വീട്ടുവളപ്പുകളിൽ വൃക്ഷ‌ങ്ങൾ നട്ടുവളർത്താം; ഏതൊക്കെ വൃക്ഷങ്ങളാണ് ഉത്തമം?

HIGHLIGHTS
  • 25 മുതൽ 30 വർഷം പ്രായമെത്തിയാൽ മാത്രമേ നല്ല ഗുണമേന്മയുള്ള തേക്ക് തടികൾ ലഭിക്കൂ
  • 12 മുതൽ 15 വരെ മീറ്റർ ഉയരത്തിൽ വളരുന്ന ചന്ദനം 15 വർഷം കഴിയുമ്പോൾ വിളവെടുക്കാം
teak-tree
തേക്ക് മരങ്ങൾ
SHARE

വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളാലും സുഗന്ധവ്യജ്ഞനങ്ങളാലും സാമ്പത്തികപ്രാധാന്യമുള്ള തടിയിനങ്ങൾ കൊണ്ടും സമ്പന്നമാണ് കേരളത്തിലെ ‘വീട്ടുവളപ്പുകൾ’ അഥവാ ഹോം ഗാർഡനുകൾ. എന്നാൽ, അടുത്ത കാലത്ത് ധാരാളം വൻവൃക്ഷങ്ങൾ വീട്ടുവളപ്പുകളിൽനിന്നും തടിയുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വീട്ടുവളപ്പുകളിലെ ജൈവസമ്പത്ത് പുനരുജ്ജീവിപ്പിക്കാനും പരിസ്ഥിതിയുടെ ഗുണമേന്മ കൂട്ടാനും മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാനും ഇത്തരം വൃക്ഷങ്ങളെ തിരികെ വീട്ടുവളപ്പുകളിലേക്കു കൊണ്ടുവന്നേ പറ്റൂ.

കേരളത്തിലെ ‘ഹോം ഗാർഡനുകൾ’ ഒരേക്കറിൽ തുടങ്ങി വളരെ വിസ്തൃതിയുള്ളവ വരെയാണെങ്കിലും ഓരോ തലമുറ കഴിയുമ്പോഴും ഇത് ചുരുങ്ങി വരുന്നതും ബഹുവിള സമ്പ്രദായത്തിൽനിന്ന് മാറി ഏകവിള  സമ്പ്രദായത്തിലേക്ക് മാറുന്നതും കാണാം. ഇത്തരം ഏകവിള സമ്പ്രദായം മാറ്റി വൈവിധ്യമാർന്ന ബഹുവിള സമ്പ്രദായത്തിലേക്ക് മാറേണ്ടതുണ്ട്. 2014 - 2015 വർഷങ്ങളിലെ കെഎഫ്ആർഐയുടെ പഠനമനുസരിച്ച് കേരളത്തിലെ തടി ആവശ്യങ്ങളുടെ 95 ശതമാനത്തോളം പങ്ക് വഹിക്കുന്നത് വീട്ടുവളപ്പുകളിലെ വൃക്ഷങ്ങളും എസ്‌റ്റേറ്റുകളിലെ റബ്ബർ അടക്കമുള്ളവയുമാണ്. തടിയിനങ്ങൾ മുൻഗണനാക്രമത്തിൽ പ്ലാവ്, തേക്ക്, ആഞ്ഞിലി എന്നിവയുമാണ്.

സ്ഥല ലഭ്യതയ്ക്കനുസരിച്ച് വൃക്ഷങ്ങൾ വീട്ടുവളപ്പുകളുടെ അതിർത്തികളിലോ, ഉള്ളിലോ നടാം. തേക്ക്, പ്ലാവ്, ഞാവൽ, ആഞ്ഞിലി, വേപ്പ്, തമ്പകം, വെള്ളപയിൻ തുടങ്ങിയ വൃക്ഷങ്ങൾ എല്ലാ വീട്ടുവളപ്പുകളിലും സുലഭമായിരുന്നു. ഇത്തരം വൃക്ഷങ്ങൾക്ക് പുറമെ തടിയിതര ഉപയോഗത്തിനായി നട്ടുവളർത്തിയിരുന്ന കുടമ്പുളി, അശോകം, ചന്ദനം, നെല്ലി, മുരിങ്ങ, ആത്ത, മുള, മാവ്, തെങ്ങ്, കൂവളം, പപ്പായ, പേര, ചൂണ്ടപ്പന, അമ്പഴം, കുടപ്പന, സപ്പോട്ട, കശുമാവ്, പുളി, കടച്ചക്ക, കറുവപ്പട്ട, എന്നിവയും കുരുമുളക്, ഇഞ്ചി, മഞ്ഞൾ, വിവിധങ്ങളായ വാഴയിനങ്ങൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയും കേരളത്തിലെ ഹോം ഗാർഡനുകളുടെ സവിശേഷതയാണ്. ഇവക്കെല്ലാം പുറമെ ജൈവവളത്തിന് അനുയോജ്യമായ ശീമക്കൊന്ന, വേങ്ങ എന്നിവയുമുണ്ട്. പ്രധാന തടിയിനങ്ങൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, മുളകൾ എന്നിവ നമുക്കൊന്ന് പരിചയപ്പെടാം.

തടിയിനങ്ങൾ

  • തേക്ക്

തേക്ക് നടുമ്പോൾ നാടാനുദ്ദേശിക്കുന്ന തൈകൾ മികച്ച ഗുണമുള്ള മാതൃവൃക്ഷങ്ങളിൽനിന്നും ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. ഏതാണ്ട് 25 മുതൽ 30 വർഷം പ്രായമെത്തിയാൽ മാത്രമേ നല്ല ഗുണമേന്മയുള്ള തടികൾ ലഭിക്കൂ. തേക്കു കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കെഎഫ്ആർഐയിലെ ‘ടീക്ക് നെറ്റ്’ൽനിന്നും ലഭിക്കും. 

jackfruit-tree
പ്ലാവ്
  • പ്ലാവ്

8 മുതൽ 25 വരെ മീറ്റർ ഉയരത്തിൽ വളരുന്നു. 20–25 വർഷത്തിൽ 80 സെന്റീമീറ്ററോളം വ്യാസം ഉണ്ടാവുമെങ്കിലും ഗുണമേന്മയുള്ള തടിക്ക് 35 വർഷമെങ്കിലും എടുക്കും. കേരളത്തിൽ അടുത്ത വർഷങ്ങളിലായി ധാരാളം ‘ഹൈബ്രിഡ്’ പ്ലാവിനങ്ങൾ നട്ടുവളർത്തുന്നതിനാൽ നല്ലയിനം പ്ലാവുകളുടെ ജനിതക ശേഖരം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 

  • ആഞ്ഞിലി / അയിനി

വൈവിധ്യമാർന്ന ഉപയോഗമുള്ളതും 35 മീറ്റർ വരെ വളരുന്നതുമായ വൃക്ഷം. ഏതാണ്ട് 30 വർഷത്തിലധികം പ്രായമായാലേ ഗുണമേന്മയുള്ള തടി ലഭിക്കുകയുള്ളൂ.      

  • ചന്ദനം

12 മുതൽ 15 വരെ മീറ്റർ ഉയരത്തിൽ വളരുന്ന ചന്ദനം 15 വർഷം കഴിയുമ്പോൾ വിളവെടുക്കാം. മറ്റ് സംസ്ഥാനങ്ങളിൽ നെല്ലി, നാരകം, മാവിനങ്ങൾ എന്നിവ ചന്ദനത്തിനോടൊപ്പം ഇടവിട്ട് കൃഷിചെയ്തുവരുന്നു. ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ച് തൈകൾ നടാം. ചന്ദനം ഒരു പാർശ്വപരാദ സസ്യമായതിനാൽ തൈകൾ നടുമ്പോൾ പരാദജീവനത്തിനായി തുവരപ്പരിപ്പ് ചേർത്ത് നടേണ്ടതാണ്.

sandal
ചന്ദനം
  • വേപ്പ് 

ഉയർന്ന ചൂടുള്ള പ്രദേശങ്ങളിൽ വളർത്താൻ അനുയോജ്യം. നല്ലയിനം തൈകൾ ലഭിക്കാൻ 35 മുതൽ 40 വർഷമെങ്കിലും എടുക്കും. വളരെയധികം ഔഷധഗുണമുള്ള വൃക്ഷം.

  • ഞാവൽ 

30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഞാവൽ ഒരുകാലത്ത് നാട്ടിൻപുറത്ത് സുലഭമായിരുന്നു. ഇതിൻറെ തടി ഫർണിച്ചറിന് പുറമെ ബോട്ട് നിർമാണം, സംഗീതോപകരണങ്ങൾ എന്നിവയ്ക്കും ഉചിതം.

ഇത്തരത്തിൽ കാണപ്പെടുന്ന തനതു വൃക്ഷങ്ങൾക്കു പുറമെ ഊദ് അഥവാ ‘അക്വിലേറിയ മലാക്കൻസിസ്‌’ എന്നറിയപ്പെടുന്ന പെർഫ്യൂം വിപണിയിൽ വൻ സാധ്യതയുള്ള വൃക്ഷവും കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഈ വൃക്ഷത്തിന്റെ തടിയിൽനിന്ന് ഓയിൽ ലഭിക്കുന്നത് ‘സ്യുസെറ കോൺഫെർട്ട’ എന്ന പ്രാണിയുടെ ആക്രമണത്തിനെതിരായുള്ള പ്രതിരോധ മാർഗമായാണ്. 

മുളയിനങ്ങൾ 

പരിസ്ഥിതി, സാമ്പത്തിക പ്രാധാന്യമുള്ള മുളകൾ വളരെ വേഗം വളരുന്ന പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളാണ്. സാധാരണയായി നാട്ടിൻപുറത്ത് കണ്ടുവരുന്ന ‘മുള്ളു മുള’കൾക്ക് പുറമെ ഒട്ടേറെയിനം മുള്ളുകൾ ഇല്ലാത്ത ഇനങ്ങളും കേരളത്തിൽ വളർത്താം. കല്ലൻ മുള, ആസാം മുള, തോട്ടി മുള, ഊയി എന്നറിയപ്പെടുന്ന ‘ഡെൻഡ്രോകലാമസ് സ്റ്റോക്‌സിയൈ’, എരങ്കോൽ എന്നീയിനങ്ങളും ഉണ്ട്. രാസവസ്തുക്കൾ ഉപയോഗിച്ച് സംസ്കരിച്ച മുളകൾ ഫർണിച്ചർ, വീട് നിർമാണം, കരകൗശലവസ്തുക്കൾ, സംഗീതോപകരണങ്ങൾ എന്നിവയ്ക്കുപയോഗിക്കാം. കൂടാതെ മുളകളുടെ കൂമ്പുകളും ഭക്ഷ്യയോഗ്യമാണ്. മിക്കയിനങ്ങളും 4 വർഷം മുതൽ ആദായം നൽകുന്നു. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ‘ഊയി’ എന്ന ഇനം വീട്ടുവളപ്പിൽ ധാരാളം കൃഷിചെയ്തുവരുന്നു. ഇത് ഒരു പ്രധാന ആദായമാണ്. കൂടാതെ ഊയി മറ്റ് വിളകളുടെ ഉൽപാദനക്ഷമതയ്ക്ക് തെല്ലും കോട്ടം വരുത്തുന്നില്ലായെന്നതും ഗുണം തന്നെയാണ്. മറ്റു മുളയിനങ്ങൾ വീട്ടുവളപ്പുകളുടെ അതിർത്തികളിൽ നടുന്നതാണ് ഉചിതം. മുളയിനങ്ങളുടെ കൃഷിയെക്കുറിച്ചുള്ള വിവരങ്ങൾക്ക് കെഎഫ്ആർഐയിലെ ‘ബാംബൂ ടെക്‌നിക്കൽ സപ്പോർട്ട് ഗ്രൂപ്പിൽ’ നിന്നും ലഭ്യമാണ്.  

ഔഷധസസ്യങ്ങൾ 

മഞ്ഞൾ, ഇഞ്ചി എന്നിവയുടെ കൃഷിക്ക് പുറമെ കറുന്തോട്ടി, കൊടുവേലി, ഒരില, മൂവില, ശതാവരി, കച്ചോലം, കിരിയാത്ത് തുടങ്ങിയ നിരവധി ഔഷധസസ്യങ്ങൾ വീട്ടുവളപ്പുകളിൽ കൃഷിചെയ്യാം. ഇവയ്ക്കെല്ലാം വളരെയധികം വിപണനസാധ്യതയുണ്ട്. മറ്റത്തൂർ ലേബേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി പോലുള്ള മാതൃകകൾ ഇതിനുദാഹരണമാണ്. ഔഷധസസ്യകൃഷി, വിപണനസാധ്യത തുടങ്ങിയ എല്ലാവിധ സംശയങ്ങളും കെഎഫ്ആർഐയിലെ കേന്ദ്രസർക്കാരിന്റെ ഔഷധസസ്യബോർഡിന്റെ പ്രാദേശിക പരിപോഷണ കേന്ദ്രം - ദക്ഷിണ മേഖലയിൽനിന്നും ലഭ്യമാകുന്നതാണ്. 

ഫലവൃക്ഷങ്ങൾ 

ലോങ്ങൻ, ഡ്രാഗൺ ഫ്രൂട്ട്, ബട്ടർ ഫ്രൂട്ട്, മാംഗോസ്റ്റീൻ, റംബുട്ടാൻ, വിവിധയിനം ഹൈബ്രിഡ് മാവിനങ്ങൾ തുടങ്ങിയ ഒട്ടനവധി വിദേശയിനം ഫലവൃക്ഷങ്ങൾ അടുത്തിടെ കേരളത്തിൽ വ്യാപകമായി നട്ടുവളർത്തുന്നുണ്ട്. എന്നാൽ ഇവയോടൊപ്പം നമ്മുടെ തനതു ഫലവൃക്ഷങ്ങളായ അമ്പഴം, ആത്ത, നെല്ലി, പേര, ഞാവൽ, നാടൻ മാവിനങ്ങൾ എന്നിവയും സംരക്ഷിക്കപ്പെടേണ്ടതാണ്. നമ്മുടെ വീട്ടുവളപ്പുകളിൽ ഒരുപാട് നാടൻ മാവിനങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്; ചേലൻ, കാപ്പായി മാവ്, പാടുമാങ്ങ, വെള്ളരി, കർപ്പൂരം, കിളിച്ചുണ്ടൻ, ചകിരി മാവ്, തോത്താപ്പൂ, കർപ്പൂരവള്ളി, നാരൻ പുളിയൻ, മഞ്ഞക്കാമ്പ്, കോശ്ശേരി മാവ്, നേക്കര, കാശി, മധുരമാവ്, ബാപ്പാക്കായി, ഓലമാവ്‌, വെള്ളം കൊല്ലി, വെള്ളതാളി എന്നിവ അവയിൽ ചിലതു  മാത്രമാണ്.   

കൂടുതൽ വിവരങ്ങൾക്ക്: കെ.എഫ്.ആർ.ഐ (ഫോൺ: 0487 2690100)

English summary: Agroforestry suitable for Kerala  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA