ADVERTISEMENT

ഉദ്യോഗവും കൃഷിയും ഒരേ ആത്മാർഥതയോടെ ഒരുമിച്ച് കൊണ്ടു പോകുക അത്ര എളുപ്പമല്ല. എന്നാൽ ജോലിയിലിരുന്ന മൂന്നു പതിറ്റാണ്ടു കാലവും ഉദ്യോഗത്തിലും കൃഷിയിലും ഒരു പോലെ തിളങ്ങി സെബാസ്റ്റ്യൻ. ജോലിയിൽനിന്നു വിരമിച്ച ശേഷമാകട്ടെ കഴിഞ്ഞ 24 വര്‍ഷമായി മികച്ച സമ്മിശ്രക്കര്‍ഷകനായി തുടരുന്നു ഈ 79കാരന്‍.  16 വർഷമായി തുടരുന്ന ജൈവകൃഷിയിലൂടെയാണ് അദ്ദേഹം കർഷകശ്രീ പുരസ്കാരത്തിന്റെ ‘ഫൈനൽ ഫൈവി’ൽ ഇടം പിടിച്ചത്.

പ്രധാന വിളകൾ: തെങ്ങ്, കമുക്, റബർ, ഡ്രാഗൺഫ്രൂട്ട്, കുരുമുളക്, വാഴ,  മഞ്ഞൾ, ഇഞ്ചി, പച്ചക്കറി, കിഴങ്ങുവിളകൾ, മറ്റ് പഴവർഗ്ഗച്ചെടികൾ, പശു.

വേറിട്ട നേട്ടങ്ങൾ

  • സാക്ഷ്യപത്രം നേടാനൊരുങ്ങുന്ന ജൈവകൃഷി
  • പുതുവരുമാനമായി ഡ്രാഗൺഫ്രൂട്ട്
  • സ്വന്തം ബ്രാ‍ൻഡിൽ ഓൺലൈൻ വിപണനം
  • പഴവർഗങ്ങൾ ഉൾപ്പെടെ ഭക്ഷ്യവിളകൾക്കു പ്രാധാന്യം

16 ഏക്കർ വിസ്തൃതിയിൽ, തെങ്ങും കമുകും റബറും വാഴയും കൊക്കോയുമെല്ലാം ചേരുന്ന സമ്മിശ്രക്കൃഷിയിടം. മുഖ്യവിള തെങ്ങുതന്നെ. കുറ്റ്യാടി ഇനത്തിൽപ്പെട്ട മുന്നൂറിലധികം തെങ്ങുകള്‍. തെങ്ങൊന്നിൽനിന്ന് ഉൽപാദനം വര്‍ഷം ശരാശരി 120 തേങ്ങ. മുന്നൂറോളം നേന്ത്രനും എഴുപതോളം ഗ്രാൻഡ്നയനും ഉൾപ്പെടെ വിവിധയിനം വാഴയും തെങ്ങിന് ഇടവിളയായുണ്ട്. ആഴ്ചതോറും വരുമാനം എന്നതാണ് വാഴ നൽകുന്ന നേട്ടം. ഇവയ്ക്കു പുറമെയുള്ള പ്രധാന കൃഷിയിനങ്ങളാണ് റബറും കമുകും കുരുമുളകും. അഞ്ചേക്കറിലാണ് റബര്‍ക്കൃഷി. പന്നിയൂർ, കരിമുണ്ട ഇനങ്ങളിലായി അറുന്നൂറിലധികമുണ്ട് കുരുമുളകുചെടികൾ. കാസര്‍കോടന്‍ ഇനത്തില്‍പ്പെട്ട കമുകുകൾ എണ്ണൂറോളം. 

നാണ്യവിളകളെക്കാൾ ഒരുപടി മുന്നിലെത്തും ഭാവിയിൽ ഭക്ഷ്യവിളകൾ എന്നു ചിന്തിച്ചതിനാൽ നാലഞ്ചു വർഷം മുൻപുതന്നെ വിദേശയിനം പഴവർഗ്ഗങ്ങളുടെ വാണിജ്യക്കൃഷിയിലേക്കു തിരിഞ്ഞു. മുഖ്യയിനം ഡ്രാഗണ്‍ഫ്രൂട്ട്. ഒന്നര ഏക്കര്‍ സ്ഥലത്ത് തനിവിളയായുള്ള 400 ചെടികൾ വിളവിലെത്തി മികച്ച വരുമാനം നൽകുന്നു. ദുരിയാൻ, അവക്കാഡോ, റംബൂട്ടാൻ, മാംഗോസ്റ്റിൻ എന്നിങ്ങനെയും ഒട്ടേറെ പുതുതലമുറ പഴവർഗ്ഗങ്ങൾ ഇടവിളകളായുണ്ട്. നല്ലൊരു പങ്ക് തെങ്ങുകൾ പ്രായാധിക്യം മൂലം ഉല്‍പാദനക്കുറവ് നേരിടുന്നുണ്ട്. അതിന്റെ നഷ്ടം നികത്താൻ ഇടവിളകൾ സഹായിക്കുന്നു. മേൽപ്പറഞ്ഞ പ്രധാന വിളകള്‍ക്കൊപ്പം കപ്പ, കാച്ചില്‍, ചേന, മഞ്ഞള്‍, കച്ചോലം, ഇഞ്ചി തുടങ്ങി ഒട്ടേറെ അനുബന്ധ വിളകളും കൃഷി ചെയ്യുന്നു. 

കൃഷിരീതി?

2005 മുതല്‍ ജൈവകൃഷിയിലേക്കു തിരിഞ്ഞു. ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷൻ താമസിയാതെ തന്നെ ലഭ്യമാകും. തെങ്ങിന് പൂര്‍ണമായും ജൈവവളങ്ങളാണ് നല്‍കുക. തെങ്ങിന്റെ തന്നെ കൊതുമ്പും മടലുമെല്ലാം പുതയാക്കി തടത്തിൽ ഈര്‍പ്പം നിലനിര്‍ത്തുകയും മണ്ണിൽ ജൈവാംശം വർധിപ്പിക്കുകയും ചെയ്യുന്നു. ഇടവിളയായുള്ള വാഴയുടെ വിളവെടുപ്പവശിഷ്ടങ്ങളും ജൈവകൃഷിയിൽ ഏറെ പ്രയോജനപ്രദമാണ്. വാഴത്തട ഉൾപ്പെടെയുള്ള കൃഷിയവശിഷ്ടങ്ങളും കളകളുമെല്ലാം പ്രയോജനപ്പെടുത്തി മണ്ണിരക്കമ്പോസ്റ്റ് നിർമിക്കുന്നു. എല്ലാ വിളകൾക്കും നൽകുന്ന മുഖ്യ വളം ഈ മണ്ണിര കമ്പോസ്റ്റും അതിന്റെ തന്നെ അനുബന്ധമായുള്ള വെര്‍മി വാഷുമാണ്. ‌ജൈവവള നിർമാണത്തിനായി കാസർകോട്, വെച്ചൂർ ഇനങ്ങളിൽപ്പെട്ട നാടൻ പശുക്കളെ പരിപാലിക്കുന്നുണ്ട്. അവയുടെ ചാണകവും മൂത്രവും പുളിപ്പിച്ചു തയാറാക്കുന്ന വളവും മികച്ച ഫലം നൽകുന്നു. ശീമക്കൊന്നയില ചേര്‍ത്ത് പുളിപ്പിച്ച ചാണകമാണ് ഡ്രാഗണ്‍ഫ്രൂട്ടിന്റെ പ്രധാന വളം. ഒപ്പം, രണ്ടു ചെടികള്‍ക്കിടിയിലുള്ള സ്ഥലത്ത് ഓരോ കുട്ട കോഴിവളവും നൽകും. ജൈവവളപ്രയോഗംകൊണ്ടു തന്നെ ഈയിനം മികച്ച വളര്‍ച്ച നേടുകയും ഉയർന്ന വിളവു നൽകുകയും ചെയ്യുന്നു. 

മറ്റു കൃഷിക്കാർക്ക് ഈ കൃഷിയിടം എത്ര മാത്രം പ്രയോജനപ്പെടുന്നു?

sebastian-2
സീറോ എനർജി ഡ്രയറിൽ സെബാസ്റ്റ്യൻ

ജൈവക്കൃഷി മാതൃകകൾ മനസ്സിലാക്കാനായി ഒട്ടേറെപ്പേർ കൃഷിയിടത്തിലെത്തുന്നു. വിദേശയിനം പഴവർഗ്ഗങ്ങളുടെ കൃഷിരീതി മനസ്സിലാക്കാൻ താൽപര്യപ്പെടുന്നവരും ഏറെയുണ്ട്; വിശേഷിച്ചും ഡ്രാഗൺഫ്രൂട്ടിന്റെ കൃഷിമുറകൾ. യുവി ഷീറ്റില്‍ നിര്‍മിച്ചിരിക്കുന്ന സീറോ എനര്‍ജി ഡ്രയർ പരിചയപ്പെടാനെത്തുന്നവരുമുണ്ട്. പ്രതികൂല കാലാവസ്ഥയിലും അടയ്ക്ക ഉൾപ്പെടെയുള്ള വിളകൾ ഉണങ്ങിയെടുക്കാൻ ഈ സംവിധാനം ഉപകാരപ്പെടുന്നു. നിർമാണച്ചെലവല്ലാതെ തുടർ ചെലവുകളൊന്നുമില്ലാത്ത സംവിധാനമാണ് സീറോ എനർജി ഡ്രയർ. വര്‍ഷം മൂന്നു തവണ കായ്ക്കുന്ന നാടന്‍ ഇനത്തില്‍പ്പെട്ട ഗ്രാഫ്റ്റ് മാവിൻതൈകള്‍, ഗംഗാബോണ്ടം ഇനം തെങ്ങിന്‍തൈകള്‍, ഡ്രാഗണ്‍ഫ്രൂട്ട് തൈകള്‍ എന്നിവ ഉല്‍പാദിപ്പിച്ച് മിതമായ നിരക്കിൽ മറ്റു കർഷകർക്ക് വിപണനം ചെയ്യുന്നുമുണ്ട്. 

വിപണി, വരുമാനം?

sebastian-1
ഡ്രാഗൺഫ്രൂട്ട്

മുഖ്യവിളകളുടെയെല്ലാം വിൽപന വിപണിയിൽ നേരിട്ടെത്തിച്ചു തന്നെ. ഡ്രാഗൺഫ്രൂട്ട് ഉൾപ്പടെ ചിലയിനങ്ങൾ കൃഷിയിടത്തിൽ വന്നുതന്നെ കച്ചവടക്കാർ വാങ്ങുന്നു. ഫാം ഫ്രഷ് ഉൽപന്നങ്ങളുടെ നേരിട്ടുള്ള വിൽപനയ്ക്കായി വീടിനോട് ചേർന്ന് ഔട്ട്‌ലെറ്റുണ്ട്. ഒപ്പം,  തേനുൾപ്പെടെയുള്ള ഭക്ഷ്യവിളകൾ മൂല്യവര്‍ധന വരുത്തി, വിദേശത്തുള്ള മകന്റെ മേല്‍നോട്ടത്തില്‍, ഫാം കാര്‍ട്ട് എന്ന ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കുന്നു. നിലവിൽ വർഷം 9 ക്വിന്റൽ ഡ്രാഗൺ ഫ്രൂട്ട് കിലോ 150 രൂപയ്ക്ക് വിൽക്കുന്നു. ഡ്രാഗൺ തൈ വിൽപനയും വരുമാനം. റംബൂട്ടാനിൽനിന്നു മാത്രം 25,000 രൂപ വാർഷിക നേട്ടം. വർഷം 10 ക്വിന്റലാണ് ഉണക്കക്കുരുമുളക് ഉൽപാദനം. എല്ലാ വിളകളും വരുമാനദായകമെങ്കിലും ലാഭത്തിൽ നല്ല പങ്കും ഫാം വിപുലീകരണത്തിനു തന്നെ ചെലവിടുന്നതിനാൽ കഴിഞ്ഞ വർഷത്തെ വാർഷിക നീക്കിയിരിപ്പ് 5 ലക്ഷത്തിലൊതുങ്ങി.

തനതുവഴികൾ

  • ഡ്രാഗൺചെടിക്കു കൂട്ട് ചെറുതേനീച്ച

കുരുമുളകുകൃഷിയുടെ താങ്ങുമരമായി ഉപയോഗിച്ചിരിക്കുന്നത് കിളിഞ്ഞിലാണ്. കേടു തീരെക്കുറവുള്ള താങ്ങുമരം എന്നതാണ് കിളിഞ്ഞിലിന്റെ മേന്മ. കിളിഞ്ഞിലിന്റെ ഇല മികച്ച കാലിത്തീറ്റ കൂടിയാണ്. വേനലിലും തീറ്റ ഉറപ്പാക്കാനും തീറ്റച്ചെലവു കുറയ്ക്കാനും കിളിഞ്ഞൽ പ്രയോജനപ്പെടും. കൃഷിയിടത്തിൽ ഒട്ടേറെ തേനീച്ചക്കോളനികൾ പരിപാലിക്കുന്നുണ്ട്. തേനിൽനിന്നുള്ള വരുമാനത്തിനു മാത്രമല്ല വിളകളിൽ പരാഗണം കൂട്ടാനും അതുവഴി ഉൽപാദന വർധിക്കാനും തേനീച്ചക്കൃഷി ഉപകരിക്കും. ഡ്രാഗൺ പൂക്കളിൽ പരാഗണം വർധിക്കാനായി ചെറുതേനീച്ചക്കോളനികളാണ് സ്ഥാപിച്ചത്. മികച്ച നേട്ടമാണ് അതുണ്ടാക്കിയത്. 

ഇളനീരില്‍നിന്ന് വൈന്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതും ചെയ്തറിവുകളുടെ ഫലം തന്നെ. ഈ കണ്ടെത്തലിന് 2004ല്‍ പേറ്റന്റും സ്വന്തമാക്കി. കൊമ്പൻചെല്ലിയെ കുരുക്കുന്ന വലവിദ്യയും വികസിപ്പിച്ചിട്ടുണ്ട്. അതിന്റെ പേറ്റന്റ് നടപടിക്രമങ്ങൾ നടക്കുന്നു. ഡ്രാഗണ്‍ഫ്രൂട്ടിൽനിന്ന് ജാം, വൈന്‍ തുടങ്ങിയ മൂല്യവർധിതോൽപന്നങ്ങളും വികസിപ്പിച്ചിട്ടുണ്ട്. 

ഒപ്പത്തിനൊപ്പം

കൃഷിയില്‍ സെബാസ്റ്റ്യന്റെ വലംകൈ ഭാര്യ മേരിക്കുട്ടിയാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച മേരിക്കുട്ടിക്കും കൃഷിയിൽ മികച്ച അറിവുണ്ട്. അതുകൊണ്ടുതന്നെ പാലമറ്റത്തെ കൃഷികാര്യങ്ങളിലത്രയും മേരിക്കുട്ടിയും ഒപ്പമുണ്ട്. തിരക്കുകൾക്കിടയിലും ഒട്ടറെയിനം ഓര്‍ക്കിഡുകളും റോസുമെല്ലാം നിറഞ്ഞ മനോഹരമായൊരു പൂന്തോട്ടം പരിപാലിക്കാനും മേരിക്കുട്ടി സമയം കണ്ടെത്തിയിരിക്കുന്നു. വീട്ടാവശ്യത്തിനുള്ള പാലിനായി പരിപാലിക്കുന്ന പശുക്കൾ, രണ്ടു ചെറിയ കുളങ്ങളിലുള്ള തിലാപ്പിയ കൃഷി എന്നിവയും മേരിക്കുട്ടിയുടെ മേൽനോട്ടത്തിൽ തന്നെ. 

sebastian-4
കൃഷിയിൽ താങ്ങായി ഭാര്യയും

വിലാസം

സെബാസ്റ്റ്യന്‍ പി. അഗസ്റ്റിന്‍ 

പാലമറ്റം

ഭീമനടി പി.ഒ.

കാസര്‍കോട്

ഫോൺ: 9447347041

English summary: Karshakashri Award 2022 Finalist Sebastian P Augustin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com