തളർന്നുകിടന്നത് 10 വർഷം; ഇന്ന് കൃഷിയിലൂടെ സംരംഭക: വിദേശവിപണികൾ കൈയടക്കി ജുമൈല

HIGHLIGHTS
  • ബെംഗളൂരുവിലെ മരുന്നുകമ്പനിയുമായി വിൽപന ധാരണയുണ്ടാക്കിയാണ് മഞ്ഞൾകൃഷി
jumaila
ജുമൈല തന്റെ കൃഷിയിടത്തിൽ
SHARE

ഇരുകാലുകളും തളർന്ന് 10 വർഷം കിടപ്പായപ്പോൾ ജുമൈല ബാനുവിന്റെ മനസ്സ് മന്ത്രിച്ചിരുന്നു. തിരിച്ചു വരാനാകും. ചികിത്സയ്ക്കായി വീടും കിടപ്പാടവുമെല്ലാം വിറ്റപ്പോഴും മനസ്സ് ശക്തിപകർന്നു. എല്ലാം തിരിച്ചുപിടിക്കാനാകും. പ്രതിസന്ധിയെ മറികടന്ന് നടക്കാറായപ്പോൾ ജുമൈല ആശ്രയം കണ്ടെത്തിയത് കൃഷിയിലായിരുന്നു. ഇന്ന്, മഞ്ഞളും കൂവയും അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും കയറ്റിയയയ്ക്കുന്ന വ്യവസായ സംരംഭകയാണ് ജുമൈല

മലപ്പുറം വണ്ടൂർ ഏറിയാട് മണ്ണുങ്ങൽ ജുമൈല(39)യുടെ വിജയവഴിയറിയുമ്പോൾ ആരും കൃഷിയെ സ്നേഹിച്ചുപോകും.

20 വർഷം മുൻപാണ് ജുമൈല ടെറസിൽനിന്നു വീണു നട്ടെല്ലിനു പരിക്കേറ്റത്. മകൾ ഷിഫയെ പ്രസവിച്ചപ്പോൾ ഇരുകാലുകളും തളർന്നു കിടപ്പായി ചികിത്സയുടെ കാലമായിരുന്നു പിന്നീട്. 10 വർഷം നീണ്ട ചികിത്സ, വീടും പറമ്പുമെല്ലാം വിൽക്കേണ്ടി വന്നു. മരുന്നിനും പ്രാർഥനയ്ക്കും ഒടുവിൽ ഫലമുണ്ടായി. ജുമൈലയ്ക്കു നടക്കാനുള്ള ശേഷി തിരിച്ചുകിട്ടി. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്ന വാശിയായിരുന്നു പിന്നീട്.

കുട്ടിക്കാലം മുതലേ ജുമൈല വീട്ടിൽ കണ്ടുവരുന്നതാണ് കൂവകൃഷി. ഉമ്മയും വല്യുമ്മയുമൊക്കെ കൂവ കൃഷി ചെയ്തു പൊടിയാക്കി വിൽക്കും. പരിചയമുള്ള ആ മേഖലയിൽ തന്നെ കൈവയ്ക്കാൻ ജുമൈലയും ഭർത്താവ് മുഹമ്മദ് മുസ്തഫയും തീരുമാനിച്ചു. ബിലാത്തിക്കൂവ എന്നറിയപ്പെടുന്ന വെള്ളക്കൂവയാണ് കൃഷി ചെയ്തത്. കൃഷിയിലൂടെത്തന്നെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ തുടങ്ങി. ഇന്ന്, സ്വന്തമായി വീടും പറമ്പുമായി ജുമൈലയ്ക്ക്.

100% ജൈവം, കയറ്റുമതി

കൂവയും മഞ്ഞളുമാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ബെംഗളൂരുവിലെ മരുന്നുകമ്പനിയുമായി വിൽപന ധാരണയുണ്ടാക്കിയാണ് മഞ്ഞൾകൃഷി. പ്രതിഭ, പ്രഗതി, നാടൻ, കസ്തൂരി മഞ്ഞൾ എന്നീ ഇനങ്ങൾ കൃഷി ചെയ്യുന്നു. ബെംഗളൂരുവിലെ കമ്പനി മഞ്ഞൾ വാങ്ങും. 100 ശതമാനം ജൈവമായിരിക്കണം എന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളക്കൂവയുടെ പൊടി അമേരിക്ക, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാൻ ഒരു ഏജൻസിയുമായി കരാറിലേർപ്പെട്ടിരിക്കുകയാണ്. കൂവയുടെ ഔഷധഗുണം പരിശോധിച്ച ശേഷമാണ് ഏജൻസി കരാറിലേർപ്പെട്ടത്.

സ്വന്തം കമ്പനി

പൊടികൾ വിദേശവിപണിയിൽ നേരിട്ടെത്തിക്കാൻ സ്വന്തമായൊരു കമ്പനി ജുമൈലയുടെ ആഗ്രഹമായിരുന്നു. അതിപ്പോൾ സഫലമാകുകയാണ്. ‘പ്ലാന്റ് റോക്സ്’ എന്ന കമ്പനി ഉദ്ഘാടനത്തിനു തയാറായി. മഞ്ഞൾ, കൂവ, ചക്ക എന്നിവയുടെ പൊടികൾ രാജ്യാന്തര വിപണിയിൽ ഉടൻ എത്തും.

100 ശതമാനം ജൈവകൃഷി ചെയ്യുന്നവർക്കെല്ലാം മൈലയുടെ കമ്പനിക്കായി കൃഷി ചെയ്യാം. വിത്ത് കമ്പനി ലഭ്യമാക്കും. പരമ്പരാഗതമായി കൃഷി ചെയ്തുവരുന്നവർക്കു മുൻഗണന.

(ഫോൺ-7510321195)

English summary: Success story of turmeric processing company

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA