ADVERTISEMENT

മട്ടുപ്പാവില്‍പോലും ബ്രഹ്മിയും വനിലയുമൊക്കെ ആദായകരമായി കൃഷി ചെയ്യാമെന്നായാലോ? കൊക്കോയുടെ അതിസാന്ദ്രതാ കൃഷിയിലൂടെ ഇരട്ടി വരുമാനം കിട്ടുമെങ്കില്‍! സര്‍ക്കാര്‍ സബ്‌സിഡിയില്ലാതെ നെല്ലിന് 36 രൂപ വില കിട്ടുമെങ്കില്‍... കാര്‍ഷികമേഖലയ്ക്കു പ്രത്യാശ പകരുകയാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ സിന്തൈറ്റിന്റെ കാര്‍ഷിക വിഭാഗം.

അരിയും പച്ചക്കറിയുമൊഴികെ, നമ്മുടെ കാര്‍ഷികോല്‍പന്നങ്ങളിലേറെയും വ്യവസായമേഖലയ്ക്ക് ആവശ്യമുള്ളവയാണ്. റബറും തേയിലയും സുഗന്ധവിളകളും കൊപ്രയും പാലുമൊക്കെ വ്യാവസായിക സംരംഭകരുടെ അസംസ്‌കൃത വസ്തുക്കള്‍. നെല്ലിന്റെ സംസ്‌കരണംപോലും ഏറക്കുറെ വ്യാവസായികാടിസ്ഥാനത്തിലുള്ള മില്ലുകളിലേക്ക് മാറിക്കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും  കാര്‍ഷികമേഖലയും വ്യവസായമേഖലയുമായി കൈകോര്‍ക്കുന്നത് ഇവിടെ അപൂര്‍വം. വ്യവസായത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പാദനം ക്രമീകരിക്കാന്‍ കൃഷിക്കാര്‍ക്കു കഴിയും. പക്ഷേ അവരുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വ്യവസായസംരംഭകര്‍ എന്തു സംഭാവനയാണ് നല്‍കുക? അധികവില ഉറപ്പാക്കുക മാത്രമാണോ വ്യവസായമേഖലയ്ക്ക് നല്‍കാനാവുന്ന പിന്തുണ? ക്രമാതീതമായി ഉയര്‍ന്ന വില നല്‍കി ഒരു സംരംഭത്തിനും മത്സരക്ഷമമാകാനാവില്ല. അതുകൊണ്ടുതന്നെ അധികവിലയെന്ന ആശയത്തിനു പരിമിതികളേറെ.

എന്നാല്‍ മറ്റു മാര്‍ഗങ്ങളിലൂടെ കൃഷി ആദായകരമാക്കാന്‍ കഴിഞ്ഞാലോ? ഉല്‍പാദനച്ചെലവ് കുറയ്ക്കണമെന്നും ഉല്‍പാദനക്ഷമത കൂട്ടണമെന്നുമൊക്കെ ദശകങ്ങളായി കൃഷിക്കാര്‍ കേള്‍ക്കാറുണ്ട്. വിപണിക്കു വേണ്ട ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കണമെന്നാണ് മറ്റൊരു ഉപദേശം: എന്നാല്‍ ഇതൊക്കെ എങ്ങനെ സാധ്യമാക്കാമെന്നു മാത്രം ആരും പറയാറില്ല.

കൃഷിവകുപ്പും ഗവേഷണസ്ഥാപനങ്ങളുമൊക്കെ പറയുന്നതു കേട്ട് ഉല്‍പാദനമുണ്ടാക്കുമ്പോള്‍ വ്യവസായമേഖല കൈമലര്‍ത്തും. മറിച്ച്, വ്യവസായമേഖലയ്ക്ക് ആവശ്യമായ ഉല്‍പാദനം നടത്താന്‍ വേണ്ട അറിവ് തേടുമ്പോള്‍ സര്‍ക്കാരും ഗവേഷകരും കണ്ണുമിഴിക്കും- ഇതാണ് നമ്മുടെ നാട്ടിലെ സ്ഥിതി. എന്നാല്‍ സ്വന്തം കൃഷിക്കാര്‍ക്കു വേണ്ട ഗവേഷണപിന്തുണയും സാങ്കേതികവിദ്യയുമായാണ് സിന്തൈറ്റ് ഗ്രൂപ്പ് പുതിയ മാതൃക സൃഷ്ടിക്കുന്നത്. ഉല്‍പാദകനു തങ്ങള്‍ നല്‍കുന്ന വില ആദായകരവും മെച്ചപ്പെട്ട ജീവിതനിലവാരത്തിന് ഉതകുന്നതുമാണെന്ന് ഉറപ്പാക്കാനുള്ള സാങ്കേതികബാധ്യത കമ്പനി ഏറ്റെടുക്കുകയാണിവിടെ.

കോ-ഫാമിങ് എന്ന ഈ മാതൃക കരാര്‍ കൃഷിയെക്കാള്‍ ഫലപ്രദമായിരിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു. വില വര്‍ധിപ്പിക്കാതെതന്നെ കൃഷി ആദായകരമാക്കാന്‍ കഴിഞ്ഞാല്‍ ഇരുകൂട്ടര്‍ക്കും നേട്ടമാണല്ലോ. മത്സരക്ഷമമായ വിലയ്ക്ക് ആദായകരമായ കൃഷി- അതാണ് ലക്ഷ്യം.

പുത്തനാശയങ്ങള്‍ പരീക്ഷിക്കാന്‍ തല്‍പരരായ യുവകര്‍ഷകരുടെ പങ്കാളിത്തമാണ് കമ്പനി ആഗ്രഹിക്കുന്നതെന്നു സിന്തൈറ്റ് ഡയറക്ടര്‍ അജു ജേക്കബ്  പറഞ്ഞു. വിദ്യാഭ്യാസവും നിക്ഷേപശേഷിയുമുള്ള പുതുതലമുറ കര്‍ഷകര്‍ക്കു മാത്രമേ ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്ഥലപരിമിതിയുള്ള കേരളത്തിലെ യുവാക്കള്‍ക്കു യോജിച്ച കൃഷിസമ്പ്രദായങ്ങള്‍ വികസിപ്പിക്കുന്നതിന്  സിന്തൈറ്റ് അഗ്രോ ഡിവിഷനു കീഴില്‍ പ്രത്യേക ടീം തന്നെ പ്രവര്‍ത്തിക്കുന്നു. വരുമാനസാധ്യതയുള്ളതും വിപണിക്കു ചേരുന്നതുമായ പുതുതലമുറകൃഷിരീതികള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങളിലാണവര്‍. കാര്‍ഷിക- മാനേജ്‌മെന്റ് മേഖലകളി ല്‍ വൈദഗ്ധ്യമുള്ള ഈ ടീം  കേരളത്തിലെ കര്‍ഷകര്‍ക്കു നേട്ടമാകുന്ന ഏതാനും സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു.  യഥാര്‍ഥ സാഹചര്യങ്ങളില്‍ പരീക്ഷിച്ചു ഫലപ്രദമെന്ന് ഉറപ്പാക്കിയ ഈ സമ്പ്രദായങ്ങള്‍  വൈകാതെ കൃഷിക്കാരുമായി പങ്കിടും.  പ്രാഥമിക പരീക്ഷണഘട്ടം മാത്രം പൂര്‍ത്തിയാക്കിയ ഈ രീതികള്‍ സിന്തൈറ്റിലെ വിദഗ്ധരുടെ  മേല്‍നോട്ടത്തിലും നിര്‍ദേശങ്ങളനുസരിച്ചും  മാത്രം ചെയ്യുന്നതാവും നല്ലത്.  നാളത്തെ കൃഷി എങ്ങനെയാവണമെന്നു സൂചിപ്പിക്കുന്ന ഈ സങ്കേതങ്ങള്‍ പരിചയപ്പെടാം.

synthite-cocoa

കൊക്കോ അതിസാന്ദ്രതാകൃഷി

കൊക്കോക്കൃഷിയുടെ സാമ്പത്തികശാസ്ത്രമൊക്കെ മലയാളിക്കു സുപരിചിതം. ഒരു ഏക്കറിലെ 450 കൊക്കോയില്‍നിന്ന് ഒരു വര്‍ഷം ശരാശരി 900 കിലോ ഉണക്കക്കുരു കിട്ടും. ഈ കണക്ക് പൊളിച്ചെഴുതുകയാണ് സിന്തൈറ്റ് അഗ്രോ അതിസാന്ദ്രതാകൃഷിയിലൂടെ. ഇതനുസരിച്ച് ഏക്കറില്‍ 1778  ചെടികളാണ് നടുക. ചെടികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം. ഈ രീതിയില്‍ ഒരു ഏക്കറില്‍നിന്ന് ഒരു വര്‍ഷം 1700 കിലോ ഉണക്കക്കുരു കിട്ടും. ഒരു ചെടിയില്‍നിന്ന് ശരാശരി ഒരു കിലോ മാത്രം ഉല്‍പാദനം പ്രതീക്ഷിക്കുന്ന കണക്കാണിത്.

ഐവറികോസ്റ്റിലും മറ്റും വിജയിച്ച അതിസാന്ദ്രതാരീതി കടയിരുപ്പിലെ സിന്തൈറ്റ് ഫാമില്‍ 4 വര്‍ഷമായി പരീക്ഷിച്ചുവരികയാണ്.  ഒന്നര മീറ്ററിനൊപ്പം 1 മീറ്റര്‍, 2 മീറ്റര്‍, 2.5 മീറ്റര്‍ എന്നിങ്ങനെ വ്യത്യസ്ത ഇടയകലങ്ങള്‍ പരീക്ഷിച്ചതില്‍ ഏറ്റവും വിജയകരമായി കണ്ടത് ഒന്നര മീറ്റര്‍ അകലമായിരുന്നു. 3 വര്‍ഷമായ കൃഷിയിടത്തില്‍നിന്ന് ഏക്കറിന് അര ടണ്ണിലേറെ വിളവു ലഭിച്ചുകഴിഞ്ഞു. അടുത്ത വര്‍ഷം ഇത് ഇരട്ടിക്കുമെന്ന കാര്യത്തില്‍ സീനിയര്‍ അഗ്രോണമിസ്റ്റ് ജിതിനു സംശയമില്ല. അകലം കുറയ്ക്കുന്നതിനൊപ്പം കമ്പുകോതലിലും വളപ്രയോഗത്തിലുമൊക്കെ ശാസ്ത്രീയസമീപനം സ്വീകരിക്കുമ്പോഴേ അതിസാന്ദ്രതാകൃഷി വിജയിക്കൂ. ഫെര്‍ട്ടിഗേഷന്‍സംവിധാനത്തിലൂടെ പോഷകങ്ങള്‍ തുടര്‍ച്ചയായി നല്‍കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളില്‍ കമ്പ് കോതുകയും വേണം. ഉയരം കുറയ്ക്കുന്നതിനാല്‍ വിളവെടുപ്പ് എളുപ്പമാകും.

ഒരു ചെടിയില്‍നിന്നുള്ള ശരാശരി ഉല്‍പാദനം കുറയുമെങ്കിലും യൂണിറ്റ് വിസ്തൃതിയില്‍നിന്നുള്ള വരുമാനം ഇരട്ടിക്കുമെന്നതാണ് ഈ രീതിയുടെ മെച്ചം. വിലയില്‍ ഇടിവുണ്ടായാല്‍പോലും കൃഷി നഷ്ടമാകാതിരിക്കാനും ഇതുപകരിക്കും.

പുതിയ രീതിയില്‍ താല്‍പര്യമുള്ള കര്‍ഷകരുമായി കൈകോര്‍ക്കാന്‍ സിന്തൈറ്റ് സന്നദ്ധമാണ്. കോലഞ്ചേരി കടയിരുപ്പിലെ കമ്പനി ആസ്ഥാനത്തിന് 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള കര്‍ഷകര്‍ക്ക് അതിസാന്ദ്രതാരീതി പരീക്ഷിക്കുന്നതിനു  സാങ്കേതിക- വിപണന പിന്തുണ കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവാരമനുസരിച്ച് കിലോയ്ക്ക് 300 രൂപ വരെ ഉണങ്ങിയ കൊക്കോക്കുരുവിനു കമ്പനി വില നല്‍കുന്നുണ്ട്. വര്‍ഷംതോറും 100 ടണ്ണോളം കൊക്കോക്കുരു സംസ്‌കരണത്തിനായി വേണ്ടിവരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇത്രയും ഉല്‍പാദനം പ്രാദേശികമായി ലഭ്യമാക്കാന്‍ അതിസാന്ദ്രതാകൃഷി സഹായകമാകുമെന്നാണ് പ്രതീക്ഷ. 

synthite

മണ്ണില്ലാതെ വനില

കാര്‍ഷിക കേരളത്തിനു പറ്റിയ അബദ്ധമായാണ് പലരും വനിലയെ കാണുന്നത്: എന്നാല്‍ ആ ധാരണ തിരുത്തുന്ന കൃഷിയും കടയിരിപ്പിലെ സിന്തൈറ്റ് ഫാമില്‍ കാണാം. അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്ന ഈ പരീക്ഷണം വിജയിച്ചാല്‍ നഗരങ്ങളിലെ മട്ടുപ്പാവുകളില്‍പോലും ആദായകരമായി വനിലക്കൃഷി നടത്താനാകും.  ഹൈഡ്രോപോണിക്‌സിന്റെ തത്വങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഈ മാതൃകയ്ക്ക് വനിലപ്പോണിക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് വീപ്പകളില്‍ ചകിരിത്തൊണ്ടിന്റെ ചെറുകഷണങ്ങളും ചാണകപ്പൊടിയും ചകിരിപ്പിത്തും നിശ്ചിത അനുപാതത്തില്‍ കലര്‍ത്തി നിറച്ചശേഷം വനില നടുന്ന രീതിയാണിത്. സസ്യവളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനി മാസത്തിലൊരിക്കല്‍ വീപ്പയിലൊഴിച്ചു കൊടുക്കുകയേ വേണ്ടൂ. കൂടാതെ മാസം തോറും പത്രപോഷണമായും വളം നല്‍കും. കൃത്യമായ തോതിലും ഇടവേളയിലും പോഷകങ്ങള്‍ കിട്ടുന്നതിനാല്‍ വനില അതിവേഗം വളര്‍ന്ന് ഫലം നല്‍കും. മണ്ണില്‍നിന്നു പകരുന്ന രോഗങ്ങളാണ് പലപ്പോഴും വനിലകര്‍ഷകര്‍ക്ക് തിരിച്ചടിയാകാറുള്ളത്. ഫംഗസ്ബാധമൂലം തോട്ടമൊന്നടങ്കം നശിച്ച അനുഭവങ്ങള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ മണ്ണില്ലാതെയുള്ള ഈ കൃഷിയില്‍ അത്തരം ഭീഷണികള്‍ പൂര്‍ണമായി ഒഴിവാകും. 

കുടുംബാംഗങ്ങളുടെ പരിചരണത്തിലൂടെ നടത്താവുന്ന ചെറിയ ഫാമുകളാണ് വനിലപ്പോണിക്‌സിനായി സിന്തൈറ്റ് നിര്‍ദേശിക്കുന്നത്. പത്തു സെന്റ് ഇടമുണ്ടെങ്കില്‍ 350 യൂണിറ്റ് വനില ഈ രീതിയില്‍  കൃഷിചെയ്യാന്‍ സാധിക്കും. ഒരു യൂണിറ്റില്‍ രണ്ടു വള്ളികള്‍ വീതം ആകെ 700 ചെടികള്‍. 50 ശതമാനം തണല്‍വലയ്ക്കു കീഴിലാണ് ഇവ ക്രമീകരിക്കേണ്ടത്. ഈ രീതിയില്‍ വീടുകളുടെ മട്ടുപ്പാവില്‍പോലും 50-100 ചുവട് വളര്‍ത്താം. പരമ്പരാഗതരീതിയില്‍ 700 ചുവട് വനിലയ്ക്ക് ഒരു ഏക്കര്‍ സ്ഥലം വേണ്ടിവരുമെന്നോര്‍ക്കുക. സിന്തൈറ്റ് കൃഷി യിടത്തിലെ 10-15 ശതമാനത്തോളം വനിലവള്ളികളില്‍ രണ്ടാം വര്‍ഷം തന്നെ കായ്പിടിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം 100 ശതമാനം ആദായത്തിലെത്തുമെന്ന കാര്യത്തില്‍ സീനിയര്‍ അഗ്രോണമിസ്റ്റ് അന്‍വറിനു തെല്ലും സംശയമില്ല. ഉല്‍പാദനം കിട്ടുമെന്നുറപ്പായെങ്കിലും വനിലപ്പോണിക്‌സ് രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന കായ്കളില്‍ വ്യവസായത്തിനാവശ്യമായ തോതില്‍ വനിലിന്‍  അടങ്ങിയിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനു ശേഷമേ ഈ സാങ്കേതികവിദ്യ കൃഷിക്കാര്‍ക്ക്  കൈമാറുകയുള്ളൂ. 

പത്തു സെന്റില്‍ 350 യൂണിറ്റ് വനില കൃഷി ചെയ്താല്‍  നാലാം വര്‍ഷം കുറഞ്ഞത് 150 കിലോ ഉണക്ക വനില കിട്ടുമെന്ന് അന്‍വര്‍ പറഞ്ഞു. സിന്തൈറ്റിന്റെ രണ്ടായിരത്തോളം ജീവനക്കാര്‍ അധിക വരുമാനസാധ്യതയായി വനിലപ്പോണിക്‌സ് കൃഷി നടത്തിയാല്‍പോലും തങ്ങള്‍ക്കാവശ്യമായ 40 ടണ്‍ ഉല്‍പാദനം പ്രാദേശികമായി കണ്ടെത്താമെന്ന് അഗ്രോണമി ഡിവിഷന്‍ മേധാവി ജിതിന്‍ചന്ദ് ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്ത വനിലയാണ് ഇപ്പോള്‍ കമ്പനി ഉപയോഗിക്കുന്നത്. വിപണിവിലയിലെ ചാഞ്ചാട്ടങ്ങള്‍ ബാധിക്കാത്ത വിധത്തില്‍ വനില ഉല്‍പാദിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ പര്യാപ്തമാണ്. 

മഡഗാസ്‌കറിലെ ഉല്‍പാദനത്തിലുണ്ടാകുന്ന ഏറ്റക്കുറവുകളാണ് വനിലയ്ക്ക്  മോഹവില നല്‍കുന്നത്. അതു പ്രതീക്ഷിച്ച് കൃഷി ചെയ്യുന്നത് ഇപ്പോഴും അബദ്ധം തന്നെ. എന്നാല്‍ ലോകമാകെ പ്രകൃതിദത്ത വനിലയിലേക്ക് ചുവടു മാറുന്നതിനാല്‍ കുറഞ്ഞത് 150 ഡോളര്‍ വില ഉറപ്പാണ്. എന്നാല്‍ 50 ഡോളര്‍  വില കിട്ടിയാല്‍പോലും വനിലപ്പോണിക്‌സ് ഉല്‍പാദനം നഷ്ടമാകില്ലെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി. വളര്‍ച്ചമിശ്രിതം നിറച്ച ഒരു വീപ്പയിലെ രണ്ടു വള്ളികളടങ്ങിയ യൂണിറ്റിന് 1300 രൂപയോളം പ്രാരംഭ മുടക്കുമുതല്‍ വരുമെങ്കിലും വനിലപ്പോണിക്‌സില്‍ പിന്നീടുള്ള ചെലവ് താരതമ്യേന കുറവായിരിക്കുമെന്നു ജിതിന്‍ പറയുന്നു. സ്വന്തമായി ചാണകപ്പൊടിയുള്ളവര്‍ തൊഴിലാളികളുടെ സഹായമില്ലാതെ യൂണിറ്റുകള്‍ ക്രമീകരിച്ചാല്‍ പ്രാരംഭച്ചെലവ് ഗണ്യമായി കുറയ്ക്കാനാവും. തുടര്‍ന്ന് വര്‍ഷം തോറും 200 രൂപയുടെ ആവര്‍ത്തനച്ചെലവേ ഓരോ യൂണിറ്റിനും വേണ്ടിവരൂ- അന്‍വര്‍ പറഞ്ഞു.

synthite-brahmi

ഹൈഡ്രോപോണിക്‌സ് ബ്രഹ്മി

ബക്കോപ്പ മൊണിയേറി അഥവാ ബ്രഹ്മി കണ്ടാല്‍ തിരിച്ചറിയാത്തവര്‍പോലും ഔഷധസസ്യമെന്ന നിലയില്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കിവരികയാണ്. മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനുമൊക്കെ ബ്രഹ്മി ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവരേറെ, വിശേഷിച്ച് കുട്ടികള്‍. ചതുപ്പുനിലങ്ങളില്‍ പടര്‍ന്നുവളരുന്ന ബ്രഹ്മി പക്ഷേ, അധികമാരും കൃഷി ചെയ്യാറില്ല. സ്വാഭാവിക സാഹചര്യങ്ങളില്‍നിന്നു ശേഖരിക്കുന്ന ബ്രഹ്മി, വിവിധ ഏജന്റുമാരാണ് മരുന്നു കമ്പനികള്‍ക്കു നല്‍കുന്നത്.

എന്നാല്‍ ഇങ്ങനെ ശേഖരിക്കുന്ന ബ്രഹ്മി മോശം സാഹചര്യങ്ങളില്‍ വളര്‍ന്നതാണെങ്കില്‍ നിലവാരം മോശമായിരിക്കും. വേണ്ടത്ര അളവില്‍ പതിവായി കിട്ടില്ലെന്ന കുഴപ്പവുമുണ്ട്.  വളരുന്ന മണ്ണിലെ മാലിന്യങ്ങള്‍ ആഗിരണം ചെയ്ത് പരിസര ശുചീകരണം നടത്താന്‍ കഴിവുള്ള സസ്യമാണ് ബ്രഹ്മി. ഫൈറ്റോറെമഡിയേഷന്‍ എന്നറിയപ്പെടുന്ന ഈ കഴിവ് പക്ഷേ ബ്രഹ്മി കഴിക്കുന്നവരുടെ ആരോഗ്യത്തിനു ഹാനികരമാണ്. സിങ്ക്, ആര്‍സനിക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങള്‍ ബ്രഹ്മിയില്‍ കൂടുതലായി അടിഞ്ഞുകൂടാം. ബ്രഹ്മി ഉല്‍പന്നങ്ങള്‍ കഴിക്കുന്ന കുട്ടികള്‍ക്ക് ഇത് ആപത്തായി മാറും. വിഷാംശമില്ലാത്ത സാഹചര്യങ്ങളില്‍ വളര്‍ന്ന ബ്രഹ്മി മാത്രമാണ് പ്രതിവിധി.

ബ്രഹ്മിയിലടങ്ങിയിരിക്കുന്ന ബക്കോസൈഡ്‌സ് എന്ന ഘടകത്തിനു രാജ്യാന്തര ന്യൂട്രാസ്യൂട്ടിക്കല്‍ വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ വന്‍തോതില്‍ കയറ്റുമതിസാധ്യതയുള്ള ബ്രഹ്മി നിശ്ചിത നിലവാരത്തില്‍ കിട്ടാനില്ലെന്ന സ്ഥിതിയാണിപ്പോള്‍. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സിന്തൈറ്റ് ഫാമില്‍ ബ്രഹ്മിയുടെ ഹൈഡ്രോപോണിക്‌സ് കൃഷി പരീക്ഷിച്ചത്. ന്യുട്രീയന്റ് ഫിലിം രീതിയിലുള്ള ഈ യൂണിറ്റില്‍ 11 ച. മീ. വിസ്തൃതിയുള്ള ഗ്രോബെഡാണുള്ളത്. ഗ്രോബെഡിലെ ക്ലേബോളുകള്‍ക്കിടയില്‍  ബ്രഹ്മിയുടെ തൈകള്‍  ഉറപ്പിക്കുന്നു.  ചുവട്ടിലെ ടാങ്കില്‍നിന്നും പോഷകലായനി ഗ്രോബെഡിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. നിശ്ചിത തോതിലുള്ള അമ്ലതയും ഇലക്ട്രിക് കണ്ടക്ടിവിറ്റി ( ഇസി) യുമുള്ള ലായനിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബോളുകള്‍ക്കിയില്‍  പാടപോലെ വ്യാപിക്കുന്ന ലായനിയില്‍നിന്നു പോഷകങ്ങള്‍  ആഗിരണം ചെയ്യുന്ന ബ്രഹ്മി പടര്‍ന്നു വളരുന്നു.  ടാങ്ക് നിറയുമ്പോള്‍ മറ്റൊരു കുഴലിലൂടെ സംഭരണടാങ്കിലേക്ക് ലായനി ഒഴുകിവീഴുന്നു. വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നിശ്ചിതതോതില്‍മാത്രം നല്‍കുന്നതിനാല്‍ ഘനലോഹങ്ങളുടെയും മറ്റും ഭീഷണി ഇല്ലേയില്ല. 11 ചതുരശ്ര മീറ്റര്‍ ബെഡില്‍നിന്ന് മാസം തോറും (30-35 ദിവസം)  25  കിലോ ബ്രഹ്മി കിട്ടുമെന്ന് ജിതിന്‍ ചൂണ്ടി ക്കാട്ടി. ഉണങ്ങുമ്പോള്‍ ബ്രഹ്മിയുടെ തൂക്കം എട്ടിലൊന്നായി കുറയും. പുറംവിപണിയിലെ വന്യ ഇനങ്ങള്‍ കിലോ യ്ക്ക് 70 രൂപ നിരക്കിലാണ് കമ്പനി വാങ്ങുന്നത്. നിശ്ചിത നിലവാരമുള്ള ബ്രഹ്മി  ഉല്‍പാദിപ്പിക്കുന്നവര്‍ ക്ക്100 രൂപയെങ്കിലും നേടാനാകും. പ്രതിവര്‍ഷം 100 ടണ്‍ ബ്രഹ്മി സംസ്‌കരിക്കുന്ന സിന്തൈറ്റിന്റെ വരും വര്‍ഷ ങ്ങളിലെ ഉപഭോഗം 300 ടണ്‍ വരെയാകാം. നഗരകര്‍ഷകര്‍ക്ക് അധികവരുമാന സാധ്യതയായി ഹൈഡ്രോപോണിക്‌സ് ബ്രഹ്മിയെ പ്രയോജനപ്പെടുത്താം.  താല്‍പര്യമുള്ള കൃഷിക്കാരുമായി കൈ കോര്‍ക്കാന്‍ സിന്തൈറ്റ് തയാര്‍. 

synthite-paddy

പാല്‍ തരുന്ന അരി

ചോറുണ്ണാനായി നെല്‍കൃഷി ചെയ്യുന്നവരാണ് നാം. എന്നാല്‍ ഇനി പാല്‍ കുടിക്കാനും അരി മതിയാകും. ചോര ചിന്താതെ മാംസമുണ്ടാക്കുന്ന (cultured meat) ലോകത്ത് പാലുണ്ടാക്കാന്‍ പശു വേണമെന്നില്ലല്ലോ? നമ്മുടെ നാട്ടിലും അനുയായികളേറുന്ന വീഗന്‍ ഭക്ഷണരീതിയാണ് സംഗതി. തീവ്ര സസ്യാഹാരികള്‍ക്ക് പശുവിന്‍പാലും മുട്ടയുമൊക്കെ വര്‍ജ്യമാണല്ലോ. അതേസമയം വേണ്ടത്ര മാംസ്യവും കാത്സ്യവുമൊക്കെ കിട്ടാതെ പോഷക ദാരിദ്ര്യമുണ്ടാവാനും പാടില്ല. വീഗന്‍ മില്‍ക്ക് പകരക്കാരനായി എത്തുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. ലോകമെമ്പാടും വീഗന്‍ മില്‍ക്കിന്റെ വിപണി വളരുകയാണ്. ഈ സാധ്യത പ്രയോജനപ്പെടുത്താനുള്ള  ശ്രമമാണ് ജോപ്പോണിക്ക നെല്ലിനെ ശ്രദ്ധേയമാക്കുന്നത്. വിവിധ തരം സസ്യജന്യ പാലുണ്ടെങ്കിലും ജാപ്പോണിക്ക ഇനം അരിയില്‍നിന്നുള്ള പാലിന് കൂടുതല്‍ സാധ്യതയുണ്ട്. ഇന്‍ഡിക്ക, ജാപ്പോണിക്കാ, ജാവാനിക്ക എന്നീ നെല്ലിനങ്ങളില്‍ വീഗന്‍ മില്‍ക്കിനു യോജിച്ചത് ജാപ്പോണിക്കയാണ്. മുന്തിയ ഭക്ഷണമെന്ന നിലയില്‍ രാജ്യാന്തരവിപണിയില്‍ വീഗന്‍ മില്‍ക്കിനു വലിയ ആദായസാധ്യതയാണുള്ളത്. 

ഇന്ത്യയില്‍ ഇതിന്റെ കൃഷിയുള്ളത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍മാത്രം. കേരളത്തില്‍ ജാപ്പോണിക്ക കൃഷി ചെയ്യാനുള്ള ശ്രമത്തില്‍ സിന്തൈറ്റ് ഏറെ മുന്നേറിക്കഴിഞ്ഞു. ഉയരം കുറഞ്ഞ ഈ ഇനം പ്രതികൂല സാഹചര്യത്തിലും  വളരാന്‍ കഴിവുള്ളതാണ്. ചാഞ്ഞുവീഴില്ലെന്ന മെച്ചവുമുണ്ട്. ജാപ്പോണിക്ക വിത്ത് കൊണ്ടുവന്ന് പരീക്ഷണ കൃഷികളിലൂടെ ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടുത്തിക്കഴിഞ്ഞെന്ന് ചുമതലക്കാരനായ അഗ്രോണമിസ്റ്റ് ബേസില്‍ പറഞ്ഞു. ഏതാനും കര്‍ഷകരുടെ പാടങ്ങളില്‍ കൃഷി നടത്തുകയും ചെയ്തു. ഏക്കറിന്1.5 ടണ്‍ ഉല്‍പാദനമാണ് കിട്ടിയത്. ശരാശരി 1.2 ടണ്‍ മാത്രം ഉല്‍പാദനം കിട്ടിയിരുന്ന ഇടനാട്ടിലെ ചെറുപാടങ്ങളിലാണ് ഈ നേട്ടം. സാധാരണ നെല്ല് സംസ്ഥാനസര്‍ക്കാര്‍ സംഭരിക്കുന്നത് 28 രൂപയ്ക്കാണ്. എന്നാല്‍ ജാപ്പോണിക്ക യ്ക്ക് 35 രൂപ വില നല്‍കാന്‍ സിന്തൈറ്റ് തയാര്‍. സമീപ പ്രദേശങ്ങളിലെ ചെറുപാടങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള യുവസംരംഭകരുമായി കൈകോര്‍ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ സബ്‌സിഡിയോ സംഭരണമോ ഇല്ലാതെതന്നെ നെല്ലിനെ ആദായവിളയാക്കുന്നതിന് ജാപ്പോണിക്കയെ കൂട്ടുപിടിച്ചാലോ?

വിവരങ്ങള്‍ക്ക്: 8156864392, ഇമെയില്‍: jithin@synthite.com

English summary: New Agriculture Technology in Modern Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com