തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ ജീവൻ? കീടനാശിനികൾ ജീവനാശിനികളോ?

HIGHLIGHTS
  • ഏതു വസ്തുവും കൂടിയ അളവിൽ വിഷകരമാകും
  • സംയോജിത കീടനിയന്ത്രണമാണ് കൃഷിശാസ്ത്രം എന്നും നിർദേശിക്കുന്നത്
pesticide
SHARE

രാസകീടനാശിനി പ്രയോഗത്തിന്റെ അടിസ്ഥാനയുക്തികള്‍ വിശദീകരിക്കുന്നു

മനുഷ്യൻ കൃഷി തുടങ്ങിയിട്ട് ഏകദേശം 12,000 വർഷങ്ങളായെന്നു പഠനങ്ങൾ. ഹെക്ടറിന് 40 കിലോ മാ ത്രം വിളഞ്ഞിരുന്ന കാട്ടുപുല്ലുകളെയാണ് മനുഷ്യൻ നൂറ്റാണ്ടുകളിലൂടെ തിരഞ്ഞെടുത്തു പ്രജനനം നടത്തി 6–10 ടൺ വരെ വിളയുന്ന ധാന്യവിളകളാക്കി മാറ്റിയത്. കൂടുതൽ ഉൽപാദിപ്പിച്ചു ഭക്ഷ്യക്ഷാമത്തെ മറികടക്കുക ഏതു ജനതതിയുടെയും ആവശ്യമായിരുന്നു. അങ്ങനെ ഉൽപാദനത്തിന് ഊന്നൽ കൊടുത്തപ്പോൾ സ്വാഭാവികമായും പ്രതിരോധശേഷി കുറഞ്ഞ ഇനങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം വിളവു വർധനയ്ക്കുള്ള മറ്റു സാഹചര്യങ്ങളായ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കൽ, നന എന്നിവ കൂടി ഒരുക്കിയപ്പോൾ വിളവിനൊപ്പം കീട, രോഗബാധയും കൂടി.

കീടപ്പെരുപ്പം

കീടങ്ങളുടെയും ഉയർന്ന സസ്തനികളുടെയും അതിജീവനതന്ത്രം വ്യത്യസ്തമാണ്. പ്രതികൂല കാലാവസ്ഥയും ഭക്ഷണ ദൗർലഭ്യവും കാരണം അനന്തര തലമുറയിൽ കുറെയെണ്ണം നഷ്ടപ്പെട്ടാലും വംശം നിലനില്‍ക്കാനായി കൂടുതൽ മുട്ടയിടുക എന്നതാണു താഴ്ന്ന ജീവിവർഗങ്ങളുടെ തന്ത്രം. അഥവാ കാലാവസ്ഥയും മറ്റു ഘടകങ്ങളും അനുകൂലമാണെങ്കിൽ ലക്ഷക്കണക്കിനു പ്രാണികളുണ്ടാകുകയും ചെയ്യും. വെട്ടുക്കിളികളും പട്ടാളപ്പുഴുക്കളും ഉദാഹരണം.

ഉയർന്ന ജീവിവർഗങ്ങളിൽ കുറഞ്ഞ എണ്ണം കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു പരമാവധി പരിരക്ഷണം നൽകി വളർത്തുകയെന്നതാണു രീതി. അതുകൊണ്ടു കാലാവസ്ഥ അനുകൂലമായാലും പ്രതികൂലമായാലും അവയുടെ എണ്ണം പരിമിതമായിരിക്കും. ഈ പശ്ചാത്തലത്തിലാണ് കൃഷിയിൽ കീട, രോഗ നിയന്ത്രണങ്ങൾക്കു പ്രസക്തിയേറുന്നത്. കീടനിയന്ത്രണത്തിനു മനുഷ്യൻ പണ്ടു ഗന്ധകവും മെർക്കുറിയും ആഴ്സനിക്കും ഫ്ലൂറൈഡുകളും മണ്ണെണ്ണയും വിവിധ ധാതുക്കളും സസ്യസത്തും മറ്റും ഉപയോഗിച്ചതായി രേഖകളുണ്ട്. ഇവയിൽ അധികവും വിളകൾക്കും മനുഷ്യനും ദോഷകരവും എന്നാൽ കീടനിയന്ത്രണത്തിൽ പൊതുവേ നിഷ്ഫലവുമായിരുന്നു. മികച്ച രീതിയിലുള്ള കീട, രോഗ നിയന്ത്രണമാർഗങ്ങൾക്കായി നിരന്തരം നടത്തിയ അന്വേഷണത്തിലാണ്  നിലവിലുള്ള കീട–കുമിൾ–ബാക്ടീരിയനാശിനികൾ കണ്ടുപിടിക്കപ്പെട്ടത്.  സൂക്ഷ്മജീവികളെയും കീടങ്ങളെയും നശിപ്പിച്ചിരുന്നതും എന്നാൽ മനുഷ്യനും വളർത്തുമൃഗങ്ങൾക്കും ദോഷ കരമല്ലാത്തതുമായ രാസവസ്തുക്കൾ കണ്ടെത്താൻ ശാസ്ത്രജ്ഞർ കഠിനശ്രമമാണ്  നടത്തിയത്.

ഡിഡിടിയുടെ വരവ് 

ഏതു വസ്തുവും കൂടിയ അളവിൽ വിഷകരമാകുമെന്നും കുറഞ്ഞ മാത്രയിൽ അതേ വസ്തു മരുന്നായി വർത്തിക്കുമെന്നും മാത്ര (dose) ആണ് ഒരു വസ്തുവിന്റെ ഗുണദോഷങ്ങൾ നിർണയിക്കുന്നതെന്നും ആദ്യം പറഞ്ഞതു പാരാസെൽസസ് എന്ന സ്വിസ് ഡോക്ടറായിരുന്നു. ആൽക്കെമിയിൽനിന്നു രസതന്ത്രം വികസിച്ചു വന്നതോടെ ഒട്ടേറെ രാസവസ്തുക്കൾ നിർമിക്കാൻ നാം പഠിച്ചു. 1874ൽ സീഡ്‌ലർ നിർമിച്ച ഡിഡിടിയുടെ കീടനാശനഗുണം 1939ലാണ് പോൾ മുള്ളർ എന്ന സ്വീഡിഷ് ശാസ്ത്രജ്ഞൻ ശ്രദ്ധിക്കുന്നത്. മനുഷ്യനു പെട്ടെന്നു വിഷബാധ ഉണ്ടാകാത്തതും എന്നാൽ കീടങ്ങൾക്കു രൂക്ഷവിഷവുമായ ഈ വസ്തുവിന്റെ ഉപയോഗമാണ് കീടനിയന്ത്രണത്തിൽ രാസകീടനാശിനി യുഗത്തിന്റെ ആരംഭം കുറിച്ചത്. പിന്നീടു പലതരം കീടനാശിനികൾ കണ്ടുപിടിക്കപ്പെട്ടു. അവയിൽ പലതും രൂക്ഷവിഷങ്ങളായിരുന്നു.  പലതും വലിയ അളവിൽ (ഉദാ: ഹെക്ടറിന് 25 കിലോ) ഉപയോഗിക്കേണ്ടിയിരുന്നു. പ്രകൃതിയിൽ വിഘടിക്കാതെ കൂടുതൽ കാലം നിലനിൽക്കുമെന്ന ദോഷവും ഇവയ്ക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന പുതുതലമുറ കീടനാശിനികൾ വേഗം വിഘടിക്കപ്പെടുന്നതും വിഷശക്തി കുറഞ്ഞതും അതേസമയം ചെറിയ അളവിൽ തന്നെ (ഹെക്ടറിന് 50 ഗ്രാം) ഫലപ്രദവുമാണ്. 

ഒട്ടേറെ പരീക്ഷണങ്ങൾ

വിവിധ കീടനിയന്ത്രണമാർഗങ്ങൾ പരസ്പരപൂരകങ്ങളായി ഉപയോഗിച്ചുള്ള സംയോജിത കീടനിയന്ത്രണമാണ് കൃഷിശാസ്ത്രം എന്നും നിർദേശിക്കുന്നത്. രാസ കീടനാശിനികളുടെ ഉപയോഗം ഏറ്റവും അവസാനത്തെ ആശ്രയമായിരിക്കണമെന്നും കൃഷിശാസ്ത്രം അനുശാസിക്കുന്നു. ഒരു കീടനാശിനി തന്മാത്ര കണ്ടെത്തിക്കഴിഞ്ഞാൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി അവയുടെ ഫലം അതതു രാജ്യങ്ങളിലെ നിയന്ത്രണ ഏജൻസികൾക്കു സമർപ്പിക്കണം. ഈ പരീക്ഷണങ്ങളിൽ ഭൂരിഭാഗവും മനുഷ്യനും വളർത്തുമൃഗങ്ങൾക്കുള്ള സുരക്ഷിതത്വം, കാൻസർ,  ഉള്‍പരിവർത്തനം, ഭ്രൂണവിഷബാധ,  അന്തഃസ്രാവീഗ്രന്ഥികളെ ബാധിക്കല്‍ എന്നിവയ്ക്കുള്ള സാധ്യതയും പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതവും സംബന്ധിച്ചാണ്. കീടനിയന്ത്രണത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ള മാത്ര(ഡോസ്)യിൽ സുരക്ഷാനടപടികൾ സ്വീകരിച്ച്  ഉപയോഗിച്ചാൽ തകരാറില്ലാത്തവയാണ് ഒടുവില്‍ കീടനാശിനികളായി റജിസ്റ്റർ ചെയ്യുന്നത്. ഓരോ 5–10 വർഷങ്ങൾക്കു ശേഷവും ഇവയുടെ ഗുണദോഷങ്ങൾ അവലോകനം ചെയ്യും.

പുതിയ അറിവുകളുടെ അടിസ്ഥാനത്തിൽ പഴയ കീടനാശിനിയെ നിരോധിക്കുകയോ ഉപയോഗം നിയന്ത്രിക്കുകയോ, കയറ്റുമതിക്കു മാത്രമായി ലൈസൻസ് പരിമിതപ്പെടുത്തുകയോ ചെയ്യാം. ഇന്ത്യയിൽ കേന്ദ്ര കീടനാശിനി ബോർഡും റജിസ്ട്രേഷൻ കമ്മിറ്റിയുമാണ് നിയന്ത്രണ ഏജൻസികൾ. ഇവയുടെ തലവൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ (ICMR) ഡയറക്ടർ ജനറൽ ആണ്. ഓരോ കീടനാശിനി റജിസ്റ്റർ ചെയ്യപ്പെടുമ്പോഴും പിന്നീട് ഓരോ 5–10 വർഷം കൂടുമ്പോൾ പുനർ റജിസ്ട്രേഷൻ സമയത്തും നിരന്തരമായി പരിശോധിക്കപ്പെടുന്നുണ്ടെന്നു സാരം. 

കീടനാശിനിയുടെ  യുക്തി

ഇന്ത്യയുടെ പ്രതിവർഷ രാസകീടനാശിനി ഉപഭോഗം 50,000 ടൺ വരും. യൂറോപ്യൻ രാജ്യങ്ങളുടെ ഉപഭോഗവും ഏതാണ്ടിത്രതന്നെ വരും. ചൈനയും അമേരിക്കയും ഇതിന്റെ എത്രയോ ഇരട്ടി രാസകീടനാശിനികൾ (കളനാശിനികളടക്കം) ഉപയോഗിക്കുന്നു. കേരളത്തിൽ ശരാശരി ഉപഭോഗം ഹെക്ടറിന് 600 ഗ്രാം വരും. ഇന്ത്യൻ ശരാശരി 300 ഗ്രാം മാത്രം. കാസർകോട്ട് കശുമാവിൻതോട്ടങ്ങളിൽ തളിച്ചത് 1340 ഗ്രാം മാത്രമാണ്. 

വിഷത്തിന്റെ ഫലം അതിന്റെ മാത്രയെ ആശ്രയിച്ചിരിക്കുന്നു എന്നു നാം കണ്ടു.  ശരീരഭാരം കുറഞ്ഞ  ജീവികളിൽ മാത്ര കൂടുന്തോറും പ്രത്യാഘാതം കൂടും. പക്ഷേ, ജീവികളുടെ ശരീരഭാരം കൂടുന്തോറും പ്രത്യാഘാതം കുറയും.  വിഷം ശരീരകലകളിൽ എത്തി നേർത്തു പോകുന്നതാണ് കാരണം. ഇങ്ങനെ നേർത്ത് ഒരു പരിധി കഴിഞ്ഞാൽ ഒരു പ്രത്യാഘാതവും ഇല്ലാതെയാകുന്നു.  

വിഷശക്തിയുടെ യൂണിറ്റ് ഒരു കിലോ  ശരീരഭാരത്തിന് ഇത്ര മില്ലി ഗ്രാം എന്ന നിലയ്ക്കാണ്. 100 എലികൾ വീതമുള്ള നാലോ അഞ്ചോ കൂട്ടങ്ങളിൽ കീടനാശിനിയുടെ പല മാത്ര കൊടുത്ത ശേഷം ഏതു മാത്രയിലാണ് 50 ശതമാനം എലികൾ ചാവുന്നത് എന്നതു മാരക മാത്ര 50 (Lethal Dose 50, LD 50) മൂല്യം എന്നറിയപ്പെടുന്നു. മാരക മാത്ര മൂല്യം 50 ആണ് വിവിധ രാസവസ്തുക്കളുടെ വിഷശക്തി താരതമ്യപ്പെടുത്താൻ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് പുകയിലയിലെ നിക്കോട്ടിന്റെ LD 50 മൂല്യം 1 മില്ലി ഗ്രാം /ഒരു കിലോ ശരീരഭാരമാണ്.  ഏറ്റവും കുറച്ചു പ്രത്യാഘാതമുണ്ടാക്കുന്ന മാത്രയും ഒരു പ്രത്യാഘാതവുമുണ്ടാക്കാത്ത മാത്രയും നിത്യേന ആയുസ്സു മുഴുവന്‍ ഉള്ളില്‍ ചെന്നാലും ഒരു ദോഷവുമുണ്ടാക്കാത്ത മാത്രയുമൊക്കെ പരീക്ഷണങ്ങളില്‍ കണ്ടെത്തിയാണ് കീടനാശിനിയുടെ ഉപയോഗം അംഗീകരിക്കുന്നത്. 

കീടങ്ങളുടെ ശരീരഭാരം വളരെ കുറവാണ്. ഒരു തേയിലക്കൊതുകിന്റെ ശരീരഭാരം 6 മില്ലിഗ്രാം ആകുമ്പോൾ ഒരു ശരാശരി മനുഷ്യന്റേത് 60 കിലോ എന്നെടുത്താൽ ഭാരവ്യത്യാസം 10 ലക്ഷം മടങ്ങാണ്. അതിനാൽ കീടങ്ങൾക്കു മാരക മാത്രയായ വിഷാംശം മനുഷ്യന് ഒരു കുഴപ്പവുമുണ്ടാക്കാത്തതോ ഏറ്റവും കുറച്ചു പ്രത്യാഘാതമുണ്ടാക്കുന്നതോ  മാത്രമായിരിക്കും. കൂടുതലായി ദേഹത്തു വീണാൽ അൽപം നീറ്റൽ, ശ്വാസംമുട്ടല്‍,  വിയർക്കൽ, ഉമിനീരടിയൽ, രണ്ടായി കാണൽ തുടങ്ങിയ താൽക്കാലിക വിഷബാധ ലക്ഷണങ്ങൾ കണ്ടേക്കാം. അവ ഉടനെ മാറും.

കീടനാശിനിയും കാൻസറും

കീടനാശിനികളെല്ലാം കാൻസർകാരികളാണ് എന്നാണു നമ്മൾ  ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ടാണ് പച്ചക്കറികളിലും പഴങ്ങളിലുമൊക്കെ ഉയർന്ന തോതിൽ കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, കേരളത്തിൽ കാൻസർ വർധിക്കുന്നതിനു കാരണം ഈ കീടനാശിനി അവശിഷ്ടമാണെന്നും പഞ്ചായത്ത് അംഗം മുതൽ മന്ത്രിമാർവരെ നിസ്സംശയം പറയുന്നത്.

എന്താണിതിന്റെ വസ്തുത എന്നു പരിശോധിക്കാം. ലോകാരോഗ്യ സംഘടനയുടെ കീഴിൽ കാൻസർ പഠനങ്ങൾ നടത്തുന്ന ഏജൻസിയാണ് രാജ്യാന്തര കാൻസർ ഗവേഷണ ഏജൻസി (International Agency for Research Cancer - IARC). ഇവരുടെ വെബ്സൈറ്റിൽ കാൻസർ ഉണ്ടാക്കുമെന്നു കൃത്യമായി തെളിഞ്ഞിട്ടുള്ള 120 വസ്തുക്കളുടെ പട്ടികയുണ്ട്. അതിൽ ഒരേയൊരു കീടനാശിനി മാത്രമേയുള്ളൂ, ലിൻഡേൻ. ഇത് 2013ൽ തന്നെ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. ഈ പട്ടികയിലെ മറ്റു ചില വസ്തുക്കൾ പുകയില, മദ്യം, അടയ്ക്ക, കുമിളുകൾ, വൈറസുകൾ, ബാക്ടീരിയകൾ, സൂര്യപ്രകാശം മുതലായവയാണ്. കാൻസര്‍ബാധയുടെ ദേശീയ ശരാശരി ഒരു ലക്ഷം പേർക്ക് 98.8 ആയിരിക്കെ കേരളത്തിൽ അത് 125–130 ആണ്. ഹരിതവിപ്ലവത്തിന്റെ കളിത്തൊട്ടിലായ പഞ്ചാബിൽ 98 മാത്രമേയുള്ളൂ.

അർബുദവും ആയുസും

ഇനി വിവിധ രാജ്യങ്ങളിലെ കാൻസർബാധ തോത് പരിശോധിക്കുക. ഈ രാജ്യങ്ങളിലെ ആയുർദൈർഘ്യം ബ്രാക്കറ്റില്‍ വർഷത്തിൽ). ഓസ്ട്രേലിയ – 468 (83), ന്യൂസീലൻഡ് – 438 (82), അമേരിക്ക – 352 (77.4), ഫ്രാൻസ് – 344 (82.7), നെതർലൻഡ്സ് – 334 (81.8), കാനഡ – 334 (82.4), ബ്രിട്ടൻ‌ – 319 (81.4), ഇന്ത്യ – 98.8 (71.0)

ആയുസ്സ് കൂടുന്തോറും കാൻസർ പിടിപെടാനുള്ള സാധ്യത കൂടുന്നുവെന്നു വ്യക്തം. കാൻസർ റിസർച്ച് യുകെ എന്ന വെബ്സൈറ്റ് പറയുന്നത് കാൻസർ നിരക്ക് കൂടുന്നതിനു പ്രധാന കാരണം പ്രായമുള്ളവരുടെ  എണ്ണം  വർധിക്കുന്നതാണ് എന്നാണ്. കേരളത്തിൽ രാജ്യശരാശരിയെക്കാളും ഉയർന്ന കാൻസർ നിരക്കിന് ഒരു കാരണം ഇതുതന്നെ. 60 വയസ്സിനു മേൽ പ്രായമുള്ളവരുടെ ശതമാനം രാജ്യത്ത് 6% ആയിരിക്കെ കേരളത്തിൽ 12% ആണ്. ഒരു തന്മാത്ര കീടനാശിനിയാക്കാമോ എന്നു നോക്കുന്ന പ്രാരംഭ പഠനങ്ങളിൽതന്നെ അതുമൂലമുള്ള കാൻസർസാധ്യതയും പരിശോധിക്കുന്നുണ്ട്.

രാസകീടനാശിനികളെ ഭയക്കേണ്ടതില്ല. എന്നാല്‍ അവ പ്രയോഗിക്കുന്നതു നിർദേശിച്ച തോതിൽ മാത്രമായിരിക്കണം. ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവേണം ഉപയോഗം. ഓര്‍ക്കുക, കീടനിയന്ത്രണത്തി നുള്ള അവസാന ആശ്രയമാണ് രാസകീടനാശിനികള്‍. 

തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ ജീവൻ?

അൽപം വിഷം ശരീരത്തില്‍ ചെന്നാൽ അപരിഹാര്യമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ശരീരത്തിൽ എത്തുന്ന അളവ് നിശ്ചിത മാത്രയിൽ കുറവാണെങ്കിൽ ദൂഷ്യഫലങ്ങൾ ഉണ്ടാവില്ല. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല ജീവൻ. അത് അതിലോലമായ ഒരു സംവിധാനമല്ല. മറിച്ച് 390 കോടി വർഷങ്ങളിലൂടെ ഉരുത്തിരിഞ്ഞതും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചതുമായ സംവിധാനമാണ്. അതിനു പല വിഷവസ്തുക്കളെയും നിർവീര്യമാക്കാൻ കഴിവുണ്ട്. സസ്യജന്തുജാലങ്ങൾ സ്വന്തം സുരക്ഷിതത്വത്തിനായി ഒട്ടേറെ തരം വിഷങ്ങൾ ഉൽപാദിപ്പിക്കുന്നു. ഈ വിഷങ്ങളിൽ പലതിനെയും നിർവീര്യമാക്കി സ്വന്തം വളർച്ചയ്ക്കു ടോണിക്കായി ഉപയോഗിച്ചുകൊണ്ടാണ് ഓരോ ജന്തുവും ജീവിക്കുന്നത്. ഇതിനു സഹായകമായ ആയിരക്കണക്കിനു രാസാഗ്നികൾ ഓരോ ജീവിയിലുമുണ്ട്. ഈ രാസാഗ്നികളില്‍ പലതും ഏതു  വിഷത്തെയും നേരിടാൻ കെൽപുള്ളവയാണ്. (ഉദാ: മോണോക്സിജനേസസ്). ഏറ്റവും പുതിയ ആന്റിബയോട്ടിക്ക്പോലും സ്ഥിരമായുപയോഗിച്ചാൽ ബാക്ടീരിയകൾക്കു പ്രതിരോധശേഷി ലഭിക്കാറുണ്ടല്ലോ? അതേപോലെ കീടങ്ങൾക്കും പ്രതിരോധശേഷി ഉണ്ടാകും. അതിനു കാരണം പ്രധാനമായും ഈ രാസാഗ്നിക്കൂട്ടമാണ്. ഇതേ സംവിധാനം മനുഷ്യരിലും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ കരൾ ആയിരക്കണക്കിനു രാസാഗ്നികൾ ഉൽപാദിപ്പിക്കുന്ന കേന്ദ്രമാണ്.

ജൈവ പ്രകൃതിയിൽ തിന്നും തിന്നപ്പെട്ടും കഴിയുന്ന ഭക്ഷ്യശൃംഖല മാത്രമേ നമ്മൾ പുറത്തേക്കു കാണുന്നുള്ളൂ. പക്ഷേ, വിഷങ്ങളാകുന്ന വാളും രാസാഗ്നിയാകുന്ന പരിചയും ഉപയോഗിച്ചു സസ്യജന്തുജാലം നടത്തുന്ന സൂക്ഷ്മയുദ്ധം നമ്മൾ കാണുന്നില്ല. നമ്മളും ആ യുദ്ധത്തിന്റെ ഭാഗം തന്നെയാണ്. ചെറിയ അളവിൽ ശരീരത്തിൽ പ്രവേശിക്കുന്ന വിവിധ തരം വിഷങ്ങളെ വിഘടിപ്പിച്ചു വിസർജിക്കാൻ ശരീരത്തിനു കഴിവുണ്ട്.

വിലാസം:  പ്രഫസർ, കാർഷിക കോളജ്, പടന്നക്കാട്. ഫോണ്‍: 94476 91821

English summary: Understanding the Science behind the Pesticides

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA