ADVERTISEMENT

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ വിളവ് വർധിപ്പിക്കാൻ ഇടുക്കി കരുണാപുരം തണ്ണിപ്പാറയിൽനിന്നുമൊരു പുതിയ കണ്ടുപിടിത്തം. അഴകുള്ള ചക്കയിൽ ചുളയില്ല എന്നു പറയുന്നതൊക്കെ വെറുതെയാണ്. ഇവിടുത്തെ ചക്കയ്ക്ക് അഴകും ചുളയുമുണ്ട്. എക്കാട്ടിൽ അജയനും പള്ളിത്താഴെയിൽ നൗഷാദുമാണ് ചക്കയുടെ വലുപ്പവും ചുളയുടെ എണ്ണവും കൂട്ടാനായി പുതിയ കണ്ടുപിടിത്തം നടത്തിയത്. അജയന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പരീക്ഷണം നടന്ന ഈ വരിക്കപ്ലാവ്. വരിക്കപ്ലാവിനോട് ചേർന്ന് നൗഷാദ് ഒരു പലചരക്ക് കടയും നടത്തുന്നുണ്ട്. മുന്നിലുള്ള പ്ലാവിൽ കായ്ക്കുന്ന ചക്ക ചെറുതായിരുന്നു. മാത്രമല്ല ഈച്ച കുത്തി കേടാക്കുന്നതും പതിവായി. ഇതിനിടെയാണ് നൗഷാദിനും അജയനും ഒരു ആശയം തോന്നിയത്. പേരയ്ക്കാ ഉണ്ടാകുന്ന സമയത്ത് കവറിൽ പൊതിഞ്ഞാൽ വലുപ്പം കൂടും കേടില്ലാതാകും. എന്തുകൊണ്ട് ഈ പരീക്ഷണം ചക്കയിൽ നടത്തിക്കൂടാ. അങ്ങനെ ചക്കയുണ്ടായി വരുന്ന സമയത്തുതന്നെ പ്ലാസ്റ്റിക് ചാക്കിനുള്ളിലാക്കി കെട്ടിവച്ചു. ആദ്യ പരീക്ഷണത്തിൽ തന്നെ ചെറിയ ചക്ക ഉണ്ടായ പ്ലാവിൽ വലിയ ചക്ക രൂപംകൊണ്ടു. അതും ചാക്കിനുള്ളിൽ. ചക്കച്ചുളയുടെ എണ്ണവും വലുപ്പവും കൂടി. ഇതോടെ പരീക്ഷണം വിജയിച്ചു. അങ്ങനെ പ്ലാവിലെ ചക്കകൾ ചാക്കിനുള്ളിലായി. ഒരു ചക്കയ്ക്കു പോലും കീടബാധയുമില്ല. 

ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല എന്നും കർഷകരായ ഇവർ പറയുന്നു.

പല തരത്തിൽപ്പെട്ട കോടിക്കണക്കിനു ചക്കകളാണു പ്രതിവർഷം കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. ഗ്രാമങ്ങളിൽ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളരും. അതിനാൽത്തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതും വിഷമുക്തവുമാണ്. ചക്ക സീസണയതിനാൽ സംസ്ഥാനത്തിനു പുറത്തേക്കാണ് ഇപ്പോൾ ചക്ക കൊണ്ടുപോകുന്നത്. കേരള–തമിഴ്നാട് അതിർത്തിയിൽനിന്നും ലോഡ് കണക്കിനു ചക്കയാണ് മധുര, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൊണ്ടു പോകുന്നത്.

ചക്ക ഏറെ പോഷകസമൃദ്ധവുമാണ്. പ്രോട്ടീൻ സംപുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാത്സ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്ക ചാക്കിൽ കയറ്റിയാൽ പുരയിടത്തിൽ പതിക്കുന്നത് ഒഴിവാക്കാമെന്നും കർഷകരായ ഇവർ പറയുന്നു.

English summary: Jackfruit Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com