ADVERTISEMENT

കൃഷിയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വൈദഗ്ധ്യവും ലൈസന്‍സും നേടി കൃഷിവകുപ്പിന്റെ കര്‍ഷക സേവനകേന്ദ്രത്തില്‍ അംഗമായിരുന്ന തൊടുപുഴ കുമാരമംഗലം സ്വദേശി ജിഷാ ദാസ് സ്വന്തം സംരംഭത്തിലേക്കു തിരിയുന്നത് കോവിഡ് കാലത്താണ്. കോവിഡ് പടര്‍ന്ന് കടകള്‍ അടഞ്ഞപ്പോഴും നിത്യവും തുറക്കാവുന്നൊരു സംരംഭം തുടങ്ങി ജിഷ; പച്ചക്കറികള്‍ അരിഞ്ഞെടുത്ത് റെഡി ടു കുക്ക് പരുവത്തില്‍ വില്‍ക്കുന്ന സംരംഭം.

അവിയല്‍, സാമ്പാര്‍ കൂട്ടുകളില്‍ തുടങ്ങി, പയര്‍, ചീര, വാഴക്കൂമ്പ്, കാബേജ്, കാരറ്റ്, ബീറ്റ്‌റൂട്ട്, പപ്പായ, പാവയ്ക്ക, കോവയ്ക്ക, ചക്കക്കുരു തോരനുകളിലൂടെ കടന്ന് ചക്കപ്പുഴുക്ക്, കപ്പപ്പുഴുക്ക് കൂട്ടുകളിലൂടെ നീളുകയാണ് ജിഷയുടെ റെഡി ടു കുക്ക് പായ്ക്കുകള്‍. പാകം ചെയ്യാന്‍ പരുവത്തില്‍ പായ്ക്ക് ചെയ്തു ബ്രാന്‍ഡ് ചെയ്ത കറിക്കൂട്ടുകള്‍ക്ക് കോവിഡ്കാലത്തും ഒട്ടേറെ ഉപഭോക്താക്കളെന്ന് ജിഷ. എന്നാല്‍ ഉല്‍പന്നത്തിന് ഉയര്‍ന്ന ഗുണനിലവാരം വേണം, ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ചേരുവകളുമായിരിക്കണം. വീട്ടമ്മകൂടിയായ ജിഷ ഇക്കാര്യത്തില്‍ നിഷ്‌ക്കര്‍ഷ പുലര്‍ത്തുന്നതിനാല്‍ ഡിമാന്‍ഡിനു കുറവില്ല.

ജോലി കഴിഞ്ഞ് കടകള്‍ കയറിയിറങ്ങി പച്ചക്കറികള്‍ വാങ്ങുന്നതും വൈകിട്ടെത്തി കഴുകിയരിഞ്ഞ് കറിവയ്ക്കുന്നതുമെല്ലാം ഉദ്യോഗസ്ഥരായ സ്ത്രീകളെ സംബന്ധിച്ച് കഷ്ടപ്പാടുതന്നെ. ജിഷയുടെ ഉപഭോക്താക്കളില്‍ നല്ല പങ്കും തൊടുപുഴയിലെ സര്‍ക്കാര്‍ ജീവനക്കാരാണ്. ഓഫിസുകളില്‍ നേരിട്ടെത്തി കറിക്കൂട്ടുകള്‍ കൈമാറും. ടൗണിലെ കടയിലെത്തി പതിവായി വാങ്ങുന്നവരുമുണ്ട്. ആള്‍ത്തിരക്കു കുറവുള്ള  ഈ കോവിഡ് കാലത്തും ദിവസം ശരാശരി 150 റെഡി ടു കുക്ക് നുറുക്കു പച്ചക്കറി പായ്ക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയുന്നുണ്ടെന്ന് ജിഷ. ട്രേയില്‍ നിറച്ച്, സുതാര്യമായ ക്ലിങ് ഫിലിംകൊണ്ട് പൊതിഞ്ഞ് ആകര്‍ഷകമായാണ് പായ്ക്കറ്റുകള്‍ തയാറാക്കുന്നത്.

jisha-2
ജിഷയും സുഹൃത്തുക്കളും പച്ചക്കറിക്കടയിൽ

കുടുംബശ്രീ നെല്‍കര്‍ഷക കൂടിയായ ജീഷയ്ക്കു പ്രദേശത്തെ കര്‍ഷകരുമായി അടുത്ത പരിചയ മുള്ളതിനാല്‍ അവരില്‍നിന്നെല്ലാം നാടന്‍ ഇനങ്ങള്‍ സംഭരിക്കാന്‍ കഴിയുന്നു. വട്ടവടയിലെ കര്‍ഷകരില്‍നിന്ന് നേരിട്ടു പച്ചക്കറി എത്തിക്കാനും സാധിക്കുന്നുവന്നു ജിഷ. 

കീടനാശിനി സാന്നിധ്യമുണ്ടെങ്കില്‍ അതു നീങ്ങാനായി നിശ്ചിത സമയം ഉപ്പുവെള്ളത്തില്‍ മുക്കി വച്ച ശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്താണ് പച്ചക്കറികള്‍ അരിയുന്നത്. അരിയും മുന്‍പ് കഴുകേണ്ടവയും അരിഞ്ഞ ശേഷം മാത്രം കഴുകേണ്ടവയുമുണ്ട്. പയര്‍, ബീന്‍സ്, മുരിങ്ങയ്ക്ക തുടങ്ങിയവ അരിയുന്നതിനു മുന്‍പുതന്നെ കഴുകണം. അരിഞ്ഞ ശേഷം കഴുകിയാല്‍ അവയ്ക്കുള്ളില്‍ വെള്ളം കയറും. വേഗത്തില്‍ കേടാവാന്‍ ഇടയാകും. ഈ രീതിയില്‍ ശ്രദ്ധയോടെയും സൂഷ്മതയോടെയും ചെയ്യേണ്ട കാര്യമാണ് അരിഞ്ഞു പൊതിയലെന്നും ജിഷ. അവിയലിന്റെയും സാമ്പാറിന്റെയുമെല്ലാം കൂട്ടുകളുടെ അനുപാതം കൃത്യമാവുമ്പോഴാണ് കറിയ്ക്ക് രുചിയുണ്ടാവുന്നതെന്നു ജിഷ ഓര്‍മിപ്പിക്കുന്നു.

കറിക്കൂട്ടുകള്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്കും ലാഭകരം. കുറേയേറെ പച്ചക്കറികള്‍ വാങ്ങി, ഫ്രിജില്‍ സൂക്ഷിച്ച് അതിലൊരു പങ്ക് പാഴാകുന്നു മിക്ക വീടുകളിലും. കറിക്കൂട്ടുകളാവുമ്പോള്‍ അല്‍പം പേലും പാഴാകില്ല. ഒന്നോ രണ്ടോ നേരത്തേക്കുള്ളതു മാത്രമാണ് പായ്ക്കറ്റുകളില്‍. എന്നും പുതിയ കായ്കറികള്‍ രുചിക്കുകയുമാവാം. 250 ഗ്രാം മുതല്‍ 800 ഗ്രാംവരെ വിവിധ അളവുകളിലും 20 രൂപ മുതല്‍ 80 രൂപവരെ വിലകളിലുമാണ് കറിക്കൂട്ടുകളെത്തുന്നത്. കോവിഡ് കാലത്ത് സ്ഥിരവരുമാനം ഉറപ്പായതിന്റെ ആത്മവിശ്വാസമുണ്ട് ഇപ്പോള്‍ ജിഷയുടെയും സൃഹൃത്തുക്കളുടെയും മുഖത്ത്. 

ഫോണ്‍: 9847928996

English summary: Ready to cook vegetables business 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com