ADVERTISEMENT

മികച്ച കർഷകൻ എന്നു പേരെടുക്കും മുൻപ് മികച്ച കായികാധ്യാപകനായിരുന്നു കെ.ടി. ഫ്രാന്‍സിസ്. മരുതോങ്കര എന്ന മലയോരഗ്രാമത്തിൽനിന്ന് ഫ്രാൻസിസ് കൈപിടിച്ചുയർത്തിയ കായിക പ്രതിഭകൾ ഏറെയുണ്ട്. അന്നും കൃഷിക്കാരനാണ് ഫ്രാൻസിസ്. അന്ന് പക്ഷേ കൃഷി പാര്‍ട് ടൈം ആയിരുന്നെങ്കിൽ 2015 ൽ വിരമിച്ച ശേഷം മുഴുവൻ സമയ കർഷകനായി വളർന്നു. കേരളത്തിന്റെ പാരമ്പര്യ കൃഷിരീതിയായ നാളികേരാധിഷ്ഠിത സമ്മിശ്രക്കൃഷി തന്നെയാണ് ഫ്രാൻസിസിന്റെയും കരുത്ത്. കർഷകശ്രീ പുരസ്കാരത്തിന്റെ ‘ഫൈനൽ ഫൈവി’ൽ ഇടം പിടിച്ച ഫ്രാൻസിസ് കൃഷിനേട്ടങ്ങളും കൃഷിയറിവുകളും പങ്കുവയ്ക്കുന്നു. 

പ്രധാന വിളകൾ: തെങ്ങ്, കമുക് , കുരുമുളക്, വാഴ,  മഞ്ഞൾ, ഇഞ്ചി, പച്ചക്കറി, കിഴങ്ങുവിളകൾ, വിവിധയിനം പഴവർഗ്ഗച്ചെടികൾ, പശു,ആട്,  കോഴി 

വേറിട്ട നേട്ടങ്ങൾ

  1. ശാസ്ത്രീയ മണ്ണു– ജല സംരക്ഷണം
  2. തെങ്ങിൻതൈ ഉൽപാദനത്തിലൂടെ അധിക വരുമാനം
  3. പരിമിത സ്ഥലത്തെ ഉയർന്ന വിളസാന്ദ്രത
  4. ചില്ലറവിൽപനയിലൂടെ കുരുമുളകിനു മെച്ചപ്പെട്ട വില

മലബാറിന്റെ പാരമ്പര്യ തെങ്ങിനമായ കുറ്റ്യാടി തെങ്ങുകളാണ് കെ.ടി. ഫ്രാൻസിസിന്റെ മൂന്നേക്കർ കൃഷിയിടത്തിലെ മുഖ്യവിള. തെങ്ങൊന്നിന് ശരാശരി 120 തേങ്ങ ഉൽപാദനം. നൂറ്റമ്പതോളം വരുന്ന കുറ്റ്യാടിയിനവുമായി താരതമ്യപ്പെടുത്തുമ്പോൾ പിൽക്കാലത്ത് പരീക്ഷിച്ച അമ്പതോളം സങ്കരയിനം തെങ്ങുകളുടെ പ്രകടനം അത്ര പോര. തെങ്ങിന് ഇടവിളയായി അഞ്ഞൂറോളം കുരുമുളകുചെടികളുണ്ട്. പന്നിയൂർ–4, നാരായക്കൊടി, അറക്കളമുണ്ട, തേവം എന്നിങ്ങനെ വവിധയിനങ്ങൾ. ഇവയ്ക്ക് താങ്ങുമരമായി മുഖ്യമായും പ്രയോജനപ്പെടുത്തിയിരിക്കുന്നത് മറ്റൊരു ഇടവിളയായ കമുകാണ്. മോഹിത് നഗർ, കാസർകോടൻ, മംഗള, മംഗള ഇന്റർസേ എന്നിങ്ങനെ നാലിനങ്ങളിലായി 750 കമുകുകൾ. തെങ്ങിനും കമുകിനും കുരുമുളകിനും ഇടയിൽ ഒഴിവുള്ള സ്ഥലങ്ങളിലെല്ലാം വാഴക്കൃഷി. 

മൂന്നേക്കർ കൃഷിയിടം രണ്ടു പ്ലോട്ടുകളായാണുള്ളത്. രണ്ടിലും മേൽപ്പറഞ്ഞ രീതിയിലാണ് കൃഷി ക്രമീകരിച്ചിരിക്കുന്നതെങ്കിലും വീട് ഉൾപ്പെടുന്ന പ്ലോട്ടിൽ പക്ഷിമൃഗാദികൾക്കും മത്സ്യക്കൃഷിക്കും കൂടി ഇടനൽകുന്നുണ്ട്. കൃഷിയാവശ്യങ്ങള്‍ക്കും പാലിനുമായി നാടന്‍, സങ്കര ഇനങ്ങളില്‍പ്പെട്ട മൂന്നു പശുക്കളാണുള്ളത്. കോഴി, താറാവ്, ടര്‍ക്കി, വാത്ത, ആട് എന്നിവയെല്ലാം വീട്ടാവശ്യത്തിനും അധിക വരുമാനത്തിനും ഉപകരിക്കുന്നു. വീട്ടാവശ്യത്തിലേക്കായി മത്സ്യക്കൃഷിയുമുണ്ട്. പുരയിടത്തിൽത്തന്നെ വിപുലമായ രീതിയിൽ തെങ്ങിൻ തൈ നഴ്സറി ക്രമീകരിച്ചിരിക്കുന്നു. മഞ്ഞൾ, ഇഞ്ചി, പച്ചക്കറി, കിഴങ്ങുവിളകൾ, വിവിധയിനം പഴവർഗ്ഗച്ചെടികൾ എന്നിങ്ങനെ ഇടവിളകളും ഒട്ടേറെ. 

കൃഷിരീതി?

ചരിഞ്ഞുകിടക്കുന്ന കൃഷിയിടമായതിനാൽ തട്ടു തട്ടായി ഇടക്കയ്യാലകൾ തീർത്ത് മണ്ണു–ജല സംരക്ഷണം ഉറപ്പാക്കുകയാണ് ആദ്യം ചെയ്തത്. ജലസംരക്ഷണത്തിനായി മഴക്കുഴികളും നിര്‍മിച്ചിട്ടുണ്ട്. മഴക്കുഴിക്കുള്ളില്‍ ചകിരി അടുക്കുന്നതിനാല്‍ ഏതു കൊടിയ വേനലിലും കൃഷിയിടത്തിൽ ഈര്‍പ്പം നിലനില്‍ക്കും. കൃഷിയിടം മുഴുവൻ ഡ്രിപ്പിലൂടെ നന സൗകര്യം ലഭ്യമാക്കിയിട്ടുമുണ്ട്. മണ്ണ് കൂടുതൽ പുഷ്ടിപ്പെടാനായി ഇടക്കാലത്ത് പൂർണമായും ജൈവക്കൃഷിയിലേക്കു തിരിഞ്ഞു. പശുവും ആടും കോഴിയുമെല്ലാമുള്ളതിനാൽ ജൈവവളനിർമാണത്തിനാവശ്യമായ ഘടകങ്ങളെല്ലാം കൃഷിയിടത്തിൽത്തന്നെ ലഭ്യം. നാടൻ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് തയാറാക്കുന്ന ജീവാമൃതമാണ് എല്ലാ വിളകൾക്കും നൽകുന്ന മുഖ്യപോഷകം. ഒപ്പം കോഴിവളം, മണ്ണിരക്കമ്പോസ്റ്റ്, പച്ചിലവളം, സ്ലറി എന്നിവയെല്ലാം ആവശ്യാനുസരണം നൽകുന്നു. സമീപ വർഷങ്ങളിലുണ്ടായ ഉൽപാദന വർധന ജൈവരീതിയുടെ മേന്മ തന്നെയാണ് വെളിപ്പെടുത്തുന്നത്.

നഴ്സറിയിലെ  വിപണനസാധ്യതകൾ?

2018ൽ ലഭിച്ച കേരകേസരി പുരസ്കാരമാണ് കുറ്റ്യാടി തെങ്ങിന്‍തൈകള്‍ക്കു മാത്രമുള്ള നഴ്സറി ആരംഭിക്കാന്‍ പ്രചോദനമായത്. ഉയർന്ന ഗുണമേന്മയുള്ള തെങ്ങിൻതൈകൾ മറ്റു കർഷകർക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാൻ നഴ്സറിയിലൂടെ സാധിക്കുന്നു. വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, പരിമിതമായ സ്ഥലത്തുനിന്ന് മികച്ച വരുമാനം നേടാൻ മാതൃകയാക്കാവുന്ന പക്ഷിമൃഗ യൂണിറ്റ്, കാർഷികോൽപന്ന മൂല്യവർധന എന്നിവയെല്ലാം കണ്ടു മനസ്സിലാക്കാൻ ഒട്ടേറെപ്പേർ സന്ദർശകരായെത്തുന്നു.

വിപണി, വരുമാനം?

francis-2
കെ.ടി. ഫ്രാൻസിസ് കൃഷിയിടത്തിൽ

മൂന്നേക്കറിൽനിന്ന് വർഷം ഏകദേശം 20 ലക്ഷം രൂപയാണ് അറ്റാദായം. അതിൽ മുഖ്യ പങ്കും നഴ്സറിയിൽനിന്നു തന്നെ. വിളവെടുക്കുന്നവയിൽ ഗുണമേന്മയേറിയ തേങ്ങകള്‍ മുളപ്പിക്കാന്‍ എടുത്ത ശേഷം ബാക്കി തേങ്ങയായും വെളിച്ചെണ്ണയായും വിപണിയിലെത്തിക്കുന്നു. ഇടവിളയായുള്ള വാഴയും മികച്ച വരുമാനമാർഗമാണ്. വർഷം ശരാശരി 500 വാഴ കൃഷി ചെയ്യുന്നു. ശരാശരി 75,000 രൂപയാണ് വാഴക്കൃഷിയിൽനിന്നുള്ള വാർഷിക നേട്ടം. വാഴയിനങ്ങളിൽ റോബസ്റ്റയാണ് കൂടുതൽ ലാഭം. ഒരു കുല നേന്ത്രന് ശരാശരി 300 രൂപ ലഭിക്കുമ്പോൾ റോബസ്റ്റ കുലയൊന്നിന് 1100 രൂപ വരെ ലഭിക്കാറുണ്ട്. 40–50 കിലോ വരെ തൂക്കമെത്തുന്ന റോബസ്റ്റ കുലകൾ അപൂർവ്വമല്ല. വലുപ്പമേറിയ കുലകൾ രണ്ടായി മുറിച്ച് രണ്ടു കടകളില്‍ കൊടുക്കും.

തെങ്ങിൻതൈ വാങ്ങാനായി നിത്യേന സന്ദർശകരുണ്ടാവും. കൃഷിയിടത്തിൽനിന്നുള്ള മറ്റുൽപന്നങ്ങളും വാങ്ങാൻ അവരിൽ നല്ല പങ്കും താൽപര്യപ്പെടാറുണ്ട്. നല്ലൊരു വിപണന മാർഗമാണ് അതെന്നു ബോധ്യപ്പെട്ടതോടെ വീട്ടിൽത്തന്നെ ചെറിയൊരു ഔട്ട്ലെറ്റും ആരംഭിച്ചു. വാഴപ്പഴത്തിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, കിഴങ്ങിനങ്ങൾ, തേൻ എന്നിവയെല്ലാം ഇങ്ങനെ വിറ്റഴിക്കുന്നു. കുരുമുളക് അരക്കിലോ, ഒരു കിലോ പായ്ക്കുകളാക്കി ന്യായവിലയിട്ട് വിൽക്കാൻ കഴിഞ്ഞതോടെ വിപണിയിലെ വിലയിടിവിനെ ഒരളവോളം മറികടക്കാനും കഴിഞ്ഞു. യുട്യൂബ് ചാനൽ ആരംഭിച്ച് കൃഷിയിടത്തിലെ കൃഷിയിനങ്ങൾ, പരിപാലന രീതികൾ എന്നി പരിചയപ്പെടുത്താൻ തുടങ്ങിതും വിപണി വിശാലമാക്കിയിരിക്കുന്നു.

തനതുവഴികൾ

  • ആഴമേറിയ തെങ്ങിൻതടം
francis-3
തടമൊരുക്കാൻ ചകിരിത്തൊണ്ട്

തെങ്ങുകളുടെ തടം തയാറാക്കുന്നതിന് ഫ്രാൻസിസിനു സ്വന്തമായ രീതിയുണ്ട്. ഹിറ്റാച്ചി ഉപയോഗിച്ച് രണ്ടു മീറ്റര്‍ ആഴത്തിലും സാധാരണ തടത്തിന്റെ വ്യാസത്തിലും കുഴിയെടുത്താണ് പുതിയതായി വയ്ക്കുന്ന തൈകള്‍ നടുന്നത്. കൃഷിയിടത്തിലെ വാഴത്തടയുൾപ്പെടെയുള്ള വിളാവശിഷ്ടങ്ങൾ മുഴുവനും ആഴത്തിലും വിസ്തൃതിയിലുമുള്ള ഈ തടത്തിലിട്ട് തെങ്ങിന് പുതയായി പ്രയോജനപ്പെടുത്തുന്നു. അതുവഴി കൃഷിയിടം വൃത്തിയായി സൂക്ഷിക്കാനും കഴിയും. പഴയ തലമുറ തെങ്ങുകളുടെ കാര്യത്തിൽ, ഈർപ്പം നിലനിർത്താനും ജൈവാശം വർധിപ്പിക്കാനുമായി ചുവട്ടിൽ ചകിരി അടുക്കി തടം രൂപപ്പെടുത്തിയിരിക്കുന്നു. മുതിർന്ന തെങ്ങുകളുടെ വേരുകള്‍ക്ക് ഇളക്കം തട്ടാതിരിക്കാനും ഈ രീതി ഉപകരിക്കും. 

തെങ്ങിൽ പരാഗണം വർധിക്കുന്നതിനായി കൃഷിയിടത്തിൽ തേനീച്ചക്കോളനികൾ പരിപാലിക്കുന്നുണ്ട്. തെങ്ങുകളിൽ ഉല്‍പാദന വർധന, തേന്‍വില്‍പനയിലൂടെ അധിക വരുമാനം എന്നിങ്ങനെ ഇരട്ടി നേട്ടമാണ് തേനീച്ചക്കൃഷി നൽകുന്നത്. മണ്ണു–ജല സംരക്ഷണത്തിനായുള്ള കയ്യാലകളിൽ കുരുമുളക് ചെടികൾ പടർത്തി സ്ഥലപരിമിതിയെ മറികടക്കുന്ന കൃഷിരീതിയും വിജയകരമാണ്.

വിലാസം

കെ.ടി. ഫ്രാന്‍സിസ്

കൈതക്കുളത്ത്

മരുതോങ്കര

കോഴിക്കോട്

ഫോൺ: 9947142849, 8086482452

English summary: Karshakashri Award 2022 Finalist KT Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com