ADVERTISEMENT

കോഴിമുട്ടയുടെ അസ്വാഭാവിക വലുപ്പത്തെക്കുറിച്ചു പലരും സംശയങ്ങൾ ചോദിക്കാറുണ്ട്. വലുപ്പം കൂടിയവയും,  വലുപ്പം നന്നേ കുറഞ്ഞും,  തോടില്ലാതെയുമൊക്കെ മുട്ടകൾ നമ്മൾ കണ്ടിട്ടുണ്ടാകാം. ഇത് എളുപ്പം മനസിലാക്കാൻ കോഴി മുട്ട രൂപപ്പെടുന്നതെങ്ങനെ എന്ന് ആദ്യം അറിയണം.

മുട്ടയുടെ മഞ്ഞക്കരു (അണ്ഡാണു) ഉണ്ടാകുന്നത് കോഴിയുടെ അണ്ഡാശയത്തിൽനിന്നാണ്. പൂർണ വളർച്ചയെത്തുമ്പോൾ ഇവ അണ്ഡാശയ നാളിയിലേക്ക് നിക്ഷേപിക്കപെടുന്നു. ഇതിനെ അണ്ഡഉത്സർഗം (ovulation) എന്ന് പറയും. അണ്ഡാശയ നാളിയുടെ ഭാഗമായ ഇൻഫന്റിബുലം (infundibulam) അണ്ഡത്തെ സ്വീകരിക്കും. ചില സമയത്ത്  ഇൻഫന്റിബുലം വഴിയല്ലാതെ ഇവ തെറ്റി ദേഹഗുഹയിലേക്ക് (body cavity) പ്രവേശിക്കുന്ന അവസ്ഥ കാണപ്പെടാറുണ്ട്. അത്തരം കോഴികളെ ‘ഇന്റേണൽ ലയേഴ്സ് ’ ( internal layers) എന്നാണ് വിളിക്കാറ്. അത്തരത്തിൽ പ്രവേശിക്കുന്ന അണ്ഡം, രക്തത്തിൽ ചേർന്ന് പോകുകയോ ദേഹ ഗുഹയുടെ പല ഭാഗത്തായി പറ്റി പിടിച്ചിരിക്കുന്നതോ ആയി കാണാം.

ഇൻഫന്റിബുലം കഴിഞ്ഞാൽ പിന്നെ അടുത്ത ഭാഗത്തിനു പറയുന്ന പേര് മാഗ്നം (magnum) എന്നാണ്. പേരുപോലെ തന്നെ അണ്ഡാശയ നാളിയുടെ ഏറ്റവും വലുപ്പമേറിയ ഭാഗം. ഇവിടെവച്ച് മുട്ടയുടെ വെള്ളക്കരു  രൂപപ്പെടുകയും തുടർന്നുള്ള ഭാഗമായ ഇസ്ത്മസിൽ  (isthmus) വച്ച് മുട്ടത്തോടിന്റെ അടിയിൽ കാണപ്പെടുന്ന പാടയും നിർമിക്കപ്പെടുന്നു. ഇതിനുശേഷം ഗർഭപാത്രത്തിൽ (uterus) ഏതാണ്ട് ഇരുപത് മണിക്കൂറോളം ചെലവിടുന്ന മുട്ടയിൽ കട്ടിയുള്ള തോട് നിക്ഷേപിക്കപ്പെടുന്നു. ഒടുവിലായി ഏതാനും മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുന്നതും,  മുട്ടയെ പുറംതള്ളുന്നതുമായ കർത്തവ്യം മാത്രമാണ് യോനിയിൽ നിക്ഷിപ്തമായിരിക്കുന്നത്‌. ഇത്തരത്തിൽ ഇരുപത്തിനാലര മണിക്കൂറോളം (ഒരു ദിവസത്തിനുമേൽ സമയം) നീണ്ടു നിൽക്കുന്ന തീവ്ര പ്രക്രിയക്കൊടുവിലാണ് മുട്ടയുൽപാദനം സാധ്യമാകുന്നത്. കൂടാതെ മുട്ട ഇട്ട ശേഷം ഏതാണ്ട് അരമണിക്കൂറിനു ശേഷം മാത്രമാണ് അടുത്ത മുട്ടയ്ക്കായുള്ള അണ്ഡവിസർജനം നടക്കുക. ഈ ശാസ്ത്രീയ കാരണങ്ങളാലാണ് കൃത്യമായി മുന്നൂറ്ററുപത്തഞ്ച് ദിവസവും മുട്ടയിടുന്ന കോഴികളെ  ഉരുത്തിരിച്ചെടുക്കാൻ സാധ്യമാകാതെ പോകുന്നതും. 

വളരെ യാദൃശ്ചികമായി മുട്ടയുടെ രൂപീകരണ വഴികളിലെ അസ്വാഭാവികത മൂലം അസ്വാഭാവിക മുട്ടകൾ രൂപപ്പെടാറുണ്ട്. അത്തരത്തിലെ ചില അസ്വാഭാവിക മുട്ടകൾ ഇവയൊക്കെയാണ് 

1. രണ്ടു മഞ്ഞക്കരുവുള്ള വലുപ്പമേറിയ മുട്ടകൾ

ഒരേ സമയത്തു രണ്ടു അണ്ഡാണു പൂർണ വളർച്ചയെത്തി വിസർജിക്കപ്പെടുന്ന അവസ്ഥ മൂലമാണിത് സംഭവിക്കുന്നത്. മുട്ടകൾക്ക് അസ്വാഭാവിക വലുപ്പവും ഉണ്ടാകും. പൊട്ടിക്കുമ്പോൾ രണ്ട് ഉണ്ണികൾ കാണാമെന്ന പ്രത്യേകതയുമുണ്ട്.

egg-2

2. കുഞ്ഞൻ മുട്ടകൾ

മുട്ടയിട്ടു തുടങ്ങുന്ന കാലഘട്ടങ്ങളിലും,  പെട്ടെന്നുള്ള എന്തെങ്കിലും മർദം (stress) മൂലവും കോഴികൾ  വളരെ ചെറിയ മുട്ടകൾ ഇടുന്നതായി കാണാം. സാധാരണ ഗതിയിൽ സമീകൃത മുട്ടത്തീറ്റ തുടർച്ചയായി നൽകിത്തുടങ്ങുമ്പോൾ മുട്ടയുടെ വലുപ്പം കൂടി ഏതാനും ആഴ്ചകൾക്കുള്ളിൽ സ്വാഭാവിക വലുപ്പത്തിലേക്ക് വരും.

egg-5
image courtesy shutterstock

3. മാംസ ബിന്ദുക്കൾ/ രക്ത ബിന്ദുക്കൾ അടങ്ങിയ മുട്ട

അണ്ഡകോശത്തിലോ അണ്ഡവാഹിനിയിലോ സംഭവിക്കാവുന്ന ചെറിയ  മുറിവുകൾ മൂലം രൂപപ്പെടുന്നു. മുട്ട പൊട്ടിക്കുമ്പോൾ ചില  രക്തബിന്ദുക്കൾ കാണുന്നത് നമ്മെ പരിഭ്രാന്തപ്പെടുത്തുമെങ്കിലും ഇത്തരം മുട്ടകൾ ഭക്ഷ്യ യോഗ്യമാണെന്നു USDA (United States Department of Agriculture) വ്യക്തമാക്കിയിട്ടുണ്ട്.

4. മൃദുവായ തോടോടു കൂടിയ മുട്ട

കോഴിത്തീറ്റയിൽ കാത്സ്യം/ ഫോസ്ഫറസ് എന്നിവയുടെ കുറവുകൾ മൂലം സംഭവിക്കാം. അല്ലെങ്കിൽ ഗർഭാശയത്തിൽ നിശ്ചിത സമയം കിടക്കാതെ മുന്നോട്ടു നീങ്ങുന്ന മുട്ടകൾ തോടില്ലാതെ പുറംതള്ളപ്പെടുന്ന അവസ്ഥയിലും ഇത്തരം മുട്ടകൾ ലഭിക്കാം.

egg-3

5. മഞ്ഞക്കരുവില്ലാത്ത മുട്ട

ചെറിയ രക്തക്കട്ടകൾ പോലുള്ള വസ്തുക്കൾ അണ്ഡാശയ വാഹിനിയിലൂടെ കടന്നു പോകുമ്പോൾ അതിനു മുകളിലായി  മുട്ടയുടെ മറ്റു ഭാഗങ്ങൾ രൂപപ്പെടുകയും ഒടുവിൽ മഞ്ഞക്കരുവില്ലാതെ തന്നെ മുട്ട പുറംതള്ളപ്പെടുന്ന അവസ്ഥയാണിത്.

egg-6

6. ചുക്കിച്ചുളിഞ്ഞ മുട്ട

ഗർഭപാത്രത്തിൽ 20 മണിക്കൂറോളം ചെലവിടുമ്പോഴാണ് മുട്ടയിൽ കട്ടിയുള്ള തോട് നിക്ഷേപിക്കപ്പെടുന്നത് (കാത്സിഫിക്കേഷൻ). കാത്സിഫിക്കേഷൻ പ്രക്രിയയിലുണ്ടാകുന്ന അപാകതകളാണ് മുട്ടയുടെ ആകൃതിയിൽ മാറ്റം വരുന്നത്. തൊണ്ട് ചുക്കിച്ചുളിഞ്ഞതും വിണ്ടുകീറിയതുമായ മുട്ടയുണ്ടാകുന്നത് ഇങ്ങനെയാണ്.

egg-1

7. മുട്ടയ്ക്കകത്തു മുട്ട

ചുരുക്കം ചില സന്ദർഭങ്ങളിൽ മുട്ട രൂപം കൊള്ളുന്നതിനിടെ റിവേഴ്സ് പെരിസ്റ്റാൾസിസ് (reverse peristalsis) എന്ന പ്രതിഭാസം മൂലം (പെട്ടെന്നുള്ള ഭയം, വെപ്രാളം എന്നിവ മൂലം സംഭവിക്കാം) മുട്ട അണ്ഡാശയവാഹിനിയിലൂടെ വിപരീത ദിശയിലേക്ക് തിരിച്ചു കയറുകയും, അതിനു മുകളിലായി പുതിയ മുട്ട രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാം. ദഹന-ജനനേന്ദ്രിയ വ്യൂഹങ്ങൾക്കു പൊതുവായി ഒരു ബാഹ്യ ദ്വാരം മാത്രമേ കോഴികൾക്കുള്ളൂ. അത്യപൂർവമായി ബാഹ്യദ്വാരത്തിലൂടെ അകപ്പെടുന്ന ചെറിയ വസ്തുക്കൾ, ഈച്ച എന്നിവ റിവേഴ്സ് പെരിസ്റ്റാൾസിസ് മൂലം അണ്ഡാശയവാഹിനിയിലൂടെ വിപരീത ദിശയിലേക്ക്  കയറുകയും, അതിന്മേൽ പുതിയ മുട്ട രൂപപ്പെടാനുള്ള  സാധ്യതയും തള്ളിക്കളയാനാവാത്തതാണ്. ഇത്തരം മുട്ടകൾ പുഴുങ്ങിയ ശേഷം കഴിക്കാനായി മുറിക്കുമ്പോൾ മാത്രമാണ് അന്യപദാർഥങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടുന്നത്. 

അത്യപൂർവമായി മാത്രം കാണപ്പെടുന്ന ഇത്തരം അവസ്ഥാവിശേഷങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലായി റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുമുണ്ട്.

കടപ്പാട്: ഡോ. എസ്. ഹരികൃഷ്ണൻ, സ്പെഷൽ ഓഫീസർ, കോളജ് ഓഫ് എവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റ് ആൻഡ് ഏവിയൻ റിസർച്ച് സ്റ്റേഷൻ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, തിരുവാഴംകുന്ന്, പാലക്കാട്

English summary: Common Egg Quality Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com