ADVERTISEMENT

പറയുമ്പോൾ കർഷകർ നാടിന്റെ നട്ടെല്ലാണ്. എന്നാൽ, ഈ നട്ടെല്ല് കരുത്തോടെയാണോ നിലനിൽക്കുന്നതെന്ന് ആരും ചിന്തിക്കുന്നില്ല അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു. കേരളത്തിലെ കർഷക സമൂഹം അവഗണനയുടെ പടുകുഴിയിൽത്തന്നെയാണെന്ന് പറയാതെ വയ്യ. കാരണം, കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിലെ കർഷകർ ശക്തമായി ഉയർത്തിക്കാണിക്കുന്ന വന്യജീവി പ്രശ്നത്തിന് വേണ്ടത്ര പരിഗണന നൽകാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ഉത്തരവുകൾ വന്നിട്ടുണ്ടെങ്കിലും അതിന്റെ ആനുകൂല്യം എല്ലാവർക്കും ഒരുപോലെ ലഭിക്കുന്നില്ല.

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ കർഷകർ മാത്രമായിരുന്നില്ല ആവശ്യപ്പെട്ടിരുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നും ആവശ്യം ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ തെലുങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓരോ പഞ്ചായത്തിലെയും പ്രസിഡന്റുമാർക്ക് കാട്ടുപന്നിയെ നിയന്ത്രിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, കേരളം എന്തുകൊണ്ട് അത്തരം അധികാരം പഞ്ചായത്തുകൾക്ക് നൽകുന്നില്ലെന്ന് കേരളത്തിലെ സ്വതന്ത്ര കർഷകരുടെ സംഘടന (കിഫ) ചോദിക്കുന്നു. 2011 മുതൽ കാട്ടുപന്നികളെ നേരിടാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് വനംവകുപ്പ് കേന്ദ്ര സർക്കാരിന് നൽകിയ ഒരു മറുപടിയിൽ പറയുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും കിഫ പറയുന്നു.

കർഷകർക്കുവേണ്ടിയുള്ള ഓരോ നീക്കവും നിയമവ്യവസ്ഥയെ കൂട്ടുപിടിച്ചാണ് കിഫ നടത്തുന്നത്. വിവരാവകാശ നിയമപ്രകാരം വനംവകുപ്പിന് സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വകുപ്പ് വിസമ്മതിക്കുന്നുവെന്ന് കിഫ. അതുകൊണ്ടുതന്നെ വനം വകുപ്പ് മറുപടി നൽകാത്തതിനാൽ കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിച്ചാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ രേഖകൾ കിഫ ലഭ്യമാക്കിയത്. 

കേരളത്തിൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാർ കഴിഞ്ഞ വർഷം നവംബർ ഒന്നിന് കേന്ദ്രത്തിലേക്ക് കത്തയച്ചിരുന്നു. എന്നാൽ, കാട്ടുപന്നി ശല്യം നേരിടാൻ പഞ്ചായത്തുകൾക്ക് അധികാരം കൊടുത്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക എന്ന നിർദേശം നൽകി കഴിഞ്ഞ വർഷം ഡിസംബറിൽ കേരളത്തിന്റെ അപേക്ഷ തള്ളിക്കൊണ്ട് കേന്ദ്ര സർക്കാർ കേരളത്തിന് കത്തയച്ചു. ആറു മാസങ്ങൾക്കുശേഷം 2021 ജൂൺ 17ന് കേരളം കേന്ദ്രത്തിലേക്ക് വീണ്ടും കത്തെഴുതി. അതിൽ പറഞ്ഞത് 2011 മുതൽ കേരളം കാട്ടുപന്നി പ്രശ്നത്തെ നേരിടാൻ പഞ്ചായത്തുകൾ വഴി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ പറ്റാത്തതുകൊണ്ടാണ് വീണ്ടും കേന്ദ്രത്തിലേക്കു കത്തയയ്ക്കുന്നത് എന്നുമാണ്.  ഈ കത്തിനുള്ള മറുപടി ജൂലൈ എട്ടിന് കേന്ദ്രം നൽകിയിരുന്നു. 2011 മുതൽ പഞ്ചായത്തുകൾ മുഖേന കാട്ടു പന്നികളെ നശിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട്‌ നൽകുക എന്നതാണ് കേന്ദ്ര മറുപടിയിലുള്ളത്. എന്നാൽ, ഇതിന് മറുപടി ഇതുവരെ കേരള സർക്കാർ നൽകിയിട്ടില്ലെന്നും കിഫ പറയുന്നു. കാട്ടുപന്നി വിഷയത്തിൽ കിഫ  ഹൈക്കോടതിയിൽ കൊടുത്ത കേസുമായി ബന്ധപ്പെട്ട വാദം നടന്ന സമയത്തും ഇങ്ങനെ ഒരു മറുപടി വന്നതായി കേരള സർക്കാർ അംഗീകരിച്ചിട്ടില്ല. 

ചുരുക്കത്തിൽ കാട്ടുപന്നി ശല്യത്തിനെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനം ആത്മാർഥതയുള്ളല്ലെന്ന് വ്യക്തം.

കർഷകരുടെ പ്രശ്നങ്ങളിലേക്ക് വീണ്ടും കടക്കാം. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള, അദ്ദേഹത്തിന്റെ ‘രക്തപുഷ്പങ്ങൾ’ എന്ന കവിതാ സമാഹാരത്തിലെ ‘വാഴക്കുല’ എന്ന കവിതയിൽ കുറിച്ചുവച്ച:

‘മലയപുലയനാ- മാടത്തിൻ മുറ്റത്ത്

മഴ വന്ന നാളൊരു- വാഴ നട്ടു’

എന്നു തുടങ്ങുന്ന ഈരടികൾ കേൾക്കാത്തവർ ആരുമുണ്ടാവില്ല. കേരളത്തിലെ ജന്മി-കുടിയാൻ വ്യവസ്ഥയ്ക്ക് എതിരെയുള്ള കവിയുടെ പ്രതിഷേധമാണ് ഈ കവിതയിൽ പ്രതിഫലിച്ചത്.

മലയപുലയൻ, തന്റെ മക്കൾക്ക് നൽകാൻ പ്രതീക്ഷയോടെ നട്ടുനനച്ചു വളർത്തിയ വാഴക്കുല, പാകമായപ്പോൾ ജന്മിയുടെ ആൾക്കാർ വന്ന് വെട്ടിക്കൊണ്ടു പോയപ്പോൾ കവിക്ക് ഇത്ര ആത്മരോഷം ഉണ്ടായെങ്കിൽ, അയാളുടെ കുടിലും പൊളിച്ചു കളഞ്ഞ് അയാളെ ആ മണ്ണിൽനിന്ന് ഇറക്കി വിടുകയും കൂടി ചെയ്തിരുന്നുവെങ്കിലോ?

ഇന്നത്തെ മലയോര കർഷകരുടെ അവസ്ഥ അവലോകനം ചെയ്യുമ്പോൾ ഈ കവിതയ്ക്ക് വളരെ കാലിക പ്രസക്തിയുണ്ട്. നാടിന്റെ നട്ടെല്ലെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും  പാടി പുകഴ്ത്തുമ്പോഴും, കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങൾ യഥാർഥ കൂലിച്ചെലവ് പോലും നൽകാതെ അവനിൽ നിന്നും പിടിച്ചു വാങ്ങുകയും, പിന്നീട് അനധികൃത കുടിയേറ്റം, കയ്യേറ്റം എന്നൊക്കെ പറഞ്ഞ് അവനെ ആ മണ്ണിൽനിന്നും ന്യായമായ നഷ്ടപരിഹാരം പോലും കൊടുക്കാതെ കുടിയൊഴിപ്പിക്കുകയും, ആ മണ്ണ് പിടിച്ചെടുത്ത് കോർപ്പറേറ്റ് കമ്പനികൾക്കു ധാതുലവണങ്ങൾ ഘനനം ചെയ്യാനായി വിട്ടുകൊടുക്കുകയും ചെയ്യുന്നത് കേരളത്തിൽനിന്നും ഉന്മൂലനം ചെയ്യപ്പെട്ട ജന്മി-കുടിയാൻ വ്യവസ്ഥയുടെ ഏറ്റവും പുതിയ പതിപ്പല്ലേ?

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, കേരള സംസ്ഥാനം രൂപംകൊണ്ടു, ബ്രിട്ടീഷുകാരുടെ ഭരണത്തിനു പകരം അവിടെ ഉദ്യോഗസ്ഥ ഭരണം വന്നു എന്നതൊഴിച്ചാൽ, എന്തു സ്വാതന്ത്ര്യമാണ് ഈ നാട്ടിൽ കർഷകനുള്ളത്?

ജന്മികുടിയാൻ വ്യവസ്ഥ മാറി, കർഷകൻ കരം നൽകി സർക്കാർ എന്ന ജന്മിയുടെ ഭൂമിയിൽ കൃഷി ചെയ്യുന്നു. ഇതാണ് കേരളത്തിലെ റവന്യൂ വകുപ്പിനെക്കുറിച്ചുള്ള ജനങ്ങളുടെ പൊതുബോധം. ജന്മിയുടെ കാള കെട്ടഴിഞ്ഞ് കർഷകന്റെ കൃഷി നശിപ്പിച്ചാൽ കരം നൽകേണ്ടതുണ്ടോ?

നമ്മുടെ ജന്മി നമ്മുടെ സർക്കാർ അല്ലേ? അങ്ങനെയെങ്കിൽ കരം വാങ്ങുമ്പോൾ ജന്മിയുടെ ആനയെയും പോത്തിനെയും ഒക്കെ കുടിയാന്റെ കൃഷിയിടത്തിലാണോ മേയാൻ വിടേണ്ടത്?–കിഫ ചോദിക്കുന്നു

ജനാധിപത്യം വന്നപ്പോൾ ജന്മിത്വം ഇല്ലാതായി എന്നാണു വയ്പ്പെങ്കിലും ഇപ്പോഴും തുടർന്നുപോരുന്ന കീഴ്വഴക്കം ആ പഴയ ജന്മി–കുടിയാൻ വ്യവസ്ഥ തന്നെയല്ലേ? 

കർഷകൻ തന്റെ സ്വന്തം സ്ഥലത്ത് മണ്ണൊരുക്കി, വളം നൽകി, വിളകൾ നടുന്നു. അത് വളർന്ന് വലുതായി ഫലം നൽകുമ്പോൾ അത് വിറ്റിട്ടു തന്റെയും കടുംബത്തിന്റെയും ജീവിതം മുന്നോട്ടുകൊണ്ടുപോകണം എന്നു കരുതിത്തന്നെയാണ് ഓരോ കർഷകനും തന്റെ നിലത്ത് ഒരോ തൈയും നടുന്നത്. പ്രതീക്ഷകളുടെയും അധ്വനാത്തിന്റെയും ബലത്തിൽ വിള വളർന്നുവരുമ്പോൾ ഓരോ കർഷകന്റെയും അവന്റെ കുടുംബാംഗങ്ങളുടെയും മനസിൽ ഒരുപിടി സ്വപ്നങ്ങളുമുണ്ടാകും. നല്ലൊരു വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, നല്ല ഭക്ഷണം എന്നിങ്ങനെ കർഷകരുടെ കൊച്ചു സ്വപ്നങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്. ഇതെല്ലാം ഒറ്റ നിമിഷംകൊണ്ട് തകർത്തെറിയുകയാണ് ആനയും പന്നിയും കുരങ്ങും പോലുള്ള വന്യജീവികൾ. അവയെ നിയന്ത്രിക്കാനോ കർഷകരെ സഹായിക്കാനോ ഇതുവരെ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നുള്ളത് വേദനയാണ്. നാടിന്റെ നട്ടെല്ല് കർഷകരാണെന്ന് പറയുന്നതിനൊപ്പം ആ നട്ടെല്ലിന് കോട്ടം വരാതെ കാത്തു സംരക്ഷിക്കേണ്ടത് ആരാണ്?

English summary: Farmers and Forest Department Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com