മനസ്സുവച്ചാൽ മരച്ചീനി നേട്ടം: ഒരു ജില്ല–ഒരുൽപന്നം പദ്ധതിയിൽ തിരുവനന്തപുരത്തിന്റെ കൃഷിയിനം മരച്ചീനി

HIGHLIGHTS
  • മരച്ചീനിമാവ് തനതു രൂപത്തിലോ വറുത്തെടുത്തോ വിപണനം ചെയ്യാനാവും
  • മരച്ചീനിയിൽനിന്നു വെളുത്ത നിറമുള്ള സ്റ്റാർച്ച് എളുപ്പത്തിൽ തയാറാക്കാം
tapioca-product
SHARE

ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും പുതുസംരംഭങ്ങൾക്കും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒട്ടേറെ പാക്കേജുകൾ നടപ്പാക്കിവരുന്നുണ്ട്. ‘ഒരു ജില്ല, ഒരു ഉൽപന്നം’ എന്ന പദ്ധതിയിലൂടെ മരച്ചീനി(കപ്പ) അടക്കം കേരളത്തിലെ ഒട്ടുമിക്ക വിളകളുടെയും മൈക്രോ തലത്തിലുള്ള മൂല്യവർധിത ഉൽപന്ന സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം ലഭിക്കും.

മരച്ചീനിയുൽപന്നങ്ങൾക്കു വിപുലസാധ്യതകളാണുള്ളത്. കിഴങ്ങ് തൊലികളഞ്ഞ് വൃത്തിയാക്കി അരിഞ്ഞു നേരിട്ടുണക്കിയോ (വെള്ളക്കപ്പ) വാട്ടിയെടുത്തുണക്കിയോ (വാട്ടുകപ്പ) ഭക്ഷ്യോൽപന്നമായി ദീർഘകാലം സംഭരിച്ചുവയ്ക്കാം. പ്രവചനാതീതമായ കാലാവസ്ഥയും കാലം തെറ്റിയുള്ള മഴയും മരച്ചീനി ഉണക്കാനുള്ള ഡ്രയറുകളുടെ ആവശ്യകത തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ നിശ്ചിത യൂസർ ഫീസ് ഈടാക്കി വാടക അടിസ്ഥാനത്തിൽ മരച്ചീനി ഉണക്കിക്കൊടുക്കുന്ന സംരംഭങ്ങൾക്കു സാധ്യത ഏറെയുണ്ട്. തൊടുപുഴയിൽ പ്രവർത്തിക്കുന്ന കേരള കാർഷിക വികസന സമിതി (KADS) പോലുള്ള സ്ഥാപനങ്ങളും ചില വ്യക്തികളും ഡ്രയർ അടിസ്ഥാന സംരംഭങ്ങൾ വിജയകരമായും ലാഭകരമായും നടത്തുന്നുണ്ട്. 

മൈക്രോ/സ്മോൾ സംസ്കരണ യൂണിറ്റുകൾ തുടങ്ങി, മരച്ചീനി ഉണക്കി പൊടിച്ചെടുക്കുന്ന മാവിൽനിന്ന് എല്ലാ തലമുറകളിൽപെട്ടവർക്കും ഇഷ്ടപ്പെടുന്ന ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ ഒരുക്കാം. പക്കാവട, മുറുക്ക്, മധുരസേവ, കാരസേവ, മിക്സ്ചർ തുടങ്ങിയ ഫ്രൈഡ് സ്നാക്ക് ഫുഡ്സ്, ഉരുളക്കിഴങ്ങ് ചിപ്സിനോടു കിടപിടിക്കുന്ന മൃദുവും ക്രിസ്പിയും ആയ ചിപ്സ്, ഡയബറ്റിക്, അമിതവണ്ണം എന്നീ ആശങ്കകളുള്ളവർക്കും പുതുതലമുറയ്ക്കുമെല്ലാം ഇഷ്ടപ്പെടുന്ന പാസ്ത നൂഡിൽസ്, എണ്ണമയം ഒട്ടുമില്ലാത്ത ഉൽപന്നങ്ങൾ, ബേക്കറി ഉൽപന്നങ്ങളായ ബിസ്കറ്റ്, കുക്കീസ്, കേക്ക്, ബ്രെഡ്, മഫിൻസ്, കപ്പ് കേക്ക് തുടങ്ങി ഏറെയുണ്ട് ഭക്ഷ്യസംസ്കരണ സാധ്യതകൾ. ശീതീകരിച്ച ഫ്രോസൺ മരച്ചീനി, റെഡി ടു ഈറ്റ് രീതിയിൽ റിട്ടോർട്ട് രീതിയില്‍ സംസ്കരിച്ച മരച്ചീനി തുടങ്ങിയവയ്ക്ക് കയറ്റുമതിസാധ്യതയുമുണ്ട്. 

സംരക്ഷകങ്ങളൊന്നും ചേർക്കാതെ ദീർഘ സംഭരണകാലമുള്ള ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ മരച്ചീനിയിൽനിന്ന് ഉണ്ടാക്കാം. പക്ഷേ, ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ മനോഹരമായി പായ്ക്ക് ചെയ്തു മിതമായ നിരക്കിൽ ഗുണമേന്മയോടെ വിപണിയിൽ എത്തിക്കണമെന്നു മാത്രം. എങ്കിലേ മത്സരാധിഷ്ഠിതമായ കമ്പോളത്തിൽ പിടിച്ചുനിന്ന് മുന്നേറാൻ കഴിയൂ. മികച്ച സംരംഭ സാധ്യതയുള്ള ഏതാനും മരച്ചീനിയുൽപന്നങ്ങൾ പരിചയപ്പെടാം. 

tapioca-product-3

സ്നാക് ഫുഡ്സ് 

കിഴങ്ങ് തൊലി കളഞ്ഞു കഴുകി അരിഞ്ഞുണക്കി പൊടിച്ചെടുക്കുന്ന മാവ് ഉപയോഗിച്ച് ഒട്ടേറെ വിഭവങ്ങൾ ഉണ്ടാക്കാം. മറ്റു കിഴങ്ങുവിളകളുടേതിനെ അപേക്ഷിച്ചു മരച്ചീനിയുടെ മാവ് ഉണ്ടാക്കാൻ എളുപ്പമാണ്. മരച്ചീനിമാവ് തനതു രൂപത്തിലോ വറുത്തെടുത്തോ ആകർഷകമായ പാക്കറ്റുകളിലാക്കി വിപണനം ചെയ്യാനാവും. ഒരു കിലോ മരച്ചീനിയിൽനിന്ന് 250–350 ഗ്രാം മാവു കിട്ടും. ഇതിൽ പലയളവിൽ മൈദ, കടലമാവ്, അരിപ്പൊടി എന്നിവ ചേർത്ത് എണ്ണയിൽ വറുത്തെടുക്കുന്ന പക്കാവട, മിക്സ്ചർ, മധുരസേവ, മുറുക്ക്, ന്യൂട്രിചിപ്സ് എന്നിവയുണ്ടാക്കാം. 

ഗോതമ്പ്, മൈദ എന്നിവ ഒട്ടും ചേർക്കാതെ ഗ്ലൂട്ടൺ (gluten) ഇല്ലാത്ത പാസ്ത ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യയും ലഭ്യമാണ്. എണ്ണമയം തീരെയില്ലാതെ ഉണ്ടാക്കാവുന്ന ഉൽപന്നങ്ങൾക്കു വിപണിയിൽ നല്ല ഡിമാൻഡ് ഉണ്ട്. മരച്ചീനിമാവ്, മൈദ, പഞ്ചസാര, ബട്ടർ എന്നിവ ചേർത്ത് കുക്കീസ്, ബിസ്കറ്റ് എന്നിവയുണ്ടാക്കാം. മരച്ചീനി മുഖ്യ ചേരുവയായി പപ്പടവുമുണ്ടാക്കാം. 

മരച്ചീനി ചിപ്സ് / വാട്ടുകപ്പ

മികച്ച രുചിയും നിറവും മാർദവവുമുള്ള മരച്ചീനി ചിപ്സ് ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരം സിടിസിആർഐ(Central Tuber Crops Research Institute)യിൽ ലഭ്യമാണ്. മരച്ചീനി കനം കുറച്ചു മുറിച്ചെടുത്ത് വിനാഗിരി ലായനിയിൽ മുക്കിവച്ചതിനുശേഷം പുറത്തെടുത്തു കഴുകി തിളച്ച വെള്ളത്തിൽ ചെറുതായി വാട്ടി, വീണ്ടും കഴുകി പുറത്തെ ജലാംശം നീക്കിയശേഷം എണ്ണയിൽ വറുത്തെടുക്കാം. 8–9 മാസം പ്രായത്തിൽ വിളവെടുത്ത മരച്ചീനിയാണ് ഉപ്പേരിക്കു യോജ്യം. മരച്ചീനി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറുകനത്തിൽ അരിഞ്ഞെടുത്തു തിളച്ച വെള്ളത്തിൽ വാട്ടിയെടുത്ത് ഉണക്കി ദീർഘകാലം സൂക്ഷിച്ച് ഉപയോഗിക്കാം. 

tapioca-product-2

സ്റ്റാർച്ച് ഉൽപന്നങ്ങൾ 

മരച്ചീനിയിൽനിന്നു വെളുത്ത നിറമുള്ള സ്റ്റാർച്ച് എളുപ്പത്തിൽ തയാറാക്കാം. ഇതുപയോഗിച്ചുണ്ടാക്കാവുന്ന ഉൽപന്നങ്ങളിൽ പ്രധാനം ചൗവ്വരി(സാഗോ)യാണ്. എളുപ്പം ദഹിക്കുമെന്നതിനാൽ രോഗികൾക്കും കുഞ്ഞുങ്ങൾക്കും ചൗവ്വരി ഉപയോഗിച്ചുള്ള ദ്രവഭക്ഷണങ്ങൾ നല്ലതാണ്. ഗുണമേന്മയുള്ള പശയുണ്ടാക്കാനും മരച്ചീനി സ്റ്റാർച്ച് ഉപയോഗിച്ചു വരുന്നു. പേപ്പർ, തുണി നിർമാണത്തിലും പ്രധാന അസംസ്കൃത വസ്തുവാണ് മരച്ചീനി സ്റ്റാർച്ച്. 

മരച്ചീനി സ്റ്റാർച്ചിൽനിന്നുള്ള മറ്റൊരു പ്രധാന ഉൽപന്നമാണ് ആൽക്കഹോൾ (ചാരായം). 2025 ആകുമ്പോഴേക്കും വണ്ടികളിൽ ഇന്ധനമായി പെട്രോളിനൊപ്പം 25% ആൽക്കഹോൾ കലർത്താമെന്ന നയം നടപ്പാകുന്നപക്ഷം ആൽക്കഹോളിനു ഡിമാൻഡ് കൂടും. സാധാരണ സാങ്കേതികവിദ്യ ഉപയോഗിച്ചുതന്നെ ഒരു ടൺ സ്റ്റാർച്ചിൽനിന്ന് 450 ലീറ്റർ ചാരായം 5–6 ദിവസംകൊണ്ട് ഉൽപാദിപ്പിക്കാം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് 2 ദിവസംകൊണ്ട് 680 ലീറ്റർ വരെ ചാരായം ഉണ്ടാക്കാം. 

കാലി–കോഴിത്തീറ്റ 

മരച്ചീനിക്കിഴങ്ങിനെ സൈലേജാക്കി മാറ്റി ആണ്ടുവട്ടം കാലിത്തീറ്റയായി ഉപയോഗിക്കാനാവും. മരച്ചീനി തൊലിയോടെ ചെറുതായി അരിഞ്ഞ് 3–4 മണിക്കൂർ വെയിലത്തിട്ടുണക്കി, ഉണങ്ങിയ വൈക്കോൽ കഷണങ്ങളുമായി കലർത്തി വലിയ ടാങ്കുകളിൽ ഇടിച്ചു നിറച്ച് വായു കടക്കാത്ത വിധം സീൽ ചെയ്തു സൂക്ഷിക്കണം. രണ്ടാഴ്ചയ്ക്കുശേഷം ഇത് ഉപയോഗിക്കാം. സ്റ്റാർച്ച് ഫാക്ടറികളിൽനിന്നുള്ള, തോലും നാരും അടങ്ങിയ അവശിഷ്ടവും നല്ല കോഴിത്തീറ്റയാണ്. 

പരിശീലനം

മരച്ചീനി അധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള പരിശീലനം തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൽനിന്നു ലഭിക്കുന്നതാണ്. വിപണിസാധ്യത  വിലയിരുത്താനായി നവസംരംഭകർക്കു ചെറിയ തോതിൽ ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള സൗകര്യവും അവിടുത്തെ സാങ്കേതിക സംരംഭകത്വ പരിശീലനകേന്ദ്രത്തിൽനിന്നു ലഭിക്കും. സംരംഭങ്ങൾക്ക് ഉതകുന്ന പ്രോജക്ടുകളെക്കുറിച്ച് മാർഗനിർദേശങ്ങളും നൽകും. 

വിലാസം: കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനം(CTCRI), തിരുവനന്തപുരം. ഫോൺ: 9446102911 

English summary: value added products from tapioca

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA