കുളമുണ്ട്, സന്നാഹങ്ങളുണ്ട്, പക്ഷേ നഷ്ടങ്ങള്‍ മാത്രം: ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി-പരമ്പര

HIGHLIGHTS
  • എവിടെയാണ് പാളിയത്?
ras-system
recirculatory aquaculture system
SHARE

മുറ്റത്തു വലിയ ടാങ്കും കുളങ്ങളും തയാറാക്കി, അതിലേക്കുള്ള എയറേഷന്‍, ഫില്‍ട്രേഷന്‍ സംവിധാനങ്ങളുമൊരുക്കി മത്സ്യക്കുഞ്ഞുങ്ങള്‍ക്കായി കാത്തിരിപ്പിലാണ് കേരളത്തിലെ മത്സ്യക്കര്‍ഷകര്‍. മേയ് പകുതിയോടെ ശക്തമായ മഴ ലഭിച്ചതുകൊണ്ടുതന്നെ മത്സ്യക്കൃഷിക്കുള്ള തയാറെടുപ്പിലുമായിരുന്നു കര്‍ഷകര്‍. എന്നാല്‍, കുഞ്ഞുങ്ങളുടെ ലഭ്യത ഇപ്പോള്‍ സംസ്ഥാനത്ത് നന്നേ കുറവാണ്. വളരെ ചുരുക്കം വിതരണക്കാരുടെ അടുക്കല്‍ മാത്രമേ മത്സ്യക്കുഞ്ഞുങ്ങള്‍ ഇപ്പോഴുള്ളൂ. അതുകൊണ്ടുതന്നെ ലക്ഷങ്ങള്‍ മുടക്കി മത്സ്യക്കൃഷിയിലേക്ക് ഇറങ്ങിയ പലര്‍ക്കും ബാധ്യത കൂടും.

ലക്ഷങ്ങള്‍ മുടക്കി ബയോഫ്‌ളോക്ക് ടാങ്ക് നിര്‍മിക്കുകയും മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കാതെ കാത്തിരിക്കുകയും ചെയ്യേണ്ടിവന്ന കര്‍ഷകരുടെ അനുഭവ കഥ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജനുവരിയില്‍ ടാങ്ക് നിര്‍മാണം പൂര്‍ത്തിയായ കര്‍ഷകന് മത്സ്യക്കുഞ്ഞുങ്ങളെ ലഭിച്ചത് മാര്‍ച്ചില്‍. കൃഷിചക്രത്തിലെ യാതൊരു പ്രയോജനുവുമില്ലാത്ത രണ്ടു മാസം. അതേസമയം വായ്പ വാങ്ങിയാണ് ടാങ്കും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയത് എന്നതിനാല്‍ പലിശ അടയ്‌ക്കേണ്ടതായും വരുന്നു. വിലയ പലിശ നല്‍കിയാണ് പലരും മത്സ്യക്കൃഷിക്കായുള്ള മൂലധനം വായ്പയായി എടുത്തിരിക്കുന്നത്. കുഞ്ഞുങ്ങളെ ലഭിക്കാന്‍ വൈകിയാലോ പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ വന്നാലോ മുടക്കുമുതല്‍ പോലും ലഭ്യമാകാതെ വരും. അതുപോലെ സാമ്പത്തിക ബാധ്യത കൂടുകയും ചെയ്യും.

2020 ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ മത്സ്യക്കൃഷി മേഖലയില്‍ വിപ്ലവകരമായ വളര്‍ച്ചയാണുണ്ടായത്. തൊഴില്‍ നഷ്ടപ്പെട്ടവരും യുവാക്കളുമെല്ലാം മത്സ്യക്കൃഷിയിലേക്ക് ചാടിയിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയും, പ്രധാന്‍മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുമെല്ലാം മത്സ്യക്കൃഷിയുടെ പ്രചാരം വര്‍ധിപ്പിച്ചു. 40 ശതമാനത്തോളം സബ്‌സിഡിയാണ് പദ്ധതികള്‍ക്ക് കര്‍ഷകന് ലഭിക്കുക. എന്നാല്‍, പദ്ധതികളും ആനുകൂല്യങ്ങളും വലിയ ബുദ്ധിമുട്ടില്ലാതെ കര്‍ഷകര്‍ക്ക് ലഭ്യമായെങ്കിലും ഉല്‍പാദിപ്പിച്ച മത്സ്യങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നത് പ്രതിസന്ധി സൃഷ്ടിച്ചു. ചുരുക്കത്തില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ കേരളത്തിലെ ഉള്‍നാടന്‍ മത്സ്യക്കര്‍ഷകര്‍ പ്രതിസന്ധിയില്‍ത്തന്നെയാണ്. പലരും വലിയ കടക്കെണിയിലേക്കു കൂപ്പുകുത്തി. ട്രോളിങ് നിരോധനമുള്ള ഈ സമയത്തു മാത്രമാണ് ഭൂരിഭാഗം കര്‍ഷകര്‍ക്കും മെച്ചപ്പെട്ട രീതിയില്‍ മത്സ്യങ്ങളെ വില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നത് പരമാര്‍ഥം.

4 മീറ്ററും 5 മീറ്ററും വ്യാസമുള്ള ബയോഫ്‌ളോക് ടാങ്കില്‍ ആയിരത്തിലധികം മത്സ്യങ്ങളെ നിക്ഷേപിച്ച പലര്‍ക്കും മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് കാണേണ്ട സ്ഥിതി വന്നു. അവശേഷിച്ച മത്സ്യങ്ങള്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവന്നെങ്കിലും അത് വിറ്റാല്‍ തീറ്റച്ചെലവിനുള്ളത് മാത്രം ലഭിക്കുന്ന സ്ഥിതിയിലേക്കെത്തി. അതുപോലെ ആയിരത്തിലധികം മത്സ്യങ്ങള്‍ ഇട്ടതില്‍ ശരാശരി 150 ഗ്രാം വളര്‍ച്ച വന്ന മത്സ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് കഴിഞ്ഞ ദിവസം കേരളം മത്സ്യക്കൃഷിയിലൂടെ കടക്കെണിയിലേക്ക് എന്ന വിഷയം കൈകാര്യം ചെയ്ത ഒരു ലേഖനത്തില്‍ പറയുന്നു. 400 കിലോഗ്രാം പ്രതീക്ഷിച്ചിടത്ത് കര്‍ഷകന് ലഭിച്ചത് 170 കിലോ. 300 രൂപയ്ക്കു വില്‍ക്കാന്‍ കഴിഞ്ഞെങ്കിലും 2 ലക്ഷത്തിലധികം മുതല്‍മുടക്കിയ സംരംഭത്തില്‍ 6 മാസംകൊണ്ട് ലഭിച്ചത് 51000 രൂപ മാത്രം. തീറ്റച്ചെലവ്, വൈദ്യുതി എല്ലാം കണക്കുകൂട്ടിയാല്‍ മുതല്‍മുടക്കിയ തുകയിലേക്കുള്ള ലാഭമായി ഒന്നും ലഭിച്ചിട്ടില്ലെന്ന് മനസിലാകും.

bioflok
biofloc

എവിടെയാണ് പാളിയത്? അങ്ങനെയൊരു ചിന്ത കര്‍ഷകര്‍ക്കും അധികൃതര്‍ക്കും തോന്നേണ്ട സ്ഥിതി അതിക്രമിച്ചിരിക്കുന്നു. മത്സ്യക്കൃഷി എന്നാല്‍ കാശുള്ളവനു ചേര്‍ന്ന കൃഷിയാണെന്നുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയേണ്ടിവരും. അതായത് നഷ്ടം വന്നാലും പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ സാമ്പത്തികഭദ്രതയുള്ളവര്‍ക്കു ചെയ്യാന്‍ കഴിയുന്ന ഒന്നാണ് നൂതന മത്സ്യക്കൃഷി. കടംവാങ്ങിയും സ്വര്‍ണം പണയംവച്ചും കയ്യിലുള്ള സമ്പാദ്യം മുഴുവനുമെല്ലാം മത്സ്യക്കൃഷിയിലേക്ക് ഇറക്കുന്ന പലരും ഇപ്പോള്‍ വലിയ സാമ്പത്തികബാധ്യതയുടെ ഭാരവും പേറി ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നുപോകുന്നത്.

24 ലക്ഷം രൂപ മുതല്‍മുടക്കി സബ്‌സിഡി ലഭിക്കുമെന്ന പ്രതീക്ഷയോടെ നൂതന മത്സ്യക്കൃഷി സംവിധാനമൊരുക്കിയ ഒരു വ്യക്തിയുടെ അവസ്ഥ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് മത്സ്യക്കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സബ്‌സിഡി പ്രതീക്ഷിച്ച് വലിയ മുതല്‍മുടക്കിയെങ്കിലും സബ്‌സിഡി ലഭിക്കാതെ വരികയും വലിയ സാമ്പത്തികക്കുരുക്കില്‍ അകപ്പെടുകയും ചെയ്തു. മാത്രമല്ല നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ച ലഭിക്കാതെ വരികയും അതുപോലെ ചത്തൊടുങ്ങുകയും ചെയ്തു. ഇനിയെന്ത് എന്ന ചിന്തയിലാണ് ആ കര്‍ഷകന്‍.

നൂതന മത്സ്യക്കൃഷി രീതി 100 ശതമാനം പരാജയമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നുതന്നെ പറയേണ്ടിവരും. പക്ഷേ, കര്‍ഷകന്റെ അറിവ്, പരിചരണരീതി, വൈദ്യുതി, വെള്ളത്തിന്റെ ഘടന, ഉപകരണങ്ങളുടെ പ്രവര്‍ത്തനം, തീറ്റയുടെ നിലവാരം, കുഞ്ഞുങ്ങളുടെ ഗുണമേന്മ, വിപണി എന്നിങ്ങനെയുള്ള സാഹചര്യങ്ങളും മത്സ്യക്കൃഷിയുടെ വിജയവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. എല്ലാം അനുകൂലമായെങ്കില്‍ വിജയമുറപ്പ്. ചുരുക്കത്തില്‍ ഒരു ഭാഗ്യപരീക്ഷണമാണ് മത്സ്യക്കൃഷി. അതുകൊണ്ടുതന്നെ അറിവുകള്‍ നേടി, ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങി വിജയിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വലിയ മുതല്‍മുടക്കിന് ഇറങ്ങുക.

തുടരും

English summary: Kerala Inland Fish Farmers Stare at Debt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA