ADVERTISEMENT

സൂര്യപ്രകാശം ഭൂമിയെ തഴുകുന്നതുകൊണ്ടാണ് ഇവിടെ ജീവന്‍ നിലനില്‍ക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍, സൂര്യനെ ആശ്രയിക്കാതെ വിളകള്‍ വളര്‍ത്തി ആഹാരം ഉല്‍പാദിപ്പിക്കുകയാണ് ആധുനിക മനുഷ്യന്‍. അടഞ്ഞ മുറികളിലും കണ്ടെയ്‌നറുകളിലുമൊക്കെ കൃതിമ വെളിച്ചം നല്‍കി ഇലവര്‍ഗച്ചെടികളും മൈക്രോഗ്രീന്‍സുമൊക്കെ വളര്‍ത്തുന്ന ഇന്‍ഡോര്‍ ഫാമുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും  സജീവമാണിപ്പോള്‍. 

വെര്‍ട്ടിക്കല്‍ ഫാമിങ്, ഹൈഡ്രോപോണിക്‌സ്, ബയോസെന്‍സറുകള്‍ എന്നിങ്ങനെ ഒട്ടേറെ സങ്കേതങ്ങള്‍  യോജിപ്പിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എല്‍ഇഡി ലൈറ്റിങ് സാങ്കേതികവിദ്യയാണ് ഈ ഉല്‍പാദന വിപ്ലവത്തിലെ നിര്‍ണായക ഘടകം. നേരത്തിനും കാലത്തിനും വെളിച്ചത്തിനുമൊക്കെ കൃഷിയിലുണ്ടായിരുന്ന സ്ഥാനം തിരുത്തിയെഴുതാന്‍ അഗ്രിക്കള്‍ച്ചറല്‍ എല്‍ഇഡി സംവിധാനങ്ങള്‍ക്കു സാധിക്കും. 

എന്താണ് എല്‍ഇഡി? ലൈറ്റ് എമിറ്റിങ് ഡയോഡ് എന്നതിന്റെ ചുരുക്കപ്പേരാണത്. പ്രകാശം ഉതിര്‍ക്കുന്ന ഡയോഡുകള്‍ ഉപയോഗിച്ച് വിവിധ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശകിരണങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഈ സാധ്യത ഉപയോഗിച്ച് സൂര്യപ്രകാശത്തിലെ വിവിധ ഘടകങ്ങള്‍ സൃഷ്ടിക്കുകയാണ് അഗ്രിക്കള്‍ച്ചര്‍ എല്‍ഇഡി ലൈറ്റിങ്ങില്‍ ചെയ്യുന്നത്. സൂര്യപ്രകാശമെന്നത് ഫോട്ടോണ്‍ പ്രവാഹമാണെന്ന ശാസ്ത്രപാഠവും ഇതോടൊപ്പം ഓര്‍മിക്കാം. ധവളപ്രകാശം വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിഘടിച്ച് പല വര്‍ണങ്ങളായി മാറുന്നത് നാം കണ്ടിട്ടുണ്ട്. ഓരോ വര്‍ണകിരണവും സസ്യങ്ങളില്‍ വ്യത്യസ്ത സ്വാധീനമാണ് ചെലുത്തുന്നത്. ചില കിരണങ്ങള്‍ കായികവളര്‍ച്ചയെ ഉദ്ദീപിപ്പിക്കുമ്പോള്‍ മറ്റു ചിലത് പൂവിടാന്‍ പ്രേരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ചെടികളിലെ ആന്തരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാമെന്നായിട്ടുണ്ട്. 

indoor-vegetables-1

വ്യത്യസ്ത തരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ച് നിറം, വളര്‍ച്ച എന്നിവയെ സ്വാധീനിക്കാമെന്നായതോടെ ഒരേ ഇനം വിത്തില്‍നിന്ന് വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയ ഉല്‍പന്നങ്ങള്‍ നേടാന്‍ കഴിയുന്നു. വിളകളുടെ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ഈ സംവിധാനം പര്യാപ്തമാണ്. വിളകളുടെ രുചിയും പോഷക നിലവാരവും സൂക്ഷിപ്പുകാലവുമൊക്കെ ഈ രീതിയില്‍  ലൈറ്റടിച്ചു നിയന്ത്രിക്കാമത്രെ. പല തട്ടുകളായി കൃത്രിമ വെളിച്ചം നല്‍കാനാവുമെന്നതിനാല്‍ അകത്തളങ്ങളിലെ ലംബകൃഷി കൂടുതല്‍ ഉല്‍പാദനക്ഷമമാക്കാന്‍ എല്‍ഇഡി സഹായകമാണ്. വാതില്‍പുറ കൃഷിയുടെ പല പരിമിതികളും കൃത്രിമ വെളിച്ചത്തിന്റെ സഹായത്തോടെയുള്ള അകത്തളക്കൃഷിക്കില്ല. 

അതിവേഗം വളര്‍ച്ച പൂര്‍ത്തിയാകുമെന്നതിനാല്‍ വര്‍ഷം മുഴുവന്‍ കൂടുതല്‍ തവണ, കൂടുതല്‍ സമൃദ്ധമായി  വിള വെടുക്കാമെന്നതാണ് പ്രധാന ആകര്‍ഷണം. പല തട്ടുകളിലായി കൂടുതല്‍ തൈകള്‍ നടാം. സൂര്യപ്രകാശം ആവശ്യമില്ലാത്തതിനാല്‍ കാലിയായ ഗോഡൗണുകള്‍, കണ്ടെയ്‌നറുകള്‍ എന്നിവയൊക്കെ ഇന്‍ഡോര്‍ ഫാമുകളാക്കി മാറ്റാം. നഗരങ്ങളിലെ മുഖ്യ വിപണിയോടു ചേര്‍ന്നുതന്നെ ഉയര്‍ന്ന തോതിലുള്ള ഉല്‍പാദനം സാധ്യമാകുമെന്ന തിനാല്‍ വിദൂരത്തുനിന്നെത്തിക്കുന്നതു മൂലമുള്ള കേടുപാടുകളും പാഴ്‌ചെലവും ഒഴിവാക്കാം  കടത്തുകൂലി ലാഭിക്കാം. നിയന്ത്രിത അന്തരീക്ഷത്തില്‍ വളരുന്നതിനാല്‍ കാലാവസ്ഥാമാറ്റം, കീട-രോഗബാധ എന്നിവമൂലം ഉല്‍പാദനം കുറയില്ലെന്ന മെച്ചവുമുണ്ട്. 

indoor-vegetables-2

തുറസ്സായ കൃഷിയിടത്തിലുണ്ടാകാനിടയുള്ള വിവിധ സമ്മര്‍ദങ്ങള്‍ ഒഴിവാകുമെന്നതിനാല്‍  വിളകള്‍ക്ക് ജനിതക മാറ്റത്തിലൂടെ അതിജീവനശേഷി നല്‍കേണ്ടി വരുന്നില്ല. കേവലം 12,000 ചതുരശ്രയടി വിസ്തൃതിയുള്ള  ഇന്‍ഡോര്‍ ഫാമില്‍നിന്ന് ഒരു ലക്ഷം കിലോ പച്ചക്കറിവിളകള്‍ ഉല്‍പാദിപ്പിക്കാനാവുമത്രെ. പരമ്പരാഗത രീതിയില്‍ 80 ഏക്കര്‍ കൃഷിയിടത്തില്‍ കിട്ടുന്ന ഉല്‍പാദനമാണിത്. കാലാവസ്ഥ പരിഗണിക്കാതെ പ്രതിവര്‍ഷം 15 തവണ വിള വിറക്കാന്‍ കഴിയുന്നതുമൂലമാണിത്.

ഇതൊക്കെയാണെങ്കിലും സൂര്യപ്രകാശത്തോളം വരില്ല എല്‍ഇഡി പ്രകാശമെന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് ചില ഗവേഷകര്‍ പറയുന്നു. വിളകളിലെ പ്രകാശസംശ്ലേഷണ പ്രവര്‍ത്തനങ്ങള്‍ സൂര്യപ്രകാശത്തേക്കാള്‍ ഫലപ്രദമായി നടത്താന്‍ എല്‍ഇഡി വെളിച്ചത്തിനു കഴിയുമത്രെ. സൂര്യപ്രകാശത്തിന്റെ  കൂടിയ ചൂട് സസ്യകോശങ്ങള്‍ക്ക് ഹാനികരമാകാറുണ്ട്. കൂടുതല്‍ സാന്ദ്രതയില്‍ കൃഷിചെയ്യുന്ന നഗരക്കൃഷിയിടങ്ങളില്‍ ഈ പ്രശ്‌നം രൂക്ഷമായിരിക്കും. എന്നാല്‍ എല്‍ഇഡി പ്രകാശത്തിനു തീരെ ചൂടില്ലാത്തതിനാല്‍ വിളകള്‍ തിങ്ങിവളരും. 

കൃഷിയിടത്തില്‍ കൃത്രിമവെളിച്ചമേകാന്‍ സോഡിയം, ഫ്‌ലൂറസെന്റ്, ഇന്‍കാന്‍ഡസെന്റ് ലൈറ്റുകളെക്കാള്‍ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമാണ് എല്‍ഇഡി. തുടര്‍ച്ചയായി ഏകദേശം 50,000 മണിക്കൂര്‍ പ്രകാശി ക്കാന്‍ കഴിയുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് 6 വര്‍ഷത്തെ ആയുസ്സാണ് പറയുന്നത്. എന്നാല്‍ പകുതി സമയം മാത്രം തെളിയുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ ഇത് 11 വര്‍ഷം വരെ  നീട്ടാം. പ്രാരംഭച്ചെലവ് വളരെ കൂടുതലാ ണെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ എല്‍ഇഡി സാങ്കേതികവിദ്യ സാമ്പത്തികക്ഷമമാണെന്നു വ്യക്തം.

English summary: Growing Vegetables with LED Lights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com