5 വ്യത്യസ്ത കഥകൾ, കൃഷികൊണ്ട് വീണ്ടെടുത്ത ജീവിതങ്ങളുടെ കഥകൾ...

karshakasree-cover-story
SHARE

കൃഷികൊണ്ടു മാത്രം കേരളത്തിൽ ജീവിക്കാനാകുമോ എന്ന ചോദ്യത്തിന് ഇമ ചിമ്മുന്ന വേഗത്തിൽ ‘ഇല്ല’ എന്ന് ഉത്തരം പറയും ശരാശരി മലയാളി. ഒരിക്കൽപോലും കൃഷി ചെയ്യുകയോ കാർഷികമേഖലയെക്കുറിച്ചു പഠിക്കുകയോ ചെയ്യാത്തവർപോലും ആധികാരികമായി പറയും കൃഷി നഷ്ടമെന്ന്. കഴിഞ്ഞ കാൽനൂറ്റാണ്ടെങ്കിലുമായി ഈ പ്രസ്താവന പറഞ്ഞും പ്രചരിപ്പിച്ചും കൃഷിയെ നാടുകടത്താനുള്ള ശ്രമങ്ങൾക്കു വേഗം വർധിപ്പിക്കുന്നു പലരും.

സാമാന്യവൽക്കരണങ്ങൾ മലയാളിയുടെ ശീലമായിപ്പോയി. ‘രാഷ്ട്രീയക്കാർ മുഴുവൻ അഴിമതിക്കാരാണ്, പുതിയ തലമുറ തീരെ ശരിയല്ല, സർക്കാരുദ്യോഗസ്ഥരെല്ലാം പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവരാണ്’ തുടങ്ങിയ സാമാന്യ പ്രസ്താവങ്ങൾ കേട്ടും പറഞ്ഞും ഇവയെല്ലാം സത്യം എന്നുറപ്പിച്ചിരിക്കുന്നു നമ്മൾ. ഇവയ്ക്കൊപ്പം ചേര്‍ക്കാം കൃഷി നഷ്ടമെന്ന പല്ലവിയും.

നമ്മുടെ കൃഷിയും കൃഷിയിടവും കൃഷിക്കാരും ഒട്ടേറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. പുതു സാങ്കേതികവിദ്യകളോ ആധുനിക കൃഷിമുറകളോ കാര്യമായി പരിചയിക്കുകയോ പ്രയോഗിക്കുകയോ ചെയ്യാത്തവരാണ് സാധാരണ കർഷകരിൽ നല്ല പങ്കും. ഉൽപാദനപ്രക്രിയയിലും വിപണന സംവിധാനങ്ങളിലുമൊക്കെയുണ്ട് പോരായ്മകൾ.   ഇതൊക്കെയാണെങ്കിലും കൃഷികൊണ്ടു മാത്രം ഉപജീവനം സാധിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ നമ്മുടെ ഗ്രാമങ്ങളിലുണ്ട്. വാഴയും പച്ചക്കറിയും ആടും മുട്ടക്കോഴിയുമെല്ലാം ചേർന്ന് സുസ്ഥിര വരുമാനമുറപ്പാക്കുന്നവർ. വീടിനോടു ചേർന്നുള്ള ചായ്പിൽ നാലോ അഞ്ചോ പശുക്കളെ വളർത്തി കുടുംബം പോറ്റുന്ന എത്രയോ ക്ഷീരകർഷകരെ കാണാം ഹൈറേഞ്ചിലെ മലനിരകളിൽ. 

നഷ്ടക്കൃഷിയെക്കുറിച്ച് വൈറൽ ഫെയ്സ്ബുക്ക് പോസ്റ്റുകൾ മെനയാൻ മെനക്കെടാതെ അവർ സ്വന്തം കൃഷിയുടെ നഷ്ടങ്ങളെയും ലാഭങ്ങളെയും കൂട്ടിയിണക്കി ജീവിതം സംതൃപ്തമാക്കുന്നു. ഇവരിൽ നല്ല പങ്കും പാരമ്പര്യ കർഷകരായതുകൊണ്ട് നഷ്ടം സഹിച്ചും തുടരുകയാണെന്നു വാദിക്കുന്നവരുണ്ടാവും. അതും സാമാന്യവൽക്കരണം മാത്രമെന്ന് ആലപ്പുഴ സ്വദേശി സുനിലും ആനക്കര സ്വദേശിനി ശശികലയും കോതമംഗലംകാരി അമൃതയും പെരുമ്പാവൂരുകാരൻ ഉനൈസും അണക്കര സ്വദേശി ജോൺസണും പറയും. കാരണം ഇവരെല്ലാം കൃഷിയുമായി ബന്ധപ്പെട്ട് തങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തിയെടുത്തവരാണ്. പല തൊഴിൽ മേഖലകളിൽനിന്ന് അവഗണനകളും തിരിച്ചടികളും പ്രതിസന്ധികളുമെല്ലാം തരണം ചെയ്താണ് ഇവർ കൃഷിയിൽ അഭയംപ്രാപിച്ചത്. അതുകൊണ്ടുതന്നെ കൃഷി അവർക്കെല്ലാം ജീവിതം നൽകി. ചുരുക്കത്തിൽ ജീവിതത്തിന്റെ മുറിവുകളെ കൃഷികൊണ്ട് സൗഖ്യമാക്കിയവരാണിവർ. 

അഞ്ചുപേർക്കും പറയാനുള്ളത് 5 വ്യത്യസ്ത കഥകൾ. കർഷകശ്രീ ഡിസംബർ ലക്കം വാർഷികപ്പതിപ്പിൽ ഈ അഞ്ചു പേരുടെയും ജീവിത കഥകളാണ് കൃഷിയെ സ്നേഹിക്കുന്ന സൃഹൃത്തുക്കൾക്കായി പങ്കുവയ്ക്കുന്നത്. 

English summary: Karshakasree Anual Issue Special Stories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS