ഇത്തിരി പുരയിടം ഒത്തിരി കൃഷി; അടുക്കളത്തോട്ടത്തിൽ ആദായക്കൃഷിയൊരുക്കുന്ന ദമ്പതിമാർ

HIGHLIGHTS
  • സമ്മിശ്ര–സംയോജിത മാർഗത്തിൽ അടുക്കളത്തോട്ടം
anto
SHARE

‘ആകെയുള്ളത് പത്തോ ഇരുപതോ സെന്റ് സ്ഥലം, അതിലെന്തു കൃഷി ചെയ്യാൻ’ എന്നു നിരാശപ്പെടുന്നവർ കുറവല്ല. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇലഞ്ഞിക്കൽ ആന്റോ ജോക്കിയും ഭാര്യ കൊച്ചുമോളും ഇരിങ്ങാലക്കുടയ്ക്കടുത്ത് പുല്ലൂരുള്ള 23 സെന്റ് വീട്ടുവളപ്പിലൊരുക്കിയ കൃഷിയിടം കണ്ടാൽ അവരൊക്കെ മനസ്സു മാറ്റും. മനസ്സുവച്ചാൽ അടുക്കളത്തോട്ടംപോലും ഒന്നാന്തരം സമ്മിശ്ര–സംയോജിത കൃഷിയിടമാക്കി വളർത്താമെന്നും അതിൽനിന്ന് സ്ഥിരവരുമാനം ഉറപ്പാക്കാമെന്നും ഈ ദമ്പതികള്‍ തെളിയിക്കുന്നു.

പക്ഷിമൃഗാദികളും പച്ചക്കറിക്കൃഷിയും വാഴയും മഞ്ഞളും ചെറുനാരകവുമെല്ലാം ചേരുന്ന ഈ കൃഷിയിടത്തിൽനിന്നു മാസം 15,000 രൂപയ്ക്കടുത്ത് വരുമാനമുണ്ട്. കോഴിമുട്ടയോ വാഴക്കുലയോ ചാണകപ്പൊടിയോപോലെ എന്തെങ്കിലും  ദിവസവും വിൽക്കാനുണ്ടാവും. മാസം 13,000 രൂപ അടവുള്ള ചിട്ടിക്ക് കൊച്ചുമോൾ ചേർന്നിട്ടുണ്ട്. അതിനുള്ളതും അതിലേറെയും വരുമാനം മുട്ടില്ലാതെ കിട്ടുമെന്ന് ആന്റോ. 

നാടനാണ് നേട്ടം

നിത്യവരുമാനം നൽകുന്ന മൂന്നിനങ്ങളാണ് നാടൻകോഴിയും നാടൻതാറാവും നാടൻപശുവുമെന്നു കൊച്ചുമോൾ. രണ്ടിനും വേണ്ടാ കാര്യമായ പരിപാലനം. കൃത്രിമത്തീറ്റയും ആവശ്യമില്ല. മുറ്റത്ത് നൈലോൺ വലകൊണ്ടുണ്ടാക്കിയ ചെറിയ വളപ്പിനുള്ളിലാണ് താറാവുകൾ പാർക്കുന്നത്. വീട്ടുവളപ്പിൽ അഴിച്ചുവിട്ടു വളർത്തുന്ന കോഴികൾക്ക് രാത്രി ചേക്കേറാൻ നാടൻ രീതിയിലുള്ള ലളിതമായ കൂടുകൾ. തുടർച്ചയായി മുട്ടയിടുന്ന രീതി നാടൻകോഴിക്കില്ലല്ലോ. മുപ്പതോളം കോഴികളുണ്ടെങ്കിലും ദിവസം 8–10 മുട്ടയാവും ലഭിക്കുക. എങ്കിലും നാടൻകോഴി നേട്ടം തന്നെ. മുട്ട ഒന്നിന് 10 രൂപ ലഭിക്കും. 15 താറാവിൽനിന്നു ദിവസം 8–10 മുട്ട ഉറപ്പ്. അതിനും ലഭിക്കും ഒന്നിന് 12 രൂപ. വില എത്രയായാലും വീട്ടിലെത്തി വാങ്ങാനാളുണ്ട്.

anto-1

വീട്ടുവളപ്പിലെ കൃഷിക്ക് യോജിച്ച പശുവിനം നാടൻ തന്നെയെന്ന് ആന്റോ. ഇപ്പോഴുള്ളത് ഒരു കാസർകോട് കുള്ളനും കിടാവും. ചുറ്റുവട്ടത്തു പാടങ്ങളുള്ളതിനാൽ പുല്ല് സമൃദ്ധം. അതിനു പുറമെ നൽകുന്നത് കഞ്ഞിയും തേങ്ങാപ്പിണ്ണാക്കും മാത്രം. രണ്ടു നേരവും കൂടി രണ്ടോ മൂന്നോ ലീറ്റർ പാൽ മാത്രമേ ലഭിക്കൂ എങ്കിലും വരുമാനം പല വഴിയെത്തും. ലീറ്ററിന് 80 രൂപയുണ്ട് നാടൻ പാലിന്. അര ലീറ്റർ വിൽക്കുന്നതുപോലും ചെറുതല്ലാത്ത നേട്ടം. നെയ്യ്, കുപ്പിക്ക് 800 രൂപ വിലയുണ്ട്. മോരിനും തൈരിനുമുണ്ട് ആവശ്യക്കാർ. ചാണകമാണ് അതിലൊക്കെ വലിയ നേട്ടം. ചാണകം ഉണക്കുന്നത് വേറിട്ട മാർഗത്തിൽ. ഇത്തിരി പുരയിടത്തിൽ ചാണകക്കുഴിക്കു കൂടി സ്ഥലം കളയുന്നതിനു പകരം നിത്യേനയുള്ള ചാണകം ആന്റോയും കൊച്ചുമോളും വീടിന്റെ ടെറസ്സിലെത്തിച്ച് ടാർപ്പായയിൽ നിരത്തും. കോഴികൾ ചിക്കിച്ചികഞ്ഞ് അതിൽനിന്ന് ആഹാരം കണ്ടെത്തും. 

കോഴികളുടെ ചികയലും ടെറസ്സിലെ ചൂടുംകൊണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ചാണകം ഉണങ്ങിപ്പൊടിഞ്ഞു കിട്ടും. വാരി ചാക്കിൽ നിറയ്ക്കും. ആട്ടിൻകാഷ്ഠവും ഈ രീതിയിൽത്തന്നെ ഉണക്കും. അടുക്കളത്തോട്ടത്തിലേക്കും പൂന്തോട്ടത്തിലേക്കുമായി ചാണകത്തിന് ഏറെ ആവശ്യക്കാരുണ്ട്. ഒരു പാട്ട ചാണകത്തിന് 30 രൂപ വിലയിടും; ആട്ടിൻകാഷ്ഠത്തിന് 60 രൂപയും. മൂന്നോ നാലോ ആടുകളെ പരിപാലിച്ചാൽപോലും കുഞ്ഞുങ്ങളെ വിറ്റും ഇറച്ചിക്കായി വളർത്തിയും ആണ്ടിൽ ചെറുതല്ലാത്ത ആദായം നേടാമെന്ന് കൊച്ചു മോൾ.    

മത്സ്യാവശിഷ്ടങ്ങൾ നൽകിയാൽ കോഴിയും താറാവും ആരോഗ്യത്തോടെ വളരുമെന്നും കൂടുതൽ വലുപ്പമുള്ള മുട്ടകളിടുമെന്നും ആന്റോ. അടുത്തുള്ള മത്സ്യവിപണനശാലകളിൽനിന്ന് അവശിഷ്ടങ്ങൾ ശേഖരിച്ച് കഴുകി വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് കോഴിക്കും താറാവിനും നിത്യേന നൽകും. താറാവുകൾക്ക് ഏറെ പ്രിയമാണ് ചെമ്മീൻതല. നിത്യവുമതു നൽകുന്നത് മുട്ടയുൽപാദനം വർധിപ്പിക്കുമെന്നും കൊച്ചുമോൾ. മത്സ്യാവശിഷ്ടങ്ങളിലെ വലിയ തലകൾ  വാഴയുടെയും തെങ്ങിന്റെയുമെല്ലാം ചുവട്ടിൽ കുഴിച്ചിടും. ഇതു മികച്ച വളമാണെന്ന് അനുഭവം. മത്സ്യാവശിഷ്ടങ്ങൾ കഴുകിയെടുക്കുന്ന വെള്ളം മഞ്ഞൾക്കൃഷിക്കു നൽകിയതോടെ അതിന്റെ വളർച്ചയും ഉൽപാദനവും വർധിച്ചു.

മുറ്റത്ത് താനേ വളർന്നു വന്ന 2 ചെറുനാരകം നന്നായി പരിപാലിച്ച് അതിൽനിന്നു മാത്രം ആണ്ടിൽ 10,000 രൂപയുടെ ചെറുനാരങ്ങ വിൽക്കുന്നു. പച്ചക്കറികളും, ഉണക്കിപ്പൊടിച്ച് കിലോ 400 രൂപയ്ക്കു വിൽക്കുന്ന മഞ്ഞളും പ്രാദേശികമായി നല്ല ഡിമാൻഡുള്ള കദളിവാഴക്കൃഷിയുമെല്ലാം വരുമാനം. വെറുതെയിരുന്ന് സമയം കളയുന്നവരോട് വെറുതെയിരിക്കാൻ നേരമില്ലെന്നു പറഞ്ഞ് ആവേശത്തോടെ കൃഷി തുടരുന്നു ഈ ദമ്പതിമാർ. 

ഫോൺ: 9497062228

English summary: Successful kitchen garden by a couple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA