പന്നിക്കർഷകർ ആത്മഹത്യയുടെ വക്കിൽ! വിശന്നു നിലവിളിച്ച് പന്നികൾ, എന്താണ് സംഭവിക്കുന്നത്?

HIGHLIGHTS
  • കോഴിക്കടകളിൽനിന്നുള്ള അവശിഷ്ടങ്ങൾ പന്നികൾക്ക് ഭക്ഷണമായി നൽകാൻ പാടില്ല
  • മൃഗസംരക്ഷണ മേഖലയിൽ വർധിച്ച തീറ്റച്ചെലവ് കർഷകരുടെ നടുവൊടിക്കുകയാണ്
pig-farming-2
SHARE

കാർഷികരംഗത്ത് കർഷകർക്ക് മെച്ചപ്പെട്ട വരുമാനവും ലാഭവും ഉറപ്പാക്കുന്ന ഒരേയൊരു മേഖലയാണ് പന്നിവളർത്തൽ. തുച്ഛമായ ചെലവിൽ തീറ്റ ലഭ്യമാകുന്നു എന്നതുതന്നെ ഇതിനു കാരണം. എന്നാൽ, ഇതുവരെ മാലിന്യനിർമാർജന സംവിധാനങ്ങൾക്കൊപ്പം നിലനിന്ന പന്നിക്കർഷകരുടെ നിലനിൽപ്പുതന്നെ തുലാസിലാടുന്ന അവസ്ഥയിലൂടെയാണ് കർഷകർ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാവിയിൽ പന്നിക്കർഷകർ എന്നൊരു വിഭാഗംതന്നെ ഇല്ലാതാകുന്ന സ്ഥിതിയിലേക്കെത്താം.

അറവുശാലകളിലെയും കോഴിക്കടകളിലെയും പച്ചക്കറി മാർക്കറ്റുകളിലെയും ഹോട്ടലുകളിലെയും വിവാഹപാർട്ടികളിലെയുമെല്ലാം അവശിഷ്ടങ്ങളും മിച്ചഭക്ഷണവും ശേഖരിച്ച് പന്നികളെ വളർത്തുന്നവരാണ് കേരളത്തിലെ നല്ലൊരു വിഭാഗം കർഷകരും. എന്നാൽ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ ഉത്തരവ് പ്രകാരം കോഴിക്കടകളിൽനിന്നുള്ള അവശിഷ്ടങ്ങൾ പന്നികൾക്ക് ഭക്ഷണമായി നൽകാൻ പാടില്ല. പകരം, ഈ അവശിഷ്ടങ്ങൾ കോഴിക്കടകൾ റെൻഡറിങ് പ്ലാന്റുകൾക്കാണ് നൽകേണ്ടത്. ഇതിന് നിശ്ചിത തുകയും നിശ്ചയിച്ചിട്ടുണ്ട്. ഒരു കിലോ മാലിന്യത്തിന് 4.5 രൂപയാണ് കോഴിക്കടകൾ റെൻഡറിങ് പ്ലാന്റുകൾക്ക് നൽകേണ്ടത്. പ്രദേശങ്ങൾ അനുസരിച്ച് ഈ തുകയ്ക്ക് മാറ്റം വരും. കടകൾക്ക് പ്രവർത്തനാനുമതി ലഭിക്കണമെങ്കിൽ ഇത്തരത്തിൽ റെൻഡറിങ് പ്ലാന്റുകളുമായി കരാറിൽ ഏർപ്പെടുകയും വേണം.  വയനാട് ജില്ലയിൽ ഈ മാസം 31ന് മുൻപ് കരാറിൽ ഒപ്പിടണമെന്നാണ് നിർദേശം. വൈകാതെ ഇത് മറ്റു ജില്ലകളിൽക്കൂടി പ്രാബല്യത്തിലായേക്കും.

വയനാട് പോലുള്ള ഒരു ജില്ലയിൽ റെൻഡറിങ് പ്ലാന്റ് സ്ഥാപിക്കപ്പെടുമ്പോൾ, അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യം പൂർണമായും അവിടേക്ക് എത്തുമ്പോൾ, പ്രതിസന്ധിയിലാകുന്നത് ഒട്ടേറെ കർഷകരാണ്. കാർഷികവിളകളുടെ വിലയിടിവിലും കൃഷിനാശത്തിലും നട്ടം തിരിയുന്ന കർഷകർ ഒടുവിൽ എത്തിപ്പെടുന്നത് പന്നിവളർത്തലിലേക്കാണ്. അവിടെയും പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടാൽ തങ്ങൾ എന്തു ചെയ്യുമെന്ന് കർഷകർ ചോദിക്കുന്നു. സമാന പ്രശ്നങ്ങൾത്തന്നെയാണ് മറ്റു ജില്ലകളിലുമുള്ളത്. തിരുവനന്തപുരം കോർപറേഷനു കീഴിലെ കോഴിക്കടകളിൽനിന്നുള്ള മാലിന്യം നിഷേധിക്കപ്പെടുകയും അത് ശേഖരിക്കുന്ന ഏജൻസികളിൽനിന്ന് വില നൽകി വാങ്ങേണ്ട സ്ഥിതിയിൽ കർഷകരെത്തി നിൽക്കുന്നു. കൂടാതെ, പന്നികൾക്കു കൊടുക്കുന്നതിനായി മിച്ചഭക്ഷണം ശേഖരിക്കാൻ ഇറങ്ങുന്ന കർഷകർക്ക് ഭീമമായ തുക പിഴ നൽകുന്ന സ്ഥിതിയുമുണ്ട്. ചുരുക്കത്തിൽ പന്നിക്കർഷർ പൂർണമായും മേഖലയിൽനിന്ന് ഒഴിവാകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. തുടർച്ചയായി പിഴ ലഭിച്ചാൽ സാധാരണക്കാരായ കർഷകർ എങ്ങനെ പിടിച്ചുനിൽക്കും? വിശന്നുവലയുന്ന പന്നികളെക്കണ്ട് കർഷകന് സമാധാനിക്കാൻ കഴിയുമോ?

pig-farm-2
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പന്നവളർത്തൽ പ്രവർത്തനച്ചട്ടങ്ങൾ

റെൻഡറിങ് പ്ലാന്റുകൾ നാടിന് ആവശ്യമാണ്. വർധിച്ചുവരുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കണമെങ്കിൽ റെൻഡറിങ് പ്ലാന്റുകൾ അനിവാര്യമാണ്. എന്നാൽ, നാട്ടിൽ റെൻഡ‍റിങ് പ്ലാന്റുകൾ മാത്രം മതി, കർഷകർ പാടില്ലായെന്ന കടുംപിടുത്തം എന്തിനാണെന്ന് കർഷകർ ചോദിക്കുന്നു. റെൻഡറിങ് പ്ലാന്റുകൾക്കൊപ്പംതന്നെ തങ്ങളെയും കരുതണമെന്നും മിച്ചഭക്ഷണവും അറവുമാലിന്യവും ശേഖരിക്കാൻ തങ്ങളെയും അനുവദിക്കണവുമെന്നാണ് കർഷകരുടെ ആവശ്യം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പന്നിക്കർഷകർക്കുള്ള പ്രവർത്തനച്ചട്ടങ്ങളിൽ കോഴിമാലിന്യം നൽകി വളർത്താൻ പാടില്ലെന്ന് പറയുന്നു. കോഴിമാലിന്യം റെൻഡറിങ് പ്ലാന്റുകളിലൂടെ സംസ്കരിച്ചതിനുശേഷം മാത്രമേ പന്നികൾക്ക് കൊടുക്കാൻ പാടുള്ളൂവെന്നും അതിൽ പറയുന്നു.

എന്നാൽ, കോഴിമാലിന്യം പന്നികൾക്കുള്ള ഉത്തമ ഭക്ഷണമാണെന്നും അത് കൃത്യമായ രീതിയിൽ വേവിച്ച് കൊടുക്കണമെന്നും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ വിദഗ്ധ കമ്മിറ്റി ശുപാർശ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ കോഴിമാലിന്യം പന്നികൾക്ക് നൽകുന്നത് മാലിന്യനിർമാർജന രീതിയായി കണക്കാക്കപ്പെടുന്നുവെന്നും ജൈവമാലിന്യം ഗുണനിലവാരമുള്ള ഇറച്ചിയായി മാറ്റപ്പെടുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മാത്രമല്ല ഇത്തരം മാലിന്യം ശേഖരിക്കുമ്പോൾ മറ്റുള്ളവർക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാവരുത്. അതുകൊണ്ടുതന്നെ അടച്ച പാത്രങ്ങളിലായിരിക്കണം കൊണ്ടുപോകേണ്ടത്. പന്നിവളർത്തൽ മേഖലയിൽ തീറ്റച്ചെലവ് കുറയ്ക്കുന്നതിന് കോഴിമാലിന്യം ആവശ്യമാണ്. അതുതന്നെയാണ് പന്നിവളർത്തൽ മേഖലയുടെ സുസ്ഥിരമായ നിലനിൽപ്പിനു കാരണമാകുന്നതെന്നും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

pig-farm-3
കോഴിമാലിന്യം പന്നികൾക്കുള്ള മികച്ച ഭക്ഷണമാണെന്നുള്ള വെറ്ററിനറി സർവകലാശാലയിലെ വിദഗ്ധ സിമിതിയുടെ റിപ്പോർട്ട്

മൃഗസംരക്ഷണ മേഖലയിൽ വർധിച്ച തീറ്റച്ചെലവ് കർഷകരുടെ നടുവൊടിക്കുകയാണ്. കോഴിത്തീറ്റയുടെ വില 50 കിലോയ്ക്ക് 2200 രൂപയ്ക്കു മുകളിലെത്തി. കാലിത്തീറ്റയാവട്ടെ 1300–1400 രൂപയിൽ എത്തിനിൽക്കുന്നു. തീറ്റയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ തനിയെ വാങ്ങി തീറ്റക്കൂട്ട് തയാറാക്കി പശുക്കൾക്ക് നൽകുന്ന കർഷകർക്കും വിലക്കയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഓരോ ഉൽപന്നത്തിന്റെയും വിലയിൽ കുത്തനെയുള്ള കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഈ തീറ്റയെല്ലാം നൽകി വളർത്തുന്നവയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ മാത്രം ഒരു വർധനയും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ചെറുകിട കർഷകർ നിലനിൽപ്പിനായി ബുദ്ധിമുട്ടുകയാണ്. മൃഗസംരക്ഷണമേഖലയിൽ തീറ്റച്ചെലവ് കുറവും അതേസമയം പണികൾ കൂടുതലുമുള്ളത് പന്നിവളർത്തലിലാണ്. അൽപം ബുദ്ധിമുട്ടിയാലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ കർഷകനും പന്നിവളർത്തലിലേക്ക് തിരിയുന്നത്. അറവുമാലിന്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാകുന്നതോടെ പണം നൽകി തീറ്റ വാങ്ങി നൽകേണ്ട സ്ഥിതിയിലേക്ക് കർഷകരെത്തും.

pig-farming-5

പത്തു മാസത്തെ വളർച്ചയെത്തുമ്പോഴാണ് പന്നികളെ പൊതുവെ ഇറച്ചിയാവശ്യത്തിനായി ഉപയോഗിച്ചുതുടങ്ങുക. വിപണിയിൽ ശരാശരി 4000–4500 രൂപയാണ് ഒരു കുഞ്ഞിനു വില. 45–60 ദിവസം പ്രായമുള്ള പന്നിക്കുഞ്ഞിനെ വാങ്ങി 10 മാസം (300 ദിവസം) വളർത്തിയെടുക്കുമ്പോൾ സധാരണക്കാരന് 9000 രൂപയെങ്കിലും ചെലവ് വരും (തുച്ഛമായ വിലയ്ക്ക് തീറ്റ ലഭിക്കുമെങ്കിലും ഗതാഗതം, വേവിക്കൽ എന്നിവയെല്ലാം കൂട്ടി ഒരു കിലോയ്ക്ക് 3–5 രൂപയെങ്കിലും ചെലവ് വരും. ഒരു പന്നിക്ക് ഒരു ദിവസം 4–6 കിലോ തീറ്റയെങ്കിലും കൊടുക്കേണ്ടിവരും). നല്ല ഇനം ആണെങ്കിൽ 10 മാസംകൊണ്ട് 140 കിലോയെങ്കിലും വളർച്ച പ്രതീക്ഷിക്കാം. ശരാശരി 150 രൂപ വച്ച് 140 കിലോയ്ക്ക് ലഭിക്കുക 21000 രൂപ. ആകെ ചെലവ് ശരാശരി 13000 രൂപ. 10 മാസത്തെ കർഷകന്റെ അധ്വാനത്തിന് മിച്ചം ലഭിക്കുക 8000 രൂപ. അതായത് ഒരു മാസം 800 രൂപ.

ഇനി പന്നികൾക്ക് വിപണിയിൽ ലഭ്യമായ തീറ്റ നൽകി വളർത്തേണ്ട സ്ഥിതി വന്നാൽ ചെലവ് ഇരട്ടിയിലധികമാകും. ഇന്ന് വിപണിയിൽ ലഭ്യമായ മെച്ചപ്പെട്ട തീറ്റയ്ക്ക് കിലോഗ്രാമിന് 30 രൂപ വിലയുണ്ട്. ഒരു ദിവസം ഒരു പന്നിക്ക് കുറഞ്ഞത് 3 കിലോ എങ്കിലും ഇത്തരത്തിലുള്ള തീറ്റ കൊടുക്കേണ്ടിവരും. 10 മാസം വളർത്തുമ്പോൾ ഒരു പന്നിക്ക് ശരാശരി 600 കിലോ തീറ്റ. തീറ്റയ്ക്ക് മാത്രം ചെലവ് 18,000 രൂപ. കുഞ്ഞിന്റെ വില 4000–4500. ആകെ മുടക്കുമുതൽ ശരാശരി 22,000 രൂപ. വിൽക്കുമ്പോൾ ലഭിക്കുന്നത് 21,000 രൂപ. ചികിത്സയും മറ്റും വേണ്ടിവന്നാൽ ചെലവ് വീണ്ടും ഉയരും.

pig-farming-1
ഇതര സംസ്ഥാനത്തുനിന്നെത്തിച്ച പന്നികളെ കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നു (ഫയൽ ചിത്രം)

കർഷകർ ഉന്നയിക്കുന്ന മറ്റൊരു പ്രശ്നമാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് അനിയന്ത്രിതമായി, യാതൊരു പരിശോധനയും കൂടാതെ ഇറച്ചിക്കായി പന്നികൾ കേരളത്തിലേക്ക് എത്തുന്നുവെന്നത്. ഇത്തരത്തിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് പന്നികൾ വ്യാപകമായി എത്തിത്തുടങ്ങിയതോടെ സംസ്ഥാനത്ത് പന്നികളിൽ കുളമ്പുരോഗം വ്യാപകമായി. ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ പല ഫാമുകളും കുളമ്പുരോഗത്തിന്റെ പിടിയിലാണ്. പല ഫാമുകളും അടച്ചുപൂട്ടൽ ഭീതിയിലാണ്. കുളമ്പുരോഗ പ്രതിരോധ വാക്സീൻ കർഷകർക്ക് ലഭിക്കുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്. 

കർഷകരുടെ പ്രധാന വരുമാനമാർഗമായ പന്നിവളർത്തലിന്റെ അടിസ്ഥാനമായ തീറ്റയുടെ ലഭ്യതയിൽ സർക്കാർ ഇടപെടുന്നതോടെ പന്നിവളർത്തൽ മേഖലയും ഇല്ലാതാകുമെന്ന് കർഷകർ ഭയപ്പെടുന്നു. കേരളത്തിൽ 12000ൽപ്പരം പന്നിഫാമുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിനെ ആശ്രയിച്ച് ഏകദേശം ഒരു ലക്ഷം പേർ പ്രത്യക്ഷമായും പരോക്ഷമായും ജീവിക്കുന്നു. ഇവരുടെയെല്ലാം ജീവിതത്തെയാണ് ബാധിക്കുക.

പന്നിക്കർഷകർ നേരിടുന്ന പ്രശ്നങ്ങളുമായി കർഷകർ പല തവണ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടിരുന്നു. അനുകൂല നടപടികൾ ഉണ്ടാകുമെന്ന വാഗ്ദാനം ലഭിച്ചുവെങ്കിലും യാതൊരുവിധ നടപടികൾ ഉണ്ടായിട്ടില്ലെന്നും പന്നിക്കർഷകരുടെ സംഘടനയായ പിഗ് ഫാർമേഴ്സ് അസോസിയേഷൻ പറയുന്നു. ലൈസൻസ് നിബന്ധനകളിൽ മറ്റു മൃഗങ്ങളെ വളർത്തുന്നവർക്കുള്ളതുപോലെയുള്ള പരിഗണന തങ്ങൾക്കും നൽകണമെന്നാണ് പന്നിക്കർഷകരുടെ ആവശ്യം. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും പിഎഫ്എ പറയുന്നു.

English summary: What are the problems with pig farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA