ADVERTISEMENT

മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള വെറ്ററിനറി ഡോക്ടർമാരെ പെരുമാറ്റം പഠിപ്പിക്കാൻ വകുപ്പ് ഒരുങ്ങുന്നു. എന്നാൽ, വെറ്ററിനറി ഡോക്ടർമാർ കർഷകരോട് നന്നായി പെരുമാറിയാൽ മാത്രം നന്നാകുന്നതാണോ കേരളത്തിലെ മൃഗസംരക്ഷണ മേഖല? അല്ല എന്നുതന്നെ പറയേണ്ടിവരും. അടിസ്ഥാന സൗകര്യ വികസനം എന്തെന്നുപോലും അറിയാത്ത മൃഗാശുപത്രികളാണ് കേരളത്തിലെ ഓരോ പഞ്ചായത്തുകളിലുമുള്ളത്. പലപ്പോളും കർഷകരും ഡോക്ടർമാരും തമ്മിലുള്ള സംഘർഷങ്ങൾക്കു കാരണവും ഈ അടിസ്ഥാനസൗകര്യമില്ലായ്മതന്നെ. കർഷകരും വെറ്ററിനറി ഡോക്ടർമാരും അഭിമുഖീകരിക്കുന്ന ഈ അടിസ്ഥാന സൗകര്യ അപര്യാപ്തത മുൻപും കർഷകശ്രീ ഓൺലൈൻ പങ്കുവച്ചിട്ടുള്ളതാണ്. എന്നാൽ, അതിലൊന്നും കാര്യമായ നടപടി വരാതെ 24 മണിക്കൂറും ഫോൺ എടുക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുകയാണ് സർക്കാരിന്റെ പൊതുജന സമ്പർക്കം മെച്ചപ്പെടുത്താൻ ഏറ്റവും നല്ലത് എന്നാണ് പുതിയ കണ്ടെത്തൽ. 

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കന്നുകാലി, അരുമമൃഗങ്ങളുടെ ചികിത്സയും പരിപാലനവും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതു മുതൽ കര്‍ഷകര്‍ക്ക് സേവനം, ബോധവല്‍ക്കരണം, പരിശീലനം, ആനുകൂല്യങ്ങള്‍, സബ്സിഡി, നഷ്ടപരിഹാരം തുടങ്ങിയ സഹായസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതു വരെ മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവാദിത്തമാണ്‌. എന്നാൽ, വകുപ്പിന് വേണ്ടത്ര ശ്രദ്ധയും പ്രാധാന്യവും ലഭിക്കാത്തതു കാരണമോ, വകുപ്പ് രൂപീകൃതമായ കാലത്തെ ഭരണസംവിധാനങ്ങൾ അതുപോലെ കാത്തുസൂക്ഷിക്കുന്നതുകൊണ്ടോ ക്ഷയിച്ച് അപൂര്‍ണ്ണമായ രീതിയിലാണ് നിലവില്‍ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. 

വിപ്ലവകരമായ മാറ്റത്തിനു വേണ്ടിയുള്ള ചിലരുടെ കാര്യക്ഷമമായ പരിശ്രമം ഫലം കണ്ടത് മൃഗസംരക്ഷണ ചരിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവായി മാറിയിരിക്കുന്നത് എങ്ങിനെ എന്ന് നോക്കാം.

വകുപ്പിന്റെ നിലവിലെ എല്ലാ പോരായ്മകളും പരിമിതികളും അതിനാൽ സേവനം നല്‍കാന്‍ സാധിക്കാതെ പോകുന്ന  സാഹചര്യങ്ങളുടെയും, പരിപൂര്‍ണ ഉത്തരവാദിത്തം അതാതു മേഖലയിലെ ഡോക്ടര്‍മാര്‍ ഏറ്റെടുക്കണം, രോഷാകുലരായ കര്‍ഷകരുടെയും പൊതുപ്രവര്‍ത്തകരുടെയും തെറിവിളികളും,  പരാക്രമങ്ങളും കയ്യേറ്റങ്ങളും സമൂഹമാധ്യ വിചാരണയുമെല്ലാം ബോണസ് ആയി ലഭിക്കും. ഡ്യൂട്ടി സമയം പോലും നോക്കാതെ 24 മണിക്കൂറും മൊബൈൽ ഫോണ്‍ കയ്യില്‍ പിടിച്ചുകൊണ്ട്‌ ഇരിക്കണം. അതും ഏതു നട്ടപാതിരായ്ക്കും കോളുകള്‍ എടുത്ത് സൗമ്യമായി സംസാരിക്കണം എന്നാണ് മൃഗസംരക്ഷണ വകുപ്പ് ഡോക്ടർമാർക്ക് കൊടുത്തിരിക്കുന്ന നിർദേശേം. രാത്രി ഉറങ്ങാതെ ഫോൺ എടുക്കാൻ സാധിച്ചാൽ കൃത്യമായി രാവിലെയും ഡ്യൂട്ടി ചെയ്യാമല്ലോ.

ഒരു ഡോക്ടർ മൃഗാശുപത്രിയിൽ വരുന്ന എല്ലാ ഒപിയും നോക്കണം, ഫീല്‍ഡിലെ കേസുകൾ നോക്കണം, സ്കീം നടപ്പാക്കണം, 30ൽപ്പരം റജിസ്റ്ററുകൾ കൈകാര്യം ചെയ്യണം. ഇത്രയും 9 മുതൽ 3 മണി വരെ ഉള്ള ഡ്യൂട്ടി സമയം കൊണ്ടാണ് എന്നത് മറ്റൊരു പ്രധാന വസ്തുത. 

ഇനി രാത്രികാല  അടിയന്തര സേവനങ്ങള്‍  8 മുതൽ 8 വരെ, ലേബർ നിയമങ്ങളിൽ പോലും ഇല്ലാത്ത 12 മണിക്കൂര്‍ ഡ്യൂട്ടിയാണ്. ഇതിനിടെയിൽ വരുന്ന അടിയന്തിര സാഹചര്യങ്ങള്‍ എത്ര ആയാലും എവിടെ ആയാലും സര്‍വീസ് നല്‍കണം. രാത്രികാല വെറ്ററിനറി സേവനം നൽകുന്ന ഡോക്ടർമാർ താല്‍ക്കാലിക ജീവനക്കാരാണ്. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവരാണ്. രാത്രി ജോലിക്കിടെ അല്ലെങ്കിൽ യാത്രാമധ്യേ എന്തെങ്കിലും അപകടം പറ്റിപ്പോയാൽ അവസാനിക്കുന്നത് സ്വന്തം ഭാവി തന്നെയാണ് എന്ന് പൂര്‍ണ ബോധ്യത്തോടെ ജോലി ചെയ്യാൻ വിധിക്കപ്പെട്ടവരാണ്. പിഎസ്‌സിയും സർക്കാർ സർവീസും ഇവര്‍ക്ക്‌ ഇപ്പൊഴും കൈയെത്താ ദൂരത്താണ്. 

കാഴ്ചയില്‍ നിസ്സാരം, അധിക ജോലിഭാരം ഇല്ലാത്ത സമയം എന്നൊക്കെയാണ് കണക്കാക്കുന്നത് എങ്കിൽ, ഒരു പ്രസവം എടുക്കാൻ, ഒരു ഗര്‍ഭപാത്രം പുറത്ത്‌ വന്നത് ശരിയാക്കാന്‍ വേണ്ടിവരുന്ന സമയവും ആരോഗ്യവും അത്ര നിസാരം അല്ല എന്ന് ഒരിക്കലെങ്കിലും ഇത്തരത്തിലൊരു അവസ്ഥയിൽ ഡോക്ടർക്കൊപ്പം നിൽക്കുന്ന കർഷകർക്ക് മനസിലാകും. എന്നാൽ, എപ്പോഴും അതല്ല സ്ഥിതി. പുറമേ നിന്ന് നോക്കുമ്പോൾ ജോലിഭാരം തിരിച്ചറിയാൻ കഴിയില്ല. സ്വന്തം ജോലിയാണ് ഏറ്റവും പ്രധാനമെന്ന് കരുതുന്നതുപോലെ അപരന്റെ ജോലിയെയും കരുതാൻ ആർക്കും താൽപര്യമില്ല എന്നതുതന്നെ കാരണം. ഇത്തരത്തിൽ അടിയന്തിര സാഹചര്യങ്ങൾ വരുന്നതിന്റെ എണ്ണം പലപ്പോഴും ഒന്നും രണ്ടും ആകില്ല. എപ്പോൾ എവിടെ വേണമെങ്കിലും പോയി അടിയന്തര സേവനം നൽകാൻ ബോണ്ട് ഒപ്പുവച്ച കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ എണ്ണം എത്ര, സ്ഥലം എവിടെ എന്നു പറയാൻ പറ്റാത്ത വളരെ ‘നിസാരമായ’ ജോലി. 

‘ഡോക്ടർ ആകുന്നത് സേവനത്തിന് അല്ലേ’ എന്നാണെങ്കില്‍ ഉത്തരം ഒരു മറുചോദ്യം ചോദിക്കുകയാണ് ഡോക്ടർമാർ. മൃഗഡോക്ടര്‍മാര്‍ക്ക് വ്യക്തിപരമായ അവകാശങ്ങൾ ഒന്നും ഇല്ലേ? സേവനം മാത്രം ആണോ ഇവരുടെ ജീവിത ലക്ഷ്യം? ഡ്യൂട്ടി സമയം കഴിഞ്ഞ് പോകുന്ന ഏതു ഒരു ഡോക്ടറും എല്ലാവരെയും പോലെ കുടുംബത്തിനൊപ്പം സ്വസ്ഥമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ലേ? അതിനുള്ള അര്‍ഹത അയാള്‍ക്കില്ലേ? മനുഷ്യനെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് കൃത്യമായ ഡ്യൂട്ടിയും റെസ്റ്റും ഉണ്ടെങ്കിൽ എന്തുകൊണ്ട് മൃഗഡോക്ടർമാർ 24 മണിക്കൂര്‍ സേവനത്തിന്റെ പരിധിയില്‍ വരുന്നു? ഡ്യൂട്ടി സമയം കഴിഞ്ഞും, ഒഴിവ് ദിവസങ്ങളിലും, അത്യാവശ്യം ലീവ് എടുക്കേണ്ടി വരുന്ന ദിവസങ്ങളിലും മറ്റും ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിപൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവർ മാത്രം നിര്‍ബന്ധിതരാകുന്നത് എന്തുകൊണ്ടാണ്? 

ഇതിനെല്ലാം പരിഹാരമായി വകുപ്പ് നിർദേശിക്കുന്നതാവട്ടെ ‘ഡോക്ടർമാർ കുറച്ചൊന്ന് മാറിയാല്‍ മതി. പിന്നെ  നേരത്തെ പറഞ്ഞ പോലെ 9 മുതൽ 3 വരെ ഉള്ള ജോലികള്‍ക്ക് ഇടയിലും അത് കഴിഞ്ഞും ഫോൺ ഒന്ന് എടുത്ത് സംസാരിച്ചാൽ മാത്രം മതി’. അല്ലാതെ ഇത്തരം സാഹചര്യങ്ങളിലെക്ക് പുതിയ നിയമനങ്ങൾ നടത്തുന്നത്‌ അധിക ബാധ്യത ആണല്ലോ, ക്ലിനിക്കല്‍ കേസ് ചെയ്യാനും, ഓഫീസ് വർക്ക് ചെയ്യാനും ആയി രണ്ട് തസ്തികകളിലേക്ക് ആളെ എടുക്കേണ്ട ആവശ്യമില്ല. കോഴിയും  ആടും കൊടുക്കാനും, സ്കീം നടപ്പിലാക്കാനും , തീറ്റ കൊടുക്കാനും അഞ്ച് വർഷത്തെ ഡോക്ടർ ഡിഗ്രീ ഉണ്ടെങ്കില്‍ മാത്രമേ സാധിക്കൂ? അവധിൽ പോകുന്ന ഡോക്ടറിനു പകരം താല്‍ക്കാലിക അടിസ്ഥാനത്തിൽ എങ്കിലും ഒരു ഡോക്ടറെ നിയമിക്കുക അസാധ്യം ആണോ? 

മൃഗസംരക്ഷണ വകുപ്പിന്റെ നല്ല നാളുകള്‍ക്ക് ശാപമായി നില്‍കുന്നത് മൃഗഡോക്ടർമാർ ആണെന്ന് കര്‍ഷകരെയും പൊതുസമൂഹത്തെയും ഒന്നടങ്കം തെറ്റിദ്ധരിപ്പിച്ച്  വകുപ്പിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വെറ്ററിനറി ഡോക്ടർമാർതന്നെ പറയുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ തലപ്പത്തുള്ള വെറ്ററിനറി ഡോക്ടർമാർ എന്തുകൊണ്ട് ഫീൽഡിലുള്ള ഡോക്ടർമാരുടെ പ്രശ്നങ്ങൾ വകുപ്പു തലത്തിലും മന്ത്രിയുടെ മുന്നിലും ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കുന്നില്ല? അതോ, ഫീൽഡിൽ പ്രവർത്തിച്ച് പരിചയമില്ലാത്തതിനാൽ അവിടെ നടക്കുന്ന കാര്യങ്ങൾ എന്തെന്ന് മനസിലാക്കാൻ കഴിയാത്തതുകൊണ്ടാണോ? 

വകുപ്പിന്റെ ഭരണതലത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ചില ‌ഉദ്യോഗസ്ഥര്‍ ഉള്ളതുകൊണ്ടും, ആശുപത്രിയിലും ഫീല്‍ഡിലും ചുരുങ്ങിയ  പ്രതികൂല സാഹചര്യങ്ങളിലും പകലും രാത്രിയും ഒരുപോലെ ജോലി ചെയ്യുന്ന നല്ലൊരു ശതമാനം മൃഗഡോക്ടര്‍മാരുടെ  സേവനങ്ങള്‍ കൊണ്ടും, നിയമം കൊണ്ട്‌ നിര്‍ത്തലാക്കി എങ്കിലും ഇപ്പോഴും തകൃതിയായി നടക്കുന്ന 'വ്യാജ ഡോക്ടർ'മാരുടെ സഹകരണം കൊണ്ടും മാത്രം നിലനിന്നു പോകുന്ന ഒരു വകുപ്പായി തുടരാൻതന്നെയാണോ മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം?

എന്തുകൊണ്ട് സംസ്ഥാനത്ത് സ്വകാര്യ പെറ്റ് ക്ലിനിക്കുകൾ വർധിച്ചുവരുന്നു? സർക്കാർ വെറ്ററിനറി ആശുപത്രികളിൽ പോയാൽ മതിയായ രീതിയിൽ രോഗനിർണയവും ചികിത്സയും ലഭിക്കില്ല എന്നുള്ള തിരിച്ചറിവുള്ളതിനാൽ പെറ്റ് പേരന്റുകൾ സൗകര്യങ്ങളുള്ള ആശുപത്രികൾ തേടുന്നു. സ്കാനിങ്, എക്സ് റേ, അവശ്യ മരുന്നുകൾ എന്നിവയെല്ലാം പെട്ടെന്ന് ലഭിക്കുന്ന എത്ര സർക്കാർ മൃഗാശുപത്രികൾ കേരളത്തിലുണ്ട്? ചോദ്യങ്ങൾ നിരവധിയാണ്.

English summary: Veterinary Doctors Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com