പുസ്തകസഞ്ചിക്കൊപ്പം പച്ചക്കറിയുമായി സ്‌കൂളില്‍ പോയിരുന്ന സഹോദരിമാര്‍; ഈ കുട്ടിക്കര്‍ഷകര്‍ സൂപ്പറാണ്

HIGHLIGHTS
  • തരിശുനിലം കപ്പക്കൃഷിക്കായി ചോദിച്ചപ്പോള്‍ ഉടമ സൗജന്യമായി വിട്ടുനല്‍കി
  • ശിവപ്രിയയും ഹരിപ്രിയയും പച്ചക്കറികളുമായി ചന്തയിലെത്തുമായിരുന്നു
sisters-farming
ശിവപ്രിയയും ഹരിപ്രിയയും വിളവെടുത്ത പച്ചക്കറികളുമായി
SHARE

സ്‌കൂളില്‍ പഠനത്തിനുവേണ്ടി പോകുന്ന കുട്ടികളില്‍നിന്ന് വിഭിന്നരാണ് ശിവപ്രിയ-ഹരിപ്രിയ സഹോദരിമാര്‍. കാരണം, ഇരുവരും സ്‌കൂളിലെത്തുന്നത് പഠിക്കാന്‍വേണ്ടി മാത്രമായിരുന്നില്ല, തങ്ങളുടെ അധ്യാപകര്‍ക്ക് പച്ചക്കറികള്‍ക്കൂടി നല്‍കാന്‍വേണ്ടിയാണ്. മുതുകില്‍ പുസ്തകസഞ്ചിയും കൈകളില്‍ പച്ചക്കറി സഞ്ചിയുമായി ഈ സഹോദരിമാര്‍ കയറിപ്പറ്റിയത് എല്ലാവരുടെയും മനസുകളില്‍ക്കൂടിയാണ്. മറ്റു കുട്ടികളില്‍നിനിന്ന് വ്യത്യസ്തമായി ഈ പച്ചക്കറി കൈമാറ്റം ഇരുവരുടെയും ജീവിതവും ജീവിതമാര്‍ഗവുംകൂടിയായിരുന്നു. അതുകൊണ്ടുതന്നെ കൃഷി ഞങ്ങളുടെ എല്ലാമെല്ലാമാണെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയും.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും എല്ലാം പുഞ്ചിരിയോടെ നേരിടാന്‍ ഇരുവര്‍ക്കും പ്രത്യേക പാടവമാണ്. കൃഷി എന്താണ് നിങ്ങള്‍ക്ക് എന്ന് ചോദിച്ചാല്‍ ഇരുവരും ഇങ്ങനെ പറയും - 'കൃഷിയെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം പെട്ടെന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങളുടെ അന്നമാണിത്... ഉപജീവനം... പ്രാണവായു പോലെ...

sisters-farming-2
ശിവപ്രിയയും ഹരിപ്രിയയും വിളവെടുത്ത പച്ചക്കറികളുമായി

ജീവിതപ്രതിസന്ധിയില്‍പ്പെട്ട് നട്ടംതിരിഞ്ഞിരുന്ന ഞങ്ങള്‍ക്ക് പുതുജീവിതം തന്നത് ഈ കൃഷിയാണ്. ഈ കൃഷിജീവിതം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലാ...

മുതുകില്‍ പുസ്തകസഞ്ചിയും കൈകളില്‍ പച്ചക്കറി കവറുമായി സ്‌കൂളില്‍ പോയിരുന്ന ആ ദിനങ്ങള്‍... അഞ്ചാം ക്ലാസുകാരിയുടെയും ഏഴാം ക്ലാസുകാരിയുടെയും നിസ്സഹായാവസ്ഥയുടെ അന്നത്തെ ആ മുഖങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഇന്ന് ഞങ്ങള്‍ക്ക് വിഷമമല്ല... അഭിമാനമാണ്'.

sisters-farming-1
ശിവപ്രിയയും ഹരിപ്രിയയും തോട്ടത്തില്‍

തിരുവനന്തപുരം ഞെക്കാട് ഗവ. വിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹരിപ്രിയ. ചേച്ചി ശിവപ്രിയ ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുന്നു. ആറ്റിങ്ങലിന് അടുത്ത കടുവയില്‍പള്ളി ഹരിതംബരു ജയപ്രസാദിന്റെയും സജിതയുടെയും മക്കളാണ് ഇരുവരും. കൂലിപ്പണിയാണ് ജയപ്രസാദിന്. സജിത തൊഴിലുറപ്പിനും പോകുന്നു. സ്ഥിരവരുമാനമില്ലാതെ നന്നേ ബുദ്ധിമുട്ടിയിരുന്ന കുടുംബം. 

ഈ സാഹചര്യത്തിലാണ് കുടുംബം കാര്‍ഷികമേഖലയിലേക്ക് തിരിഞ്ഞത്. വീടിരിക്കുന്ന പത്തു സെന്റ് സ്ഥലത്ത് സിമന്റ് ചാക്കില്‍ മണ്ണു നിറച്ച് കൃഷി ചെയ്തിരുന്നു. സമീപത്തെ തരിശുനിലം കപ്പക്കൃഷിക്കായി ചോദിച്ചപ്പോള്‍ ഉടമ സൗജന്യമായി വിട്ടുനല്‍കി. നാലുപേരുടെയും കഷ്ടപ്പാട് കണ്ടാണ് അദ്ദേഹം സ്ഥലം വിട്ടുനല്‍കിയതെന്ന് ശിവപ്രിയ. നാലുപേരും കൂടി കപ്പയ്‌ക്കൊപ്പം ചെറിയ രീതില്‍ പച്ചക്കറികൃഷി അവിടെ ആരംഭിച്ചു. നാലു വര്‍ഷം മുന്‍പായിരുന്നു ഈ സംഭവം. ഇതിനു പിന്നാലെ രണ്ടുപേര്‍കൂടി അവരുടെ സ്ഥലം കൃഷിക്കു വിട്ടുനല്‍കി, ഒരു രൂപ പോലും പാട്ടം വാങ്ങാതെ. സ്വന്തമായി കൃഷിയിടമില്ലെങ്കിലും 80 സെന്റ് സ്ഥലത്ത് ഇവര്‍ കൃഷിചെയ്യുന്നു. സ്ഥലമുടമകള്‍ക്ക് പച്ചക്കറികളും നല്‍കുന്നുണ്ട്.

sisters-farming-4
ശിവപ്രിയയും ഹരിപ്രിയയും തോട്ടത്തില്‍

വാഴ, കപ്പ തുടങ്ങിയവ കൂടാതെ വഴുതന, മുളക്, വെണ്ട, പയര്‍, ചുരയ്ക്ക, പാവല്‍, മത്തന്‍, വെള്ളരി എന്നിങ്ങനെ എല്ലാവിധ പച്ചക്കറികളും ഇവര്‍ കൃഷിചെയ്യുന്നുണ്ട്. തുടക്കത്തില്‍ രാസവളങ്ങള്‍ ഉപയോഗിച്ചെങ്കിലും പിന്നീട് ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. ആട്ടിന്‍കാഷ്ഠം, ചാണകപ്പൊടി, ആവശ്യമനുസരിച്ച് വാം എന്നിവ നല്‍കും. പോഷകക്കുറവ്, കീടബാധ എന്നിവ പരിഹരിക്കാന്‍ കൃഷിഭവന്റെ സഹായവും ഈ കുട്ടിക്കര്‍ഷകര്‍ തേടാറുണ്ട്.

കോവിഡ് മൂലം കൂലിപ്പണിയും തൊഴിലുറപ്പും ഇല്ലാതായ സമയത്തും ഈ നാലംഗ കുടുംബത്തെ പിടിച്ചുനിര്‍ത്തിയത് കൃഷിയായിരുന്നു. കോവിഡിനു മുന്‍പ് ടീച്ചര്‍മാര്‍ക്ക് പച്ചക്കറികള്‍ സ്‌കൂളില്‍ എത്തിച്ചുനല്‍കുമായിരുന്നു. ഇപ്പോള്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി മാറിയപ്പോള്‍ അതിനു തടസം വന്നു. എന്നാല്‍, തങ്ങളില്‍നിന്ന് ഇപ്പോഴും സ്ഥിരം പച്ചക്കറികള്‍ വാങ്ങുന്ന രണ്ട് അധ്യാപകരുണ്ടെന്ന് ഹരിപ്രിയ. ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നുമുണ്ട്. പണികള്‍ ഇല്ലാത്ത സമയത്ത് ജയപ്രസാദോ സജിതയോ ആയിരുന്നു പച്ചക്കറികളുമായി ചന്തയില്‍ പോയിരുന്നത്. എന്നാല്‍, അവര്‍ക്ക് പണികളുള്ളപ്പോള്‍ ശിവപ്രിയയും ഹരിപ്രിയയും പച്ചക്കറികളുമായി ചന്തയിലെത്തുമായിരുന്നു. 

sisters-farming-3
ശിവപ്രിയയും ഹരിപ്രിയയും തോട്ടത്തില്‍

സമൂഹമാധ്യമ കൂട്ടായ്മകളിലും ഇവരുവരുടെയും സാന്നിധ്യമുണ്ട്. പഠനത്തിനുശേഷമുള്ള ഒഴിവുസമയങ്ങള്‍ കാര്‍ഷിക കുടുംബം എന്ന വാട്‌സാപ് കൂട്ടായ്മയില്‍നിന്ന് കാര്‍ഷിക അറിവുകള്‍ നേടാനും ഇരുവരും ശ്രദ്ധിക്കുന്നു. ഒരു ഫോണ്‍ മാത്രമാണ് വീട്ടിലുള്ളത് എന്നതിനാല്‍ ക്ലാസുകള്‍ കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിലേ ഇരുവരും സമൂഹമാധ്യമങ്ങളില്‍ സജീവമാകൂ.

ദൈവം അനുഗ്രഹിച്ചാല്‍ ചെറിയൊരു വീടുവച്ച് ഒരു തൊഴുത്തു പണിത് പശുക്കളെയും വളര്‍ത്തണമെന്നാണ് ഈ കുട്ടിക്കര്‍ഷകരുടെ ആഗ്രഹം.

ഫോണ്‍: 9633631180

English summary: Life Story of Two Student Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA