അടുത്ത വസ്തുവിലെ മണ്ണെടുക്കുമ്പോള്‍... ഭൂവുടമയ്ക്കുള്ള സ്വാഭാവിക അവകാശം വിനിയോഗിക്കാം

soil
SHARE

നമ്മുടെ പുരയിടത്തിനോടു ചേർന്നുള്ള വസ്തുവിലെ മണ്ണെടുക്കുമ്പോൾ  ചില നിബന്ധനകൾ പാലിക്കണമെന്നു വ്യവസ്ഥയുണ്ടല്ലോ. അവയെന്തൊക്കെയാണ്. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ആർക്കാണു നമ്മൾ പരാതി നൽകേണ്ടത്?

ഒരു ഭൂവുടമയ്ക്കു തന്റെ വസ്തു നിയമാനുസരണം കൈവശം വച്ച് യഥേഷ്ടം അനുഭവിക്കുന്നതിനു പൂർണ സ്വാതന്ത്ര്യമുണ്ട്. അതു ഭൂവുടമ എന്ന നിലയിൽ സ്വാഭാവികമായി സിദ്ധിക്കുന്ന അനിഷേധ്യമായ അവകാശമാണ്. നിങ്ങളുടെ ഭൂമിയുടെ സ്വാഭാവികമായ കിടപ്പനുസരിച്ചു വസ്തുവിനു വശങ്ങളിൽനിന്നും കുത്തനെയും ലഭിക്കുന്ന താങ്ങുകൾക്കു ദോഷംവരുന്ന പ്രവൃത്തി  അയൽവസ്തു ഉടമസ്ഥൻ ചെയ്യാൻ പാടില്ല. അപ്രകാരം ചെയ്താൽ നിങ്ങളുടെ ഭൂമിയെ സംബന്ധിച്ച് ഉടമയെന്ന നിലയിൽ നിങ്ങൾക്കു ലഭി ച്ചിരിക്കുന്ന സ്വാഭാവിക അനുഭവാവകാശത്തെയാണു ബാധിക്കുന്നത്. ഇപ്രകാരം ഭൂമിക്ക് അയൽവസ്തു വിൽനിന്നു താങ്ങു കിട്ടുന്നതിനുള്ള അവകാശത്തിനു നിയമത്തിൽ ‘right to lateral support’ എന്നു പറയും.

തങ്ങളുടെ വസ്തുവിന്റെ lateral support അയൽവസ്തു ഉടമസ്ഥന്റെ പ്രവൃത്തി മൂലം നഷ്ടപ്പെടുമോ എന്നു തീരുമാനിക്കേണ്ടതു പല ഘടകങ്ങളെ ആശ്രയിച്ചാണ്. വസ്തുക്കളുടെ കിടപ്പ്, മണ്ണിന്റെ സ്വഭാവം, എത്രയടി സ്ഥലം വിടണം, എത്ര അടി താഴ്ത്തി എടുക്കാം എന്നും മറ്റുമുള്ള കാര്യങ്ങൾ കോടതികൾ പലപ്പോഴും തീരുമാനിക്കുന്നതു വിദഗ്ധാഭിപ്രായത്തിന്റെ സഹായത്തോടെയാണ്. അല്ലാതെ വ്യക്തമായ നിബന്ധനകൾ  ഇല്ല.

മറ്റൊരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്. ഭൂമിയുടെ സ്വഭാവത്തിനോ കിടപ്പിനോ നിങ്ങള്‍ മാറ്റം വരുത്തുകയും നിർമാണപ്രവർത്തനങ്ങൾകൊണ്ടോ അല്ലാതെയോ ഭൂമിയിൽ കൂടുതൽ ഭാരം ചുമത്തുകയോ ചെയ്താൽ നിങ്ങൾക്കു സ്വാഭാവികമായി സിദ്ധിക്കുന്ന അവകാശം നഷ്ടപ്പെടും. എന്നാൽ മാറിയ സ്ഥിതി 20 കൊല്ലമായി നിർബാധം അനുഭവിച്ചു പോന്നാൽ അത് Easement അവകാശമാകും. ആ അവകാശം തടസ്സപ്പെടുത്താൻ അയൽവസ്തു ഉടമസ്ഥന് അവകാശമില്ല. ഈസ്മെന്റ് അവകാശങ്ങളിൽ ഉൾപ്പെടുന്നതാണ് വഴി നടക്കാനുള്ള അവകാശം. സ്വന്തം വസ്തുവിന്റെ അനുഭവസൗകര്യത്തിനു വേണ്ടി മറ്റൊരാളുടെ ഭൂമിയിൽ സിദ്ധിക്കുന്ന അവകാശത്തിനാണ് പൊതുവേ ഈസ്മെന്റ് അവകാശങ്ങൾ എന്നു പറയുന്നത്. ഈ അവകാശം 20 കൊല്ലം നിർബാധം തടസ്സം കൂടാതെ വിനിയോഗിച്ചാലേ പൂർത്തിയാകുകയുള്ളൂ. ഈസ്മെന്റ് അവകാശങ്ങൾ വിവിധ തലങ്ങളിൽ വിവിധ രീതികളിൽ സിദ്ധിക്കാം. ഉദാഹരണമായി വഴിയ വകാശം സംബന്ധിച്ചു വ്യവസ്ഥകൾ ഉണ്ടാക്കാം. തീറു കൊടുക്കുന്ന വസ്തുവിലേക്കു കയറുന്നതിനു വഴി വേണമെങ്കിൽ അതിനെ സംബന്ധിച്ചു തീറാധാരത്തിൽ വ്യവസ്ഥകൾ എഴുതിച്ചേർക്കാറുണ്ട്. വസ്തുക്കൾ കൈമാറ്റം ചെയ്താലും വഴിയവകാശം വസ്തു വാങ്ങുന്ന ആളിനു ലഭിക്കും. കാരണം, ഈസ്മെന്റ് അവകാശം വസ്തുവിന്റെ അനുഭവസൗകര്യത്തിന്റെ ഭാഗമാണ്. ഒഴിച്ചുകൂടാൻ പാടില്ലാത്ത ചില സാഹചര്യങ്ങ ളിലും ഈ അവകാശം ലഭിക്കും. കൂട്ടുടമസ്ഥതയിലുള്ള വസ്തു ഭാഗിക്കുമ്പോഴും പല വീതങ്ങളായി വസ്തു പലർക്കായി കൊടുക്കുമ്പോഴും എല്ലാ വീതക്കാർക്കും വഴി ലഭിക്കുവാൻ അവകാശമുണ്ട്. നിയമത്തിൽ അതിന് Easement of necessity എന്നു പറയും.

നിങ്ങളുടെ കാര്യത്തിൽ വസ്തുവിന്റെ താങ്ങ് (support) നഷ്ടപ്പെടുകയും നിങ്ങളുടെ അനുഭവസൗകര്യങ്ങ ൾക്കു ദോഷകരമാകുകയും ചെയ്യുമെന്നു ന്യായമായി ഭയപ്പെടുന്നെങ്കിൽ നിങ്ങൾ പ്രശ്നപരിഹാരത്തിനു സിവിൽ കോടതിയെ സമീപിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS