ADVERTISEMENT

കഴിഞ്ഞ കുറെ വർഷങ്ങളായി വിപണിയിൽ   കാര്യമായി  വിലത്തകർച്ച  നേരിടാത്ത  കാര്‍ഷികോല്‍പന്നമാണ് അടയ്ക്ക. 2010 മുതൽ 2020 വരെയുള്ള 10 വർഷത്തെ വിലനിലവാരം താഴെ:

aracanut

അടയ്ക്കയ്ക്കു വിപണിയിൽ സ്ഥിരമായി നില്‍ക്കുന്ന മികച്ച വിലനിലവാരം കർഷകരില്‍ കമുകുകൃഷിയോടു താല്‍പര്യം ജനിപ്പിക്കുന്നതു സ്വാഭാവികം. കമുകുകൃഷിവിസ്തൃതിയിലും അടയ്ക്ക ഉല്‍പാദനത്തിലും ഇന്ത്യയിൽ കേരളം കർണാടകയുടെ പിറകിലായി രണ്ടാം സ്ഥാനത്താണ്.  2019-’20 ലെ കണക്കനുസരിച്ചു കേരളത്തിൽ 96,921  ഹെക്ടർ സ്ഥലത്തു  കമുകുകൃഷിയുണ്ട്. ഉല്‍പാദനം 92,755  ടൺ അടയ്ക്കയും ഉല്‍പാദനക്ഷമത ഹെക്ടറൊന്നിന് 957  കിലോയുമാണ്. 

aracanut-1

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചില പ്രദേശങ്ങളിൽ കമുകുകൃഷിയുടെ വിസ്തൃതി ക്രമാനുഗതമായി വർധിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 1990-’91ൽ  വയനാട് ജില്ലയിൽ കൃഷിവിസ്തൃതി 5212 ഹെക്ടറായിരുന്നത് 2019-’20 ല്‍ 12,258 ഹെക്ടറായി വർധിച്ചു. ഇതേ കാലയളവിൽ കാസർകോടു ജില്ലയിലെ  കൃഷിവിസ്തൃതി  12,738 ഹെക്ടറിൽനിന്ന്  21,074 ഹെക്ടറായാണ് വർധിച്ചത്. എന്നാൽ, ഉല്‍പാദനക്ഷമത കുറയുകയാണ് കേരളത്തിൽ. 1990-2000ൽ ഉല്‍പാദനക്ഷമത ഹെക്ടറൊന്നിന് 1017 കിലോയായിരുന്നത് 2019-’20 ൽ 957 കിലോയായി കുറഞ്ഞു. കീട, രോഗ ബാധയാണ് ഇതിനു പ്രധാന കാരണം. 

ലോകത്തില്‍ ഏറ്റവും കൂടുതൽ അടയ്ക്ക ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. 5,05,236 ഹെക്ടർ  കൃഷിയിൽ നിന്ന് 8,81,645 ടൺ അടയ്ക്കയാണ് 2018ല്‍ ഉല്‍പാദനം. ശരാശരി ഉല്‍പാദനക്ഷമത ഹെക്ടറൊന്നിന് 1745 കിലോ. ബംഗ്ലദേശ്, മ്യാൻമർ, ഇന്തോനേഷ്യ എന്നിവയാണ്  ഇന്ത്യയ്ക്കു പിന്നിൽ 2, 3, 4 സ്ഥാനങ്ങളിലുള്ളത്. 

വാണിജ്യവിള എന്ന നിലയില്‍ കമുകിന്റെ സാധ്യതകളും പരിമിതികളും കണക്കിലെടുത്ത് ഇന്ത്യയില്‍ അടയ്ക്ക ഉല്‍പാദനം നിയന്ത്രിക്കുന്നതിനുള്ള നയസമീപനം 1976ല്‍ തന്നെ ദേശീയ കാർഷിക കമ്മീ ഷൻ നിര്‍ദേശിക്കുകയുണ്ടായി. അടയ്ക്കയുടെ പരിമിതമായ ഉപഭോഗ–ഉല്‍പന്ന വൈവിധ്യവല്‍ക്കരണ സാധ്യതകള്‍ പരിഗണിച്ച്  കൃഷി വിസ്തൃതി അന്നത്തെ 1,70,000 ഹെക്ടറില്‍നിന്നു വര്‍ധിപ്പിക്കേണ്ടതില്ലെന്നും നിലവിലുള്ള തോട്ടങ്ങളില്‍ ശാസ്ത്രീയ പരിപാലനരീതികളിലൂടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ച് മികച്ച ആദായം ലഭ്യമാക്കണമെന്നുമായിരുന്നു കമ്മീഷന്റെ നിര്‍ദേശം. ഇതിനായി കേരളത്തിൽ ഹെക്ടറൊന്നിന് 1500 കിലോ, കർണാടകയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഹെക്ടറൊന്നിന് 2000 കിലോ എന്നീ തോതിൽ ഉല്‍പാദനക്ഷമത കൈവരിച്ചു മൊത്തം ഉല്‍പാദനം 2,70,000 ടൺ  ആയി നിയന്ത്രിച്ചുനിർത്തുക എന്നതായിരുന്നു കമ്മീഷന്റെ  നിലപാട്. 

അടയ്ക്കയ്ക്കു വിലത്തകർച്ച ഉണ്ടായപ്പോൾ കൃഷി മെച്ചപ്പെടുത്തുന്നതിനു നിർദേശങ്ങൾ സമർപ്പിക്കാനായി 2001ൽ നിയോഗിച്ച ഡോ. രത്തിനം കമ്മിറ്റിയും സമാന നയമാണ് ശുപാർശ ചെയ്തത്. തോട്ടങ്ങളിൽ കമുകിനോടൊപ്പം അതതു പ്രദേശത്തിനു പറ്റിയ ഇടവിളകള്‍ കൃഷി ചെയ്യുന്ന രീതി പ്രോത്സാഹിപ്പിച്ചു കർഷകരുടെ വരുമാനം വർധിപ്പിക്കുക, ശാസ്ത്രീയ പരിപാലന മുറകൾ അനുവർത്തിച്ച് ഉൽപാദനക്ഷമത കൂട്ടി  കൃഷി കൂടുതൽ ആദായകരമാക്കുക തുടങ്ങിയവയാണ് രത്തിനം കമ്മിറ്റിയും  നിർദേശിച്ചത്. എന്നാല്‍ വിപണി മെച്ചപ്പെട്ടതോടെ  കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിക്കുകയും  വിസ്തൃതി  നിയന്ത്രണം നടക്കാതെവരികയും  ചെയ്തു.  

നെൽപാടങ്ങൾ നികത്തിയും തീരെ യോജ്യമല്ലാത്ത പ്രദേശങ്ങളിലുമൊക്കെയാണ് കേരളത്തിൽ പലേടത്തും പുതിയ കമുകുകൃഷി. തെങ്ങിൻതോട്ടങ്ങളിൽ കമുക് ഇടവിളയാക്കുന്നതും  വ്യാപകം. യോജ്യമല്ലാത്ത സ്ഥലങ്ങളിൽ കമുക് നടുന്നതിന്റെ ദോഷം ആദ്യ വർഷങ്ങളിൽ  അത്ര പ്രകടമാവില്ല. ഉൽപാദനമാരംഭിച്ചു കുറച്ചു വർഷം കഴിയുമ്പോൾ വളർച്ചയെയും ഉൽപാദനത്തെയും ബാധിക്കുന്ന രീതിയിൽ വിവിധ പ്രശ്നങ്ങൾ നേരിടേണ്ടി വരും. നല്ല നീർവാർച്ചയുള്ള മണ്ണ്/ കൃഷിഭൂമിയാണ് കമുകിനു യോജ്യം. വെള്ളം കെട്ടിനിൽക്കുന്ന, വായുസഞ്ചാരം കുറഞ്ഞ, കളിമണ്ണിന്റെ അംശം കൂടിയ നെൽവയലുകൾ നികത്തി ഇതു നടുന്നത് ഒട്ടും നന്നല്ല. പക്ഷേ, കേരളത്തിലെ വടക്കൻ ജില്ലകളിൽ വൻ തോതിൽ വയലുകൾ നികത്തിയാണ്  നട്ടിട്ടുള്ളത്. നെൽകൃഷി ആദായകരമല്ലാത്തതും അടയ്ക്കയ്ക്ക് വിപണിയിൽ വില ഉയര്‍ന്നതും വയൽ നികത്തി കമുകു നടുന്നതിനു കർഷകരെ പ്രേരിപ്പിക്കുന്നു. എന്നാല്‍  ഇങ്ങനെ വയൽ നികത്തി കമുകു നട്ട പല തോട്ടങ്ങളിലും ഒട്ടേറെ പ്രശ്നങ്ങളാണ്. വളർച്ചയെയും വിളവിനെയും ബാധിക്കുന്ന രീതിയിൽ മണ്ടയടപ്പും മറ്റു രോഗ, കീടബാധകളും ഇത്തരം തോട്ടങ്ങ ളിൽ കൂടിയ തോതിൽ കാണുന്നു.  വാണിജ്യവിളകൾക്കുവേണ്ടി വയലുകൾ നികത്തുന്നത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് ഒട്ടും നിരക്കുന്നതല്ലെന്നും ഓര്‍മിക്കണം.  

കമുകും  തെങ്ങും ഒരേ വളർച്ചസ്വഭാവമുള്ള ഒറ്റത്തടി വൃക്ഷവിളകളാണ്. അതുകൊണ്ട് തെങ്ങിനൊപ്പം കമുക് ഇടവിളയായി കൃഷി ചെയ്യുമ്പോൾ വളർച്ചയ്ക്കു വേണ്ട മണ്ണ്, വെള്ളം, സൂര്യപ്രകാശം എന്നീ അടിസ്ഥാന വിഭവങ്ങൾക്കു വേണ്ടി ഇവ തമ്മിൽ മത്സരമുണ്ടാക്കും. അതുകൊണ്ട് തെങ്ങിനൊപ്പം കമുകു നടുന്നത്  അഭികാമ്യമല്ല. എന്നാൽ കൂടിയ അകലത്തിൽ  (8-9 മീറ്ററിൽ കൂടുതൽ ) ആണ് തെങ്ങുകൾ  നട്ടിട്ടുള്ളതെങ്കിൽ കമുക്  ഇടവിളയാക്കുന്നതുകൊണ്ട്  വലിയ ദോഷമില്ല. പക്ഷേ വേണ്ടത്ര അകലത്തിലല്ലാതെയുള്ള  തെങ്ങുകൾക്കിടയില്‍ തലങ്ങും വിലങ്ങും കമുകു നടുന്നതായാണ്  കാണുന്നത്.  തെങ്ങുപോലുള്ള വിളകളുമായി താരതമ്യം ചെയ്യുമ്പോൾ  കമുകിന്റെ കാര്യത്തില്‍ ഉല്‍പന്ന വൈവിധ്യവല്‍ക്കരണസാധ്യത വളരെ പരിമിതമാണ്. 

ആരോഗ്യപാലനത്തില്‍ ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്ന സാഹചര്യത്തിൽ അടയ്ക്കയുടെ പരമ്പരാഗത ഉപയോഗത്തിന്റെ തോത് കുറയാനാണ് സാധ്യത. അതിനാല്‍  കൂടുതൽ സ്ഥലത്ത് പുതുതായി  കൃഷി ചെയ്യേണ്ടതുണ്ടോ എന്ന് കര്‍ഷകര്‍ ആലോചിക്കണം.  പകരം പ്രായം ചെന്നതും കീട,രോഗ ബാധ മൂലം  ഉൽപാദനക്ഷമത കുറഞ്ഞതുമായ  മരങ്ങൾ മുറിച്ചുമാറ്റി പകരം മികച്ച ഇനങ്ങളുടെ ഗുണ മേന്മയുള്ള തൈകൾ വച്ചുപിടിപ്പിക്കുന്നതും  നിലവിലുള്ള തോട്ടങ്ങളിൽ ശാസ്ത്രീയ പരിപാലനമുറ കൾ അവലംബിച്ച് ഉല്‍പാദനക്ഷമത വർധിപ്പിക്കുന്നതും കമുകധിഷ്ഠിത ബഹുവിള–സമ്മിശ്രക്കൃഷി  അവലംബിക്കുന്നതുമാണ് നന്ന്.   

കമുകുകൃഷി പാക്കേജിന്റെ ഭാഗമായി ഈ വർഷം സംസ്ഥാന കൃഷിവകുപ്പ് ഒട്ടേറെ സഹായപദ്ധതികളാണ് 6ജില്ലകളിൽ നടപ്പാക്കുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി  ജില്ലകളിൽ  വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചും കാസര്‍കോട് ജില്ലയിൽ വികസന പാക്കേജിന്റെ ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതികള്‍.   മഹാളി, മണ്ടചീയൽ രോഗങ്ങൾക്കെതിരെ മരുന്നുതളിക്കല്‍, മരുന്നുതളിക്കു സ്പ്രേയറുകൾ ലഭ്യമാക്കല്‍, ഓല മഞ്ഞളിപ്പ്, മണ്ടചീയൽ എന്നിവ ബാധിച്ചു നശിച്ച മരങ്ങള്‍  മുറിച്ചു മാറ്റി  പകരം പുതിയ തൈകൾ നടീല്‍, ജൈവവളപ്രയോഗം, ഇടവിളക്കൃഷി എന്നിവ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ ഘടകങ്ങളാണ്  പാക്കേജിലുള്ളത്. ഈ അവസരം കമുകു കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണം. 

ഓല മഞ്ഞളിപ്പ്, മഹാളി , പൂങ്കുല കരിച്ചിൽ തുടങ്ങിയ രോഗങ്ങൾ, തിരിയോലച്ചാഴി, വേരുതീനിപ്പുഴു , മണ്ഡരി, പെന്റാറ്റോമിഡ്‌ ചാഴി തുടങ്ങിയ കീടങ്ങൾ, വിളവെടുപ്പിനും മരുന്നുതളിക്കും  തൊഴിലാളികളെ ആവശ്യത്തിനു കിട്ടാത്തത്,  ഉയർന്ന കൂലിനിരക്ക് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍  കമുകു കർഷകർ ഇന്നു നേരിടുന്നുണ്ട്. അതിവൃഷ്ടി, വരൾച്ച എന്നിവ മൂലം വിളനാശ സാഹചര്യവുമുണ്ട്. തോട്ട പുനരുദ്ധാരണത്തിനു  നല്ല തൈകൾ  ലഭിക്കാത്തതും പ്രശ്നമാണ്.   

ആകർഷകമായ വിലനിലവാരം ഇപ്പോഴുണ്ടെങ്കിലും അടയ്ക്കാവിപണിയില്‍ അസ്ഥിരത എപ്പോഴും പ്രതീക്ഷിക്കേണ്ടതുണ്ട്.  ദീഘകാല വിളകളെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ കൃഷി സമ്പ്രദായ ത്തില്‍ ഉൽപന്നങ്ങളുടെ വിപണിവിലയുടെ ഏറ്റക്കുറവനുസരിച്ച് വിളകൾ ഇടയ്ക്കിടെ മാറ്റുന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ  ഓരോ വിളയുടെയും വിസ്തൃതിയും ഉല്‍പാദനവും  നിയന്ത്രിച്ചു നിര്‍ത്തുന്നതു പ്രധാനമാണ്.  

വിലാസം:  പ്രിൻസിപ്പൽ സയന്റിസ്റ്റ്,  കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം, കാസര്‍കോട്. ഫോണ്‍: 94461 69695 ∙ മേധാവി, കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം സ്റ്റേഷൻ,  വിട്ടൽ, കര്‍ണാടക)

English summary: Arecanut Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com