ADVERTISEMENT

ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 5

കാസർകോട് പെരിയ സ്വദേശി പി.വി. ബാലചന്ദ്രൻ 7 ബയോഫ്ലോക് ടാങ്കുകളാണ് തിലാപ്പിയ മത്സ്യക്കൃഷിക്കായി നിർമിച്ചത്. ഇതിന് 10 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവ് വന്നു. പ്രധാൻമന്ത്രി മത്സ്യ സമ്പത് യോജന പദ്ധതിയിലായിരുന്നു കൃഷി.

ജനുവരി അവസാനത്തോടെ ടാങ്കുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളെ ലഭിച്ചത് മാർച്ചിലാണ്. ഓരോ മാസവും ഓരോ ടാങ്കിലേക്ക് കുഞ്ഞുങ്ങളെ തരണമെന്നായിന്നു അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ, രണ്ടു മാസത്തെ താമസം വന്നതിനാൽ മാർച്ചിൽ രണ്ടു ടാങ്കിലേക്കുള്ള തിലാപ്പിയക്കുഞ്ഞുങ്ങളെ ബാലചന്ദ്രനു ലഭിച്ചു. 2500 എണ്ണത്തിൽ രക്ഷപ്പെട്ടു കിട്ടിയത് 300 എണ്ണം മാത്രം. പായ്ക്കറ്റിനുള്ളിലും കുഞ്ഞുങ്ങൾ ചത്തുകിടപ്പുണ്ടായിരുന്നു. ബാക്കിയെല്ലാം കൊണ്ടുവന്ന് രണ്ടു ദിവസത്തിനുള്ളിൽ ചത്തു. ചത്തുപോയ കുഞ്ഞുങ്ങൾക്ക് പകരം കുഞ്ഞുങ്ങളെ ലഭ്യമാക്കാമെന്നു അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല.

tilapia-TiLV-1

ഇതിനുശേഷം കഴിഞ്ഞ മാസം 4 ടാങ്കുകളിലേക്കായി 5000 കുഞ്ഞുങ്ങളെ ബാലചന്ദ്രനു ലഭിച്ചു. എത്തിയപ്പോൾത്തന്നെ 250ലധികം കുഞ്ഞുങ്ങൾ പായ്ക്കറ്റുകളിൽ ചത്തു കിടപ്പുണ്ടായിരുന്നു. അതും ചീഞ്ഞ അവസ്ഥയിലായിരുന്നുവെന്നും ബാലചന്ദ്രൻ. മത്സ്യക്കുഞ്ഞുങ്ങളെ പായ്ക്ക് ചെയ്തിരുന്ന വെള്ളത്തിന് വല്ലാത്ത ദുർഗന്ധവും നിറവുമായിരുന്നു. വൈകാതെ അവയിലെല്ലാംതന്നെ ചത്തു. ഇപ്പോൾ ബാക്കിയുള്ളത് ആയിരത്തോളം എണ്ണം മാത്രം. ഇപ്പോഴും ചത്തുകൊണ്ടിരിക്കുന്നു.

മാസാമാസം കുഞ്ഞുങ്ങളെ ലഭിക്കുമെന്നുകരുതി 7 ടാങ്കുകൾക്കുമായി ഒരു ബ്ലോവറാണ് ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ നിക്ഷേപിക്കാത്ത കുളങ്ങളിലും ബ്ലോവർ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നു. വൈദ്യുതിച്ചെലവും ഉയർന്നു. ഫിഷറീസ് പറയുന്ന തീറ്റച്ചെലവിനേക്കാളും വളരെ കൂടുതലാണ് താൻ കണക്കുകൂട്ടിയപ്പോൾ ലഭിച്ചതെന്ന് ബാലചന്ദ്രൻ പറയുന്നു. ഒരു ടാങ്കിൽ 1000 മീനുകളെങ്കിലും പൂർണ വളർച്ചയിലെത്തിയാൽ തീറ്റച്ചെലവ് 60,000 രൂപയ്ക്കു മുകളിൽ വരും. ബാലചന്ദ്രൻ എഴുതിത്തയാറാക്കിയ ചെലവ് കണക്കുകൾ ചുവടെ.

tilapia-TiLV-2

ശരീരത്തിൽ ചെതുമ്പലുകൾ ഇളകി പുണ്ണുപോലെ വന്ന് അഴുകിയാണ് കുഞ്ഞുങ്ങൾ ചാകുന്നത്. വൈറസ് ബാധയാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഫലപ്രദമായ ചികിത്സാവിധികൾ പറഞ്ഞുതരാൻ അധികൃതർക്ക് ആവുന്നില്ല. മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട പരിശീലനമോ ഉപദേശങ്ങളോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബാലചന്ദ്രൻ പറയുന്നു. 

മാർച്ചിൽ നിക്ഷേപിച്ച കുഞ്ഞുങ്ങളിൽ അവശേഷിക്കുന്നവ ഇപ്പോൾ 200 ഗ്രാമിന് മുകളിൽ എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ മത്സ്യങ്ങളും ഇടയ്ക്ക് ചാകുന്നുണ്ട്. അതുകൊണ്ടുതന്നെ അധികൃതരുടെ നിർദേശപ്രകാരം ചികിത്സകൾ നടത്തിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രൻ ഇപ്പോൾ.

യാത്രയിലുള്ള സമ്മർദം നിമിത്തം മത്സ്യക്കുഞ്ഞുങ്ങളിൽ ഏതാനും എണ്ണമൊക്കെ ചത്തുപോകാമെങ്കിലും 80 ശതമാനത്തിലധികം മരണനിരക്ക് വരുന്നത് കർഷകരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. 8 മുതൽ 12 വരെ ലക്ഷം രൂപയാണ് പല കർഷകർക്കും മുടക്കുവന്നിട്ടുള്ളത്. ഇതിനു മുകളിൽ ചെലവായവരുമുണ്ട്. ഇവരുടെയൊക്കെ മനസമാധാനവും ഉറക്കവും മത്സ്യക്കൃഷിയിലൂടെ നഷ്ടപ്പെട്ട സ്ഥിതിയിലുമാണ്.

വാലും ശരീരവും ദ്രവിക്കുക, തീറ്റയെടുക്കാൻ മടിക്കുക, നിറം മാറുക, മെലിഞ്ഞ് വയറൊട്ടുക, ഉപരിതലത്തിൽക്കൂടി ആരോഗ്യമില്ലാതെ നീന്തുക,  എന്നിവയാണ് പല കർഷകർക്കും ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ അവസ്ഥ. തിലാപ്പിയ ലേക്ക് വൈറസിന്റെ (Tilapia lake virus (TiLV) ലക്ഷണങ്ങളാണിവ. പുതിയ ടാങ്കിലേക്ക് നിക്ഷേപിച്ച് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ രോഗം പ്രകടമായിത്തുടങ്ങും. രോഗം ബാധിച്ചാൽ മരണനിരക്ക് 80 ശതമാനത്തിന് മുകളിലാണ്. പുതിയ ടാങ്കുകളിലേക്ക് മാറ്റുമ്പോഴും പായ്ക്ക് ചെയ്ത് ദൂരത്തേക്ക് കൊണ്ടുപോകുമ്പോഴുമെല്ലാം മത്സ്യക്കുഞ്ഞുങ്ങൾ സമ്മർദത്തിലാവും, അത് രോഗാണുക്കളായ വൈറസുകൾക്ക് അനുകൂല സാഹചര്യമായി മാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാവാം മത്സ്യക്കുഞ്ഞുങ്ങൾ കർഷകരുടെ അടുത്തെത്തിയശേഷം ഒരാഴ്ചയ്ക്കുള്ളിൽ ചത്തൊടുങ്ങുന്നത്.

തുടരും

English summary: Tilapia lake virus: a threat to the global tilapia industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com