ADVERTISEMENT

കർഷകശ്രീ അവാർഡ് 2022 വിധിനിർണയത്തിൽ അവസാന അഞ്ചിൽ ഇടംപിടിച്ച കർഷകനാണ് കോട്ടയം സ്വദേശി ജോയിമോൻ ജെ. വാക്കയിൽ. അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ വിശദവിവരങ്ങൾ.

പത്തു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് 2004ൽ നാട്ടിലെത്തുമ്പോൾ കുമരകം സ്വദേശി ജോയിമോന്റെ ലക്ഷ്യം കൃഷിയായിരുന്നു. കോട്ടയം ജില്ലയിൽത്തന്നെ ളാക്കാട്ടൂരിൽ ഒന്നരയേക്കർ സ്ഥലവും വാങ്ങി. പിന്നാലെ  കൂരോപ്പടയിൽ അഞ്ചേക്കർ റബർതോട്ടംകൂടി വാങ്ങി. റബറിനു മികച്ച വില ലഭി ച്ചിരുന്ന സമയമായതിനാൽ റബര്‍തോട്ടത്തില്‍ നിന്നുള്ള ആദായം ഉപയോഗിച്ച് കൂടുതൽ കൃഷിഭൂമി വാങ്ങാനും ജോയിക്കായി. വിദേശത്തുനിന്ന് സമ്പാദിച്ചതും നാട്ടിൽ കൃഷിയിലൂടെ നേടിയ സമ്പാദ്യവും പൂർണമായും സ്ഥലം വാങ്ങുന്നതിനാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ 12 ഏക്കർ സ്ഥലം സ്വന്തമായും ഒന്നരയേക്കർ നിലം കുടുംബസ്വത്തായുമുണ്ട്. കുടുംസ്വത്തായുള്ള കുമരകത്ത് ഒന്നര ഏക്കർ പാടമാണ്. ഇവിടെ നെല്ല് കൃഷിചെയ്തുവരുന്നു. ഇതു കൂടാതെ, സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു.

പ്രധാന വിളകൾ: നെല്ല്, പച്ചക്കറികൾ, കിഴങ്ങിനങ്ങൾ, വാഴ, തെങ്ങ്, കുരുമുളക്, കമുക്, കൊക്കോ, പച്ചക്കറികൾ, പശു, ആട്.

വേറിട്ട നേട്ടങ്ങൾ

  • വിപണി ഉറപ്പാക്കിയുള്ള കൃഷി ആസൂത്രണം
  • ജലക്ഷാമത്തെ മറികടക്കാൻ കിഴങ്ങുവിള
  • കയറ്റുമതിവിപണി സ്വന്തമാക്കിയ വിഷരഹിതകൃഷി
  • വരുമാനം ഉറപ്പാക്കാൻ നടീൽവസ്തുക്കളുടെ കിറ്റ്
  • ജോലിഭാരം കുറയ്ക്കാൻ ലഘുസാങ്കേതികവിദ്യകൾ
  • സഹകർഷകർക്ക് സഹായഹസ്തം

വിദേശത്തും നാട്ടിലുമുള്ള ആയിരക്കണക്കിനു മലയാളികൾക്ക് ആഹാരമെത്തിക്കുന്ന അന്നദാതാവാണ് ജോയിമോൻ ജെ. വാക്കയിൽ. വിഷരഹിതമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറിയും കിഴങ്ങിനങ്ങളുമാണ് ജോയിയുടെ കൃഷിയിടത്തിലെ പ്രധാന വിള. കൂടാതെ നെൽകൃഷിയുമുണ്ട്. ചേനയും ചെറുകിഴങ്ങും കാച്ചിലും കപ്പയുമെല്ലാം ഇവിടെ വിപുലമായി കൃഷിചെയ്യുന്നു. സ്വന്തമായുള്ള രണ്ടേക്കറിലും പാട്ടത്തിനെടുത്ത ആറേക്കറിലുമായി 12,000 മൂട് ചേനയുണ്ട്.  കൂടാതെ പച്ചക്കറിക്കൃഷി, കന്നുകാലി വളർത്തൽ, കൊക്കോ, കുരുമുളക്, വാഴ, തെങ്ങ് എന്നിവയും. റബർ വെട്ടിനീക്കിയ തോട്ടത്തിൽ പച്ചക്കറിക്കൃഷിയുമായി തുടക്കം കുറിച്ച അദ്ദേഹം ക്രമേണ ഓരോന്നായി കൂട്ടിച്ചേർത്ത് മാതൃകാ സംയോജിത കൃഷിയിടമാക്കി മാറ്റി. പാലും പഴവും പച്ചക്കറികളും മുട്ടയും മാംസവുമൊക്കെ കിട്ടുന്ന ഈ ‘ഫുഡ് ഫാക്ടറി’ സൃഷ്ടിക്കാൻ 5 വർഷമേ വേണ്ടിവന്നുള്ളൂ.

കൃഷിവിശേഷങ്ങൾ ജോയിമോന്റെ വാക്കുകളിലൂടെ

? പൊതുവേ കര്‍ഷകര്‍ അവഗണിക്കുന്ന കിഴങ്ങിനങ്ങളിലാണല്ലോ താല്‍പര്യം

ഭക്ഷ്യവിളകൾക്ക് എല്ലാ കാലങ്ങളിലും പ്രധാന്യമുണ്ട്. അതുകൊണ്ടുതന്നെ വിപണി പ്രശ്നമാകില്ല എന്നാണ്  വിശ്വാസം.  മറ്റു വിളകളെ അപേക്ഷിച്ച് സൂക്ഷിപ്പു കാലാവധി കൂടുതലുള്ളതും കുറഞ്ഞ പരിചരണം മതിയെന്നതുമാണ് കിഴങ്ങിനങ്ങളിലേക്കു തിരിയാൻ കാരണം. ജലദൗർലഭ്യവും ഒരു കാരണമാണ്. ചെറുകിഴങ്ങ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, ചേമ്പ് എന്നിങ്ങനെ എല്ലാത്തരം കിഴങ്ങുകളും കൃഷി ചെയ്യുന്നുണ്ടെങ്കിലും ചേനയ്ക്കാണ് കൂടുതൽ ശ്രദ്ധ. അഞ്ചേക്കർ വരുന്ന ളാക്കാട്ടൂരിലെ പ്രധാന കൃഷിയിടത്തിലും  പാട്ടത്തിനെടുത്ത സ്ഥലത്തും ചേന നട്ടിട്ടുണ്ട്. ഇത്തവണ 12,000 മൂട് ചേനയാണുള്ളത്. 

? കോട്ടയം ജില്ലയിലെ ആദ്യത്തെ കൃത്യതാകൃഷിയിടം ഇന്നെങ്ങനെ

joymon-1
ജോയിമോൻ ചേനത്തോട്ടത്തിൽ

2014ൽ കോട്ടയം ജില്ലയില്‍ ആദ്യമായി കൃത്യതാക്കൃഷി നടപ്പാക്കിയാണ് പച്ചക്കറിക്കൃഷിയിലിറങ്ങുന്നത്. തടമൊരുക്കി മൾച്ചിങ് ഷീറ്റ് വിരിച്ച് തൈകൾ നടുന്നതിനാൽ കളനിയന്ത്രണം സാധ്യമാകുന്നു. നനയും വളപ്രയോഗവും കൃത്യമായി ചുവട്ടിലെത്തുന്നതിനാൽ ചെടികൾക്ക് മികച്ച വളർച്ചയുണ്ട്. വഴുതന, വെണ്ട, മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. ഒരു സ്ഥലത്ത് വിളവെടുപ്പ് പൂർത്തിയാകുമ്പോഴേക്ക് അടുത്ത സ്ഥലത്ത് വിളവെടുപ്പിന് ചെടികൾ പാകമായി വരുന്ന രീതിയിലാണ് കൃഷി. ഒരു വിളവുകാലത്ത് 5000 കിലോ വെണ്ടയ്ക്ക ശരാശരി ലഭിക്കും. 

നിത്യേന വിളവെടുക്കുന്നതിനാൽ വെണ്ടത്തോട്ടത്തിൽ കീടാക്രമണം കുറവാണ്. മൾച്ചിങ് ഷീറ്റിൽനിന്നുള്ള ചൂടും കീടങ്ങളെ അകറ്റാൻ സഹായിക്കുന്നു. വൈകുന്നേരങ്ങളിൽ തോട്ടത്തിലെത്തുന്ന പക്ഷികളും കീടനിയന്ത്രണത്തിന് സഹായിക്കുന്നു. അതുകൊണ്ടുതന്നെ കീടനാശിനിപ്രയോഗമില്ല.

? പച്ചക്കറികളുടെ പുതുമ നഷ്ടപ്പെടാതിരിക്കാൻ 

joymon-6
പച്ചക്കറികൾ സീറോ എനർജി കൂൾ ചേംബറിലേക്കു മാറ്റുന്നു

പച്ചക്കറികൾ സൂക്ഷിക്കാൻ സീറോ എനർജി കൂൾ ചേംബർ ഫാമിൽത്തന്നെ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മൺകട്ടകൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതുകൊണ്ട് ആവർത്തനച്ചെലവ് വരുന്നില്ല. രണ്ടു പാളികളായാണ് മൺകട്ട കെട്ടിയിരിക്കുന്നത്. ഇതിനിടയിൽ മണലും നിറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിനുള്ളിൽ എപ്പോഴും തണുപ്പായിരിക്കും. പച്ചക്കറികൾ വിളവെടുക്കുമ്പോൾത്തന്നെ ഉള്ളിൽ വയ്ക്കുന്നതിനാൽ അവയുടെ ഫ്രഷ്നെസ് നഷ്ടപ്പെടുന്നില്ല. ഈ സംവിധാനം കർഷകർക്ക് നിർമിച്ചുനൽകുന്നുമുണ്ട്.

പശു, ആട് വളർത്തൽ?

10 കറവപ്പശുക്കളെയും അവയുടെ കിടാരികളുമാണ് ഫാമിലുള്ളത്. ദിവസം ശരാശരി 100 ലീറ്റർ പാൽ ലഭിക്കും. ഇത് പൂർണമായും ക്ഷീരസംഘത്തിൽ നൽകും. എല്ലാ ചെലവുകളും കഴിഞ്ഞ് ദിവസം 1200 രൂപ പശുക്കളിൽനിന്ന് ലാഭമായി ലഭിക്കുന്നു. രാവിലെ മൂന്നിനാണ് കറവ ആരംഭിക്കുന്നത്. അത് സ്വയം ചെയ്യും. യന്ത്രം ഉപയോഗിച്ചാണ് കറവ. ഉച്ചകഴിഞ്ഞുള്ള കറവയ്ക്ക് ആളുണ്ട്. പശുക്കൾക്കായി പുൽക്കൃഷിയുണ്ട്. കാലിത്തീറ്റയ്ക്കു പുറമേ കപ്പക്കിഴങ്ങും പശുക്കൾക്ക് നൽകാറുണ്ട്. ചാണകം മഴമറയിൽ ശേഖരിച്ചുണക്കി കൃഷിയിടത്തിലേക്ക് ഉപയോഗിക്കുന്നു. ഇരുപതോളം ആടുകളുമുണ്ട്. 

? ഇത്തവണ മഴ കൂടുതലാണല്ലോ

joymon-4

ഏതാനും വർഷങ്ങളായി മഴ കൂടുതലാണ്. അതു കൃഷിയിൽ പ്രതിഫലിക്കുന്നുമുണ്ട്. അതുകൊണ്ട് പച്ചക്കറികൾ, തെങ്ങ്, കമുക്, നെല്ല്, കിഴങ്ങിനങ്ങൾ, ആട്, പശു എന്നിവയെല്ലാം ഇൻഷുർ ചെയ്തു.   

? കൊക്കോയിൽ പ്രതീക്ഷ 

joymon-2
കൃഷിയിൽ കുടുംബാംഗങ്ങളുടെ പിന്തുണ

വരും കാലത്ത് കൊക്കോയ്ക്ക് വിപണിസാധ്യതയുണ്ട്. വീടിനോടു ചേർന്നുള്ള ഒന്നര ഏക്കർ സ്ഥലത്താണ് കൊക്കോക്കൃഷി. കാഡ്ബറീസ് കമ്പനിയുടെ മികച്ച ഉൽപാദനമുള്ള ഇനമാണ്  നട്ടിരിക്കുന്നത്. 3 വർഷം പ്രായമായ കൊക്കോമരങ്ങൾ മികച്ച തോതിൽ ഉൽപാദനം തുടങ്ങിയിട്ടുണ്ട്. സ്വന്തമായി നിർമിച്ച ഡ്രയറിൽ പരിപ്പ് ഉണങ്ങുന്നു.

? വിപണനം, വരുമാനം

പാറയിൽ എക്സ്പോർട്ട്സ് എന്ന സ്ഥാപനവുമായി ധാരണയുണ്ടാക്കിയാണ് ഭക്ഷ്യവിളക്കൃഷി. കമ്പനി ആവശ്യപ്പെടുന്നത് അനുസരിച്ച് കൃഷി ക്രമീകരിക്കുന്നു. എല്ലാ വിളകളും പാറയിൽ എക്സ്പോർട്ട്സ് എടുക്കുന്നുണ്ട്.  പ്രാദേശികമായും വിൽക്കുന്നു. കിഴങ്ങുവിളകളുടെ നടീൽവസ്തുക്കൾ കൃഷിഭവനുകൾ വഴി  കിറ്റായി നൽകും. 10 കിലോ നടീൽവസ്തുക്കൾ അടങ്ങിയ കിറ്റിന് 500 രൂപയോളം ലഭിക്കും. പച്ചക്കറിത്തൈ വിതരണവുമുണ്ട്. മേയ് മുതൽ ജനുവരി വരെയുള്ള കാലയളവിൽ രണ്ടര ലക്ഷത്തോളം പച്ചക്കറിത്തൈകൾ ‌ഉൽപാദിപ്പിക്കുന്നു. നഴ്സറിക്ക് എസ്എച്ച്എം അംഗീകാരവുമുണ്ട്. തെങ്ങ്, വാഴ, കമുക്, കൊക്കോ എന്നിവകൂടി ഉൾപ്പെടുത്തിയാൽ കൃഷിയിടത്തിൽനിന്നുള്ള ആകെ വരുമാനം 20 ലക്ഷം രൂപ വരും.

തനതുവഴികൾ

  • ഉണങ്ങിസൂക്ഷിക്കാം, ഇന്ധനമില്ലാതെ
joymon-5
ഉണക്കിസൂക്ഷിക്കാൻ സീറോ എനർജി ഡ്രയർ

സീറോ എനർജി ഡ്രയർ ജോയിമോന്റെ കൃഷിയിടത്തിലെ ശ്രദ്ധാകേന്ദ്രം. ഏതു കാലാവസ്ഥയിലും വിളകൾ ഉണങ്ങാൻ ഇതുപകരിക്കും. കേവലം 5000–6000 രൂപ മാത്രമാണ് ചെലവ്. രണ്ടു വശങ്ങളിലായി 6 തട്ടുകൾ ഈ ഡ്രയറിലുണ്ട്. ആവശ്യാനുസരണം തട്ടുകളുടെ എണ്ണം വർധിപ്പിക്കാം.  ചൂടുകാലാവസ്ഥയിൽ ഇതിനുള്ളിലെ താപനില 60 ഡിഗ്രി വരെ ഉയരും. മഴക്കാലങ്ങളിലും ഇത് പ്രയോജനപ്പെടുത്താം. 

പച്ചക്കറിയുൽപാദനം കൂടുതലുള്ളവർക്ക് സീറോ എനർജി കൂൾ ചേംബറും  യോജ്യം. കുറഞ്ഞ ചെലവിൽ തനിയെ നിർമിക്കാം. ഒരു കുഴിയിൽ രണ്ടു വാഴ എന്ന രീതിയും ശ്രദ്ധേയം. ഇതുവഴി  ‘ഒരു പണിക്ക് രണ്ട് വാഴക്കുല’ നേടാമെന്നു ജോയിമോൻ.

കറവയ്ക്കിടെ തൊഴിക്കുന്ന പശുക്കളെ അടക്കിനിർത്തുന്ന ലഘു സംവിധാനവും  കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഗ്രോബാഗുകൾ വയ്ക്കാവുന്ന ബഹുനില പോർട്ടബിൾ ഗാർഡൻ സംവിധാനവും സ്വന്തമായി വികസിപ്പിച്ച് ഉപയോഗിക്കുന്നു. തന്റെ കൃഷിയിടം ഒരു പാഠശാലയാക്കി മാറ്റാനും കൃഷിയറിവുകൾ നേടാൻ താൽപര്യപ്പെട്ട് എത്തുന്നവർക്ക് അറിവുകൾ പങ്കുവയ്ക്കാനും സമയം കണ്ടെത്തുന്നു.   വൈകുന്നേരം ഏഴു മുതൽ എട്ടു വരെ കർഷകർക്ക് തങ്ങളുടെ സംശയങ്ങൾ ചോദിച്ചു വിളിക്കാനുള്ള അവസരവുമുണ്ട്. ഓൺലൈൻ ക്ലാസും നടത്തുന്നു.

വിലാസം

ജോയിമോൻ ജെ. വാക്കയിൽ

കൂരോപ്പട, കോട്ടയം

ഫോൺ9744681731

English summary: Karshakashri Award 2022 Finalist Joymon J Vakkayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com