കൈപ്പുണ്യമുള്ള വീട്ടമ്മയാണോ? എങ്കിൽ ആ കൈപ്പുണ്യം കാശാക്കാൻ അവസ‌രമുണ്ട്

celebees
സ്റ്റാർട്ടപ് സ്ഥാപകരായ സുനിതയും ഭർത്താവ് ഫൈസലും
SHARE

കൊച്ചി ഇൻഫോപാർക്കിൽ ഇരുനൂറോളം  ജീവനക്കാരുള്ള ഐടി കമ്പനിയുടെ സിഇഒ ആയിരിക്കുമ്പോൾ ഫൈസൽ ഖാലിദ് നേരിട്ട ഒരു വെല്ലുവിളിയിൽനിന്നാണ് സെലിബീസ് എന്ന സ്റ്റാർട്ടപ്പിന്റെ പിറവി. ജീവനക്കാരുടെ പിറന്നാളാഘോഷം ഉൾപ്പെടെ വിശേഷ വിരുന്നുകൾ നിത്യവുമുണ്ടാവും ഓഫിസിൽ. വിഭവങ്ങൾ ഓർഡർ ചെയ്യാൻ എല്ലാവരും ആശ്രയിക്കുന്നത് സമീപത്തെ ബേക്കറികളെ. എന്നും ഒരേ വിഭവങ്ങൾ, ഒരേ രുചി. ഏറെ മൊരിഞ്ഞ കേക്കു മുതൽ എണ്ണയൊഴുകുന്ന പഴംപൊരിവരെ. മിക്കവർക്കും ഈ വിഭവങ്ങളോട് മടുപ്പായെങ്കിലും മറുവഴി തേടാൻ ആർക്കും നേരമില്ലായിരുന്നു.

പാചകകലയിൽ വൈദഗ്ധ്യമുള്ള വീട്ടമ്മമാരെ കൂട്ടി ആരോഗ്യകരമായ വിഭവങ്ങൾ ഒരുക്കി നൽകുന്ന ഭക്ഷ്യവിതരണ പ്ലാറ്റ്ഫോം എന്ന ആശയം ഭാര്യ സുനിതയാണ് നിർദേശിച്ചതെന്നു ഫൈസൽ. വീട്ടമ്മമാരുടെ ഹോം മെയ്ഡ് വിഭവങ്ങൾ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം. യാത്രക്കാരെയും സ്വന്തം ടാക്സിയുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂബർ മാതൃകയില്‍ ഐടി അധിഷ്ഠിത ഭക്ഷ്യസംരംഭം. 

ഇൻഫോപാർക്ക് ഉൾപ്പെടെ കാക്കനാട് മാത്രമുള്ള ഐടി സ്ഥാപനങ്ങളിലായി ചുരുങ്ങിയത് 50,000 പേര്‍ ജോലിചെയ്യുന്നുണ്ടെന്ന് ഫൈസൽ. ഇവിടെയെല്ലാമായി ആഴ്ചയിൽ ശരാശരി 500 ചെറു വിരുന്നുകള്‍ നടക്കുന്നുണ്ട്. എല്ലാവരും ആരോഗ്യകരമായ വിഭവ വൈവിധ്യം ആഗ്രഹിക്കുന്നുമുണ്ട്. പാചകവിദഗ്ധരായ സ്ത്രീകൾ തയാറാക്കുന്ന ആരോഗ്യ വിഭവങ്ങൾക്ക്, സംരംഭ സാധ്യത മാത്രമല്ല സാമൂഹികനേട്ടം കൂടിയുണ്ടെന്നും ഫൈസലും സുനിതയും തിരിച്ചറിഞ്ഞു; ജോലിയും വരുമാനവുമില്ലാത്ത ഒട്ടേറെ സ്ത്രീകള്‍ക്കൊരു സഹായമാകുമല്ലോ. 

സ്ത്രീമുന്നേറ്റത്തിന് മികച്ച സംഭാവന നൽകുന്ന സ്റ്റാർട്ടപ് എന്ന നിലയിലുൾപ്പെടെ പല രാജ്യാന്തര പുരസ്കാരങ്ങളും നേടി മുന്നേറുന്ന സെലിബീസ് ഇന്ന് ചേർത്തു പിടിക്കുന്നത് ആയിരത്തിലധികം സ്ത്രീകളെ. ‘സെലിബീസ് ഹോം ഷെഫ്’ എന്ന അഭിമാനമുദ്രയോടെ ഈ സ്റ്റാർട്ടപ്പിന്റെ തണലിൽ സ്ഥിരവരുമാനം നേടുന്നു സാധാരണക്കാരായ ഒട്ടേറെ സ്ത്രീകൾ. കൊച്ചിയിലെ കോർപറേറ്റ്–സർക്കാർ–പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഇടങ്ങളിലെ വിരുന്നുകളില്‍ വിളമ്പുന്നത് സെലിബീസിന്റെ രുചി വൈവിധ്യങ്ങൾ.    

കൂട്ടുകൂടി നേട്ടം

ഭക്ഷ്യസംസ്കരണരംഗത്തുള്ള സ്ത്രീകളും സ്ത്രീക്കൂട്ടായ്മകളും പരാജയപ്പെടുന്നത് സ്ഥിരതയുടെ അഭാവത്തിലാണെന്നു ഫൈസല്‍. വീട്ടമ്മമാര്‍ വീട്ടിലൊരുക്കിയ അച്ചാറും പലഹാരങ്ങളും  ബേക്കറിയിൽനിന്നോ എക്സിബിഷൻ സ്റ്റാളുകളിൽനിന്നോ വാങ്ങി രുചിച്ച് ഇഷ്ടപ്പെട്ട പലരുമുണ്ടാവും. എന്നാൽ വീണ്ടുമവ വാങ്ങാൻ കിട്ടിയിട്ടുണ്ടാവില്ല. വിപണനത്തിൽ സ്ഥിരതയില്ലാതെ പോകുന്നതുതന്നെ കാരണം. ഈ പ്രശ്നം പരിഹരിക്കുകയാണ് സെലീബീസിലൂടെ.

മൂന്നു തലങ്ങളിലാണ് സെലിബീസ് പ്രവർത്തിക്കുന്നത്. ഹോം ടു ഓഫിസ്, ഹോം ടു ഹോം, ഹോം ടു ഷോപ്പ്. പാചകം ഹോബിയായി കാണുന്നവരും സ്ഥിരവരുമാനത്തിനായി സ്വീകരിക്കുന്നവരും സെലിബീസ് ഷെഫുമാരിലുണ്ട്. ഹോബിയായി കാണുന്നവർ നിത്യവും പാചകം ചെയ്യാൻ താൽപര്യപ്പെടണമെന്നില്ല. വിശേഷാവസരങ്ങളിലേക്ക് സ്പെഷൽ വിഭവങ്ങൾ തയാറാക്കാനാവും അവർക്കു താൽപര്യം. 

വ്യക്തിഗത ഓർഡറുകൾ ഇഷ്ടപ്പെടുന്ന അവർക്ക് ഹോം ടു ഓഫിസ്, ഹോം ടു ഹോം രീതി ഇണങ്ങും. നിത്യവരുമാനം ആഗ്രഹിക്കുന്നവർക്ക് ഹോം ടു ഷോപ്പ് പ്രയോജനപ്പെടും. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം ഉൽപന്നങ്ങൾ മുടങ്ങാതെ എത്തിച്ച് വരുമാനം ഉറപ്പാക്കാം. ആരുടെയെങ്കിലും അസൗകര്യം മൂലം ഇത്തരം പതിവ് ഓർഡര്‍ മുടങ്ങാതിരിക്കാൻ  ഷെഫുമാരുടെ സംഘങ്ങളും സെലിബീസിനൊപ്പമുണ്ട്.

സെലിബീസ് മൊബൈൽ ആപ് വഴി ഉപഭോക്താക്കളിൽനിന്ന് ഓർഡർ ലഭിക്കുമ്പോൾ അതത് പ്രദേശത്തുള്ള സെലിബീസ് ഷെഫുമാരിലേക്ക് ഓർഡർ കൈമാറുകയാണ്  ചെയ്യുന്നത്. ഉൽപ‌ന്നങ്ങൾ ഉപഭോക്താക്കൾക്കു കൈമാറാൻ സ്വന്തം ഡെലിവറി സംവിധാനവുമുണ്ട്.

celebees-1
സെലിബീസ് സംഘം

സെലിബീസ് ഷെഫ് 

ഏതൊരു സ്ത്രീക്കും എളുപ്പം സെലിബീസിന്റെ ഭാഗമാകാം എന്നു കരുതരുത്. സെലിബീസ് ഹോം ഷെഫ് എന്ന മേൽവിലാസം നേടാൻ കടമ്പകളുണ്ട്. സ്വന്തം വിഭവം പരിചയപ്പെടുത്തൽ, സെലിബീസ് നടത്തുന്ന പാചകമത്സരത്തിൽ പങ്കെടുക്കൽ എന്നീ ഘട്ടങ്ങൾ ആദ്യം കടക്കണം. ശേഷം സ്കിൻ ടെസ്റ്റ്, തുടർന്ന് ശുചിയായ പാചകത്തിന്റെ പ്രോട്ടോക്കോൾ വിശദീകരിച്ച് പ്രമുഖ ഷെഫുമാർ നയിക്കുന്ന പരിശീലനക്ലാസ്. അതോടെ സെലിബീസ് ഹോം ഷെഫ് എന്ന മേൽവിലാസം സ്വന്തം. 

ഓരോരുത്തരും തയാറാക്കി നൽകുന്ന വിഭവങ്ങൾ ഉപഭോക്താക്കൾ ആപ് വഴി റേറ്റ് ചെയ്യുന്നുണ്ടാവും. മികച്ച ഗുണനിലവാരമുള്ള വിഭവങ്ങൾ നൽകിയവർ പോയിന്റിൽ മുന്നിലെത്തും. കൂടുതൽ പോയിന്റ് നേടുന്നവർക്ക് കൂടുതൽ ഓർഡര്‍ ലഭിക്കുന്നു. നിശ്ചിത പോയിന്റ് ലഭിക്കാത്തവരാകട്ടെ ഷെഫ് പദവിയിൽനിന്നു പുറത്താകും. വരുമാനത്തിനാധാരം പ്രവർത്തനമികവായിരിക്കുമെന്നര്‍ഥം. വിഭവങ്ങളുടെ വില കൃത്യമായി ഷെഫിന്റെ അക്കൗണ്ടിലെത്തും.

സെലിബ്രേറ്റ് ലൈക്ക് ബീസ് ആണ് സെലിബീസ് എന്നു ഫൈസൽ. തേനൊരുക്കുന്ന തേനീച്ചകളുടെ ആഘോഷവും കൂട്ടായ്മയും തന്നെ സെലിബീസിന്റെയും തത്വം. പാചകസാമര്‍ഥ്യമുള്ള സ്ത്രീകളെ ഈ കൂട്ടായ്മയിലേക്കു ക്ഷണിക്കുന്നു സുനിതയും ഫൈസലും.   

ഫോൺ: 9746514999 / വെബ്സൈറ്റ്: celebees.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA