ADVERTISEMENT

ഊദുകൃഷിയെക്കുറിച്ച് ആവേശപ്പെടുന്നവരോടെല്ലാം ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട്– ഊദുമരം വിറ്റ് 100 രൂപയെങ്കിലും നേടിയ ഒരാളെ കാണിച്ചുതരാമോ? രണ്ടു ദശകമായി മറുപടി കിട്ടാതിരുന്ന ചോദ്യത്തിന് ആദ്യമായി ഒരു മറുപടി നൽകിയത് കോഴിക്കോട് ജില്ലയിലെ മൈക്കാവ് സ്വദേശി വടക്കേടത്ത് മാത്യു ചേട്ടനാണ്. തന്റെ 10 ഊദുമരങ്ങൾ ഒരു കോടി രൂപയ്ക്ക് കച്ചവടമായെന്നും അഡ്വാൻസ് കൈപ്പറ്റിയെന്നും അദ്ദേഹം പറയുന്നു– ഒരു മരത്തിനു ശരാശരി 10 ലക്ഷം രൂപ വില. കമ്മീഷൻ കിഴിച്ച് 90 ലക്ഷം രൂപ തനിക്കു കിട്ടുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കാം. ഊദിന് ഇപ്പോൾ വാഗ്ദാനം ചെയ്യപ്പെടുന്ന മോഹവില എല്ലാക്കാലത്തും എല്ലാ സാഹചര്യങ്ങളിലും കിട്ടണമെന്നുമില്ല. എങ്കിലും ചില സത്യങ്ങൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ വളരുന്ന മരമാണ് ഊദ് എന്നതുതന്നെ പ്രധാന വസ്തുത. കൃത്രിമമാർഗങ്ങളിലൂടെ ഇതിനെ  സുഗന്ധപൂരിതമാക്കാമെന്നതും സത്യം. ഊദിനും അത്തറിനും വിപണിയിൽ നിലവിൽ മികച്ച വിലയുണ്ടെന്നതും ആർക്കും നിഷേധിക്കാനാവില്ല.

ഒരു പരസ്യം കണ്ട് 2004ൽ കൊല്ലത്തുനിന്നുമാണ്  ആദ്യമായി ഊദുതൈകൾ വാങ്ങിയതെന്ന് മാത്യു പറഞ്ഞു. ആകെ 40 തൈകളാണ് അന്നു നട്ടത്. പിന്നീട് വീടിനോടു ചേർന്നുള്ള  വയലിൽ 23 മരങ്ങൾ കൂടി നട്ടു. അടുത്ത കാലം വരെ ആവശ്യക്കാരില്ലാതെ പറമ്പിൽ നിന്നിരുന്ന ഊദിൽ ഫംഗസ് പ്രയോഗം നടത്തി സുഗന്ധമുള്ളതാക്കുന്നത് എങ്ങനെയെന്ന് മാത്യുവിനും നിശ്ചയമുണ്ടായിരുന്നില്ല. നാലര വർഷം മുൻപ് കുറ്റിപ്പുറത്തുനിന്ന് ഒരാൾ മാത്യുവിന്റെ കൃഷിയിടത്തിലെത്തി  ഫംഗസ് പ്രയോഗം നടത്തി.  ഒരു മരത്തിന് 18,000 രൂപയോളം ഫീസ് നൽകേണ്ടിവന്നു. അതോടെ മാത്യുവിന്റെ പ്രതീക്ഷകൾക്കു വീണ്ടും ജീവൻവച്ചു. ട്രീറ്റ്മെന്റ് നടത്തിയ മരങ്ങളിൽനിന്നു ചുരണ്ടിയെടുക്കുന്ന  തടിക്കു സുഗന്ധം വച്ചതോടെ കച്ചവടക്കാരെത്തി. വില ഉറപ്പിച്ചെങ്കിലും ഊദുമരങ്ങൾ തോട്ടത്തിൽനിന്ന് ഇനിയും വെട്ടിമാറ്റിയിട്ടില്ല. കോവിഡ് നിയന്ത്രണം മൂലമാണ് മരങ്ങൾ കൊണ്ടുപോകാൻ വൈകുന്നതെന്നും ഡിസംബറോടെ അവ വെട്ടിമാറ്റുമെന്നും മാത്യു പറയുന്നു. ബാക്കിയുള്ള മരങ്ങൾക്ക് കഴിഞ്ഞ മാസമാണ് മാത്യു ഫംഗസ് പ്രയോഗം നടത്തിയത്. അസമിൽനിന്നുള്ള ഒരു ഏജൻസിയാണ് ഇതു സംബന്ധിച്ച കരാർ ഏറ്റെടുത്തിരിക്കുന്നത്. ഫീസ് ഈടാക്കാതെ ഫംഗസ് പ്രയോഗം നടത്തുന്ന അവർക്ക്  മരം വെട്ടുമ്പോൾ കിട്ടുന്ന ഊദിന്റെയും ഓയിലിന്റെയും പകുതി നൽകാമെന്നാണ് ധാരണ. വലിയ തുക  ഫീസ് നൽകി ഫംഗസ് ട്രീറ്റ്മെന്റ് നടത്തുന്നതിലെ നഷ്ടസാധ്യത ഒഴിവാക്കാനാണ് ഈ രീതിയിൽ കരാറുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു. കേവലം 14 മാസത്തിനകം മെച്ചപ്പെട്ട നിലവാരത്തിൽ ഊദ് ഉൽപാദനം ലഭിക്കാനും ഇതിടയാക്കും. പരമാവധി ഊദ് ഉൽപാദിപ്പിക്കേണ്ടത് ഇരുകൂട്ടരുടെയും ആവശ്യമായതിനാൽ ഫംഗസ് പ്രയോഗം നടത്തുന്നവർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നതുതന്നെ കാരണം. 

ഫോൺ: 9048303069

agarwood-1

മരം കേടായാൽ കോളായി

കേരളത്തിലെ കാലാവസ്ഥ ഊദുകൃഷിക്ക് യോജ്യമാണെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസസിലെ ശാസ്ത്രജ്ഞൻ ഡോ. മനോഹർ. പീച്ചി കെഎഫ്ആർഐയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുള്ള മനോഹർ, ഊദിനെക്കുറിച്ചുള്ള ഗവേഷണത്തിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. ഈർപ്പവും മിതമായ ചൂടുമുള്ള കാലാവസ്ഥയാണ് ഈ മരത്തിനു വേണ്ടത്. മൂന്നാർപോലെ തണുപ്പുള്ള സ്ഥലങ്ങളിൽ ഇത് ശരിയായി വളരില്ല. ഈർപ്പമില്ലാത്തതും അമിതമായ ചൂട് അനുഭവപ്പെടുന്നതുമായ പാലക്കാട് പോലുള്ള പ്രദേശങ്ങളും ഒഴിവാക്കിയാൽ കേരളത്തിൽ എല്ലായിടത്തും  ഊദ് വളരും– അദ്ദേഹം പറഞ്ഞു.

തേക്ക് ഉൾപ്പെടെ എല്ലാ മരങ്ങളിലും കേടു ബാധിച്ച് നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ ഊദിനു കേട് വരാനാണ് കൃഷിക്കാർ പ്രാർഥിക്കുന്നത്– മനോഹർ ചൂണ്ടിക്കാട്ടി. ഊദ് സ്വാഭാവികമായി വളരുന്ന സ്ഥലങ്ങളിൽ അതിനെ ആക്രമിക്കുന്ന ഒരിനം വണ്ടും കാണപ്പെടുന്നു. തടി തുരന്നു ഭക്ഷിക്കുന്ന ഈ കീടം മരത്തിനുള്ളിൽ വളഞ്ഞുപോകുന്ന അനേകം തുരങ്കങ്ങളുണ്ടാക്കും. ഈ തുരങ്കങ്ങൾക്കുള്ളിലെ  സസ്യകോശങ്ങളിൽ ഒരിനം പൂപ്പൽ ബാധിക്കാറുണ്ട്. ഈ പൂപ്പൽബാധയെ പ്രതിരോധിക്കാൻ ഊദിന്റെ കോശങ്ങൾ തുരങ്കത്തിനുള്ളിലേക്ക് ഒരിനം ഒലിയോറെസിൻ സ്രവിക്കുന്നു. ഈ സ്രവമാണ് ഊദിനു സവിശേഷഗന്ധം നൽകുന്നത്. കാലക്രമത്തിൽ ഈ റെസിൻ നിറഞ്ഞ്  തടിക്കുള്ളിലെ ചെറു തുരങ്കങ്ങൾ അടയും. ഇത്തരം മരങ്ങൾ വെട്ടിനീക്കി അവയിൽനിന്ന് ഊദുതൈലം വേർതിരിച്ചെടുക്കാനാവും.

ഊദിനെ സുഗന്ധപൂരിതമാക്കുന്ന ഫംഗസുകൾ ഏതെങ്കിലും ഒരിനത്തിൽപ്പെട്ടതല്ല– 25 ഇനം ഫംഗസുകളെ ഊദിൽ കണ്ടെത്തിയിട്ടുണ്ടത്രെ. ഇവയിൽ ഏതെങ്കിലും ഒരിനത്തിനു കൂടുതൽ മെച്ചമുള്ളതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഫംഗസ് ട്രീറ്റ്മെന്റ് നടത്തുന്നവരുടെ സമാനമായ അവകാശവാദങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടതുമില്ല– അദ്ദേഹം പറഞ്ഞു. എട്ടു വർഷമെങ്കിലും പ്രായമായ മരങ്ങളിൽ പൂപ്പലിനെ നിക്ഷേപിക്കാം. കുറഞ്ഞത് 3–4 വർഷമെങ്കിലും  പൂപ്പൽ മരത്തിനുള്ളിൽ വ്യാപിക്കാൻ അവസരം നൽകണം.

ഊദുകൃഷി സംബന്ധിച്ച ആധികാരികമായ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് അസമിലെ ജോർഹട്ടിലുള്ള റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഊദിന്റെ വിത്തും തൈകളും ഇവിടെനിന്നു വാങ്ങാനാവും. തൈകൾക്ക് 10 രൂപയാണ് വില. കായ പൊട്ടിച്ച് 15 ദിവസത്തിനുള്ളിൽ വിത്ത് പാകണം. വൈകുന്തോറും അങ്കുരണശേഷി കുറയും. നിശ്ചിത ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ എത്തിക്കാൻ സാധിക്കുമെങ്കിൽ കർഷകകൂട്ടായ്മകൾക്ക് ഇവിടെനിന്നു വിത്തുവാങ്ങി തൈ ഉൽപാദിപ്പിക്കാം.

ഊദിൽ കൃത്രിമമായി ഒലിയോറസിൻ ഉൽപാദനം നടത്തുന്നതിനു മൂന്നു രീതികളുണ്ട്- കായികം, രാസം, ജൈവം. പൂപ്പൽമിശ്രിതം തടിയുടെ ഉള്ളിലേക്ക് കടത്തിവിട്ട് കോശങ്ങളിൽ പൂപ്പൽബാധ സൃഷ്ടിക്കുന്ന ജൈവരീതിയാണ് പൊതുവെ കൂടുതൽ സ്വീകാര്യം. ഊദിനു സുഗന്ധമുണ്ടാക്കുന്ന ഫംഗസുകളിൽ 4 ഇനത്തെ ഈ സ്ഥാപനത്തിൽ വേർതിരിച്ചെടുത്തിട്ടുണ്ട്. അവയുടെ മിശ്രിതം അഥവാ ഇനോക്കുലം ‘സഷി’ എന്ന പേരിൽ റെയിൻ ഫോറസ്റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നു വാങ്ങാം. കർഷകഗ്രൂപ്പുകൾക്ക് ഇത് സ്വന്തമായി  തയാറാക്കുന്നതിനുള്ള പരിശീലനവും ഇവിടെ ലഭിക്കും.

പൂപ്പൽബാധയുണ്ടാക്കുന്ന വിധം

നിശ്ചിതവളർച്ചയെത്തിയ ഊദ്മരത്തിന്റെ ചുവട്ടിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ 2 സെ.മീ. വ്യാസവും 5 - 6 സെ.മീ. ആഴവുമുള്ള ദ്വാരമിടുക. 45 ഡിഗ്രി ചെരിഞ്ഞാണ് തുളയ്ക്കേണ്ടത്. തുടർന്ന് മരത്തിനു ചുറ്റും സർപ്പിളാകൃതിയിൽ 30 സെ.മീ ഇടയകലം പാലിച്ച് പരമാവധി ചെറുദ്വാരങ്ങളുണ്ടാക്കുക. ഈ ദ്വാരങ്ങളിൽ 10 മില്ലി വീതം ഫംഗസ് ഇനോക്കുലം സിറിഞ്ച് ഉപയോഗിച്ചു കുത്തിവച്ചശേഷം പഞ്ഞി വച്ച് അടയ്ക്കുക. ഫംഗസ് ബാധയുണ്ടായോ എന്നറിയാൻ ഒരു മാസത്തിനു ശേഷം ദ്വാരത്തിനുള്ളിൽ നിന്നും തടി ചുരണ്ടി നോക്കിയാൽ മതി. തടിയുടെ നിറം മാറി ഇരുണ്ടതായിട്ടുണ്ടെങ്കിൽ ഫംഗസ് വളർന്നുതുടങ്ങിയെന്ന് ഉറപ്പിക്കാം. തുടർന്ന് 3 - 4 വർഷം മരത്തിനുള്ളിൽ ഫംഗസ് വ്യാപിക്കാൻ സമയം നൽകണം. ശരിയായ പരിശീലനം നേടിയാൽ കൃഷിക്കാർക്കുതന്നെ ഇക്കാര്യങ്ങൾ ചെയ്യാവുന്നതേയുള്ളൂ.

ഫോൺ: 9435351304

English summary:  Agarwood Plantation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com