ADVERTISEMENT

 

മുമ്പൊക്കെ പണത്തിന് ചെറിയൊരു ആവശ്യം വന്നാൽ ഇത്തിരി സ്വർണവുമായി നേരേ അടുത്ത ബാങ്കിലേക്കോടുകയായി. ആവശ്യം എന്തുമാകാം. വീട് നന്നാക്കാനോ, കല്യാണം നടത്താനോ, മരുന്നു വാങ്ങാനോ, എന്തുമാകട്ടെ, ബാങ്ക് ജീവനക്കാർ ആ ഇത്തിരി പൊന്നെടുത്ത് തൂക്കി നോക്കി, ഉരച്ചു നോക്കി ഒരു തുക അങ്ങു തരും. തീരെ വഴിയില്ല പരമാവധി തരണം എന്നൊക്കെ കെഞ്ചിയാൽ ഒരു നൂറു രൂപ കൂടി തരും. പൈസ കൃത്യമായി അടച്ചു തീർക്കണമെന്ന് ഓർമിപ്പിക്കും. ബാങ്ക് തരുന്ന അപേക്ഷാ ഫോമിൽ കൃഷി ആവശ്യത്തിന് എടുക്കുന്ന വായ്പ എന്നു ചേർക്കണമെന്നു മാത്രം. വാഴകൃഷിയോ പച്ചക്കറിയോ എന്തുമാകാം. പലിശ 4 ശതമാനം മതി. ബാങ്കിൽനിന്ന് പണമെടുക്കുന്ന ആവേശം പലപ്പോഴും തിരിച്ചടയ്ക്കാൻ ഉണ്ടാകില്ല. തിരിച്ചടവ് കൃത്യമായില്ലെങ്കിൽ പലിശയിൽ കിട്ടുമായിരുന്ന ഇളവ് ഇല്ലാതാകും. പിന്നെ ഏതെങ്കിലും സമയത്ത്  പണം ഉണ്ടാകുമ്പോൾ സ്വർണം തിരിച്ചെടുക്കാൻ ചെല്ലുമ്പോൾ പലിശ, കൂട്ടുപലിശ, പിഴപ്പലിശ എന്നൊക്കെ പറഞ്ഞ് എടുത്തതിന്റെ രണ്ടും മൂന്നും ഇരട്ടി തിരിച്ചടയ്ക്കേണ്ടി വരും. പിന്നെ ബ്ലേഡ് പലിശ കഴുത്തറപ്പൻ പലിശ എന്നൊക്കെ ശപിച്ചു കൊണ്ട് ബാങ്കിന്റെ പടിയിറങ്ങും. സത്യത്തിൽ ബാങ്ക് നടപടികളിലുള്ള അറിവില്ലായ്മയാണ് ഇതിനു കാരണം. തിരിച്ചടവ് കൃത്യമായിരുന്നെങ്കിൽ കൃത്യമായ പലിശ ഇളവും ലഭിക്കുമായിരുന്നു. ഇന്ന് കാലം മാറി. സ്വർണം പണയം വച്ച് കൃഷി ആവശ്യത്തിനെന്നു പറഞ്ഞ് 4 ശതമാനം പലിശയ്ക്ക് എന്തിനും ഏതിനും വായ്പ നൽകിയ കാലം അവസാനിച്ചു. ഇന്ന് യഥാർഥ കൃഷി ആവശ്യത്തിന് പലിശ ഇളവോടെ വായ്പ നൽകുന്നത് കിസാൻ ക്രെഡിറ്റ് കാർഡ് വഴിയാണ്. 

കാലം മാറി; സഹായം കാർഡ് രൂപത്തിൽ

കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതി ദേശീയ സംരംഭമാണ്. ബാങ്ക് കാർഷിക ഗ്രാമവികസനത്തിനായി (നബാർഡ്) കൃഷിക്കും വാഹനങ്ങൾ വാങ്ങുന്നതിനും കർഷകർക്ക് വായ്പ നൽകുന്നത് കെസിസി ഉറപ്പാക്കുന്നു. കാർഷിക മേഖലയുടെ സമഗ്ര വായ്പ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് കെസിസിയുടെ പ്രധാന ലക്ഷ്യം.

kisan-credit-card-1
image credit shutterstock

വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത രേഖകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന രേഖ വ്യക്തിയുടെ പേരും മേൽവിലാസവും ഉൾപ്പെടുന്നതു തന്നെ. കിസാൻ ക്രെഡിറ്റ് കാർഡിന് പരിശോധന, പ്രോസസിങ് ഫീസ്, മറ്റു കൈകാര്യ ചെലവുകൾ തുടങ്ങിയവ ഈടാക്കരുതെന്നാണ് ചട്ടം. അക്കൗണ്ടുള്ള ബാങ്കിലാണ് കർഷകൻ അപേക്ഷ നൽകേണ്ടത്. ബാങ്കിൽനിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകി അപേക്ഷ സമർപ്പിക്കാം. ഇതോടൊപ്പം കൃഷിക്കാരൻ തന്റെ ഭൂമി രേഖകളും വിശദാംശങ്ങളും നൽകണം. മുൻപ് കെസിസി ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം.

കടക്കെണി മോചനം

അമിത നിരക്ക് ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ കെണിയിൽനിന്ന് കർഷകരെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കിസാൻ ക്രെഡിറ്റ് കാർഡ് നടപ്പിൽ വരുത്തിയത്. പലിശ കുറവ്, എളുപ്പത്തിലുള്ള തിരിച്ചടവ്, തിരിച്ചടവ് സാവകാശം, ഉപയോഗിക്കുന്ന പണത്തിനുമാത്രം പലിശ തുടങ്ങിയ ഒട്ടേറെ പ്ലസുകളും ഇതിനുണ്ട്. 3 വർഷക്കാലമാണു കാർഡിന്റെ കാലാവധി. 2 ലക്ഷം രൂപയാണ് വായ്പ പരിധി. കൃഷിയുമായി വായ്പ ബന്ധിപ്പിക്കുന്ന പക്ഷം, വായ്പ പരിധി 3 ലക്ഷം വരെ വർധിപ്പിക്കാം. സാധാരണയായി 1.6 ലക്ഷം രൂപ വരെ ഈട് ഇല്ലാതെ വായ്പ അനുവദിക്കും.

പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും അക്കൗണ്ടുള്ള ബാങ്കിൽ നൽകിയാൽ 14 ദിവസത്തിനകം കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കും. കുറഞ്ഞ പലിശ നിരക്കിൽ കർഷകർക്കു വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. വായ്പ ആവശ്യമുള്ള കർഷകർ മാത്രം അപേക്ഷ നൽകിയാൽ മതി. നികുതി അടച്ച രസീതിന്റെ അടിസ്ഥാനത്തിൽ പരമാവധി 1,60,000 രൂപയാണ് വായ്പയായി ലഭിക്കുക. 1,60,000 രൂപയിൽ കൂടുതലുള്ള തുകയ്ക്കു ബാങ്ക് ആവശ്യപ്പെടുന്ന രേഖകൾ നൽകണം. 3 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കും.

വായ്പ ലഭ്യമായാൽ കർഷകർക്കു ബാങ്കുകൾ എടിഎം കാർഡ് മാതൃകയിൽ പച്ച നിറത്തിലുള്ള കാർഡ് നൽകും. ഇതാണ് കിസാൻ ക്രെഡിറ്റ് കാർഡ്. കാർഡ് ഉപയോഗിച്ചു വായ്പയിൽനിന്ന് ആവശ്യമുള്ള തുക പിൻവലിക്കാം.എടുക്കുന്ന തുകയ്ക്കു മാത്രം പലിശ നൽകിയാൽ മതി. കൃത്യമായി തിരിച്ചടയ്ക്കുന്ന കാർഡ് ഉടമകൾക്കു 4 ശതമാനം പലിശ.

കിസാൻ ക്രെഡിറ്റ് കാർഡിനായി കൃഷി ഓഫിസർ സർട്ടിഫിക്കറ്റ് നൽകേണ്ട. നികുതി അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ കർഷകർ നൽകണം.

ക്ഷീരകർഷകർക്കും പരിഗണന

സ്വന്തമായി ഭൂമി ഉള്ളവരും പശുക്കളെ വളർത്തുന്ന എല്ലാ ക്ഷീരകർഷകർക്കും ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാം. ബാങ്കുകളുടെ പരിശോധനയ്ക്കു ശേഷമാണ് കാർഡ് അനുവദിക്കുക. ഒരു പശുവിന് 24,000 രൂപ നിരക്കിലാണ് വായ്പ പരിധി നിശ്ചയിച്ചിട്ടുള്ളത്. തുടർന്നും ക്ഷീര കർഷകർക്ക് ആവശ്യാനുസരണം വായ്പ പരിധിക്കുള്ളിൽ നിന്നു കൊണ്ടു തുടർ വായ്പ ലഭ്യമാക്കാം.

കാർഷിക ആവശ്യങ്ങൾക്കായി കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വായ്പ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക പദ്ധതി  രാജ്യത്താകമാനം തുടങ്ങിയിട്ടുണ്ട്. കൃഷിയുള്ള എല്ലാവർക്കും വായ്പ ലഭ്യമാക്കുക എന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. പരമാവധി 3 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ 5% പലിശ സബ്സിഡി നൽകുന്നു. വായ്പ 3 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 3 ലക്ഷത്തിന് പലിശ സ്ബസിഡി ലഭിക്കും. ബാക്കി വായ്പത്തുകയ്ക്ക് 9% പലിശ.

ഒരു വർഷത്തിനകം വായ്പ തിരിച്ചടയ്ക്കുന്നവർക്കാണ് ആനുകൂല്യം. അപ്പോൾ വായ്പയുടെ പലിശ ഒരു വർഷത്തിൽ 100 രൂപയ്ക്കു 4 രൂപ.

സ്ഥിര നിക്ഷേപത്തിനു കിട്ടുന്ന പലിശയെക്കാൾ കുറവ്. ഈ സബ്സിഡി ബാങ്കുകൾ വായ്പ പുതുക്കുമ്പോൾ തന്നെ കൊടുക്കുന്നതു കാരണം ഇത് ലഭിക്കാൻ കാലതാമസവും ഇല്ല.

ഈടില്ലാ വായ്പകൾ

റിസർവ് ബാങ്ക് നിയമം അനുസരിച്ച് 1.60 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പയ്ക്ക് ഈടോ സെക്യൂരിറ്റിയോ വേണ്ട (പുതുക്കി എടുക്കുന്ന പഴയ വായ്പകൾക്ക് ഈ വ്യവസ്ഥ ബാധകമല്ല). പുതിയ വായ്പയ്ക്ക് ഏതെങ്കിലും ബാങ്ക് ഈടു ചോദിച്ചാൽ പരാതി ഉന്നയിക്കാം. കൃഷിഭൂമി സ്വന്തമായി ഉള്ളതും കൃഷി ചെയ്യുന്നവരുമായ എല്ലാവർക്കും കെസിസി വായ്പ നൽകിയിരിക്കണം എന്നതാണ് കേന്ദ്ര നയം. ഏതെങ്കിലും നിബന്ധന ഈ വായ്പാ പദ്ധതിക്കില്ല. അപേക്ഷ ലഭിച്ചാൽ 14 ദിവസത്തിനകം പ്രോസസ് ചെയ്ത് തീരുമാനം എടുക്കണമെന്നാണു ബാങ്കുകളോടു സർക്കാർ പറഞ്ഞിട്ടുള്ളത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന നയ ഭേദഗതി പ്രകാരം കാർഷിക വായ്പ കൂടാതെ, കൃഷി അനുബന്ധ മേഖലകളായ ക്ഷീരക്കൃഷി, ഉൾനാടൻ/ തീരദേശ മത്സ്യ ബന്ധനം, കോഴി വളർത്തൽ എന്നിവയ്ക്ക് 2 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കു പലിശ സബ്സിഡി ലഭിക്കും.

ഒരു കർഷകന് കാർഷിക/ കാർഷികാനുബന്ധ വായ്പകൾ ചേർന്ന് 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ് സബ്സിഡി ലഭിക്കുക.

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ, കാർഷിക മേഖലയ്ക്കൊപ്പം ക്ഷീര വികസനം, മൃഗ സംരക്ഷണം, മത്സ്യകൃഷി എന്നിവയും കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ഉൾപ്പെടുത്തി. ദേശീയതലത്തിൽ 1.5 കോടി ക്ഷീര കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകുക എന്നതാണു ലക്ഷ്യം. ഒന്നാം ഘട്ടത്തിൽ ഇന്ത്യയിൽ സഹകരണ മേഖലയിൽ പാൽ അളക്കുന്ന അർഹരായ എല്ലാ ക്ഷീരകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുക എന്നതാണ് ദൗത്യം. കേരളത്തിൽ ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനുകളെയാണ്, ഇതിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഘട്ടം ഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്. 

കൗ കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്ന ചുമതല ക്ഷീര വികസന വകുപ്പിനാണ്. സംസ്ഥാന ലീഡ് ബാങ്ക്, മൃഗ സംരക്ഷണ വകുപ്പ്, മിൽമ എന്നിവയുടെ സഹകരണത്തോടെ, ക്ഷീര സംഘങ്ങൾ മുഖേനയുമാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് തലത്തിൽ ക്ഷീര വികസന ഓഫിസർ, ജില്ലാ തലത്തിൽ ഡപ്യൂട്ടി ഡയറക്ടർ, സംസ്ഥാനതലത്തിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടർ എന്നിവർക്കാണു പദ്ധതി നിർവഹണത്തിന്റെ ചുമതല. 

ഇളവുകൾ നേട്ടമാകുമ്പോൾ

കിസാൻ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട വായ്പ തുക നബാർഡ് മുഖേനയാണ് കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നത്. ഇതിനു പുറമേ കൃത്യമായ തിരിച്ചടവിന് 5 % വരെ പലിശ സബ്സിഡിയും അനുവദിക്കും. തീറ്റ വസ്തുക്കൾ വാങ്ങൽ, തീറ്റപ്പുൽ കൃഷി, കാലിത്തൊഴുത്ത് നവീകരണം, ചെറുകിട യന്ത്രവൽക്കരണം, ഇൻഷുറൻസ് പ്രീമിയം, തുടങ്ങിയ കാര്യങ്ങൾക്ക് വായ്പ ഉപയോഗപ്പെടുത്താം. അത്യാവശ്യ സാമ്പത്തിക ആവശ്യങ്ങൾക്കായും ക്ഷീര കർഷകർക്ക് പദ്ധതിയെ പ്രയോജനപ്പെടുത്താം.

നിശ്ചിത മാതൃകയിൽ ക്ഷീര സംഘത്തിലാണു അപേക്ഷ നൽകേണ്ടത്. അപേക്ഷ ഫോറങ്ങൾ സൗജന്യമായി ക്ഷീര സംഘങ്ങളിൽനിന്നു ലഭിക്കും. 2 പാസ്പോർട്ട് സൈസ് ഫോട്ടോകളും ആധാർ കാർഡ്, തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, കരം തീർത്ത രസീത് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈവശാവകാശ സർട്ടിഫിക്കറ്റിന്റെ അസ്സലും അപേക്ഷയോടൊപ്പം നൽകണം.

അപേക്ഷകൾ പൂരിപ്പിക്കന്നതിനു ക്ഷീര സംഘങ്ങൾ സഹായം നൽകും. അപേക്ഷയുടെ പ്രാഥമിക പരിശോധന നടത്തി ശുപാർശ സഹിതം ക്ഷീര സംഘങ്ങൾ അപേക്ഷകളും അനുബന്ധ രേഖകളും ബന്ധപ്പെട്ട ബാങ്കുകളിൽ നൽകും. 15 ദിവസത്തിനകം അർഹരായ ക്ഷീര കർഷകർക്ക് സൗജന്യമായി കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും. ക്ഷീര സംഘങ്ങളിൽ പാൽ നൽകാത്ത കർഷകർ, കാർഡ് ലഭ്യമാക്കുന്ന നടപടികളുടെ ഭാഗമായി ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം.

ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന ക്ഷീര കർഷകരുടെ പാൽ വിലയിൽ നിന്നും കർഷകന്റെ അനുമതിയോടെ ക്ഷീര സംഘം തിരിച്ചടവ് നടത്തും. ക്ഷീര സംഘത്തിൽ അംഗം അല്ലാത്തവർ ബാങ്കിൽ നേരിട്ട് തിരിച്ചടവ് നടത്തണം.

English summary: What is Kisan Credit Card Yojana and its features and benefits?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com