ADVERTISEMENT

കീടനാശിനിയുടെ അംശമില്ലാത്ത ഏലക്കാ തേടി വിദേശകമ്പനിയുടെ പ്രതിനിധികൾ തോട്ടത്തിലെത്തിയപ്പോൾ ബിജുവിന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിക്കു പിന്നിൽ വലിയൊരു കഥയുണ്ടായിരുന്നു. വിഷപ്രയോഗമില്ലാത്ത ഏലക്കൃഷിയെന്ന ആശയത്തിനുവേണ്ടി 20 വർഷത്തോളം സഹിച്ച അപമാനങ്ങളുടെയും കഷ്ടപ്പാടിന്റെയും സാമ്പത്തികനഷ്ടങ്ങളുടെയും കഥ. ജൈവസാക്ഷ്യപത്രമുള്ള തോട്ടങ്ങളിലെ ഏലക്കായിൽപോലും  രാസകീടനാശിനി അവക്ഷിപ്തം കണ്ടെത്തിയ കമ്പനിപ്രതിനിധികൾ നാലിരട്ടി വില വാഗ്ദാനം ചെയ്തത് വിശദമായ ലബോറട്ടറി പരിശോധനകൾക്കു ശേഷം മാത്രമാണ്.

ഏലത്തോട്ടത്തിൽ പ്രകൃതിക്കൃഷിയെന്നു കേട്ടാൽ കേരളം ചിരിച്ചിരുന്ന കാലത്താണ് ഏബ്രഹാം ചാക്കോ എന്ന ബിജു പരീക്ഷണത്തിനു തുനിഞ്ഞത്. ഇടുക്കി മയിലാടുംപാറയിലെ കുടുംബവക 30 എക്കർ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ പരമ്പരാഗത രീതിയിൽ രാസവള– കീടനാശിനിപ്രയോഗവുമൊക്കെ വേണ്ടുവോളമുണ്ടായിരുന്നു. എന്നാൽ വ്യാവസായികാടിസ്ഥാനത്തിലുള്ള  ഇത്തരം കൃഷിരീതികൾ ഗുണത്തെക്കാൾ ദോഷമുണ്ടാക്കുമെന്ന തിരിച്ചറിവിൽ ജൈവക്കൃഷിയിലേക്കു ചുവടുമാറുകയാണ് ബിജു ആദ്യം ചെയ്തത്. ആ നീക്കം പക്ഷേ തിരിച്ചടിച്ചു.  ഉൽപാദനം കുറഞ്ഞെന്നു മാത്രമല്ല, രോഗ– കീടബാധകൾ രൂക്ഷമാവുകയും ചെയ്തു. കൃഷിയാകെ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്  കട്ടപ്പനയിൽ നടന്ന സീറോ ബജറ്റ് കൃഷി സംബന്ധിച്ച ശിൽപശാലയിൽ പങ്കെടുത്തത്. സുഭാഷ് പലേക്കറുടെ വാക്കുകളിൽ തോന്നിയ വിശ്വാസം ഈ കാർഷിക ബിരുദധാരിയെ  പ്രകൃതിക്കൃഷിക്കാരനാക്കി.  ക്രമേണ ഏലത്തോട്ടത്തിൽ മരുന്നടിയും വളപ്രയോഗവും നിലച്ചു. നാടൻപശുക്കൾ  ഓരോന്നായി എത്തി. അവയുടെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ജീവാമൃതംപോലുള്ള ജൈവക്കൂട്ടുകൾ നിർമിച്ചു തുടങ്ങി.

ഞള്ളാനി ഇനത്തിൽപെട്ട ഏലമായിരുന്നു ബിജുവിന്റെ തോട്ടത്തിലേത്. ആവർത്തനക്കൃഷിക്കു കാലമായിരുന്നതിനാൽ ഉൽപാദനം തീരെ കുറഞ്ഞു. എന്നാൽ തോട്ടത്തിലെ ഏതാനും ചെടികൾ മാത്രം രോഗ,കീട ബാധകളെ അതിജീവിച്ച് തൃപ്തികരമായ വിളവ് നല്‍കുന്നതു ബിജു ശ്രദ്ധിച്ചു. അവയുടെ തട്ടകളെടുത്ത് ആവർത്തനക്കൃഷി ചെയ്തു തുടങ്ങി. കുറച്ചു മാത്രം തട്ടകളുണ്ടായിരുന്നതിനാൽ ആവർത്തനക്കൃഷി കാര്യമായ തോതിലെത്താൻ വർഷങ്ങൾതന്നെ വേണ്ടിവന്നു. ഇന്ന് ഈ തോട്ടത്തിന്റെ 70 ശതമാനത്തോളം താൻ കണ്ടെത്തിയ  ഇനമാണെന്ന് ബിജു പറഞ്ഞു. 

സീറോബജറ്റ് ശൈലിയിലും തുടക്കം വെല്ലുവിളികളുടേതായിരുന്നു. പൂർണതോതിലുള്ള പ്രകൃതിക്കൃഷിയിലേക്കു മാറാത്തതായിരുന്നു കാരണം. കളനശീകരണംതന്നെ ഉദാഹരണം. ഏലത്തിനൊപ്പം കളകളും വളരാൻ അനുവദിച്ചതോടെ തോട്ടത്തിന്റെ പൊതുവായ ആരോഗ്യം മെച്ചപ്പെട്ടെന്നു ബിജു പറയുന്നു. ചുവട്ടിലെ ഇത്തിരിവട്ടമൊഴിച്ചാൽ ഏലത്തിനു ചുറ്റും കാടുപിടിച്ചു കിടക്കുന്ന കളസസ്യങ്ങളാണെങ്ങും. കീടശല്യം കുറയ്ക്കുന്നതിൽ ഈ കളകൾക്ക് നിർണായക പങ്കുണ്ടെന്ന് ബിജു പറയുന്നു.

മാത്രമല്ല, മണ്ണിലെ സൂക്ഷ്മജീവികൾക്ക് ആവശ്യമായ ഊർജം ലഭ്യമാക്കുന്നതിലും കളസസ്യങ്ങൾക്കു നിർണായക പങ്കുണ്ട്. കളകളും സൂക്ഷ്മജീവികളും തമ്മിലുള്ള ഈ സഹവാസം അടുത്ത കാലത്ത് ശാസ്ത്ര ഗവേഷകർ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വർഷമാണ് പുതുതായി നട്ട ചെടികളിൽനിന്നു കാര്യമായ തോതിൽ വിളവെടുത്തു തുടങ്ങിയത്. മറ്റു തോട്ടങ്ങൾക്കൊപ്പം ഉൽപാദനമെത്തിയില്ലെങ്കിലും മോശമല്ലാത്ത വിളവു കിട്ടുന്നുണ്ട്. വൈകാതെ തന്നെ മരുന്നടിക്കുന്ന തോട്ടങ്ങളെക്കാൾ ഉൽപാദനം ലഭിക്കുമെന്നതിൽ ബിജുവിനു തെല്ലുമില്ല സംശയം. ഉയർന്ന വില കിട്ടുന്നതിനാൽ കഴിഞ്ഞ വർഷത്തെ കൃഷി ലാഭകരമായിരുന്നെന്ന് ബിജു ചൂണ്ടിക്കാട്ടി. ഇതിനു രണ്ടു കാരണങ്ങള്‍– മരുന്നടിയും വളമിടലും കാട് തെളിക്കലുമൊന്നും ഇല്ലാത്തതിനാൽ കൃഷിച്ചെലവ് 90 ശതമാനത്തോളം കുറഞ്ഞു. തോട്ടത്തിലെ കുരുമുളകിൽനിന്നുള്ള വരുമാനംകൊണ്ടുമാത്രം മൊത്തം ചെലവും നടത്താമെന്ന സ്ഥിതിയുണ്ട്. തന്മൂലം ഏലത്തിൽനിന്നു കിട്ടുന്നതെല്ലാം ലാഭം. 

തോട്ടത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് 5 ഏക്കറോളം മേച്ചിൽസ്ഥലം നൽകിയാണ് പശുക്കളെ വളർത്തുന്നത്. അവയുടെ ചാണകമുപയോഗിച്ച് തോട്ടത്തിലെമ്പാടും എത്തിക്കാനാവശ്യമായ ജീവാമൃതം വലിയ ടാങ്കുകളിൽ തയാറാക്കുന്നു. ഉയർന്ന ഇടമായതിനാൽ തോട്ടത്തിലെമ്പാടും ഗുരുത്വബലത്തിന്റെ തുണയോടെ ജീവാമൃതമെത്തിക്കാനും കഴിയുന്നുണ്ട്. മരുന്നടി ഒഴിവാക്കിയെങ്കിലും രോഗ,കീടശല്യം തീരെ കുറവാണ്. ഏലച്ചൊറി മാത്രമാണ് പ്രശ്നം. വിളവെടുത്ത ഏലക്കായ്കൾ വാക്വം പായ്ക്ക് ചെയ്ത്  അയയ്ക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. 

ഫോൺ: 9995245552

English summary: Natural Farming in Cardamom Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com