ADVERTISEMENT

പല ക്ഷീരകർഷകരും സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുമ്പോൾ സ്ഥലപരിമിതിയും തീറ്റയുടെയും മരുന്നിന്റെയും ലഭ്യതക്കുറവുമെല്ലാമുള്ള സാഹചര്യത്തിൽ കന്നുകാലിവളർത്തലിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് എ.കെ. നജുമുദ്ദീൻ എന്ന യുവാവ്, അതും ലക്ഷദ്വീപിൽ. ലക്ഷദ്വീപിലെ കൽപേനി ദ്വീപിലാണ് നജുമുദ്ദീന്റെ വീടും ഫാമും. പരിമിതമായ സൗകര്യങ്ങളുള്ള പ്രദേശത്ത് പശുക്കളും കിടാരികളും വിത്തുകാളയുമൊക്കെയായി 15ലധികം ഉരുക്കളാണ് ഫാമിലുള്ളത്.

പശുക്കളും മറ്റു വളർത്തുമൃഗങ്ങളും വളരെ പരിമിതമായ തോതിൽ മാത്രമാണ് ഇവിടുള്ളത്. 2011ൽ രണ്ടു പശുക്കളിൽ തുടങ്ങിയ ഫാം നജുമുദ്ദീൻ 2013ൽ വിപുലീകരിക്കുകയായിരുന്നു. തുടക്ക കാലത്ത് 30 രൂപയ്ക്കായിരുന്നു പാൽ വിൽപന. ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ അത് 75 രൂപയിൽ എത്തിനിൽക്കുന്നു. ഉൽപാദനച്ചെലവ് അനുദിനം വർധിക്കുന്നതിനാൽ അതനുസരിച്ച് പാലിന്റെ വില കൂട്ടേണ്ടി വരുന്നുണ്ട്. 75–80 രൂപയ്ക്ക് പൂർണമായും പ്രാദേശിക വിൽപന മാത്രം. ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യുന്നു. പശുക്കളിൽ ചിലർ ചെനയിൽ ആയതിനാൽ രാവിലെയും വൈകുന്നേരവുമായി 80 ലീറ്ററോളം പാലാണ് ഒരു ദിവസത്തെ ഉൽപാദനം.

dairy-farm-lakshadweep-1

കേരളത്തിൽനിന്നും തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽനിന്നുമെല്ലാം വാങ്ങിയ പശുക്കളാണ് ഫാമിലുള്ളത്. ബെംഗളൂരുവിൽനിന്ന് വാങ്ങിയ ഒരു വിത്തുകാളയും ഫാമിലുണ്ട്. കേരളത്തിൽനിന്ന് ഉരുവിൽ കടൽ താണ്ടി പശുക്കൾ ദ്വീപിലെത്തുന്നു. 4000 രൂപയോളം ഒരു പശുവിന് കടത്തുചെലവ് വരും. കാലാവസ്ഥ അനുയോജ്യമാണെങ്കിൽ രണ്ടു പകലും ഒരു രാത്രിയുംകൊണ്ട് ഉരു ദ്വീപിലെത്തും. ദിവസം നീണ്ടുപോയാൽ പശുക്കൾ ക്ഷീണിക്കും. മുൻപൊരിക്കൽ കടൽക്ഷോഭം ഉണ്ടായതിനെത്തുടർന്ന് ഉരു മറ്റൊരു ദ്വീപിൽ അടുപ്പിക്കേണ്ടിവരികയും പശു ചത്തുപോവുകയും ചെയ്തെന്ന് നജുമുദീൻ. ഓഖിയുടെ സമയത്തും പ്രതിസന്ധിയുണ്ടായി. കുടിവെള്ളത്തിലെല്ലാം കടൽവെള്ളം കയറി. പശുക്കളും തങ്ങളും കുടിവെള്ളമില്ലാതെ ദിവസങ്ങളോളം ബുദ്ധിമുട്ടിയിട്ടുണ്ട്. ഉപ്പുവെള്ളം കുടിച്ച് പശുക്കൾക്ക് വയറിളക്കം വന്നത് ചില്ലറ ബുദ്ധമുട്ടൊന്നമല്ല വരുത്തിവച്ചത്–നജുമുദീൻ ഓർക്കുന്നു.

dairy-farm-lakshadweep-3
ഉരുവിൽ കാളയുമായി നജുമുദ്ദീൻ

കാലിത്തീറ്റയും പിണ്ണാക്കുകളും പ്രാദേശികമായി ലഭിക്കുന്ന പുല്ലും തെങ്ങോലയുമെല്ലാമാണ് പശുക്കൾക്ക് ഭക്ഷണമായി നൽകുന്നത്. കുറച്ചു സ്ഥലത്ത് സിഒ–3 ഇനം തീറ്റപ്പുല്ല് കൃഷി ചെയ്തിട്ടുമുണ്ട്. കറവയില്ലാത്തതിനെ പകൽ തെങ്ങിൻതോപ്പുകളിൽ അഴിച്ചു കെട്ടാറുണ്ട്. അവിടുത്തെ പുല്ലും മറ്റും കഴിച്ചശേഷം വൈകുന്നേരമാണ് തിരികെ ഫാമിലേക്ക് കയറ്റൂ. കറവപ്പശുക്കൾക്ക് പുല്ല് ചെത്തി കൊണ്ടുവന്നു കൊടുക്കും. 

dairy-farm-lakshadweep
നജുമുദ്ദീന്റെ റാസീസ് ഡെയറി ഫാമിന്റെ ഉൾവശം

പശുക്കൾക്കുള്ള കാലിത്തീറ്റ കൊച്ചിയിൽനിന്ന് എത്തിക്കുന്നു. കെഎസ് സുപ്രീം കാലിത്തീറ്റയാണ് ഇപ്പോൾ നൽകുന്നത്. കൊച്ചിയിൽനിന്ന് വാങ്ങുന്ന കാലിത്തീറ്റയ്ക്ക് ദ്വീപിലെത്തുമ്പോൾ 300 രൂപ അധികചെലവ് വരും. മുൻപ് കന്ദ്രസർക്കാരിൽനിന്ന് കാലിത്തീറ്റയ്ക്ക് സബ്സിഡി ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ സ്ബ്സിഡി സ്കീം നിലവിലില്ല. അതുകൊണ്ടുതന്നെ തീറ്റച്ചെലവ് ഗണ്യമായി ഉയർന്നുവെന്നും നജുമുദ്ദീൻ പറയുന്നു.

dairy-farm-lakshadweep-4

അസുഖങ്ങൾ പിടിപെട്ടാൽ മരുന്നുകൾ ലഭ്യമല്ല എന്നതാണ് തങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് നജുമുദ്ദീൻ. ദ്വീപിൽ വെറ്ററിനറി ഡോക്ടറുടെ സേവനമുണ്ട്. അടിയന്തിര സാഹചര്യങ്ങളിലെല്ലാം ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാകുന്നുണ്ട്. പശുക്കളെ ഇടയ്ക്ക് കടലിൽ ഇറക്കുന്ന രീതിയുണ്ട് നജുമുദ്ദീന്. കറവയില്ലാത്ത പശുക്കളെ ആഴ്ചയിലൊരിക്കൽ കടലിൽ ഇറക്കും. കടലിൽ കുളിപ്പിക്കുന്നതിനൊപ്പം അവ ഉപ്പുജലത്തിൽ യഥേഷ്ടം നീന്തിത്തുടിക്കാറുണ്ട്. ഈ ഉപ്പുവെള്ളത്തിലെ കുളിയിലൂടെ കുളമ്പുകളുടെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുകയും പരാദങ്ങളുടെ ആക്രമണം ഒഴിവാക്കാനും സാധിക്കുന്നു.

ലോക്ഡൗൺ സമയത്ത് തീറ്റയുടെ കാര്യത്തിൽ ഏറെ ബുദ്ധിമുട്ടി. ഉരു സർവീസ് നിർത്തിയതോടെ 100 ചാക്ക് കാലിത്തീറ്റ മുൻകൂട്ടി എടുത്തു സൂക്ഷിച്ചു. വലിയൊരു മുതൽമുടക്ക് അതിലേക്ക് വേണ്ടിവന്നു. അതിനാൽ തീറ്റയ്ക്കു ബുദ്ധിമുട്ടേണ്ടിവന്നില്ല. മുൻപൊരിക്കൽ തീറ്റ എത്താൻ വൈകിയതിനാൽ രണ്ടു ദിവസം പുല്ലും ഓലയും മാത്രം കൊടുക്കേണ്ടിവന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. 

dairy-farm-lakshadweep-5
നജുമുദ്ദീന്റെ പിതാവും സഹോദരനും. ഫാമിലെ പ്രവർത്തനങ്ങൾക്ക് ഇരുവരും എപ്പോഴും ഒപ്പമുണ്ട്

പശുക്കളെ കൂടാതെ ആടും കോഴിയും താറാവുമെല്ലാം ഈ ഫാമിലുണ്ട്. മുപ്പതോളം താറാവുകളിൽനിന്ന് ദിവസം ഇരുപതോളം മുട്ടകൾ ലഭിക്കും. പശുക്കളുടെ തീറ്റയവശിഷ്ടങ്ങളാണ് ഇവയുടെ ഭക്ഷണം. പാൽ വാങ്ങുന്നവർതന്നെ മുട്ടകളും വാങ്ങും. ഒരു മുട്ടയ്ക്ക് 15 രൂപ ലഭിക്കും. 

dairy-farm-lakshadweep-6

തീറ്റയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുമ്പോൾ പലപ്പോളും ഫാം നിർത്തുന്നുന്നതിനെക്കുറിച്ച് നജുമുദ്ദീൻ ചിന്തിച്ചുപോകാറുണ്ട്. എന്നാൽ, അവയോടുള്ള താൽപര്യം മേഖലയിൽ പിടിച്ചുനിർത്തുകയാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു വരുമാനമാർഗവുമില്ല. കേരളത്തിലെ ക്ഷീരകർഷകർക്ക് സർക്കാർ സ്കീമുകളിൽ സഹായങ്ങൾ ലഭിക്കുമ്പോൾ ദ്വീപിൽ അത്തരത്തിലൊരു സഹായവും ലഭിക്കുന്നില്ല. മാത്രമല്ല, ലഭ്യമായിരുന്ന സബ്സിഡി എടുത്തുകളയുകയും ചെയ്തു. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും അവയിലൊന്നും തളരാതെ പശുക്കൾക്കൊപ്പം മുൻപോട്ടു പോകാനാണ് ഈ യുവ കർഷകന്റെ തീരുമാനം. മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയുമെല്ലാം പിന്തുണയാണ് ഈ യുവാവിന്റെ ക്ഷീരസംരംഭത്തിന്റെ അടിത്തറ.

English summary: Dairy Farmer from Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com