ADVERTISEMENT

പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യത്തെ വൻ യുദ്ധം ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ ബോയർ റിപ്പബ്ലിക്കും തമ്മിൽ നടന്ന രണ്ടാം ബോയർ യുദ്ധമായിരുന്നു. യുദ്ധത്തിൽ വെടിയുണ്ടകളും ഷെല്ലാക്രമണവും മൂലം മരണപ്പെട്ടത് അയ്യായിരം പേരായിരുന്നെങ്കിൽ രണ്ടായിരം പേർ മുറിവുകളിൽ നിന്നുള്ള അണുബാധകൾ മൂലവും പതിമൂവായിരം പേർ മറ്റു രോഗാണുബാധകൾ മൂലവുമാണ് മരണപ്പെട്ടത്. യുദ്ധങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ആയുധങ്ങളെക്കാൾ കൂടുതൽ മനുഷ്യജീവനുകളെടുത്തത് രോഗാണുക്കളാണെന്ന് കാണാം. ബൈസന്റൈൻ മഹാ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്  പ്ലേഗ് എന്ന രോഗാണുബാധയായിരുന്നു. ലോകം കീഴടക്കാൻ ഇറങ്ങിത്തിരിച്ച മഹാസൈന്യങ്ങളെ പലപ്പോഴും തടഞ്ഞു നിർത്തിയതും തിരിച്ചയച്ചതും പ്ലേഗും ടൈഫോയ്ഡും കോളറയും പോലുള്ള രോഗാണുബാധകളുടെ ആക്രമണമായിരുന്നു.

ഒന്നാം ലോക മഹായുദ്ധത്തിന്റെ കഥയും വ്യത്യസ്തമായിരുന്നില്ല. വെടിയുണ്ടകളേക്കാളും ഷെല്ലുകളെക്കാളുമധികമായി, ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ മാരകമായ രോഗാണുക്കൾ മൂലം നഷ്ടമായി. എന്നാൽ, രണ്ടാം ലോക മഹായുദ്ധത്തിൽ മുറിവുകളിൽനിന്നുള്ള അണുബാധകളും മറ്റു രോഗാണുക്കളും മൂലം മരണപ്പെട്ടവരിൽ അവിശ്വസനീയമായ കുറവുണ്ടായി. മനുഷ്യരാശിയുടെ അഞ്ചു ലക്ഷത്തോളം നീണ്ട ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലാണ് ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ സംരക്ഷിച്ചത് - ആന്റിബയോട്ടിക് എന്ന അദ്ഭുത മരുന്ന്.

ലോകത്തെ ആദ്യത്തെ ആന്റിബയോട്ടിക് ആയ പെനിസിലിന്റെ കണ്ടുപിടുത്തം യാദൃശ്ചികമായ ഒന്നായിരുന്നു. ബാക്റ്റീരിയയെ വളർത്തിയിരുന്ന കൾച്ചർ പ്ലേറ്റിൽ അവിചാരിതമായി വളർന്ന ഒരു പൂപ്പലിൽനിന്നാണ് അലക്സാണ്ടർ ഫ്ലെമിങ് എന്ന ശാസ്ത്രജ്ഞൻ പെനിസിലിൻ കണ്ടുപിടിക്കുന്നത്. പൂപ്പൽ വളർന്ന പ്ലേറ്റ് എടുത്ത് കളയുന്നതിനു മുൻപ് വെറുതേ പരിശോധിച്ച അദ്ദേഹം കൾച്ചർ പ്ലേറ്റിൽ പൂപ്പൽ വളർന്ന ഭാഗങ്ങൾക്കു ചുറ്റും ബാക്റ്റീരിയകളുടെ വളർച്ച തടയപ്പെട്ടതായി കണ്ടു. ഈ നിരീക്ഷണമാണ് പിന്നീട് ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ച മരുന്നിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. 1928ൽ കണ്ടുപിടിക്കപ്പെട്ടെങ്കിലും ചികിത്സയ്ക്കായി പെനിസിലിൻ ഉപയോഗിച്ചു തുടങ്ങിയത് 1940കളിൽ മാത്രമായിരുന്നു. അതിന് മുൻപുതന്നെ ബാക്റ്റീരിയൽ അണുബാധകൾക്കെതിരെ മറ്റൊരു മരുന്ന് പ്രചാരം നേടിക്കഴിഞ്ഞിരുന്നു. 

alexander-fleming
അലക്സാണ്ടർ ഫ്ലെമിങ്

ഒന്നാം ലോക മഹായുദ്ധത്തിൽ സൈനിക സേവനമനുഷ്ഠിച്ച ജർമൻ മെഡിക്കൽ വിദ്യാർഥിയായിരുന്നു ജെറാർഡ് ഡോമാക്. യുദ്ധത്തിൽ പരിക്കേറ്റതിനെത്തുടർന്ന് രോഗികളുടെ പരിചരണത്തിന് നിയോഗിക്കപ്പെട്ട്, മുറിവേറ്റവരും പൊള്ളലേറ്റവരുമായ മനുഷ്യർ അണുബാധകൾ മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുന്നത് നിസ്സഹായനായി നോക്കിനിന്ന ഡോമാക് പിന്നീട് മെഡിക്കൽ പ്രാക്റ്റീസിന് പോകാതെ  അണുബാധകൾക്കെതിരെ ഫലപ്രദമായ മരുന്നുകൾ കണ്ടെത്താനുള്ള ഗവേഷണത്തിലേക്ക് തിരിയുകയായിരുന്നു. 

ചായങ്ങളായി (dye) ഉപയോഗിച്ചിരുന്ന രാസവസ്തുക്കളിലായിരുന്നു ഡോമാക് അദ്ഭുതമരുന്നിനു വേണ്ടിയുള്ള അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. രസതന്ത്ര വിദഗ്ധർ തയാറാക്കിയ നൂറു കണക്കിന് രാസപദാർഥങ്ങളിൽനിന്ന് 1932ൽ സ്ട്രപ്റ്റോകോക്കസ് പോലുള്ള രോഗാണുക്കൾക്കെതിരെ ഫലപ്രദമായ Prontosil എന്ന ചുവന്ന ഡൈ കണ്ടുപിടിക്കപ്പെട്ടു (പിന്നീട് പ്രോൺടോസിലും സമാനമായ മരുന്നുകളും സൾഫാ മരുന്നുകൾ എന്നറിയപ്പെട്ടു).

gerhard-domagk
ജെറാർഡ് ഡോമാക്

ഡോമാക്കിന്റെ കണ്ടെത്തൽ 1935ൽ  പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ശാസ്ത്രലോകത്തിന്റെയോ ഭരണാധികാരികളുടെയോ ശ്രദ്ധയാകർഷിക്കാൻ ആ പ്രബന്ധത്തിന് കഴിഞ്ഞില്ല. പ്രോൺടോസിൽ എന്ന മരുന്നിനെ പ്രശസ്തമാക്കിയ പരീക്ഷണം അദ്ദേഹത്തിന് നടത്തേണ്ടി വന്നത് സ്വന്തം മകളിലായിരുന്നു. ഡോമാക്കിന്റെ മകളുടെ കയ്യിൽ കുത്തിക്കയറിയ തുന്നൽ സൂചിയിൽനിന്നുണ്ടായ മുറിവിൽ അണുബാധയുണ്ടാകുകയും, കൈ മുറിച്ചു മാറ്റിയാൽ പോലും രക്തത്തിലേക്ക് പകർന്നു കഴിഞ്ഞ രോഗാണുവിൽനിന്നുള്ള മരണം ഒഴിവാക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. Prontosil എന്ന പരീക്ഷണ മരുന്ന് മുറിവിലെ അണുബാധ ഭേദമാക്കുകയും മകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ മകന്റെ ജീവൻ കൂടി രക്ഷിച്ച മരുന്ന് വളരെ പെട്ടെന്ന് പ്രചാരത്തിലാകുകയും സ്ട്രപ്റ്റോകോക്കസ്, സ്റ്റഫൈലോകോക്കസ് അണുബാധകൾ,  ഗൊണേറിയ തുടങ്ങിയ രോഗങ്ങൾ ബാധിച്ച പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.

1939 ൽ നോബൽ സമ്മാനത്തിന് അർഹനായ ഡോമാക് നാസി ഭരണകൂടത്തിന്റെ വിലക്കിനെ മറികടന്ന് സമ്മാനം ഏറ്റുവാങ്ങി. സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച ഡോമാക് മരുന്നിന്റെ അശാസ്ത്രീയവും അമിതവുമായ ഉപയോഗം രോഗാണുക്കൾ പ്രതിരോധം നേടുന്നതിന് കാരണമാകാം എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ഫസ്റ്റ് എയ്ഡ് കിറ്റിൽ സൾഫാ മരുന്നിന്റെ ഗുളികകളും മുറിവിലിടാനുള്ള സൾഫാ  പൊടിയുമുണ്ടായിരുന്നു. ലോകമാകെ ആയിരക്കണക്കിന് അണുബാധകൾ ഭേദമാക്കിയ മരുന്നിന്റെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഇതിനോടകം തുടങ്ങിക്കഴിഞ്ഞിരുന്നു. സിഫിലിസ്, ഗൊണേറിയ തുടങ്ങിയ ലൈംഗിക രോഗങ്ങൾ വരാതിരിക്കാൻ സുരക്ഷാ മുൻകരുതലായി ആളുകൾ സൾഫാ മരുന്നുകൾ കഴിക്കാൻ തുടങ്ങി. ബാക്റ്റീരിയ മൂലമല്ലാത്ത അണുബാധകൾക്കും മറ്റു രോഗങ്ങൾക്കും വരെ സൾഫാ മരുന്നുകൾ കഴിക്കുന്ന സ്ഥിതിയുണ്ടായി. ഡോമാക്ക് മുന്നറിയിപ്പ് തന്നതു പോലെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഗൊണേറിയയടക്കം ബാക്റ്റീരിയൽ അണുബാധകൾക്ക് സൾഫാ മരുന്ന് ഫലപ്രദമല്ലാതാക്കുന്ന സാഹചര്യമുണ്ടായി. 1943ൽ തന്നെ യൂറോപ്യൻ യുദ്ധമുഖത്ത് സൾഫാ മരുന്നുകൾ അണുബാധകൾ നിയന്ത്രിക്കുന്നതിൽ വ്യാപകമായി പരാജയപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നു കഴിഞ്ഞിരുന്നു.

ഇതിനിടെ 1941ൽ ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ഫ്ലോറെയും ചെയിനും പെനിസിലിയം നൊട്ടേറ്റം എന്ന പൂപ്പലിൽ നിന്ന് പെനിസിലിൻ വേർതിരിക്കുകയും എലികളിലെ അണുബാധ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തിരുന്നു. ഗവേഷണത്തിന് ബ്രിട്ടനിൽനിന്ന് സാമ്പത്തിക സഹായം ലഭ്യമാകാതിരിക്കുകയും, ജർമൻ അധിനിവേശത്തിന്റെ ഭീഷണി വർധിക്കുകയും ചെയ്തതോടെ ഗവേഷകർ അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചു. യുദ്ധ സാഹചര്യത്തിൽ പെനിസിലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അമേരിക്കൻ ഭരണകൂടം ഗവേഷണത്തിന് ധനസഹായവും വമ്പൻ ഫാക്ടറികളും തയാറാക്കി. 1943 ആകുമ്പോഴേക്ക് 20 പ്രധാന കമ്പനികളുടെ വൻകിട ഫാക്ടറികൾ ദിവസം മുഴുവൻ പെനിസിലിൻ നിർമാണം നടത്തുന്ന രീതിയിലേക്ക് ഗവേഷണം പുരോഗമിച്ചു. 

യൂറോപ്യൻ യുദ്ധമുഖത്ത് മാത്രം ഒരു ലക്ഷത്തിലധികം അണുബാധകൾ പെനിസിലിൻ ചികിത്സകൊണ്ട് ഭേദമാക്കപ്പെട്ടു. നിരവധി യുദ്ധമുഖങ്ങളിൽ പെനിസിലിൻ എന്ന  ഘടകം സഖ്യകക്ഷികൾക്ക് ജർമനിക്കു മേൽ ആധിപത്യം നൽകിയതായി കണക്കാക്കപ്പെടുന്നു. അബദ്ധത്തിൽ സംഭവിച്ച ഒരു ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഹിറ്റ്ലറെ അണുബാധയിൽനിന്ന് രക്ഷിച്ചത് പോലും സഖ്യകക്ഷി സൈനികരിൽനിന്ന് പിടിച്ചെടുത്ത പെനിസിലിനായിരുന്നു!

മഹായുദ്ധമുഖങ്ങളിലെ സൈനികരുടെ മാത്രമല്ല, ലോകമാകെ ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് പെനിസിലിൻ എന്ന അദ്ഭുത മരുന്ന് രക്ഷിച്ചത്. പിന്നീട് ബാക്റ്റീരിയകളിൽനിന്നും പൂപ്പലുകളിൽനിന്നുമായി നിരവധി ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കപ്പെട്ടു. ബാക്റ്റീരിയൽ അണുബാധകളെ ഭയപ്പെടേണ്ട കാലം കഴിഞ്ഞു എന്നു പോലും ചില ഗവേഷകർ അഭിപ്രായപ്പെട്ടു. 

എന്നാൽ ഡോമാക്കിന്റെ സൾഫാ മരുന്നിനെതിരെ ബാക്റ്റീരിയകൾ പ്രതിരോധ ശേഷി ആർജിച്ച പ്രതിഭാസം മറ്റു ആന്റിബയോട്ടിക്കുകളുടെ കാര്യത്തിലും ആവർത്തിക്കപ്പെട്ടു. കൗതുകകരമായ വസ്തുത, പെനിസിലിൻ ചികിത്സയ്ക്കായി ഉപയോഗിച്ചു തുടങ്ങുന്നതിന് മുൻപ് 1940 ൽ

തന്നെ പെനിസിലിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പെനിസിലിനേസ് എന്ന എൻസൈമിന്റെ സാന്നിധ്യമുള്ള, ആന്റിബയോട്ടിക് റെസിസ്റ്റന്റ് ബാക്റ്റീരിയയെ ഗവേഷകർ കണ്ടെത്തിയിരുന്നു എന്നതാണ്!

എങ്ങനെയാണ് അശാസ്ത്രീയവും അമിതവുമായ ഉപയോഗം ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ശേഷിയുണ്ടാകാൻ കാരണമായത്?

എങ്ങനെയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിന് മുൻപ് തന്നെ പെനിസിലിന് എതിരെ പ്രതിരോധ ശേഷിയുള്ള ബാക്റ്റീരിയകൾ രൂപപ്പെട്ടത്? അതേക്കുറിച്ച് പിന്നീട്

English summary: A Brief History of the Antibiotic Era

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com