തിലാപ്പിയ വളര്‍ത്തല്‍; കേരളം പൊളിച്ചെഴുതിയത് കേന്ദ്രസര്‍ക്കാരിന്‌റെ മാര്‍ഗനിര്‍ദേശങ്ങള്‍!

fish-farming-flood
SHARE

ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 4

കേരളത്തില്‍ തിലാപ്പിയ മത്സ്യക്കൃഷിക്ക് അധികപ്രചാരം ലഭിച്ചിട്ട് ഏകദേശം 5 വര്‍ഷം കഴിഞ്ഞിട്ടുണ്ടാകും. അതിനു മുന്‍പും വളര്‍ത്തിയിരുന്നെങ്കിലും ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മത്സ്യക്കുഞ്ഞുങ്ങള്‍ വ്യാപകമായി പറന്നെത്താന്‍ തുടങ്ങിയിട്ട് ഇത്ര വര്‍ഷമേ പിന്നിട്ടിട്ടുള്ളൂ.

തിലാപ്പിയക്കൃഷിയില്‍ത്തന്നെ വിപ്ലവകരമായ മാറ്റം വന്നത് ഗിഫ്റ്റ് എന്ന ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ പ്രചാരത്തിലായതിനുശേഷമാണ്. പിന്നാലെ, ഗിഫ്റ്റിന്റെ മറ പറ്റി മോണോ സെക്‌സ് തിലാപ്പിയ എന്ന പേരില്‍ ഏകലിംഗമായ തിലാപ്പിയക്കുഞ്ഞുങ്ങള്‍ എത്തി. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തിലെ തിലാപ്പിയക്കുഞ്ഞുങ്ങളുടെ വിപണി കോടികളുടെ ബിസിനസ് നടക്കുന്ന മേഖലയാണ്. അതുകൊണ്ടുതന്നെ കുടിപ്പകയും, കബളിപ്പിക്കലും, വെട്ടിനിരത്തലുമെല്ലാം ഈ മേഖലയില്‍ സജീവം.

തിലാപ്പിയ എന്ന മത്സ്യം വിദേശിയായതുകൊണ്ടും അതിവേഗം പെരുകാനുള്ള കഴിവുള്ളതുകൊണ്ടും തിലാപ്പിയ മത്സ്യക്കൃഷിക്കു പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള മൃഗസംരക്ഷണ-കന്നുകാലി-ഫിഷറീസ് വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഇന്ത്യയിലെ തിലാപ്പിയ ഫാമിങ് മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ തിലാപ്പിയ വളര്‍ത്താന്‍ പാടില്ല എന്നതാണ്. അതുപോലെ, വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള ബഫര്‍ സോണ്‍, പൊതു ജലാശയങ്ങളില്‍ എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും തിലാപ്പിയകളെ വളര്‍ത്താന്‍ പാടില്ല. 

fish-farming-flood-1

ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു നിര്‍ദേശമാണ് ജൈവസുരക്ഷയുമായി ബന്ധപ്പെട്ടുള്ളത്. വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളില്‍ ഫാമില്‍നിന്ന് മത്സ്യങ്ങള്‍ ഒരു കാരണവശാലും പൊതു ജലാശയങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് തിലാപ്പിയ മത്സ്യക്കൃഷിക്ക് ലൈസന്‍സ് നല്‍കേണ്ടത്. ഫാമിലേക്ക് വെള്ളം കടക്കാത്ത വിധത്തില്‍ ബണ്ട് ഉയര്‍ത്തുകയും വേണം. തിലാപ്പിയകളെ വളര്‍ത്തുന്ന ടാങ്കുകളിലെയോ കുളങ്ങളിലെയോ വെള്ളം ശുദ്ധീകരിച്ചതിനുശേഷം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടാവൂ. 

കൂടുമത്സ്യക്കൃഷിയെ കേന്ദ്രം പിന്തുണയ്ക്കുന്നില്ലെങ്കിലും തിലാപ്പിയയുള്ള ജലാശയങ്ങളിലെ കൂടുമത്സ്യക്കൃഷിക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടുമത്സ്യക്കൃഷി ചെയ്യുന്നതിനു മുന്‍പ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പൊതുജലാശയത്തില്‍ തിലാപ്പിയ മത്സ്യങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തി കൂട് മത്സ്യക്കൃഷിക്കുള്ള അനുമതി നല്‍കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പിന് അധികാരമുണ്ട്. 

ഇത്രയും തിലാപ്പിയ വളര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍. അതുപോലെ കുഞ്ഞുങ്ങളുടെ നഴ്‌സറികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മത്സ്യവിത്ത് ഫാമുകള്‍ സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി റജിസ്റ്റര്‍ ചെയ്തിരിക്കണം. ഇങ്ങനെ റജിസ്റ്റര്‍ ചെയ്തവര്‍ റിജിസ്റ്റേര്‍ഡ് ഹാച്ചറികളില്‍നിന്നു മാത്രമേ കുഞ്ഞുങ്ങളെ എടുക്കാവൂ. നഴ്‌സറിയിലെ പരിപാലനവും മറ്റും മുകളില്‍പ്പറഞ്ഞതുപോലെ ശ്രദ്ധിക്കേണ്ടവ തന്നെ. എന്നാല്‍, ഏതൊരു നിയമത്തിലും പഴുതുകള്‍ ഉണ്ടെന്നതുപോലെയുള്ള ഇവിടെയുമുണ്ട്.

fish-farming-flood-2

കേരളത്തിലെ തിലാപ്പിയ വളര്‍ത്തല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നവയോട് ബന്ധപ്പെട്ടുതന്നെയാണുള്ളതെങ്കിലും സംസ്ഥാനത്ത് ലൈസന്‍സ് നല്‍കിയിട്ടുള്ള രണ്ട് ഹാച്ചറികള്‍ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലാണുള്ളത്, അതായത് ആലപ്പുഴയില്‍. വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളില്‍ ലൈസന്‍സ് കൊടുക്കാന്‍ പാടില്ലെന്നിരിക്കേ എന്തടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് രണ്ടു ഹാച്ചറികള്‍ക്ക് ലൈസന്‍സ് കൊടുത്തത്? ബണ്ട് കൂടുതല്‍ ഉയരത്തിലാക്കി എന്ന് മത്സ്യവിത്ത് കേന്ദ്രം പറയുന്നുണ്ടെങ്കിലും വീടുകള്‍ വരെ മൂടുന്നവിധത്തില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശത്ത് ഇത് എത്ര പ്രായോഗികമാണ്? മാത്രമല്ല തിലാപ്പിയയ്ക്ക് ലൈസന്‍സ് ചോദിച്ച പലരെയും മറ്റ് മത്സ്യങ്ങളുടെ ലൈസന്‍സ് കൊടുത്ത് സമാധാനിപ്പിച്ചുവിടുകയാണ് ചെയ്തിട്ടുള്ളതെന്നും പറയപ്പെടുന്നു. തിലാപ്പിയയുടെ ലൈസന്‍സ് ചോദിച്ച ഒരു വ്യക്തിക്ക് വാളയുടെ ലൈസന്‍സ് കൊടുക്കുകയും ബഹളംവച്ചപ്പോള്‍ അനാബസിന്‌റെ ലൈസന്‍സ് കൂടി കൊടുക്കുകയുമാണ് ചെയ്തതെന്ന റിപ്പോര്‍ട്ടുകളുണ്ട്.

തിലാപ്പിയ ലേക്ക് വൈറസ് പോലുള്ളവ കേരളത്തിലെ പൊതുജലാശയങ്ങളില്‍ എത്താതിരിക്കാനും അവയിലുള്ള മത്സ്യങ്ങള്‍ക്ക് ബാധിക്കാതിരിക്കാനുമാണ് മത്സ്യവിത്ത് വിതരണത്തിനും ഇറക്കുമതിക്കുമൊക്കെ ലൈസന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, എല്ലാ വര്‍ഷവും വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കു മാത്രമായി ലൈസന്‍സ് നല്‍കപ്പെടുകയും മറ്റു ജില്ലകളിലുള്ളവരുടെ അപേക്ഷയില്‍ കാര്യമായ നടപടികള്‍ ഉണ്ടാവാതെ അവ ഫയലില്‍ത്തന്നെ ഇരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

തുടരും

English summary: Guidelines for Responsible Farming of Tilapia in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA