ഏഴാം വര്‍ഷം ആദായം; കർഷകന് 20 ലക്ഷത്തിന്റെ നേട്ടം നല്‍കി മലവേപ്പ്

HIGHLIGHTS
  • ഏറ്റവും വലിയ പത്തു മരം വിറ്റപ്പോള്‍ 1.65 ലക്ഷം രൂപ കിട്ടി
  • അതിവേഗത്തില്‍ നേരേ മുകളിലേക്കു വളരുന്ന മരം
malaveppu
മലവേപ്പ് തോട്ടം
SHARE

വഴിയരികില്‍ നിന്നിരുന്ന ഒരു വൃക്ഷത്തൈ അതിവേഗം വളര്‍ന്ന് വന്‍വൃക്ഷമായി മാറിയതാണ്  തിരുവമ്പാടിയിലെ പൊതുപ്രവര്‍ത്തകനായ ബാബു കളത്തൂരിനെ മലവേപ്പ് കര്‍ഷകനാക്കി മാറ്റിയത്. ദിവസേനയെന്നോണം വളര്‍ന്നുവലുതായ ആ മരം ഉരുള്‍പൊട്ടലില്‍ പിഴുതുവീണപ്പോള്‍ 6000 രൂപയാണ് ഉടമസ്ഥന്‍ നേടിയത്. കേവലം 4-5 വര്‍ഷത്തെ വളര്‍ച്ച മാത്രമുള്ള മരത്തിന് ഇത്രയും വില കിട്ടിയെന്നറിഞ്ഞപ്പോള്‍ ബാബുവിനു കൂടുതല്‍ അന്വേഷിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 

മലവേപ്പ് അഥവാ കാട്ടുകടുക്ക എന്ന മരത്തെ കച്ചവടക്കാരാണ് പരിചയപ്പെടുത്തിയത്. ചുരുങ്ങിയ കാലംകൊണ്ട് വലിയ വളര്‍ച്ച നേടുന്ന മലവേപ്പിന്റെ അഞ്ഞൂറോളം തൈകള്‍ ആനക്കാംപൊയിലിലെ സ്വന്തം കൃഷിയിടത്തിലെത്തിക്കാന്‍ അധികനാളുകള്‍ വേണ്ടിവന്നില്ല, 2013ല്‍ നട്ട തൈകളില്‍ പകുതിയോളം നശിച്ചെങ്കിലും ബാക്കിയുള്ളവ ഒരു പരിചരണവുമില്ലാതെ വളര്‍ന്നു. ഏഴാം വര്‍ഷം അവയില്‍ ഏറ്റവും വലിയ പത്തു മരം വിറ്റപ്പോള്‍ 1.65 ലക്ഷം രൂപ കിട്ടി. വളര്‍ച്ച കുറഞ്ഞ ബാക്കി മരങ്ങള്‍ക്കെല്ലാംകൂടി 20 ലക്ഷം രൂപയെങ്കിലും  കിട്ടിയിട്ടുണ്ടാവുമെന്നാണ് ബാബുവിന്റെ കണക്ക്. കൃഷിയിടത്തിലെ ഒഴിവുള്ള ഭാഗങ്ങളിലായി നട്ട മരങ്ങള്‍ ഏഴു വര്‍ഷത്തിനകം ഇത്രയും വരുമാനമേകിയതോടെ കൃഷി വിപുലമാക്കിയിരിക്കുകയാണ് ബാബു. മാത്രമല്ല തുടക്കത്തില്‍ നിരുത്സാഹപ്പെടുത്തിയ പലരും തൈകള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

malaveppu-1
ബാബു കളത്തൂർ മലവേപ്പ് തോട്ടത്തിൽ

അതിവേഗത്തില്‍ നേരേ മുകളിലേക്കു വളരുന്ന മരമെന്ന നിലയില്‍ മലവേപ്പ് കേരളത്തിലെ കര്‍ഷകരുടെ കണ്ണിലുടക്കിയിട്ട് ഏതാനും വര്‍ഷങ്ങളായി. ആദ്യവര്‍ഷത്തെ കമ്പുകോതല്‍ കഴിഞ്ഞാല്‍പിന്നെ കാര്യമായ പരിചരണം ആവശ്യമില്ലാത്ത ഈ മരം പക്ഷേ,  വളപ്രയോഗമുണ്ടെങ്കില്‍ കൂടുതല്‍ നന്നായി വളരും. ചാണകം, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, ജീവാണുവളങ്ങള്‍ എന്നിവയൊക്കെ അടിവളമായി നല്‍കാം. എന്നാല്‍ രാസവളമാണ് നല്‍കുന്നതെങ്കില്‍ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിച്ചു നല്‍കേണ്ടിവരും. 

പ്ലൈവുഡ്, പേപ്പര്‍, തീപ്പെട്ടി, ബയോഫ്യുവല്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഈ മരം വിറകായും പ്രയോജനപ്പെടുത്താനാകും. വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള മലവേപ്പ് ഘനയടിക്ക് 300- 350 രൂപ ലഭിക്കും. കേവലം ഏഴു വര്‍ഷംകൊണ്ട് 40 അടിവരെ ഉയരവും 4-5 അടി വണ്ണവും വയ്ക്കുന്ന മറ്റൊരു മരവും നമ്മുടെ തൊടികളിലുണ്ടാവില്ല. ആദ്യ മൂന്നു മാസത്തിനുള്ളില്‍ ആറടി ഉയരമെത്തുന്നതുവരെ അടിവളവും നനയുമൊക്കെ മുടങ്ങാതെ നല്‍കണം. എന്നാല്‍ അതുകഴിഞ്ഞാല്‍ പിന്നെ ആരുടെയും തുണയില്ലാതെ റോക്കറ്റ് പോലെ മേലേക്കു കുതിക്കുന്ന ഈ വൃക്ഷത്തെ നോക്കിനില്‍ക്കുകയേ വേണ്ടൂ. ആയിരം സെന്റിമീറ്ററിലേറെ മഴയും നല്ല മണ്ണും 25-30 ഡിഗ്രി താപനിലയുമൊക്കെ കേരളത്തെ കാട്ടുകടുക്കയുടെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള വേദിയാക്കുന്നുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നതോ ലവണാംശമുള്ളതോ ആയ മണ്ണില്‍ ഇവ വളരില്ല. 8x8, 10x10, 10x8, 6x6  എന്നിങ്ങനെ വ്യത്യസ്ത ഇടയകലങ്ങളില്‍  മലവേപ്പ് നടാറുണ്ടെങ്കിലും കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത് ആദ്യശൈലിയാണെന്നു ബാബു പറയുന്നു. ഈ രീതിയില്‍ നട്ടാല്‍ ഒരു ഏക്കറില്‍ 570-580 മരം നടാം. 

ആദ്യ മൂന്നു വര്‍ഷങ്ങളില്‍  സൂര്യപ്രകാശത്തിന്റെ ലഭ്യത തടസ്സപ്പെടുത്താത്ത വിധത്തില്‍ ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് എന്നിവ ഇടവിളയായി കൃഷി ചെയ്യാം. കുരുമുളകിനു താങ്ങുകാലായി മലവേപ്പ് നട്ടുവളര്‍ത്താമെങ്കിലും ഏഴാം വര്‍ഷം മരം വെട്ടിമാറ്റാന്‍ തടസ്സമാകുമെന്ന് ബാബു ചൂണ്ടിക്കാട്ടി.

ഫോണ്‍: 8589097198, 9447516684

English summary: Melia dubia Malaveppu cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA