള കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രം (സിടിസിആര്‍ഐ) 40 വര്‍ഷംമുന്‍പു പരീക്ഷിച്ചതാണ്. കരിമ്പിന്‍ ചണ്ടിയേക്കാള്‍ വില കൂടുതലായിരുന്നു അന്നും മരച്ചീനിക്ക്. ഈ സാങ്കേതികവിദ്യ വാങ്ങിയ പാലക്കാട്ടെയും ചെന്നൈയിലെയും ഡിസ്റ്റിലറികള്‍ വൈകാതെ പൂട്ടിപ്പോയെന്ന് അന്നു പരീക്ഷണത്തിനു നേതൃത്വം നല്‍കിയ സിടിസിആര്‍ഐ മുന്‍ ശാസ്ത്രജ്ഞന്‍ സി. ബാലഗോപാല്‍ പറയുന്നു. വില കൂടിയ മദ്യത്തിനായി ചണ്ടിക്കു പകരം, കരിമ്പു നീര് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പകരം വയ്ക്കാനാകുമോ എന്നതു പഠിക്കണം. ഭക്ഷ്യവസ്തുവില്‍നിന്നു സ്പിരിറ്റുണ്ടാക്കുന്നതിനെക്കാള്‍, ഭക്ഷ്യമാലിന്യത്തില്‍നിന്നുണ്ടാക്കുന്നതാണു ലാഭകരമെന്ന നിര്‍ദേശമാണു മറ്റൊന്ന്. ചൗവരി ഉല്‍പാദിപ്പിച്ച ശേഷം അവശേഷിക്കുന്ന കപ്പ ഉപയോഗിക്കാനാകുമോ എന്നു പരീക്ഷിക്കാം. എന്നാല്‍, ചൗവരി ഉല്‍പാദനം കൂടുതലായി നടക്കുന്നത്, രാജ്യത്ത് ഏറ്റവുമധികം കപ്പക്കൃഷിയുള്ള തമിഴ്‌നാട്ടിലാണ്.

സാമ്പത്തികശാസ്ത്രം

ഇപ്പോഴുള്ള സാങ്കേതികവിദ്യ പ്രകാരം സ്റ്റാര്‍ച്ചില്‍നിന്നാണു സ്പിരിറ്റുണ്ടാക്കുന്നത്. ഒരു കിലോഗ്രാം കപ്പപ്പൊടിക്ക് അഞ്ചു കിലോഗ്രാം മരച്ചീനിയുണങ്ങണം. ഇതില്‍നിന്നു ലഭിക്കുക 800 ഗ്രാം സ്റ്റാര്‍ച്ച്. ഒരു കിലോഗ്രാം സ്റ്റാര്‍ച്ച് ലഭിക്കാന്‍ വേണ്ടത് ആറു കിലോഗ്രാം മരച്ചീനി. ഒരു കിലോഗ്രാം സ്റ്റാര്‍ച്ചില്‍നിന്നു ലഭിക്കുക പരമാവധി 400 മില്ലി ലീറ്റര്‍ സ്പിരിറ്റ്. ഒരു ലീറ്റര്‍ സ്പിരിറ്റുണ്ടാക്കാന്‍ വേണ്ടത് 15 കിലോഗ്രാം മരച്ചീനി. ഇപ്പോള്‍ പല വിലയ്ക്കാണു കര്‍ഷകര്‍ വില്‍ക്കുന്നതെങ്കിലും, കര്‍ഷകന് 10 രൂപയെങ്കിലും വില കിട്ടണമെന്നാണു സര്‍ക്കാരിന്റെ താല്‍പര്യം. 10 രൂപയ്ക്കു സംഭരിച്ചാല്‍ 15 കിലോഗ്രാമിന് മാത്രം 150 രൂപയാകും. സ്റ്റാര്‍ച്ചിനെ ഗ്ലൂക്കോസ് കണികകളാക്കി മാറ്റുന്ന ഹൈഡ്രോളിസിസ് പ്രക്രിയ, ഫെര്‍മന്റേഷന്‍ പ്രക്രിയ എന്നിവയിലൂടെയാണു സ്റ്റാര്‍ച്ച് സ്പിരിറ്റായി മാറുന്നത്. ഇതിനുള്ള ആസിഡിനും എന്‍സൈമിനും മാത്രമല്ല, ജീവനക്കാര്‍ക്കും പ്ലാന്റിനുമെല്ലാം ചെലവു വരും. കരിമ്പു ചണ്ടിയില്‍ നിന്നുണ്ടാക്കുന്ന സ്പിരിറ്റ് ഒരു ലീറ്റര്‍ 60-70 രൂപയ്ക്കു മദ്യക്കമ്പനികള്‍ക്കു കിട്ടുമ്പോഴാണ് ഇരട്ടിയിലധികം രൂപ മരച്ചീനി സ്പിരിറ്റിനു മുടക്കേണ്ടി വരിക.

English summary: Alcohol from tapioca Starch- Analysis, Process

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA